Thursday, December 15, 2011

അര്‍ജെന്‍റ് കത്ത് (അവസാന ഭാഗം)

.............................................
............................................
............................................
വെള്ള നിറത്തിലുള്ള കവറിന്റെ പുറത്തു നീല മഷിയില്‍ എഴുതിയ ആ വടിവൊത്ത അക്ഷരങ്ങള്‍ ഞാന്‍ വായിച്ചു.
To,
Mr. Mammeesa Kappakkunnan
C/O. Al Burj Hotel
Near the Corniche by National Museum
PO Box 955
Doha
Qatar
Phone: 432888
--------------------------------------------
(തുടര്‍ന്നു വായിക്കുക)
-----------------------------------------------------------------------------------------
സമ്മിശ്ര വികാരങ്ങളുടെ കേളികൊട്ടായിരുന്നു എന്റെ മനസ്സില്‍...



പാവം കുഞ്ഞാമിത്താത്ത എന്നെ വിശ്വസിച്ചേല്‍പ്പിച്ച ആ കത്ത് കൊണ്ട് ഞാന്‍ എന്ത് ചെയ്യും?!...

ഇതിന് കുഞ്ഞാമിത്താത്തയെ ഞാന്‍ കുറ്റം പറയില്ല... ജീവിതത്തിന്‍റെ കയ്പ്പെന്ത്‌... മധുരമെന്ത് എന്ന് തിരിച്ചറിയും മുമ്പ് ഒക്കത്തും വയറ്റിലും ഓരോ കുഞ്ഞുങ്ങളെ പേറി നടക്കേണ്ടി വന്ന അവര്‍ക്ക് എന്ത് സൗദി?!... എന്ത് കത്തറ്?!! എല്ലാം ദുഫായി മാത്രം !!!



ഒന്‍പതു പത്ത്‌ വയസ്സാവുമ്പോഴേക്കും ‘എന്‍റെ കുട്ടിയെ കെട്ടിച്ചു വിടെണ്ടേ എന്ന് വിലപിക്കുന്ന ഉമ്മ-ബാപ്പമാര്‍ ഉള്ള ഈ സമൂഹത്തില്‍ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാവുന്നതെയുള്ളൂ...



ഞാന്‍ കൂടെയുണ്ടായിരുന്ന എന്‍റെ അനുജനോട് വിവരം പറഞ്ഞു.
“നോക്ക് യൂനുസേ... ഇതൊന്നു വായിച്ചു നോക്ക്”
“എന്താ കുഞ്ഞാക്കാ.. എന്താ പ്രശ്നം?! എനിക്കൊന്നും മനസ്സിലായില്ല... മഷിപ്പേന കൊണ്ട് എഴുതിയതാണോ പ്രശ്നം? വെള്ളം നനയും എന്ന് പേടിച്ചാണോ? ബാള്‍ പേന കൊണ്ട് എഴുതണമായിരുന്നോ?”
“ടാ പൊട്ടാ... ഞാന്‍ കപ്പലിലൊന്നുമല്ല പോകുന്നത്... ഇതതല്ല പ്രശനം... നീ ആ അഡ്രസ്സ് ഒന്ന് ശരിക്ക് വായിച്ചു നോക്ക്”
“എന്താ ഫ്രം അഡ്രസ്സ് എഴുതാത്തതാണോ? എങ്കില്‍ ഞാന്‍ എഴുതിത്തരാം...”
അവന്‍ അപ്പോഴേക്കും കീശയില്‍ കൊളുത്തി വെച്ചിരുന്ന ഒരു ഹീറോ പേന എടുത്ത്‌ എന്താണ് എഴുതേണ്ടത് എന്ന് ഞാന്‍ പറയും എന്നും പ്രതീക്ഷിച്ച് പേനയുടെ ടോപ്പ് അഴിച്ചു ഒരുങ്ങി നിന്നു.
“അതൊന്നുമല്ല.. ഇത് തന്നത് നമ്മുടെ കുഞ്ഞാമിത്താത്തയാ... നീ ആ അഡ്രസ്സ് ഒന്ന് കൂടി നോക്ക്”


അപ്പോഴാണവന്‍റെ ട്യുബ് ലൈറ്റ് കത്തിയത്...

അവനു ചിരി അടക്കാന്‍ കഴിയുന്നില്ല... ഉറക്കച്ഛടവില്‍ ബസ്സില്‍ കയറിയവര്‍, ഇവന്‍റെ ഉറക്കെയുള്ള ചിരി കേട്ട് ദേഷ്യത്തോടെ ഞങ്ങളെ നോക്കി.

“നീ ചിരിക്കാതെ ഒരു പരിഹാരം പറ”
“എന്ത് പരിഹാരം?... ഞാന്‍ തിരിച്ചു വരുമ്പോള്‍ ഇത് കുഞ്ഞാമിത്താത്താക് തന്നെ തിരിച്ചു കൊടുക്കാം... പോരെ?”
“ഹയ്യട... ഒരു നല്ല പരിഹാരക്കാരന്‍ വന്നിരിക്കുന്നു!”
“പിന്നെന്തു ചെയ്യണമെന്നാ നീ പറയുന്നത്?... ഞാന്‍ മമ്മീസാക്ക എഴുതുന്ന പോലെ ഒരു മറുപടി എഴുതി കുഞ്ഞാമിത്താത്തയെ എല്‍പ്പിക്കണമെന്നാണോ?”



വിഷയം ബസ്സിലുള്ള എല്ലാവരും അറിഞ്ഞു... പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞു. എന്നാല്‍ അധിക പേരും കത്ത് തിരിച്ചു കൊടുക്കുന്നതിനെ പറ്റിയാണ് പറഞ്ഞത്..



നല്ല മനസ്സുകളെ കണ്ടറിഞ്ഞു ദൈവം സഹായിക്കും എന്ന് പറഞ്ഞ പോലെ... ആകാശത്തു നിന്ന് പൊട്ടി വീണ പോലെ... എന്‍റെ മുന്നില്‍ കുഴിക്കാടന്‍ കുഞ്ഞലവി പ്രത്യക്ഷപ്പെട്ടു.



“കുട്ട്യേ... ഞാന് കത്തറുക്കാ പോണേ... എന്താ അന്‍റെ പ്രസ്‌നം?”


മുങ്ങാന്‍ പോവുന്നവനു കച്ചിത്തുരുമ്പ് കിട്ടിയ പോലെ എന്നൊക്കെ കേട്ടിട്ടുണ്ട്... ഇപ്പോള്‍ അത് ശരിക്കും അനുഭവിച്ചു.



ഞാന്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി അദ്ധേഹത്തെ ധരിപ്പിച്ചു. എല്ലാം വളരെ നല്ല നിലയില്‍ തന്നെ ഞാന്‍ കൈകാര്യം ചെയ്തു കൊള്ളാം എന്ന് കുഞ്ഞലവിക്കാക്ക എനിക്കുറപ്പു തന്നു കൊണ്ട് കത്ത് വാങ്ങി അദ്ദേഹത്തിന്റെ കൈ ബാഗില്‍ വെച്ചു.



==============================================================
ഒരു ചെറിയ ഇടവേള...
ഇതിനിടക്ക്‌ ഞാന്‍ സൌദിയില്‍ എത്തുന്നു... അവിടെ എന്‍റെ കൊച്ചാപ്പയുടെ റൂമില്‍ താമസമാക്കുന്നു...
................
==============================================================



സൌദിയില്‍ വന്നിട്ട് ഇന്നേക്ക് രണ്ടു ദിവസമായി.


കൊച്ചാപ്പ കടയില്‍ പോയതായിരുന്നു. കട മുന്നിലും റൂം അതിന്‍റെ പിന്നിലുമായിട്ടായിരുന്നു ഉണ്ടായിരുന്നത്.



കാലത്ത് മൂന്നരക്ക് എണീക്കണം... ബൂഫിയയിലെക്കുള്ള ജ്യൂസ്‌.. സാമൂലി തുടങ്ങിയ സാധനങ്ങളൊക്കെ സുബ്ഹി ബാങ്ക് കൊടുക്കുന്നതിനു മുമ്പേ റെഡിയാക്കി കടയില്‍ എത്തിക്കണം. അതൊക്കെ കഴിഞ്ഞതിന്‍റെ ക്ഷീണത്തില്‍ ഞാന്‍ ഒരു മയക്കത്തിലായിരുന്നു...



കൊച്ചാപ്പ വന്നു വിളിച്ചപ്പോള്‍ ഞാന്‍ നാട്ടിലാണോ... സൌദിയിലാണോ... പകലാണോ... രാത്രിയാണോ... എന്നൊന്നും അറിയാത്ത ഒരു പ്രത്യേക അവസ്ഥയില്‍ ഞെട്ടിയുണര്‍ന്നു...



“അന്നെ ആരോ ബൂഫീലെ ഫോണില്‍ ബുളിച്ച് ണ്ണ്ട്...” “ബളരെ അര്‍ജണ്ടാ ന്നാ പറഞ്ഞത്”
“ഏതോ ഒരു പെണ്ണാ... ഞാം ഒരു പത്ത്‌ മിനിട്ട് കയിഞ്ഞിട്ട്‌ ബുളിച്ചാം പറഞ്ഞ്ക്ക്ണ്”
എന്നും പറഞ്ഞ് കൊച്ചാപ്പ തിരിച്ചു നടന്നു...
“എബ്ടന്നാ ഓരോ @#$@#$%$! നേരം ബെള്ക്കണ മുംബെന്നെ ബുളിച്ചാന്‍... ബന്നിട്ട് രണ്ടീസം ആയിട്ട് ല്ല” എന്ന് സ്വന്തത്തോട് തന്നെ പറയുന്നതും ഞാന്‍ കേട്ടു.



കൈലി മുണ്ട് വാരി വലിച്ചെടുത്ത് ഞാന്‍ ബൂഫിയയിലെക്കോടി.. ഓടിയ അതിലും വേഗത്തില്‍ തിരിച്ചും റൂമിലേക്ക്‌... കാരണമെന്തെന്നോ...
“അല്ല ജ്ജ് പ്പോ ഇത് അന്‍റെ കുടിയാന്ന് കരുത്യോ? പോയി പാന്‍റ് ഇട്ടു ബാടാ... ആ കുപ്പായോം കൂടി ഇട്ടോണ്ടി ട്ടോ..”



ലജ്ജയോടെയും അതിലേറെ ജാള്യതയോടെയും കൂടി പാന്‍റും ഷര്‍ട്ടും ഇട്ടു ഞാന്‍ കടയില്‍ എത്തി...



പത്തു മിനുറ്റ് എപ്പഴേ കഴിഞ്ഞു... അര മണിക്കൂര്‍ കഴിഞ്ഞിട്ടും ഫോണ്‍ ബെല്ലടിക്കുന്നത് കാണുന്നില്ല. ഓരോ മിനിട്ടും ഓരോ മണിക്കൂര്‍ ആയി എനിക്ക് തോന്നി. കൊച്ചാപ്പയുടെ ഇടക്കിടക്കുള്ള നോട്ടം എന്നെ വീണ്ടും വീണ്ടും ആ വിളിയുടെ ഉറവിടത്തെ പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.



“ആരായിരിക്കും അത്? ഇനി നാട്ടില്‍ നിന്ന് ഏതെങ്കിലും കൂട്ടുകാര്‍ പറ്റിച്ചതാണോ? കാരണം എനിക്ക് വിളിക്കാന്‍ ഒരു പെണ്ണും ഇല്ല എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു...”
“അതോ കൊച്ചാപ്പ തന്നെ എന്നെ പറ്റിച്ചോ? വീട്ടില്‍ നിന്ന് ഉമ്മയോ ഉപ്പയോ ആവാം വിളിച്ചത്.. .എന്നിട്ട് ഒരു പെണ്ണ് വിളിച്ചു എന്ന് പറഞ്ഞോ?... ശ്ശെ, അതാവാന്‍ വഴിയില്ല... കാരണം കൊച്ചാപ്പ അത്തരം ഒരു തമാശക്കാരനല്ല......”


ഇങ്ങിനെ ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഫോണ്‍ ബെല്ലടിച്ചു. ഓടിച്ചെന്നു ഫോണെടുത്തു...



കൊച്ചാപ്പ പറഞ്ഞത്‌ ശരിയാ... ശരിക്കും അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം...

ഞാന്‍ അന്ധാളിച്ചു നിന്ന് പോയി... കൊചാപ്പയുടെ മുഖത്ത് പല ഭാവങ്ങളും മിന്നി മറയുന്നത് ഞാന്‍ കണ്ടു...



“ഞാനാ കുഞ്ഞാമിത്താത്ത... അന്‍റെ കൊച്ചാപ്പാന്റെ കടീത്തെ പോണ് നമ്പറു അന്‍റെമ്മാനോട് ചോയിച്ച് മാങ്ങി... ഇന്നലെ ജ്ജ് അബടെ എത്തീന്ന് കേട്ടപ്പോ തന്നെ ഞാം ബന്ടൂരു പോയി... പോണ്‍ ബുളിച്ച്ണ സ്ഥലല്ലേ... അബടെ പോയി കൊറേ നേരം കുത്തിരുന്നു... ഇന്ന് പിന്നീം പോയി.. ഇപ്പളാ കിട്ടീത്... അങ്ങട്ട് ലയിന് പോണില്ല ന്നു അയാള് പറഞ്ഞു”



എന്താണ് കുഞ്ഞാമിത്താത്തയോട് പറയേണ്ടത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല... ചെവി ചൂടാവുന്നോ?! ഹൃദയം ഉറക്കെ മിടിക്കുന്നോ?!! എന്‍റെ കാലുകള്‍ തളരുന്നോ?!!! കൈ വിറക്കുന്നോ?!!!! കണ്ണിലിരുട്ട് കയറുന്നോ?!!!!!



നിന്ന നില്‍പ്പില്‍ വിയര്‍ക്കുന്ന എന്നെ കണ്ട കൊച്ചാപ്പാക്ക് സംഗതിയില്‍ എന്തോ പന്തികേടുന്ടെന്നു മനസ്സിലായി....



കത്ത് ഇത് വരെ മമ്മീസാക്കാക് കിട്ടിയിട്ടില്ല എന്നുറപ്പ്... ആ കുഞ്ഞലവിക്കാക്ക എന്നെ പറ്റിച്ചു... അയാളോട് ആദ്യം തോന്നിയ വലിയ ബഹുമാനവും സന്തോഷവും ഇപ്പോള്‍ ഒരു വെറുപ്പായി രൂപാന്തരപ്പെട്ടു. പറയാന്‍ പറ്റില്ല... കുറെ ആളുകളുടെ കത്തുകള്‍ ഉണ്ടാവുമല്ലോ... എല്ലാം ഒരു ദിവസം തന്നെ കൊടുത്ത് തീര്‍ക്കുക എന്നാല്‍ അത്ര എളുപ്പമാവില്ല... അത് കൊണ്ടായിരിക്കാം എന്ന് സമാധാനിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അടുത്ത ചിന്ത മനസ്സില്‍ എവിടെ നിന്നോ ഓടി വന്നു...



അഥവാ അയാള്‍ എന്നോട് ‘ഞാന്‍ ഖത്തറിലേക്കാന്നു’ വെറുതെ പറഞ്ഞതാവുമോ...? കത്ത് വാങ്ങിയ അയാള്‍ തിരിച്ച് കുഞ്ഞാമിത്താത്തയെ അന്വേഷിച്ചു ചെന്നോ?.... അയാളെങ്ങാന്‍ കുഞ്ഞാമിത്താത്താക്ക് നേരില്‍ ചെന്ന് മറുപടി എഴുതിക്കൊടുത്തോ? ഒരായിരം ചിന്തകള്‍ ചില സെക്കണ്ടുകള്‍ക്കുള്ളില്‍ എന്‍റെ മനസ്സിലൂടെ കടന്നു പോയി.



“ക്കാക്ക ബുളിച്ചീനീം......”

എന്നെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തിക്കൊണ്ട് വീണ്ടും ഫോണിന്‍റെ അങ്ങേ തലക്കല്‍ കുഞ്ഞാമിത്താത്ത.


അടുത്ത് വരാന്‍ പോകുന്ന ഡയലോഗുഗള്‍ ഞാന്‍ സ്വയം കണ്ടു...

“ജ്ജ് ബല്ലാത്ത പണിയാ കാട്ട്യേത്... അനക്ക് ബെയ്ക്കൂലെങ്കി അതങ്ങട്ട് പറഞ്ഞാ പോരെ. ജ്ജ് ഇന്നെ ഇങ്ങനെ പറ്റിച്ചും ന്ന് ഞാന്‍ ബിജാരിച്ച്ല. കാക്ക ബുളിച്ച്ചപ്പം കത്ത് കിട്ടീലാന്ന് പറഞ്ഞ്... ഞ്ഞെന്താ കാട്ട്വാ?.... ജ്ജെയ് നാളേങ്കിലും ആ കത്ത്‌ കൊടുക്കണം ട്ടോ”



ഡയലോഗുഗള്‍ സ്വയം ഉണ്ടാക്കുമ്പോഴേക്കും കുഞ്ഞാമിത്താത്തയുടെ ശബ്ദം,
“ജ്ജ് ബിമാനം എറങ്ങി നേരെ ക്കാക്കാനെ കാണാം പോയീല്ലേ... എടാ ജ്ജ് ന്‍റെ കുട്ട്യാ... അന്‍റെ പെരേ പോണ മുംബ് ന്‍റെ കത്ത് കൊട്ക്കാന്‍ ജ്ജ് പോയല്ലോ... ക്കാക്കാക്ക് ബല്യ ഇഷ്ട്ടായിട്ടോ... ജ്ജ് ക്കക്കാന്‍റട്ത്ത്ന്ന് കഞ്ഞി ഒക്കെ കുടിച്ചിട്ടാല്ലേ അന്‍റെ പെരേ പോയത്... ക്കാക്ക ഒക്കെ പറഞ്ഞ്....”



“ക്കാക്ക പറയാ... ജ്ജ് ബയസ്സനായിക്ക്ണ്ന്ന്... ക്കാക്കാക്ക് കണ്ണും കാണാതായീന്നാ തോന്ന്ണത്” എന്നും പറഞ്ഞ് കുഞ്ഞാമിത്താത്ത കുലുങ്ങിച്ചിരിക്കുന്നു.


“എല്ലാം വളരെ നല്ല നിലയില്‍ തന്നെ ഞാന്‍ കൈകാര്യം ചെയ്തു കൊള്ളാം” എന്ന് കുഞ്ഞലവിക്കാക്ക പറഞ്ഞതിന്‍റെ പൊരുള്‍ പിന്നെയാണ് എനിക്ക് മനസ്സിലായത്‌

No comments:

Post a Comment