Thursday, December 15, 2011

ചോര പുരണ്ട? കൈകള്‍ (മത്സര രചന)

(3)
"ആപ്നേ ക്യോം ഇത്നാ ഖാമൂശീ പേ?"(*) അടുത്തുള്ള ഒരു പാക്കിസ്ഥാനി എന്തോ ചോദിക്കുന്നു എന്നെനിക്ക് തോന്നി. ശരിക്ക് കേള്‍ക്കുന്നില്ല, മറുപടി പറയാന്‍ ആഗ്രഹവുമില്ല...

ലോക്കപ്പില്‍ ഇരിക്കുമ്പോള്‍ തൊട്ട് മുന്നില്‍ ആരോക്കെയുണ്ടെന്നു ഞാന്‍ കാണുന്നതേയില്ലായിരുന്നു. കണ്ണ് മിഴിച്ച് നോക്കുന്നുണ്ടെങ്കിലും കാണാത്ത ആ അവസ്ഥ. കണ്ണും മനസ്സും തെറ്റിപ്പിരിയുന്ന ആ അപൂര്‍വ്വ നിമിഷങ്ങളിലാണ് ഞാന്‍. റെറ്റിനയില്‍ പ്രതിബിംബത്തെ തലകുത്തനെയല്ല ബ്ലര്‍ ആയിപ്പോലും മസ്തിഷ്കത്തിലേക്ക് എത്തിക്കാനാവാത്ത അവസ്ഥ. ചെവിയുടെ ഡ്രമ്മില്‍ എന്തൊക്കെയോ അപശബ്ദങ്ങള്‍ പല ആവൃത്തികളില്‍ വന്നടിക്കുന്നുണ്ട് എന്ന് മാത്രം. ഉപബോധമനസ്സ്‌ പോലും ഉറങ്ങിപ്പോയോ എന്ന് തോന്നുമാര്‍ നിര്‍ജീവത്വം തുളുമ്പിയ കണ്ണുകളും മനസ്സും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, വരാന്‍ പോകുന്ന മഹാ വിപത്തിലേക്കുള്ള ഒരുക്കത്തിന് മുന്നോടിയായി മനസ്സിനും ചിന്തകള്‍ക്കും ബലാല്‍ക്കാരമായി അടിച്ചേല്‍പ്പിക്കപ്പെട്ട നിര്‍വികാരതയുടെ പ്രതിഫലനം!

ദ്വിമാന ചിത്രങ്ങളുടെ ആഴങ്ങളിലേക്ക് കണ്ണുകള്‍ കൊണ്ട് ഊളിയിടുന്നതില്‍ ഞാന്‍ വളരെ വിജയിച്ചിരുന്നു. ഒരു ബിന്ദുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, എന്നാല്‍ എല്ലാ ബിന്ദുക്കളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ത്രിമാന ടീവികളോ ത്രിമാന സിനിമകളോ വരുന്നതിന് മുമ്പേ തന്നെ ഞാന്‍ ത്രിമാന സിനിമകള്‍ കാണാറുണ്ടായിരുന്നു. കണ്ണിനേയും മനസ്സിനേയും കൂട്ടിയോജിപ്പിക്കുന്ന ഒരു പ്രത്യേക ബിന്ദുവില്‍ ചിന്തയെ ഫ്രീസ് ചെയ്ത് നിര്‍ത്തി ദ്വിമാനത്തെ ത്രിമാനമാക്കുന്നതില്‍ ഞാന്‍ എപ്പോഴും വിജയം വരിച്ചിരുന്നു.

ആ കണ്ണുകള്‍ക്കും മനസ്സിനും ഇന്ന് പരാജയം സംഭവിച്ചിരിക്കുന്നു. കണ്ണില്‍ കാണുന്നവ മനസ്സില്‍ വരുന്നില്ല. പല നിഴലുകളും മുന്നിലൂടെ നീങ്ങുന്നു... ആര് എന്ത് എന്നൊന്നും ഒരു പിടിയുമില്ലാത്ത ആധുനിക ചിത്രരചന പോലെ മുന്നില്‍ കുറെ മഷിക്കുപ്പികള്‍ കമഴ്ത്തിയതാണ് ഇപ്പോഴെന്റെ ലോകം. രാത്രി ഫ്ലാഷ് ഇല്ലാതെ എടുത്ത ഫോട്ടോയ്ക്ക് നോയിസ്‌ റിഡക്ഷന്‍ കൊടുത്ത അവസ്ഥ!

ഞാന്‍ എത്തിച്ചേരാന്‍ ഇടയുള്ള ആ അഗാധ ഗര്‍ത്തത്തെ ഒരു നിമിഷം മനസ്സില്‍ കണ്ടു.

ചെറിയ കുറ്റമല്ല ഞാന്‍ ചെയ്തിട്ടുള്ളത്. ഒരു പരിപാവനമായ ജീവനെ കുരുതി കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ ലോകത്ത് ജനങ്ങളും, മരിച്ചു ചെന്നാല്‍ ദൈവവും പൊറുക്കില്ല. ഒരിക്കലും പൊറുക്കാത്ത പാപം!

കൈകള്‍ പിറകിലേക്ക് കെട്ടി, തല താഴ്ത്തി, ചങ്ങലകളുടെ കിലുകിലുക്കത്തിനനുസരിച്ചു, മെല്ലെ മെല്ലെ, ക്ഷീണിച്ച ശരീരവും തകര്‍ന്ന മനസ്സുമായി, പോലീസുകാരുടെ അകമ്പടിയോടെ കഴുമരത്തിലേക്ക് നടന്നടുക്കുകയാണ് ഞാന്‍. നാലുഭാഗവും ജനങ്ങള്‍ എന്നെ തുറിച്ച് നോക്കുന്നുണ്ടാവാം. തല മുഴുവന്‍ മറയുന്ന ഒരു കറുത്ത ആവരണം ഇട്ടിട്ടുള്ളതിനാല്‍ മുന്നിലുള്ളതോ പിറകിലുള്ളതോ എനിക്ക് ഗോചരമല്ല. ഒരു കൊലയാളിയെ എത്രമാത്രം വെറുപ്പോടെയാണ് അവര്‍ നോക്കിക്കാണുക എന്ന് എനിക്കിപ്പോള്‍ ഊഹിക്കാം...

അതിലും കൂടുതല്‍ എന്നെ വിഷമിപ്പിച്ചത് ആ മകനില്‍ സ്വപ്‌നങ്ങള്‍ നെയ്തിരുന്ന അവന്‍റെ മാതാപിതാക്കളാണ്. കാല്‍ വളരുന്നോ കൈ വളരുന്നോ എന്ന് ശ്രദ്ധിച്ച് വളര്‍ത്തുമ്പോള്‍ ഏതൊരു മാതാപിതാക്കള്‍ക്കും, തന്‍റെ കുഞ്ഞ് വലുതായാല്‍ വൃദ്ധരാവുന്ന ഞങ്ങള്‍ക്ക് താങ്ങാവും എന്ന ചിന്തയാവും. ഓരോ മക്കളെയും വളര്‍ത്തി വലുതാക്കാന്‍ പെടുന്ന കഷ്ടപ്പാട് സുഖമായി അനുഭവിക്കുന്നത് അവരെ ആ മക്കള്‍ തിരിച്ച് സ്നേഹിക്കുമ്പോഴും സഹായിക്കുമ്പോഴുമാണ്. പലപ്പോഴും തൊട്ടിലാട്ടുന്ന അമ്മയെപറ്റി ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അമ്മയ്ക്ക് ഉറക്കം വന്നിട്ടും, ഉറങ്ങാത്ത കുട്ടിയെ തൊട്ടിലില്‍ കിടത്തി, കുട്ടിയുറങ്ങുന്നത് വരെ ഉറക്കമിളക്കേണ്ടി വരുന്ന അമ്മ!. ഉറക്കത്തിന്റെയും ഉണര്‍വ്വിന്‍റെയും ഇടയിലുള്ള ആ നിമിഷാര്‍ദ്ധത്തെ ഒന്ന് സ്ഥായിയാക്കാന്‍ (freeze ചെയ്യാന്‍) കഴിഞ്ഞാല്‍ അമ്മമാര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമായിരുന്നേനെ എന്ന് ചിന്തിച്ചു പോയിട്ടുണ്ട്. (അതിനുള്ള വല്ല കണ്ടുപിടുത്തങ്ങളും വല്ല ജപ്പാനികളും കണ്ടു പിടിച്ചിരുന്നെങ്കില്‍ നമുക്കൊന്ന് ഉപയോഗിക്കാമായിരുന്നു).

വളരെ പ്രതീക്ഷകളോടെ വളര്‍ത്തിയ ആ ആപ്പിള്‍ മരത്തെ പറക്കമുറ്റും മുമ്പ് ഇന്നിതാ ഞാന്‍ വെട്ടിയിട്ടിരിക്കുന്നു.

ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നില്ലേ? ഇല്ലേ? ഒരു പക്ഷെ, എന്‍റെ ചെവിയുടെ കേള്‍വി ശക്തി പോയതായിരിക്കാം. അല്ല.. ആരൊക്കെയോ സംസാരികുന്നത് കേള്‍ക്കാം... ഇല്ല... കേള്‍ക്കുന്നില്ല... അങ്ങിനെ ആയിരിക്കില്ല.. ചിലപ്പോള്‍ ആളുകള്‍ എന്നെ സാകൂതം വീക്ഷിക്കുകയായിരിക്കും. എന്നെ കണ്ടതോടെ അവരുടെ ശബ്ദം നിന്ന് പോയിട്ടുണ്ടാവും.

ഒരിക്കല്‍ ഇറാനില്‍ ആയിരുന്നപ്പോള്‍ പരസ്യമായി തൂക്കപ്പെട്ടവരെ കണ്ടത് ഇന്നും ഒരു നടുക്കത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. തല മറക്കാതെ, കണ്ണ് പോലും കെട്ടാതെ പൊതുജന മധ്യത്തില്‍ അവരെ മരിക്കുന്നത് വരെ തൂക്കിയത് കണ്ട അന്ന് ശരിക്ക് ഭക്ഷണം പോലും കഴിക്കാന്‍ കഴിഞ്ഞില്ല.

എന്‍റെ കാര്യത്തില്‍ അങ്ങിനെയെങ്ങാനും സംഭവിച്ചാല്‍, ബ്ലൂടൂത്തുകളില്‍നിന്ന് ബ്ലൂടൂത്തുകളിലെക്ക്... എംഎംഎസുകളില്‍ നിന്ന് എംഎംഎസുകളിലേക്ക്... ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക്... അപമാനിതനായി, അവഹേളിക്കപ്പെട്ടവനായി, വെറുക്കപ്പെട്ടവനായി... ലോകാവസാനം വരെ ഞാന്‍ പകര്‍ത്തപ്പെട്ടുകൊണ്ടിരിക്കും.... അതെനിക്കുറപ്പാണ്.

കുറെ സമയം കൈ പിറകിലേക്ക് കെട്ടി വെച്ചതിനാലാവാം തോളെല്ലുകള്‍ താഴ്ന്ന് പോകുന്നപോലെ അനുഭവപ്പെടുന്നു. ആടുജീവിതത്തില്‍ ആടുകളെ കാലോടാന്‍ വിടുന്നു എന്ന് പറഞ്ഞപോലെ, ജീവികളുടെ അവയവങ്ങള്‍ക്ക് ചലനമില്ലെങ്കില്‍ അവയവങ്ങള്‍ അവയുടെ കര്‍ത്തവ്യം മറക്കും എന്ന് ഞാന്‍ അനുഭവത്തിലൂടെ മനസ്സിലാക്കി. കയ്യിലെ വിലങ്ങുകള്‍ക്ക് പോലും എന്നോട് ദേഷ്യം തോന്നുന്നോ എന്ന് തോന്നുമാര്‍, ഏതൊക്കെയോ രക്തഞരമ്പുകള്‍ക്ക് അവയുടെ ജോലി നിര്‍വ്വഹിക്കാനാവാത്ത വിധം മര്‍ദ്ദം ചെലുത്തപ്പെട്ട് കൈപ്പത്തിയിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനാല്‍ ഒരു തരം തരിപ്പ് ബാധിച്ചിരിക്കുന്നു.

അന്ധന്മാര്‍ക്ക് സ്പര്‍ശന ശക്തി കൂടും എന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു. ഓരോ കാല്‍വെപ്പും ഞാന്‍ പഠിക്കുകയായിരുന്നു. ആദ്യം സിമന്റിട്ട തറയില്‍... അത് ഞാന്‍ കിടന്നിരുന്ന സെല്‍ ആവാം. പത്തടി കഴിഞ്ഞപ്പോള്‍ ഉരമുള്ള സിമന്‍റ് തറ.. അത് വരാന്തയാവാം. കുറച്ച് കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞ് മൂന്ന് കല്‍പ്പടി താഴേക്ക്‌... അതിനര്‍ത്ഥം ഉയരമുള്ള സ്ഥലത്ത് നിന്ന് താഴ്ചയുള്ള സ്ഥലത്തേക്ക് പോകുന്നു. പിന്നെ കാലില്‍ ചെറിയ ചരക്കല്ലുകള്‍ കുത്തുന്നു.. അതിനര്‍ത്ഥം ഞാന്‍ മുറ്റത്ത് കൂടെ നടക്കുകയാണ്. കുറച്ച് നടന്ന എന്‍റെ കാലുകള്‍ ഒരാള്‍ പൊക്കി ഉയരമുള്ള ഒരു സ്റ്റെപ്പില്‍ കയറാന്‍ നിര്‍ബന്ധിച്ചു. ശേഷം പതുപതുത്ത ഒരു ഇരിപ്പിടത്തില്‍ ഇരുത്തി. ഇത് മാത്രം എവിടെയാണെന്ന് മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മെല്ലെ അങ്ങോട്ടുമിങ്ങോട്ടും ഇളകാന്‍ തുടങ്ങി. ഒരു വണ്ടിയില്‍ എന്നെ കൊണ്ട് പോകുന്നു എന്നെനിക്കുറപ്പായി. കുറച്ച് കഴിഞ്ഞാല്‍ എന്നെ ഇതില്‍ നിന്നിറക്കും. ശേഷം ഒരു മരത്തടിയില്‍ ഞാന്‍ നില്‍ക്കും... ആ സമയം ഒരു കയര്‍ എന്‍റെ കഴുത്തില്‍ അണിയിക്കപ്പെടും. എല്ലാം ഞാന്‍ കൃത്യമായി കണക്കാക്കി.

എങ്ങിനെയോ ഭാര്യയുടെയും കുട്ടിയുടെയും ചിന്ത മനസ്സില്‍ കടന്നു കൂടി:

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും വാതില്‍പ്പടിയില്‍ കാത്തു നില്‍ക്കുന്ന ചെറിയ മകള്‍. വയസ്സ്‌ ഒന്നര മാത്രമേ ആയുള്ളൂ എങ്കിലും, ഞാന്‍ വരുന്ന സമയം വരെ കൃത്യമായി അറിയാന്‍ പ്രാപഞ്ചിക അറിവ്‌ അവളെ പ്രാപ്തയാക്കിയിരിക്കുന്നു. വല്ലപ്പോഴും ഗതാഗതക്കുരുക്കില്‍ മുക്കാല്‍ നാഴിക വൈകിയാല്‍ എന്നെ കാണാത്ത ദേഷ്യം തീര്‍ക്കുന്നത് അവളുടെ കളിക്കോപ്പുകളോടായിരുന്നു. സ്ഥിരം കാണുന്നത് കൊണ്ടോ, ജീനുകളുടെ ബന്ധങ്ങള്‍ കൊണ്ടോ... എന്തായാലും പുരുഷന്മാരായി ഈ ലോകത്ത് അവള്‍ക്ക്‌ എന്നെ മാത്രമേ ഭയമില്ലാതുള്ളൂ.. വേറെ ആരെ കണ്ടാലും വലിയ വായില്‍ കരയാന്‍ തുടങ്ങും. പിഞ്ഞിപ്പറിഞ്ഞ... കഷണങ്ങളാക്കിയ അവളുടെ കളിക്കോപ്പുകള്‍ എന്‍റെ മുന്നില്‍ സംഹാരനൃത്തം ചവിട്ടുന്നു.

ഭാര്യയുടെ കാര്യം എന്ത് കൊണ്ടോ എന്നെ വല്ലാതെ വേവലാതിപ്പെടുത്തിയില്ല. അവളിന്നു സ്വയം പര്യാപ്തയാണ്. എന്‍റെ കുടുംബത്തില്‍ നിന്ന് വിലക്കുണ്ടായിട്ടും വളരെ ഉന്നതിയില്‍ പഠിപ്പിച്ച് അഞ്ചക്ക ശമ്പളം വാങ്ങുന്ന ഒരു ജോലി ഇന്നവള്‍ക്കുള്ളത് ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ അവള്‍ക്ക്‌ ശക്തിയേകും എന്ന് ഞാന്‍ വിശ്വസിച്ചു. ഒരിക്കലും ആരെയും, (മാതാപിതാക്കളാവട്ടെ.. ഭര്‍ത്താവാകട്ടെ, മക്കളാവട്ടെ...) നൂറു ശതമാനം സ്നേഹിക്കരുത് എന്ന് ഞാന്‍ അവളെ പഠിപ്പിച്ചിരുന്നു. കാരണം, അവരുടെ വിയോഗം താങ്ങാന്‍ കഴിയാതെ മനസ്സിന്റെ ആ അദൃശ്യനൂല്‍ അറ്റുപോകുന്ന പല സംഭവങ്ങളും നാം ദിനേന കാണുന്നതാണ്. പലപ്പോഴും ഞാന്‍ ചെയ്തിട്ടുള്ള ടെസ്റ്റ്‌ ഡോസുകള്‍ ഇന്ന് യാഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെട്ടല്ലോ എന്നോര്‍ക്കുമ്പോള്‍ തൊണ്ട ഇടറിപ്പോകുന്നു. വീട്ടില്‍ തീ പിടിച്ചാല്‍, കള്ളന്‍ കയറിയാല്‍, എന്ന് തുടങ്ങി, ഞാന്‍ മരിച്ചാല്‍... അവള്‍ മരിച്ചാല്‍... എന്നിങ്ങനെ റിഫ്ലക്സ് ആക്ഷന്‍ നടത്തേണ്ട അവസരങ്ങള്‍ ഞങ്ങള്‍ ഇടയ്ക്കു അഭിനയിച്ച് പഠിച്ചിരുന്നു. ഇടയ്ക്കു ഒരു ദിവസം വൈകുന്നേരം ട്രാഫിക്‌ പോലീസ്‌ പിടിച്ച് ജയിലില്‍ കിടന്നിട്ട് അടുത്ത ദിവസം രാവിലെ വീട്ടിലെത്തിയ എന്നെ ഭയപ്പാടുകളില്ലാതെ വരവേറ്റ അവളെ ഞാന്‍ സാകൂതം വീക്ഷിച്ചു. "എന്‍റെ ക്ഷമ പരീക്ഷിക്കാന്‍ നിങ്ങള്‍ ചെയ്തതായിരിക്കുമെന്ന് ഞാന്‍ കരുതി. ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടും കണ്ടില്ലെങ്കില്‍ പോലീസില്‍ വിളിക്കണം എന്ന് കരുതിയിരിക്കുകയാണ്" എന്ന നിസ്സംഗതയോടെയുള്ള മറുപടി, ഇത്ര മനശ്ശക്തിയുള്ള ഭാര്യയെ കിട്ടിയ വകയില്‍ എന്നെ സന്തോഷിപ്പിക്കുകയാണ് ചെയ്തത്.

പക്ഷെ, ഇന്ന് എന്താവും അവളുടെ മാനസിക നില എന്ന് എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. പലര്‍ക്കും വിലാസങ്ങള്‍ മാറുന്ന ദിവസം. എന്‍റെ ഭാര്യ വിധവ. എന്‍റെ മകള്‍ അനാഥ. ഇത് മരിച്ച ഉണ്ണിയുടെ വീട്... എനിക്ക് പകരം To എന്നെഴുതിയതിന് താഴെ ഭാര്യയുടെ പേര്. തൊട്ട് താഴെ Late എന്ന വാക്കിന് ശേഷം എന്‍റെ പേര്...

==========================
(2)
"തആല്‍ ഗുദ്ദാം"(**)
പോലീസിന്‍റെ അട്ടഹാസം പോലുള്ള ശബ്ദം ശരിക്കും കാതടപ്പിക്കുന്നതായിരുന്നു. പറഞ്ഞ് കഴിയും മുന്നേ പിടലിയില്‍ പിടിച്ചൊരു തള്ള്. പ്രാഞ്ചി പ്രാഞ്ചി മുന്നോട്ട് വന്ന എന്‍റെ മുന്നില്‍ കറുത്ത് ഇരുണ്ട ആറടിയിലധികം ഉയരം വരുന്ന ഒരു പോലീസുകാരന്‍.

സ്വന്തം ഭാഷയല്ല പറയുന്നതെങ്കില്‍, പറയുന്നതിന് മുമ്പേ സ്വന്തം ഭാഷയില്‍ വാക്കുകള്‍ ക്രോഡീകരിച്ച ശേഷം ട്രാന്‍സലേഷന്‍ നടത്തി വേണമല്ലോ പറയാന്‍‍. ചിന്തയുടെയും സംസാരത്തിന്റെയും ഗ്യാപ്‌ എത്ര കുറയുന്നോ, ആ ഭാഷയില്‍ അയാളുടെ നൈപുണ്യം കൂടിക്കൂടി വരും. അങ്ങിനെ അവസാനം നാം മലയാളം സംസാരിക്കാന്‍ മലയാളത്തില്‍ ചിന്തിക്കുന്നത് പോലെ, ഇംഗ്ലീഷ് സംസാരിക്കാന്‍ ഇംഗ്ലീഷില്‍ ചിന്തിക്കുന്ന ഒരവസ്ഥ വരും. അപ്പോള്‍ മനസ്സിലാക്കുക... ആ ഭാഷ എനിക്ക് സ്വായത്തമായി എന്ന്.

എന്തൊക്കെ ചോദിക്കും, എന്തൊക്കെ മറുപടി പറയാം എന്നതിന് മനസ്സില്‍ സ്വയം ഒരു ചോദ്യോത്തര പംക്തി നടത്തുകയായിരുന്നു. കൂടെത്തന്നെ അതിനെ അറബിയിലേക്ക് തര്‍ജുമ ചെയ്യുന്നുമുണ്ട്.

എന്നാല്‍ ചുറ്റുപാടുകള്‍ മനസ്സിന്‍റെ പ്രവൃത്തനത്തെ വലിയൊരളവോളം സ്വാധീനിക്കുന്നു എന്ന പ്രമാണം ഇവിടെയും പ്രാവര്‍ത്തികമാക്കപ്പെട്ടു. ചിന്തകളെ ക്രോഡീകരിക്കാന്‍ കഴിയാത്ത അവസ്ഥ. ചെയ്തുപോയ തെറ്റിന്‍റെ വ്യാപ്തിയെ പറ്റി ഓര്‍ക്കുമ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു. ചെവി ചൂടാവുന്ന പോലെ... കണ്ണുകളില്‍ ഇരുട്ട് പരക്കുന്ന പോലെ... തല കറങ്ങുന്ന പോലെ... കാല്‍ മുട്ടുകള്‍ തളരുന്ന പോലെ... ഹൃദയ മിടിപ്പ്‌ വേഗത കൈവരിച്ചു... കണ്ണുകള്‍ താഴേക്ക്‌ താണ് പോലീസിന്‍റെ കാലുകളില്‍ വിശ്രമിച്ചു... വിയര്‍ക്കാന്‍ തുടങ്ങുന്നു... വിറക്കാന്‍ തുടങ്ങുന്നു...
===========================
(1)
എനിക്ക് മലയാളികളേക്കാള്‍ കൂട്ടുകാര്‍ അറബികളായിരുന്നു. അതും സൗദികള്‍. പലപ്പോഴും അവരുടെ ഒത്തുകൂടലുകളില്‍ ഞാനും ഒരു സൌദിയായി.

കോളേജില്‍ പഠിക്കുന്ന അഹ്മദ്‌ വെക്കേഷന്‍ ജോലിക്കായി ഞങ്ങളുടെ ഓഫീസില്‍ വന്നു. അത്യാവശ്യം മാര്‍ഷ്യല്‍ ആര്‍ട്സ്‌ അറിയുന്ന അവനെ ഞാന്‍ വളരെ വേഗം പരിചയപ്പെട്ടു. എനിക്കറിയുന്ന പല കാര്യങ്ങളും ഞാന്‍ അവനുമായി പങ്കിട്ടു. ഞാന്‍ ഡിഫന്‍സിലും അവന്‍ അറ്റാക്കിലുമായിരുന്നു കൂടുതല്‍ പഠിച്ചിരുന്നത്. അതിനാല്‍ തന്നെ അവന്റെ പല ട്രിക്കുകളും എന്നില്‍ വലിയ ആകാംക്ഷയുണ്ടാക്കി. ഒരു ദിവസം അവന്‍റെ വീട്ടില്‍ തന്നെയുള്ള ട്രെയിനിംഗ് സെന്‍റരിലേക്ക് എന്നെ കൊണ്ട് പോയി. മാതാപിതാക്കളെ എനിക്ക് പരിചയപ്പെടുത്തിത്തന്നു. "ഹാദാ റൂഹി.. ഹാദാ ഉയൂനീ......"(***) ആഹ്മദിനെ പറ്റി അവര്‍ക്ക് ആയിരം നാവായിരുന്നു. എല്ലാ പ്രതീക്ഷകളും ഏക മകനില്‍ അര്‍പ്പിച്ച വന്ദ്യവയോധികര്‍. അഹ്മദും മറിച്ചായിരുന്നില്ല... അവരുടെ ഓരോ ആജ്ഞയും അപ്പടി നിറവേറ്റാനും അവരുടെ ആഗ്രഹങ്ങള്‍ കണ്ടറിയാനും ഒരു പ്രത്യേക കഴിവായിരുന്നു അവന്.

ഞാനല്‍ഭുതപ്പെട്ടുപോയി... പല തരത്തിലുള്ള റൈഫിളുകള്‍, വടികള്‍, സ്പോന്ജ് ഹെല്‍മെറ്റുകള്‍, തുടങ്ങി നിരവധി സാധനങ്ങള്‍ അടുക്കും ചിട്ടയോടും കൂടി വെച്ചിരിക്കുന്നു. ഒരിക്കല്‍ പഠിപ്പിക്കാന്‍ വന്ന ഒരു ഇന്ത്യക്കാരന്‍ കൊടുത്ത പരിജയും ഉണ്ട് കൂട്ടത്തില്‍. അതിന്‍റെ പിന്നില്‍ 'നീതിയുടെയും കരുത്തിന്റെയും' പ്രതീകമായി രണ്ടു സൗദി വാളുകള്‍ വിലങ്ങനെ വെച്ചിരിക്കുന്നു.

വളരെ ഭംഗിയായി ഡിസൈന്‍ ചെയ്ത ഒരു പെട്ടി തുറന്നു കൊണ്ട് അഹമദ്‌ എന്നെ വിളിച്ചു. "ഷൂഫ് ഹാദാ". വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണം പൂശിയ ഒരു റൈഫിള്‍! "ഹാദാ അസലി.. മഅ റുസ്വാസ് ജൂവ"(****) കുറുവടിയും പന്തീരാം വടിയുമൊക്കെ പയറ്റിയുട്ടുണ്ടെങ്കിലും ഒറിജിനല്‍ റൈഫിള്‍ ഫോട്ടോയില്‍ മാത്രമേ കണ്ടിട്ടുള്ളൂ..

വളരെ ശ്രദ്ധയോടെ ഞാനത് പെട്ടിയില്‍ നിന്നും പുറത്തെടുത്തു. വെറുതെ ഉന്നം വെച്ചു നോക്കി. നല്ല രസം! കൌബോയ്സിനെപ്പോലെ വിരലില്‍ ഇട്ടു കറക്കി. വെറുതെ അഹ്മദിന്റെ നേരെ ഉന്നം പിടിച്ചതും തോക്ക് പൊട്ടി. നിന്ന നില്‍പ്പില്‍ അഹ്മദ്‌ മുന്നോട്ട് വീണു. തലയുടെ പിറകില്‍ നിന്ന് ചോര വാര്‍ന്നൊഴുകുന്നത് കണ്ടത് മാത്രം ഓര്‍മ്മയുണ്ട്!
===========================
(4)
അനുജന്‍ ഓടി വന്നു എന്നെ കെട്ടിപ്പുണര്‍ന്നു. തുരുതുരാ ഉമ്മ വെച്ചു. സന്തോഷം ഒരു പരിധി കഴിഞ്ഞാല്‍ കരച്ചിലായി മാറുന്നത് അവനില്‍ ഞാന്‍ കണ്ടു. തേങ്ങി തേങ്ങി അവന്‍ എന്റെ ചുമലില്‍ വീണു. കണ്ണുനീര്‍ ധാര ധാരയായി എന്‍റെ പുറത്തുകൂടെ ഒഴുകി.

ഞാനിപ്പോഴും യഥാര്‍ത്ഥ ലോകത്തേക്ക് മടങ്ങി വന്നിട്ടില്ലായിരുന്നു. മനസ്സിന് ബലാല്‍ക്കാരമായി അടിച്ചേല്‍പ്പിച്ച നിര്‍വികാരതയില്‍ നിന്നും മോചനം കിട്ടിയിട്ടില്ലായിരുന്നു.

പറയാന്‍ അനുജന് ശ്വാസം കിട്ടുന്നില്ല. ഒരു വിധം അവന്‍ പറഞ്ഞൊപ്പിച്ചു: "ഫോറന്‍സിക്‌ പരിശോധനയില്‍ അഹ്മദിന്റെ തോക്കിലെ ഉണ്ടയില്‍ നിന്നല്ല അഹ്മദ്‌ മരിച്ചത് എന്ന് ഉറപ്പിച്ചു"

==========================
(5)
ചോദ്യം വീണ്ടും ബാക്കി കിടക്കുന്നു...
"ആരാണ് അഹ്മദിനെ വെടിവെച്ചത്?!"

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
(*) എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ?
(**) മുന്നോട്ട് നീങ്ങി നിലക്കെടെയ്‌.
(***) ഇവനെനിക്കെന്റെ കണ്ണിനെപ്പോലെയാണ്, എന്‍റെ ആത്മാവിനെപ്പോലെയാണ്
(****) ഇങ്ങോട്ട് നോക്ക്‌. ഇത് ഒറിജിനലാ... ഇതില്‍ വെടിയുണ്ടയും ഉണ്ട്.

അര്‍ജെന്‍റ് കത്ത് (അവസാന ഭാഗം)

.............................................
............................................
............................................
വെള്ള നിറത്തിലുള്ള കവറിന്റെ പുറത്തു നീല മഷിയില്‍ എഴുതിയ ആ വടിവൊത്ത അക്ഷരങ്ങള്‍ ഞാന്‍ വായിച്ചു.
To,
Mr. Mammeesa Kappakkunnan
C/O. Al Burj Hotel
Near the Corniche by National Museum
PO Box 955
Doha
Qatar
Phone: 432888
--------------------------------------------
(തുടര്‍ന്നു വായിക്കുക)
-----------------------------------------------------------------------------------------
സമ്മിശ്ര വികാരങ്ങളുടെ കേളികൊട്ടായിരുന്നു എന്റെ മനസ്സില്‍...



പാവം കുഞ്ഞാമിത്താത്ത എന്നെ വിശ്വസിച്ചേല്‍പ്പിച്ച ആ കത്ത് കൊണ്ട് ഞാന്‍ എന്ത് ചെയ്യും?!...

ഇതിന് കുഞ്ഞാമിത്താത്തയെ ഞാന്‍ കുറ്റം പറയില്ല... ജീവിതത്തിന്‍റെ കയ്പ്പെന്ത്‌... മധുരമെന്ത് എന്ന് തിരിച്ചറിയും മുമ്പ് ഒക്കത്തും വയറ്റിലും ഓരോ കുഞ്ഞുങ്ങളെ പേറി നടക്കേണ്ടി വന്ന അവര്‍ക്ക് എന്ത് സൗദി?!... എന്ത് കത്തറ്?!! എല്ലാം ദുഫായി മാത്രം !!!



ഒന്‍പതു പത്ത്‌ വയസ്സാവുമ്പോഴേക്കും ‘എന്‍റെ കുട്ടിയെ കെട്ടിച്ചു വിടെണ്ടേ എന്ന് വിലപിക്കുന്ന ഉമ്മ-ബാപ്പമാര്‍ ഉള്ള ഈ സമൂഹത്തില്‍ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാവുന്നതെയുള്ളൂ...



ഞാന്‍ കൂടെയുണ്ടായിരുന്ന എന്‍റെ അനുജനോട് വിവരം പറഞ്ഞു.
“നോക്ക് യൂനുസേ... ഇതൊന്നു വായിച്ചു നോക്ക്”
“എന്താ കുഞ്ഞാക്കാ.. എന്താ പ്രശ്നം?! എനിക്കൊന്നും മനസ്സിലായില്ല... മഷിപ്പേന കൊണ്ട് എഴുതിയതാണോ പ്രശ്നം? വെള്ളം നനയും എന്ന് പേടിച്ചാണോ? ബാള്‍ പേന കൊണ്ട് എഴുതണമായിരുന്നോ?”
“ടാ പൊട്ടാ... ഞാന്‍ കപ്പലിലൊന്നുമല്ല പോകുന്നത്... ഇതതല്ല പ്രശനം... നീ ആ അഡ്രസ്സ് ഒന്ന് ശരിക്ക് വായിച്ചു നോക്ക്”
“എന്താ ഫ്രം അഡ്രസ്സ് എഴുതാത്തതാണോ? എങ്കില്‍ ഞാന്‍ എഴുതിത്തരാം...”
അവന്‍ അപ്പോഴേക്കും കീശയില്‍ കൊളുത്തി വെച്ചിരുന്ന ഒരു ഹീറോ പേന എടുത്ത്‌ എന്താണ് എഴുതേണ്ടത് എന്ന് ഞാന്‍ പറയും എന്നും പ്രതീക്ഷിച്ച് പേനയുടെ ടോപ്പ് അഴിച്ചു ഒരുങ്ങി നിന്നു.
“അതൊന്നുമല്ല.. ഇത് തന്നത് നമ്മുടെ കുഞ്ഞാമിത്താത്തയാ... നീ ആ അഡ്രസ്സ് ഒന്ന് കൂടി നോക്ക്”


അപ്പോഴാണവന്‍റെ ട്യുബ് ലൈറ്റ് കത്തിയത്...

അവനു ചിരി അടക്കാന്‍ കഴിയുന്നില്ല... ഉറക്കച്ഛടവില്‍ ബസ്സില്‍ കയറിയവര്‍, ഇവന്‍റെ ഉറക്കെയുള്ള ചിരി കേട്ട് ദേഷ്യത്തോടെ ഞങ്ങളെ നോക്കി.

“നീ ചിരിക്കാതെ ഒരു പരിഹാരം പറ”
“എന്ത് പരിഹാരം?... ഞാന്‍ തിരിച്ചു വരുമ്പോള്‍ ഇത് കുഞ്ഞാമിത്താത്താക് തന്നെ തിരിച്ചു കൊടുക്കാം... പോരെ?”
“ഹയ്യട... ഒരു നല്ല പരിഹാരക്കാരന്‍ വന്നിരിക്കുന്നു!”
“പിന്നെന്തു ചെയ്യണമെന്നാ നീ പറയുന്നത്?... ഞാന്‍ മമ്മീസാക്ക എഴുതുന്ന പോലെ ഒരു മറുപടി എഴുതി കുഞ്ഞാമിത്താത്തയെ എല്‍പ്പിക്കണമെന്നാണോ?”



വിഷയം ബസ്സിലുള്ള എല്ലാവരും അറിഞ്ഞു... പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞു. എന്നാല്‍ അധിക പേരും കത്ത് തിരിച്ചു കൊടുക്കുന്നതിനെ പറ്റിയാണ് പറഞ്ഞത്..



നല്ല മനസ്സുകളെ കണ്ടറിഞ്ഞു ദൈവം സഹായിക്കും എന്ന് പറഞ്ഞ പോലെ... ആകാശത്തു നിന്ന് പൊട്ടി വീണ പോലെ... എന്‍റെ മുന്നില്‍ കുഴിക്കാടന്‍ കുഞ്ഞലവി പ്രത്യക്ഷപ്പെട്ടു.



“കുട്ട്യേ... ഞാന് കത്തറുക്കാ പോണേ... എന്താ അന്‍റെ പ്രസ്‌നം?”


മുങ്ങാന്‍ പോവുന്നവനു കച്ചിത്തുരുമ്പ് കിട്ടിയ പോലെ എന്നൊക്കെ കേട്ടിട്ടുണ്ട്... ഇപ്പോള്‍ അത് ശരിക്കും അനുഭവിച്ചു.



ഞാന്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി അദ്ധേഹത്തെ ധരിപ്പിച്ചു. എല്ലാം വളരെ നല്ല നിലയില്‍ തന്നെ ഞാന്‍ കൈകാര്യം ചെയ്തു കൊള്ളാം എന്ന് കുഞ്ഞലവിക്കാക്ക എനിക്കുറപ്പു തന്നു കൊണ്ട് കത്ത് വാങ്ങി അദ്ദേഹത്തിന്റെ കൈ ബാഗില്‍ വെച്ചു.



==============================================================
ഒരു ചെറിയ ഇടവേള...
ഇതിനിടക്ക്‌ ഞാന്‍ സൌദിയില്‍ എത്തുന്നു... അവിടെ എന്‍റെ കൊച്ചാപ്പയുടെ റൂമില്‍ താമസമാക്കുന്നു...
................
==============================================================



സൌദിയില്‍ വന്നിട്ട് ഇന്നേക്ക് രണ്ടു ദിവസമായി.


കൊച്ചാപ്പ കടയില്‍ പോയതായിരുന്നു. കട മുന്നിലും റൂം അതിന്‍റെ പിന്നിലുമായിട്ടായിരുന്നു ഉണ്ടായിരുന്നത്.



കാലത്ത് മൂന്നരക്ക് എണീക്കണം... ബൂഫിയയിലെക്കുള്ള ജ്യൂസ്‌.. സാമൂലി തുടങ്ങിയ സാധനങ്ങളൊക്കെ സുബ്ഹി ബാങ്ക് കൊടുക്കുന്നതിനു മുമ്പേ റെഡിയാക്കി കടയില്‍ എത്തിക്കണം. അതൊക്കെ കഴിഞ്ഞതിന്‍റെ ക്ഷീണത്തില്‍ ഞാന്‍ ഒരു മയക്കത്തിലായിരുന്നു...



കൊച്ചാപ്പ വന്നു വിളിച്ചപ്പോള്‍ ഞാന്‍ നാട്ടിലാണോ... സൌദിയിലാണോ... പകലാണോ... രാത്രിയാണോ... എന്നൊന്നും അറിയാത്ത ഒരു പ്രത്യേക അവസ്ഥയില്‍ ഞെട്ടിയുണര്‍ന്നു...



“അന്നെ ആരോ ബൂഫീലെ ഫോണില്‍ ബുളിച്ച് ണ്ണ്ട്...” “ബളരെ അര്‍ജണ്ടാ ന്നാ പറഞ്ഞത്”
“ഏതോ ഒരു പെണ്ണാ... ഞാം ഒരു പത്ത്‌ മിനിട്ട് കയിഞ്ഞിട്ട്‌ ബുളിച്ചാം പറഞ്ഞ്ക്ക്ണ്”
എന്നും പറഞ്ഞ് കൊച്ചാപ്പ തിരിച്ചു നടന്നു...
“എബ്ടന്നാ ഓരോ @#$@#$%$! നേരം ബെള്ക്കണ മുംബെന്നെ ബുളിച്ചാന്‍... ബന്നിട്ട് രണ്ടീസം ആയിട്ട് ല്ല” എന്ന് സ്വന്തത്തോട് തന്നെ പറയുന്നതും ഞാന്‍ കേട്ടു.



കൈലി മുണ്ട് വാരി വലിച്ചെടുത്ത് ഞാന്‍ ബൂഫിയയിലെക്കോടി.. ഓടിയ അതിലും വേഗത്തില്‍ തിരിച്ചും റൂമിലേക്ക്‌... കാരണമെന്തെന്നോ...
“അല്ല ജ്ജ് പ്പോ ഇത് അന്‍റെ കുടിയാന്ന് കരുത്യോ? പോയി പാന്‍റ് ഇട്ടു ബാടാ... ആ കുപ്പായോം കൂടി ഇട്ടോണ്ടി ട്ടോ..”



ലജ്ജയോടെയും അതിലേറെ ജാള്യതയോടെയും കൂടി പാന്‍റും ഷര്‍ട്ടും ഇട്ടു ഞാന്‍ കടയില്‍ എത്തി...



പത്തു മിനുറ്റ് എപ്പഴേ കഴിഞ്ഞു... അര മണിക്കൂര്‍ കഴിഞ്ഞിട്ടും ഫോണ്‍ ബെല്ലടിക്കുന്നത് കാണുന്നില്ല. ഓരോ മിനിട്ടും ഓരോ മണിക്കൂര്‍ ആയി എനിക്ക് തോന്നി. കൊച്ചാപ്പയുടെ ഇടക്കിടക്കുള്ള നോട്ടം എന്നെ വീണ്ടും വീണ്ടും ആ വിളിയുടെ ഉറവിടത്തെ പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.



“ആരായിരിക്കും അത്? ഇനി നാട്ടില്‍ നിന്ന് ഏതെങ്കിലും കൂട്ടുകാര്‍ പറ്റിച്ചതാണോ? കാരണം എനിക്ക് വിളിക്കാന്‍ ഒരു പെണ്ണും ഇല്ല എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു...”
“അതോ കൊച്ചാപ്പ തന്നെ എന്നെ പറ്റിച്ചോ? വീട്ടില്‍ നിന്ന് ഉമ്മയോ ഉപ്പയോ ആവാം വിളിച്ചത്.. .എന്നിട്ട് ഒരു പെണ്ണ് വിളിച്ചു എന്ന് പറഞ്ഞോ?... ശ്ശെ, അതാവാന്‍ വഴിയില്ല... കാരണം കൊച്ചാപ്പ അത്തരം ഒരു തമാശക്കാരനല്ല......”


ഇങ്ങിനെ ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഫോണ്‍ ബെല്ലടിച്ചു. ഓടിച്ചെന്നു ഫോണെടുത്തു...



കൊച്ചാപ്പ പറഞ്ഞത്‌ ശരിയാ... ശരിക്കും അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം...

ഞാന്‍ അന്ധാളിച്ചു നിന്ന് പോയി... കൊചാപ്പയുടെ മുഖത്ത് പല ഭാവങ്ങളും മിന്നി മറയുന്നത് ഞാന്‍ കണ്ടു...



“ഞാനാ കുഞ്ഞാമിത്താത്ത... അന്‍റെ കൊച്ചാപ്പാന്റെ കടീത്തെ പോണ് നമ്പറു അന്‍റെമ്മാനോട് ചോയിച്ച് മാങ്ങി... ഇന്നലെ ജ്ജ് അബടെ എത്തീന്ന് കേട്ടപ്പോ തന്നെ ഞാം ബന്ടൂരു പോയി... പോണ്‍ ബുളിച്ച്ണ സ്ഥലല്ലേ... അബടെ പോയി കൊറേ നേരം കുത്തിരുന്നു... ഇന്ന് പിന്നീം പോയി.. ഇപ്പളാ കിട്ടീത്... അങ്ങട്ട് ലയിന് പോണില്ല ന്നു അയാള് പറഞ്ഞു”



എന്താണ് കുഞ്ഞാമിത്താത്തയോട് പറയേണ്ടത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല... ചെവി ചൂടാവുന്നോ?! ഹൃദയം ഉറക്കെ മിടിക്കുന്നോ?!! എന്‍റെ കാലുകള്‍ തളരുന്നോ?!!! കൈ വിറക്കുന്നോ?!!!! കണ്ണിലിരുട്ട് കയറുന്നോ?!!!!!



നിന്ന നില്‍പ്പില്‍ വിയര്‍ക്കുന്ന എന്നെ കണ്ട കൊച്ചാപ്പാക്ക് സംഗതിയില്‍ എന്തോ പന്തികേടുന്ടെന്നു മനസ്സിലായി....



കത്ത് ഇത് വരെ മമ്മീസാക്കാക് കിട്ടിയിട്ടില്ല എന്നുറപ്പ്... ആ കുഞ്ഞലവിക്കാക്ക എന്നെ പറ്റിച്ചു... അയാളോട് ആദ്യം തോന്നിയ വലിയ ബഹുമാനവും സന്തോഷവും ഇപ്പോള്‍ ഒരു വെറുപ്പായി രൂപാന്തരപ്പെട്ടു. പറയാന്‍ പറ്റില്ല... കുറെ ആളുകളുടെ കത്തുകള്‍ ഉണ്ടാവുമല്ലോ... എല്ലാം ഒരു ദിവസം തന്നെ കൊടുത്ത് തീര്‍ക്കുക എന്നാല്‍ അത്ര എളുപ്പമാവില്ല... അത് കൊണ്ടായിരിക്കാം എന്ന് സമാധാനിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അടുത്ത ചിന്ത മനസ്സില്‍ എവിടെ നിന്നോ ഓടി വന്നു...



അഥവാ അയാള്‍ എന്നോട് ‘ഞാന്‍ ഖത്തറിലേക്കാന്നു’ വെറുതെ പറഞ്ഞതാവുമോ...? കത്ത് വാങ്ങിയ അയാള്‍ തിരിച്ച് കുഞ്ഞാമിത്താത്തയെ അന്വേഷിച്ചു ചെന്നോ?.... അയാളെങ്ങാന്‍ കുഞ്ഞാമിത്താത്താക്ക് നേരില്‍ ചെന്ന് മറുപടി എഴുതിക്കൊടുത്തോ? ഒരായിരം ചിന്തകള്‍ ചില സെക്കണ്ടുകള്‍ക്കുള്ളില്‍ എന്‍റെ മനസ്സിലൂടെ കടന്നു പോയി.



“ക്കാക്ക ബുളിച്ചീനീം......”

എന്നെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തിക്കൊണ്ട് വീണ്ടും ഫോണിന്‍റെ അങ്ങേ തലക്കല്‍ കുഞ്ഞാമിത്താത്ത.


അടുത്ത് വരാന്‍ പോകുന്ന ഡയലോഗുഗള്‍ ഞാന്‍ സ്വയം കണ്ടു...

“ജ്ജ് ബല്ലാത്ത പണിയാ കാട്ട്യേത്... അനക്ക് ബെയ്ക്കൂലെങ്കി അതങ്ങട്ട് പറഞ്ഞാ പോരെ. ജ്ജ് ഇന്നെ ഇങ്ങനെ പറ്റിച്ചും ന്ന് ഞാന്‍ ബിജാരിച്ച്ല. കാക്ക ബുളിച്ച്ചപ്പം കത്ത് കിട്ടീലാന്ന് പറഞ്ഞ്... ഞ്ഞെന്താ കാട്ട്വാ?.... ജ്ജെയ് നാളേങ്കിലും ആ കത്ത്‌ കൊടുക്കണം ട്ടോ”



ഡയലോഗുഗള്‍ സ്വയം ഉണ്ടാക്കുമ്പോഴേക്കും കുഞ്ഞാമിത്താത്തയുടെ ശബ്ദം,
“ജ്ജ് ബിമാനം എറങ്ങി നേരെ ക്കാക്കാനെ കാണാം പോയീല്ലേ... എടാ ജ്ജ് ന്‍റെ കുട്ട്യാ... അന്‍റെ പെരേ പോണ മുംബ് ന്‍റെ കത്ത് കൊട്ക്കാന്‍ ജ്ജ് പോയല്ലോ... ക്കാക്കാക്ക് ബല്യ ഇഷ്ട്ടായിട്ടോ... ജ്ജ് ക്കക്കാന്‍റട്ത്ത്ന്ന് കഞ്ഞി ഒക്കെ കുടിച്ചിട്ടാല്ലേ അന്‍റെ പെരേ പോയത്... ക്കാക്ക ഒക്കെ പറഞ്ഞ്....”



“ക്കാക്ക പറയാ... ജ്ജ് ബയസ്സനായിക്ക്ണ്ന്ന്... ക്കാക്കാക്ക് കണ്ണും കാണാതായീന്നാ തോന്ന്ണത്” എന്നും പറഞ്ഞ് കുഞ്ഞാമിത്താത്ത കുലുങ്ങിച്ചിരിക്കുന്നു.


“എല്ലാം വളരെ നല്ല നിലയില്‍ തന്നെ ഞാന്‍ കൈകാര്യം ചെയ്തു കൊള്ളാം” എന്ന് കുഞ്ഞലവിക്കാക്ക പറഞ്ഞതിന്‍റെ പൊരുള്‍ പിന്നെയാണ് എനിക്ക് മനസ്സിലായത്‌

അര്‍ജന്‍റ് കത്ത്‌

ഞാന്‍ സൌദിയിലേക്ക് ആദ്യമായി വരുന്ന സമയം... അന്നൊക്കെ ദുബായിലേക്ക് പോവുക എന്നായിരുന്നു ഞങ്ങളുടെ നാട്ടില്‍ പറഞ്ഞിരുന്നത്.
ഒരാഴ്ച മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഉപ്പ പുതിയ തുണികള്‍ വാങ്ങി... കുപ്പായങ്ങള്‍ തുന്നിച്ചു... (ഇവിടെ തുണിയല്ല; പാന്‍സ് ആണ് ഉടുക്കാറുള്ളത് എന്ന് അവരുണ്ടോ അറിയുന്നു!). തലയില്‍ തേക്കാന്‍ വലിയൊരു കുപ്പി വെളിച്ചെണ്ണ,; ഒലിച്ചു പോകാതിരിക്കാന്‍ ഭദ്രമായി കോര്‍ക്കിട്ടു അടച്ചത്... സൌദിയില്‍ ചെന്നാല്‍ കിട്ടിയില്ലെങ്കിലോ എന്ന് ഭയന്നിട്ടാവും... കുറിയരി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, തുടങ്ങിയ അടുക്കള വിഭവങ്ങളെല്ലാം ഓരോരോ പ്ലാസ്റ്റിക്‌ പാക്കറ്റുകളില്‍ വളരെ ഭദ്രമായി അടക്കം ചെയ്തിരിക്കുന്നു. സോപ്പും പേസ്റ്റും ബ്രഷും ഇവിടെ കിട്ടും എന്ന് കരുതിയതിനാലായിരിക്കണം അത് വെച്ചു കണ്ടില്ല...
കുടുംബങ്ങളും അയല്‍വാസികളും എല്ലാം വളരെ ഉത്സാഹത്തോടെ ഇക്കാര്യങ്ങളിലൊക്കെ സഹായിക്കുന്നുണ്ട്. പെട്ടി കെട്ടല്‍ കര്‍മ്മം ഒരു വിധം കഴിഞ്ഞു... ശേഷം ഞങ്ങളെല്ലാവരും ഓരോ കാര്യങ്ങള്‍ സംസാരിച്ചിരിക്കുമ്പോഴാണ് ഒരു കുട്ടി ഓടിക്കിതച്ചു വരുന്നു.. (ഞങ്ങളുടെ വീടിന്‍റെ പിന്നിലുള്ള വയലിനപ്പുറത്തുള്ള വാടക വീട്ടില്‍ താമസിക്കുന്ന മമ്മീസാക്കാന്റെ മകന്‍ അലവി (മമ്മീസ എന്നത് മുഹമ്മദ്‌ ഈസ എന്നത് ലോപിച്ച് വന്നതാണ്). പുതിയ താമസക്കാരാ... എനിക്കവരെപ്പറ്റി അധികമൊന്നും അറിയില്ല). കിതപ്പ് പോലും മാറാതെ വിക്കി വിക്കി അവന്‍ വന്ന കാര്യം പറഞ്ഞു, “നോക്കീം... ഉമ്മാക്ക് ഒരു കത്ത് കൊടുത്തയക്കാനുണ്ട്ന്ന് പറഞ്ഞു. എയ്തിക്കയിഞ്ഞിട്ടില്ല... നാളെ പെലച്ചക്ക് ങ്ങള് പോണതിനു മുമ്പ് കൊണ്ട് ബരാം... ബളരെ അര്‍ജന്റ്ള്ള കത്താ ന്നാ മ്മ പറഞ്ഞത്...”
*******************************
ബസ്സ് വരാനായി. ഇന്നലെ പറഞ്ഞ കത്തിന്‍റെ ആളോ, കത്തോ ഇത് വരെ എത്തിയില്ല. അത്ര അര്‍ജെന്റുള്ള കത്താണ് എന്ന് ഇന്നലെ മകനെ വിട്ടു പ്രത്യേകം പറയിപ്പിച്ചതായതിനാല്‍ വളരെ വിഷമം തോന്നി. ആ കത്തിനു വേണ്ടി കുറച്ചു കൂടെ കാത്തു നിന്നാലോ? അടുത്ത ബസ്സില്‍ പോയാലോ? പക്ഷെ, അടുത്ത ബസ്സുള്ളത് ഇനിയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ്. അത് നേരിട്ട് കോഴിക്കോട്ടേക്ക് പോവുകയുമില്ല... മഞ്ചേരിയില്‍ ഇറങ്ങിക്കയറണം. ബോംബെയിലേക്കുള്ള ബസ്സ് കോഴിക്കോട്ട് നിന്ന് പറഞ്ഞ സമയത്ത് തന്നെ പുറപ്പെടുകയും ചെയ്യും. എനിക്കൊരാള്‍ക്കു വേണ്ടി മാത്രം അവര്‍ കാത്തു നില്‍ക്കാന്‍ സാധ്യതയില്ല...
അകലെ നിന്ന് ബസ്സിന്റെ ഹോണ്‍ കേട്ട് തുടങ്ങി. കത്തുമായി ആരും വരുന്നത് കാണുന്നുമില്ല. “ഉമ്മ, അവര് കത്തും കൊണ്ട് വന്നാല്‍ നിങ്ങളവരോട് പറയണം........” എന്‍റെ വാക്കുകള്‍ മുഴുവനാക്കാന്‍ കഴിയുന്നതിനു മുമ്പേ ബസ്സ് എന്റെയടുത്ത് വന്നു ബ്രേക്കിട്ടു.
മനസ്സില്ലാമനസ്സോടെ ഞാന്‍ ബസ്സില്‍ കയറി. കൂടാതെ എന്നെ യാത്രയയക്കാന്‍ വേണ്ടി ഒരു പത്തു പതിനഞ്ചു പേരും. ഇവരെല്ലാം കയറാന്‍ കുറച്ചു സമയം എടുക്കും... ആ സമയത്തെങ്കിലും അവര്‍ കത്തുമായി ഒന്ന് വന്നെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു.. എന്നാല്‍ എല്ലാം നിഷ്ഫലം...
പിന്‍ സീറ്റില്‍ ഇരിക്കുന്ന ചെക്കര്‍ രണ്ടു ബെല്ലടിച്ചു... ബസ്സ് നീങ്ങാന്‍ തുടങ്ങി...
അപ്പോഴാണ്‌ ഇരുണ്ട വെളിച്ചത്തില്‍ ഞാനത് കണ്ടത്. കുഞ്ഞാമിത്താത്ത കയ്യിലൊരു കവറുമായി ഓടി വരുന്നു. അത് കണ്ടയുടന്‍ ഡ്രൈവറും ചെക്കറും കേള്‍ക്കാന്‍ ഞാന്‍ വേണ്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, “ബസ്സ് ഒന്ന് നിറുത്തീം. ഒരാള്‍ കൂടി കയറാനുണ്ട്” ഒരു കത്ത് വരുന്നുണ്ടെന്നു പറഞ്ഞാല്‍ ബസ്സുകാരുണ്ടോ നിര്‍ത്തുന്നു?! കാശ് കിട്ടുന്ന കാര്യമാണെന്ന് കേട്ടപ്പോള്‍ ബസ്സ് സഡന്‍ ബ്രേക്കിട്ടു.
കുഞ്ഞാമിത്താത്ത ഓടി അടുത്തെത്തി. ഞാന്‍ ബസ്സില്‍ നിന്നിറങ്ങി. “മോനെ, ജ്ജ് ഈ കത്ത് ചെന്ന ഒടനെ ഇക്കാക്കാക്ക് കൊടുക്കണം. കജ്ജില്‍ തന്നെ ഏല്‍പ്പിക്കണം. ബേറെ ആരടുത്തും കൊടുക്കല്ലേ. അത്ര അര്‍ജന്‍റാ. ബെയ്ക്കോന്ഗി അന്‍റെ റൂമില്‍ പോണതിന്റെ മുമ്പ് ഇക്കാക്കാനെ കണ്ടു കൊടുത്താല്‍ ബല്യ ഉപകാരമായി”
“ത്താത്താ, ഞാനാദ്യായിട്ടു പോവുകയാ. അവിടത്തെ കാര്യങ്ങളൊന്നും എനിക്കറിയില്ല. ചെന്നാല്‍ മാത്രമേ എന്തൊക്കെ എങ്ങിനെയൊക്കെ എന്ന് അറിയുള്ളൂ”
“അതൊക്കെ ഇച്ചറിയാ... ജ്ജ് ബിമാനം ഇറങ്ങിയ ഒടനെ ഇക്കാക്കാക്ക് ബിളിച്ചു പറഞ്ഞാ മതി. ജ്ജ് എബട്യാന്ന്ച്ചാ ഇക്കാക്ക ബന്നു മാങ്ങിക്കോളും. അതോണ്ടല്ലേ ഞാന്‍ പോണ്‍ നമ്പര്‍ ബരെ എയുതിപ്പിച്ചത്” ഒരു വലിയ മുന്‍ധാരണയില്‍ കാര്യങ്ങള്‍ ചെയ്ത വിജയിയെപ്പോലെ കുഞ്ഞാമിത്താത്ത പറഞ്ഞു നിര്‍ത്തി.
അപ്പോഴാണ്‌ കവറിന്റെ പുറത്തു വളരെ വടിവൊത്ത ഇംഗ്ലീഷ് അക്ഷരങ്ങളില്‍ അഡ്രസ്സ് എഴുതിയത് ഞാന്‍ നോക്കുന്നത്. എന്‍റെ മനോഗതം വായിച്ചിട്ടെന്ന പോലെ കുഞ്ഞാമിത്താത്ത പറഞ്ഞു, “അയലോക്കത്തെ സിന്ധൂനെക്കൊണ്ട് എയുതിച്ചതാ. ജ്ജെന്താ ബിജാരിച്ചത്? ദുബായിലും മലയാളം പറയുംന്ന് ഞാന്‍ ബിജാരിച്ചൂന്ന് ജ്ജ് ബിജാരിച്ചോ?”
വെള്ള നിറത്തിലുള്ള കവറിന്റെ പുറത്തു നീല മഷിയില്‍ എഴുതിയ ആ വടിവൊത്ത അക്ഷരങ്ങള്‍ ഞാന്‍ വായിച്ചു.
To,
Mr. Mammeesa Kappakkunnan
C/O. Al Burj Hotel
Near the Corniche by National Museum
PO Box 955
Doha
Qatar
Phone: 432888

(തുടരും)