Monday, December 28, 2015

ആത്മഹത്യ പ്രായശ്ചിത്തമോ?

ആത്മഹത്യ പ്രായശ്ചിത്തമോ? (മത്സര രചന)
·Posted by സൈഫു ا on January 21, 2011 at 5:30pm

ഇഹ ലോകത്തെ നശ്വര ജീവിതം പ്രതിഫലേച്ഛയില്ലാതെ കര്‍മ്മനിരതമാവില്ല എന്ന് ജീവിതം എന്നെ പഠിപ്പിച്ചു.
 
ഒരു വസ്തു നിന്ന സ്ഥലത്ത് അതിന്‍റെ അദൃശ്യ നിഴല്‍ നിലനില്‍ക്കുന്നു എന്ന, ശാസ്ത്രസത്യം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, വസ്തു നിന്ന സ്ഥലത്ത് അതിന്‍റെ വാസന നില നില്‍ക്കുന്നു എന്ന സത്യം ഞാന്‍ കണ്ടുപിടിച്ചത് അവര്‍ കണ്ടുപിടിച്ചു.
 
ഓരോ മൃഗത്തിനും ഓരോ വാസനയുന്ടെന്ന പോലെ ഓരോ തരം മനുഷ്യനും ഓരോ വാസനയുന്ടെന്നു ഞാനറിഞ്ഞു. സോമാലികള്‍ക്കൊരു വാസനയെങ്കില്‍, പാക്കികള്‍ക്ക് വേറൊരു വാസന... ഫിലിപ്പീനികള്‍ക്കൊരു വാസനയെങ്കില്‍ ഇന്തോനേഷ്യക്കാര്‍ക്ക്‌ വേറൊരു വാസന... ഇന്ത്യക്കാര്‍ക്കൊരു വാസനയെങ്കില്‍ ശ്രീലങ്കക്കാര്‍ക്കൊരു വാസന. ഇന്ത്യക്കാരില്‍ തന്നെ ഓരോ സംസ്ഥാനക്കാര്‍ക്കും ഓരോ വാസന. കൂടുതല്‍ ആഴങ്ങളിലേക്ക് പോകുന്തോറും അതിന്‍റെ വിവിധ തലങ്ങളിലേക്ക് ഊളിയിടാന്‍ എനിക്ക് കഴിഞ്ഞു. വീട്ടില്‍ ആരൊക്കെ വന്നുപോയി എന്ന് അവിടെ തങ്ങി നില്‍ക്കുന്ന വാസനയില്‍ നിന്നും ഞാന്‍ മനസ്സിലാക്കുമായിരുന്നു.
 
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൊബൈല്‍ സൈലന്റ് മോഡില്‍ ആക്കാന്‍ മറക്കാറില്ല. അതിനാല്‍ രണ്ടുണ്ട് ഗുണം. വിളിച്ചവര്‍ ആരെന്നു അറിയുകയും ചെയ്യും, ഉറക്കം കെടുത്തുന്ന ബെല്‍ കേള്‍ക്കുകയും വേണ്ട.
 
തൊലിക്ക് നല്ലതെന്നു 'വനിത' പറഞ്ഞതനുസരിച്ച് ആഴ്ചയിലൊരു കടലില്‍ കുളി ഉള്ളത് ഈ ആഴ്ച വളരെ നീണ്ടു. ക്ഷീണത്താല്‍ വന്നുറങ്ങിയ എന്നെ നിദ്രാദേവി പെട്ടെന്ന് എതിരേറ്റു.
 
രാത്രി രണ്ടരക്ക് മൊബൈല്‍ ബെല്‍ എന്നെ വിളിച്ചുണര്‍ത്തി. മൊബൈല്‍ സൈലന്റ് ആക്കാന്‍ മറന്ന നിമിഷത്തെ പഴിച്ച് മൊബൈല്‍ സ്ക്രീനില്‍ നോക്കുമ്പോള്‍ ICE യില്‍ തുടങ്ങുന്ന ആ distinctive നമ്പര്‍. വളരെ പ്രധാനപ്പെട്ടവര്‍ക്ക് മാത്രം കിട്ടാവുന്ന ആ നമ്പരില്‍ നിന്ന് പ്രധാന വിളികള്‍ മാത്രമേ അസമയങ്ങളില്‍ വരൂ എന്ന് എനിക്കുറപ്പാണ്. ലൈന്‍ ഓണാക്കിയതും പെട്ടെന്ന് ഓഫീസില്‍ വാ എന്ന് പറഞ്ഞ് ലൈന്‍ കട്ടാക്കി.
 
ഈ നഗരം മുഴുവന്‍ റഡാറിന് കീഴിലാക്കാന്‍ നിര്‍ദേശിച്ചത് ഞാനായിരുന്നു. ഭൂമിക്കടിയില്‍ ഒരു കിലോമീറ്റര്‍ ദൂരം വരെ രക്തം ചിന്തുന്ന ഏതു രംഗമുണ്ടായാലും  റഡാറില്‍ അപ്പപ്പോള്‍ സിഗ്നല്‍ കാണിക്കും. അവിടേക്ക് ക്യാമറ സൂം ചെയ്‌താല്‍ അറിയാന്‍ കഴിയും, എന്ത് കാരണത്താലാണ് രക്തം ചിന്തപ്പെട്ടത്‌ എന്ന്.  
 
ചുമരുകള്‍ തുളച്ച് അകത്തളങ്ങളിലേക്ക് ഇറങ്ങി ഫോട്ടോ എടുക്കാന്‍ കഴിവുള്ള സാറ്റലൈറ്റ് ക്യാമറ കൂടുതല്‍ സൂം ചെയ്തപ്പോള്‍ സ്ക്രീനില്‍ രണ്ട് മൃതശരീരങ്ങള്‍ തെളിഞ്ഞു വന്നു.
 
പതിനാറാം നിലയിലേക്ക് ലിഫ്റ്റില്‍ കയറുന്ന സമയം ഞാന്‍ ബോസിനോട് ചോദിച്ചു, "ഈ ബില്‍ഡിങ്ങില്‍ സോമാലിയക്കാര്‍ ആരെങ്കിലും താമസമുണ്ടോ?"
 
"ഇല്ല, താഴെ ഞങ്ങളുടെ കാറുകള്‍ കഴുകാന്‍ വരുന്നവരല്ലാതെ ഇവിടെ സോമാലിയക്കാര്‍ ആരും വരാറില്ല"
 
വളരെ പ്രമാദമായ ഒരു കേസായിരുന്നു. എന്‍റെ ബോസ് താമസിക്കുന്ന ബില്‍ഡിങ്ങില്‍ ഏറ്റവും മുകളിലെ നിയലില്‍ രണ്ട് ഇന്തോനേഷ്യന്‍ ജോലിക്കാരികളെ മാനഭംഗം ചെയ്ത ശേഷം കൊന്നിരിക്കുന്നു.
 
വീട്ടുകാര്‍ പുറത്ത് ടൂറിലാണ്. പ്രസ്തുത റൂമില്‍ ചെല്ലുമ്പോള്‍ അസ്ത്രപ്രജ്ഞനായി നില്‍ക്കുന്ന വീട്ട് ഡ്രൈവറെയാണ് കാണാന്‍ കഴിഞ്ഞത്. കൂടുതലന്വേഷണത്തില്‍ നിന്ന് അടുത്ത വീട്ടിലെ ഇന്തോനേഷ്യന്‍ ഡ്രൈവറുമായി ഇവരിലൊരാള്‍ അടുപ്പത്തിലായിരുന്നെന്നും അറിയാന്‍ കഴിഞ്ഞു. തെളിവെടുപ്പിന് ശേഷം, കൂടുതലന്വേഷണത്തിനായി രണ്ട് ഡ്രൈവര്‍മാരെയും കൊണ്ട് ഓഫീസിലെത്തി.
 
തെളിവുകളെല്ലാം ആ ഇന്തോനേഷ്യന്‍ ഡ്രൈവര്‍ക്കെതിരെയായിരുന്നു. പക്ഷെ, എനിക്കെന്തോ അതത്ര പിടിച്ചില്ല.
 
തിരിച്ച് വീട്ടിലെക്കെത്തുമ്പോള്‍ സമയം രാത്രി പന്ത്രണ്ട്. വീട്ടിനു മുന്നില്‍ എന്‍റെ ജീപ്പ് എത്തിയതും തൊട്ടരികില്‍ ഒരു കാപ്രിസ്‌ കാര്‍ വന്നു നിര്‍ത്തി. കാര്‍ അടുത്തു വന്നു നിര്‍ത്തിയതും സോമാലിയക്കാരുടെ ആ പ്രത്യേക വാസന എന്‍റെ നാസാരന്ധ്രങ്ങളെ തകര്‍ക്കുമാര്‍ തുളച്ചു കയറി. സ്ത്രീയെന്നു തോന്നിക്കുന്ന, ശരീരം ആകെ മൂടിയ, ഒരു രൂപം കാറിന്‍റെ പിന്‍സീറ്റില്‍ നിന്ന് എന്‍റെ വാഹനത്തിനുള്ളിലേക്ക് ഒരു പെട്ടി വലിച്ചെറിഞ്ഞതും ആ കാര്‍ ചീറിപ്പാഞ്ഞു.
 
ആകാംക്ഷ മുറ്റിയ നിമിഷങ്ങള്‍... വണ്ടിയിലുള്ള മൊബൈല്‍ എക്സ്റേ മെഷിന്‍ എടുത്തു പരിശോധിച്ചപ്പോള്‍ എന്‍റെ കണ്ണുകള്‍ മഞ്ഞളിച്ചു. ബോംബായിരിക്കുമെന്ന് ഭയന്ന പെട്ടിക്കുള്ളില്‍ നിറയെ അഞ്ഞൂറിന്റെ നോട്ടുകള്‍. കൂടെ അറബിയില്‍ എഴുതിയ ഒരു പേപ്പറും.
 
സാഹചര്യത്തെളിവുകള്‍ വെച്ച് നിഷ്ഠൂര കൃത്യത്തിന് ആ ഇന്തോനേഷ്യന്‍ ഡ്രൈവറെ വധ ശിക്ഷക്ക് വിധിച്ചു.
 
ശിക്ഷ നടപ്പാക്കുന്ന ദിവസം...
 
തലേന്ന് എനിക്കുറക്കം വന്നില്ല. എങ്ങിനെയുറക്കം വരും?! സ്വന്തം കുടുംബാംഗങ്ങളെ അനാഥത്വത്തിലേക്ക് തള്ളിവിട്ട് ചെയ്യാത്ത കുറ്റത്തിന് ഒരു പാവത്തെ കഴുമരത്തിലേറ്റിയില്ലേ താന്‍ ‍. മനസ്സ്‌ രണ്ടു ഭാഗങ്ങളാകുന്ന നിമിഷങ്ങള്‍ . മനസ്സിനുള്ളില്‍ വടം വലികള്‍ നടക്കുന്നു. എന്‍റെ കൃത്യത്തെ എതിര്‍ത്തും അനുകൂലിച്ചും വാഗ്വാദങ്ങള്‍ .
 
സൂര്യനുദിക്കുന്നതിനു മുമ്പ് ഓഫീസിലെത്തി. ബോസിന് എന്‍റെ രാജിക്കത്ത് എഴുതി വെച്ച് തിരിച്ച് നടന്നു. എന്‍റെ സമ്പാദ്യത്തെ മൂന്ന് ഭാഗങ്ങളാക്കി. ഒരു ഭാഗം ആ പാവത്തിന്റെ കുടുംബത്തിനും, ഒരു ഭാഗം പാവപ്പെട്ടവര്‍ക്കും, ഒരു ഭാഗം എന്‍റെ കുടുംബത്തിനും കൊടുക്കാന്‍ വില്‍പത്രം എഴുതിവെച്ചു.
 
പതിനൊന്നു മണിക്ക് അവന്‍ തൂക്കിലേറ്റപ്പെടുന്ന സമയം ഞാന്‍ പതിനാറാം നിലയുള്ള ആ കെട്ടിടത്തിന്‍റെ മുകളിലെ തട്ടിലേക്ക് കയറുകയായിരുന്നു...