❇️ നിങ്ങള്‍ സൗദിയില്‍ 2000 റിയാല്‍ ശമ്പളത്തിന് 10 വര്‍ഷം ജോലിയെടുക്കുന്നു. പത്തു വര്‍ഷത്തിനു ശേഷം ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് കിട്ടും? ഈ ചോദ്യത്തിന് ശരാശരിക്കാരായ ഭൂരിഭാഗം പ്രവാസികളുടേയും മറുപടി ഒന്നും കിട്ടില്ല, വെറും കയ്യോടെ എന്നൊക്കെയായിരിക്കും. എന്നാല്‍ പത്തു വര്‍ഷത്തിനു ശേഷം തിരിച്ചു പോകുന്ന സമയത്ത് സ്പോണ്‍സര്‍ നല്‍കുന്ന 15,000 റിയാലുമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ അനുഭവങ്ങള്‍ നിങ്ങള്‍ക്ക് അപരിചിതമായിരിക്കും. എന്നാല്‍ ഒരു വിഭാഗം പ്രവാസികള്‍ക്ക് അങ്ങിനെയും സൗദി അറേബ്യയില്‍ നിന്നും തിരിച്ചു പോകുമ്പോള്‍ ലഭിക്കുന്നുണ്ട്.
നിങ്ങളുടെ പ്രതിമാസ ശമ്പളത്തെ അടിസ്ഥാനപ്പെടുത്തി സമാനമായ തുക സൗദിയില്‍ നിന്നും ജോലി അവസാനിപ്പിച്ച് തിരിച്ചു പോകുമ്പോള്‍ ലഭിക്കാന്‍ നിങ്ങള്‍ക്കും അര്‍ഹതയുണ്ട്. നിങ്ങള്‍ക്ക് ഈ തുക നല്‍കണമെന്ന് സൗദി തൊഴില്‍ നിയമത്തില്‍ വ്യക്തമായ നിര്‍ദ്ദേശവും ഉണ്ട്. സേവനാനന്തര ആനുകൂല്യം അഥവാ End of Service Benefit (ESB) എന്ന നിബന്ധന ഉള്‍ക്കൊള്ളുന്ന സൗദി തൊഴില്‍ നിയമത്തിലെ പ്രധാനപ്പെട്ട ഒരു വ്യവസ്ഥ പ്രകാരമാണ് നിങ്ങള്‍ക്കും ഈ തുക ലഭിക്കേണ്ടത്.
എങ്കിലും ഈ തുക നിങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നത് എന്ത് കൊണ്ടാണ്? എത്ര തുകയാണ് നിങ്ങള്‍ക്ക് ലഭിക്കേണ്ടത്, ഈ തുകയില്‍ കുറവ് ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഇതൊക്കെയാണ്, ഈ തുക നിങ്ങള്‍ക്ക് ലഭിക്കാതിരിക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
എന്താണ് ഇ.എസ്.ബി
സൗദി തൊഴില്‍ നിയമത്തിലെ ഏറ്റവും ഉപകാര പ്രദവും തൊഴിലാളി സൗഹാര്‍ദ്ദ പ്രകാരവുമായി തോന്നിയിട്ടുള്ള ഒരു വ്യവസ്ഥയാണ് ഇത്. അതിന്റെ ആശയം വളരെ ലളിതവുമാണ്. ഒരാള്‍ സൗദിയില്‍ തന്റെ കമ്പനിയ്ക്കോ സ്ഥാപനത്തിനോ വേണ്ടി വര്‍ഷങ്ങളോളം തന്റെ സേവനം നല്‍കുന്നു. അതിനു പകരമായി ആ തൊഴിലാളിക്ക് ആ സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞു പോകുന്ന അവസരത്തില്‍ ആ തൊഴിലാളിയുടെ സേവനത്തെ വിലമതിച്ചു കൊണ്ട് തൊഴിലുടമ തൊഴില്‍ നിയമം നിഷ്കര്‍ഷിച്ച പ്രകാരം നല്‍കുന്ന ഒരു ആനുകൂല്യമാണ് ഇ.എസ്.ബി. അതായത് തന്റെ തൊഴില്‍ ജീവിതത്തിലെ ഒരു ഭാഗം കമ്പനിക്ക് വേണ്ടി സമര്‍പ്പിച്ചതിനു പ്രത്യുപകാരമായി സ്ഥാപനം ജീവനക്കാരന് തിരിച്ചു നല്‍കുന്ന ഒരു ആനുകൂല്യം എന്ന് ഇതിനെ വളരെ ലളിതമായി പറയാം.
ആര്‍ക്കൊക്കെ ഇ.എസ്.ബി ലഭിക്കും
സൗദി അറേബ്യയില്‍ ഗാര്‍ഹിക വിസക്കാര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും ഇ.എസ്.ബി ലഭിക്കാന്‍ അര്‍ഹതയുണ്ട്. (ഗാര്‍ഹിക വിസക്കാര്‍ സൗദി തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്തത് കൊണ്ടാണ് അവര്‍ക്ക് ഇ.എസ്.ബി ആനുകൂല്യം ലഭിക്കാത്തത്. അവര്‍ക്ക് പ്രത്യേകമായുള്ള മറ്റു നിയമാവലി നിലവിലുണ്ട്.) ഇ.എസ്.ബി ആനുകൂല്യം ലഭിക്കാന്‍ ശമ്പള പരിധിയില്ല.
നിങ്ങള്‍ എത്ര വര്‍ഷമാണ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്തത്, ഏതു സാഹചര്യത്തിലാണ് നിങ്ങള്‍ തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് തിരിച്ചു പോകുന്നത് എന്നത് മാത്രമേ ഇ.എസ്.ബി ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കുന്നുള്ളൂ. സാധാരണ ജീവനക്കാരന്‍ മുതല്‍ മധ്യതല ജീവനക്കാരനും ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്ന ഹൈ പ്രൊഫൈല്‍ ജീവനക്കാരനും ഒരു പോലെ ഈ നിയമം ബാധകമാണ്.
എന്ത് കൊണ്ടാണ് മലയാളികള്‍ അടക്കമുള്ള ഭൂരിഭാഗം വിദേശികള്‍ക്കും ഇ.എസ്.ബി പോലുള്ള ഒരു ആനുകൂല്യവും ലഭിക്കാത്തത്?
ഇ.എസ്.ബി യെ കുറിച്ച് പറയുമ്പോഴും എഴുതുമ്പോഴും സാധാരണക്കാരായ ഭൂരിഭാഗം പ്രവാസികളും വളരെ നെഗറ്റീവ് ആയാണ് സംസാരിക്കാറുള്ളത് എന്നാണ് അനുഭവത്തില്‍ നിന്നും വ്യക്തമാവുന്നത്. എന്റെ സ്പോണ്‍സറില്‍ നിന്നും ശമ്പളം തന്നെ ശരിയാം വണ്ണം ലഭിക്കുന്നില്ല, ഇ.എസ്.ബി എന്ന് പറഞ്ഞു ചെന്നാല്‍ ഉടനെ ഹുറൂബ് ലഭിക്കും, സൗദി അറേബ്യയില്‍ ഇതൊന്നും നടക്കില്ല എന്നൊക്കെയാണ് പലരും അഭിപ്രായം പ്രകടമാക്കുക.
എന്നാല്‍ ഈ സൗദി അറബ്യയില്‍ നിന്ന് തന്നെയാണ് സേവനം അവസാനിപ്പിച്ച് തിരിച്ചു പോകുമ്പോള്‍ ഇ.എസ്.ബിയും വാങ്ങി ലക്ഷക്കണക്കിന് വിദേശികള്‍ തിരിച്ചു പോകുന്നത്.
തങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുന്നതിനുള്ള പ്രാഥമികമായ കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് ഇവര്‍ ആദ്യമായി മനസ്സിലാക്കണം. ഭൂരിഭാഗം പേരും ഒരു സ്പോണ്‍സര്‍/സ്ഥാപനം/കമ്പനി നേരിട്ട് റിക്രൂട്ട് ചെയ്ത് തൊഴില്‍ വിസയില്‍ സൗദിയിലേക്ക് എത്തുന്നവരല്ല എന്നത് തന്നെയാണ് ഇതിന്റെ ആദ്യ കാരണം.
ഭൂരിഭാഗം പേരും വിസ സംഘടിപ്പിക്കുന്നത് ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ആണ്. ഇവര്‍ സൗദിയില്‍ എത്തിയാല്‍ ജോലി ചെയ്യുന്നത് സ്പോണ്‍സര്‍ക്ക് അങ്ങോട്ട് പണം കൊടുത്ത് ബിസിനസ് ചെയ്യുന്ന സുഹൃത്തുക്കളുടെയു ബന്ധുക്കളുടെയും സ്ഥാപനങ്ങളില്‍ ആയിരിക്കും. കൂടാതെ അങ്ങോട്ട് പണം കൊടുത്ത് എജന്റുമാരില്‍ നിന്നും വിസ സംഘടിപ്പിക്കുന്നവരും ഏറെയുണ്ട്. അവരുടെ സ്പോണ്‍സര്‍ഷിപ്പില്‍ സൗദിയില്‍ എത്തി പുറത്ത് ജോലിയെടുക്കുന്ന ഈ കൂട്ടര്‍ സ്പോണ്‍സര്‍ക്ക് അങ്ങോട്ട് പണം കൊടുക്കേണ്ടി വരും. അത് കൊണ്ട് തന്നെ തൊഴില്‍ നിയമ പ്രകാരമുള്ള യാതൊരു ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല.
ഒരു തൊഴിലാളി തൊഴില്‍ നിയമ പ്രകാരം ഒരു ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്യണമെന്നോ അധികമായി ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്ക് എത്ര തുക അധികമായി ലഭിക്കണമെന്നോ ഇവര്‍ക്ക് അറിയില്ല. വര്‍ഷത്തില്‍ ഒരു തൊഴിലാളിക്ക് എത്ര ദിവസത്തെ വാര്‍ഷിക അവധി നിര്‍ബന്ധമായി നല്‍കണമെന്നോ അങ്ങിനെ നല്‍കിയില്ലെങ്കില്‍ ആ അവധിക്ക് സമാനമായ തുക പണമായി നല്‍കണമെന്നോ തൊഴില്‍ നിയമത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യം ഇവര്‍ക്ക് അറിയില്ല. അറിയുമെങ്കില്‍ തന്നെ അവരുടെ പ്രത്യേക സാഹചര്യം മൂലം ആ ആനുകൂല്യങ്ങള്‍ തനിക്കും ലഭിക്കണമെന്ന് ആവശ്യപ്പെടാന്‍ സാധിക്കാതെ വരുന്നു. അവര്‍ വരുന്നു, ജോലിയെടുക്കുന്നു, പോകുന്നു. മറ്റൊരു ആനുകൂല്യവും ലഭിക്കുന്നില്ല.
ഇ.എസ്.ബി ലഭിക്കാന്‍ തുടക്കം മുതല്‍ തന്നെ എന്ത് ചെയ്യണം
ഇ.എസ്.ബി പോലുള്ള തൊഴില്‍ നിയമത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ വിസ സ്വീകരിക്കുന്ന സമയം മുതല്‍ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. നിയമം അനുസരിക്കുന്ന വ്യക്തികളായ സ്പോണ്‍സര്‍മാര്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയില്‍ ജോലി ലഭിക്കുന്നവര്‍ക്ക് തൊഴില്‍ നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
നല്ല ട്രാക്ക് റെക്കോര്‍ഡുള്ള സ്ഥാപനമോ അല്ലെങ്കില്‍ ധാര്‍മ്മികമായോ നിയമപരമായോ നിലവാരമുള്ള സ്ഥാപനങ്ങളോ കമ്പനികളോ വ്യക്തികളോ ആണെങ്കില്‍ മാത്രമേ ഇത്തരം ആനുകൂല്യങ്ങള്‍ വ്യവസ്ഥാപിതമായി തന്നെ നല്‍കാന്‍ തയ്യാറാവൂ.
ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ഈ അത് ലഭിച്ചില്ലെങ്കില്‍ പരാതിപ്പെടാനുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. (എന്നാല്‍ ചില വ്യക്തികളും അപൂര്‍വ്വമായി ഇ.എസ്.ബി പോലുള്ള ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്ന കാര്യവും ഇവിടെ വിസ്മരിക്കുന്നില്ല. അതെ സമയം നിലവാരമുള്ള ചില സ്ഥാപനങ്ങളും കമ്പനികളും ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതിനായി തൊഴില്‍ നിയമത്തെ വളച്ചൊടിക്കുന്നതും വിസ്മരിക്കുന്നില്ല.).
അതെ സമയം വ്യക്തളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്കും ബാക്കാല, ബൂഫിയ പോലുള്ള അസംഘടിതമായ മേഖകലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇ.എസ്.ബി പോലുള്ള തൊഴില്‍ നിയമപരമായ യാതൊരു ആനുകൂല്യങ്ങളും സാധാരണ ഗതിയില്‍ ലഭിക്കാറില്ല.
എപ്പോഴാണ് ഇ.എസ്.ബി ലഭിക്കുക
തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് പിരിഞ്ഞു പോകുമ്പോഴാണ് ഒരു ജീവനക്കാരന് ഇ.എസ്.ബി ആനുകൂല്യം ലഭിക്കുക. ഒരാളുടെ സര്‍വീസ് കാലാവധിയില്‍ ഒരിക്കല്‍ മാത്രമേ ഈ ആനുകൂല്യം അയാള്‍ക്ക് ലഭിക്കൂ. ഇത്രയും കാലം ആ സ്ഥാപനത്തില്‍ ജോലി ചെയ്തതിന് പകരമായി അയാളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ ആ സ്ഥാപനം നല്‍കുന്ന ഒരു പ്രയ്ത്യുപകാരമാണ് ഈ ആനുകൂല്യം. ഇത് തൊഴിലുടമ ജീവനക്കാരന് നല്‍കുന്ന ഒരു ഔദാര്യമല്ല മറിച്ച് ജീവനക്കാരന് അര്‍ഹതപ്പെട്ട ആനുകൂല്യമാണ് എന്ന് തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇ.എസ്.ബി യെ വിശേഷിപ്പിക്കുന്നത്.
വാര്‍ഷിക അവധി വേതനവും ഇ.എസ്.ബിയും തമ്മിലുള്ള വ്യത്യസം മനസ്സിലാക്കാത്ത ചില പ്രവാസികള്‍
പലപ്പോഴും തൊഴില്‍ നിയമങ്ങളെ സംബന്ധിച്ച പ്രാഥമിക അവബോധം ഇല്ലാത്ത പല പ്രവാസികള്‍ക്കും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒന്നാണ് വാര്‍ഷിക അവധി വേതനവും ഇ.എസ്.ബിയും. പലര്‍ക്കും ഇ.എസ്.ബിയും വാര്‍ഷിക അവധി വേതനവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചു കൃത്യമായ ധാരണയില്ല. പലരും വാര്‍ഷിക അവധിയില്‍ പോകുമ്പോള്‍ അവര്‍ക്ക് ലഭിച്ചിരുന്ന വാര്‍ഷിക അവധി വേതനത്തെ ഇ.എസ്.ബി ആയി തെറ്റിദ്ധരിക്കുന്നു. ഇവ തമ്മിലുള്ള വ്യത്യാസം മനസിലാക്കിയിട്ടുള്ളത് വളരെ കുറച്ച് പ്രവാസികള്‍ മാത്രമാണ്.
സൗദിയില്‍ ജോലി ചെയ്യുന്ന ഏതൊരാള്‍ക്കും വര്‍ഷത്തില്‍ നിശ്ചിത ദിവസം ശമ്പളത്തോട് കൂടിയ അവധി നിര്‍ബന്ധമായും നല്‍കണമെന്ന് തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അഞ്ചു വര്‍ഷത്തില്‍ കുറവ് സര്‍വീസ് ഉള്ളവര്‍ക്ക് വര്‍ഷത്തില്‍ 21 ദിവസവും അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരേ തൊഴിലുടമയുടെ കീഴില്‍ തുടര്‍ച്ചയായ സര്‍വീസ് ഉള്ള തൊഴിലാളികള്‍ക്ക് 30 ദിവസവുമാണ് മുന്‍കൂര്‍ ശമ്പളത്തോടു കൂടി വാര്‍ഷിക അവധി നല്‍കേണ്ടത്.
അവധിയില്‍ പോകുമ്പോള്‍ തന്നെ ഇത് പ്രകാരമുള്ള തുക ജീവനക്കാരന് നല്‍കണം. ഈ തുകയാണ് തൊഴിലാളികള്‍ക്ക് അവധിയില്‍ നാട്ടിലേക്ക് പോകുമ്പോള്‍ തൊഴിലുടമകള്‍ പലപ്പോഴും നല്‍കുന്നത്. ഈ തുക ഇ.എസ്.ബിയായി പലരും തെറ്റിദ്ധരിക്കുന്നു. വര്‍ഷാവര്‍ഷം തൊഴിലുടമ നല്‍കുന്ന ഈ ആനുകൂല്യം കൈപറ്റുന്നത് മൂലം ഫൈനല്‍ എക്സിറ്റില്‍ പോകുമ്പോള്‍ തനിക്ക് മറ്റൊരു ആനുകൂല്യത്തിനും അര്‍ഹതയില്ലെന്നു അവര്‍ കരുതുന്നു.
ഒരു കാര്യം ഓര്‍ക്കുക. ഇ.എസ്.ബി ഒരു സ്ഥാപനത്തില്‍ ഒരാളുടെ സര്‍വീസില്‍ ഒരിക്കല്‍ മാത്രമാണു ലഭിക്കുക. അതേ സമയം മുന്‍കൂര്‍ ശമ്പളത്തോട് കൂടിയ വാര്‍ഷിക അവധി എല്ലാ വര്‍ഷവും നിര്‍ബന്ധമായും ലഭിക്കണം. സൗദി തൊഴില്‍ നിയമ പ്രകാരം ഇ.എസ്.ബി ഒരിക്കലും പല ഭാഗങ്ങളായി നല്‍കാന്‍ പാടില്ല. നാട്ടിലേക്ക് പോകുന്ന അവസരത്തില്‍ ലഭിക്കുന്നത് വാര്‍ഷിക അവധിയുടെ തുക ആണെന്നും തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് ഫൈനല്‍ എക്സിറ്റില്‍ പോകുമ്പോള്‍ ലഭിക്കുന്നതാണ് ഇ.എസ്.ബി എന്നും മനസ്സിലാക്കുക.
എത്ര തുകയാണ് ഇ.എസ്.ബിയായി ലഭിക്കേണ്ടത്?
ഒരു തൊഴിലാളിക്ക് എത്ര തുകയാണ് ഇ.എസ്.ബി യായി നല്‍കേണ്ടത് എന്നത് സംബന്ധിച്ച കൃത്യമായ വ്യവസ്ഥകള്‍ സൗദി തൊഴില്‍ നിയമത്തില്‍ ഉണ്ട്. ഇതില്‍ മാറ്റങ്ങള്‍ വരുത്താല്‍ തൊഴിലുടമക്ക് അധികാരമില്ല.
സൗദി തൊഴില്‍ നിയമ പ്രകാരം തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു പോകുന്ന ഒരു ജീവനക്കാരന്റെ ഒരു സ്ഥാപനത്തിലെ മൊത്തം സര്‍വീസ് കാലാവധിയില്‍ ആദ്യത്തെ അഞ്ചു കൊല്ലത്തിന് ഓരോ വര്‍ഷവും 15 ദിവസത്തെ വേതനം വീതവും പിന്നീടുള്ള ഓരോ കൊല്ലത്തിനും ഒരു മാസത്തെ വീതം വേതനവുമാണ് സര്‍വീസ് ആനുകൂല്യമായി ലഭിക്കാന്‍ അവകാശമുള്ളത്.
തൊഴിലാളി പിരിഞ്ഞു പോകുന്ന സമയത്തെ അവസാന മാസം (LAST MONTH WAGE OR LMW) കൈപറ്റുന്ന അടിസ്ഥാന ശമ്പളമാണ് ഇ.എസ്.ബി യുടെ മാനദണ്ഡം.
അത് പോലെ തന്നെ സര്‍വീസ് കാലവധിയിലെ വര്‍ഷത്തിലെ ഭാഗങ്ങള്‍ക്കും അതിനനുസൃതമായ സര്‍വീസ് ആനുകൂല്യത്തിന് ജീവനക്കാര്‍ക്ക് അവകാശമുണ്ട്. അതായത് ഒരാള്‍ അഞ്ചു വര്‍ഷവും ആറു മാസവും ഒരു തൊഴിലുടമയുടെ കൂടെ ജോലി ചെയ്‌താല്‍ അഞ്ചു വര്‍ഷത്തിനു പുറമേ അവസാനത്തെ ആറു മാസങ്ങള്‍ക്ക് കൂടി ഇ.എസ്.ബി ലഭിക്കാന്‍ ആ ജീവനക്കാരന്‍ അര്‍ഹനാണ്.
എങ്ങിനെയാണ് ഇ.എസ്.ബി കണക്കാക്കുന്നത്?
ഇ.എസ്.ബി കണക്കാക്കുന്നത് വളരെ ലളിതമാണ്. ഉദാഹരണമായി 2000 റിയാല്‍ ശമ്പളമുള്ള ഒരാള്‍ പത്തു വര്‍ഷവും മൂന്നു മാസവും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു എന്ന് കരുതുക. നിയമപരമായി തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കി അയാള്‍ അയാള്‍ പിരിഞ്ഞു പോകുന്ന അവസരത്തില്‍ അയാള്‍ക്ക് ലഭിക്കേണ്ടത് ആദ്യത്തെ അഞ്ചു വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 1000 റിയാല്‍ വീതം ആയിരിക്കണം. അതിനു ശേഷം അഞ്ചു വര്‍ഷത്തേക്ക് ഇ.എസ്.ബി ആയി ഓരോ വര്‍ഷവും 2000 റിയാല്‍ വച്ച് തന്നെ കിട്ടുന്നു. ഇതിന് പുറമേ അവസാനത്തെ മൂന്ന് മാസത്തെ വേതനം കൂടി ലഭിക്കാന്‍ അയാള്‍ക്ക് അര്‍ഹതയുണ്ട്.
ഏതെല്ലാം സാഹചര്യത്തില്‍ ഇ.എസ്.ബിയില്‍ കുറവ് സംഭവിക്കാം?
ഇ.എസ്.ബി നല്‍കുന്നതിനു വ്യക്തമായ മാനദണ്ഡം തൊഴില്‍ നിയമം വ്യക്തമാക്കുന്നുണ്ട് എങ്കിലും തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന രീതി അനുസരിച്ച് ഇ.എസ്.ബിയായി ലഭിക്കുന്ന തുകയിലും മാറ്റങ്ങള്‍ ഉണ്ടാവാം. പ്രൊബേഷന്‍, രാജി വെക്കല്‍, പിരിച്ചു വിടല്‍ എന്നീ സാഹചര്യങ്ങളില്‍ ഇ.എസ്.ബി ആയി ലഭിക്കുന്ന തുകയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവാം.
അതായത് അഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷവും പത്തു വര്‍ഷത്തെ സേവനത്തിനു ശേഷവും സ്വമേധയാ രാജി വെക്കുകയാണെങ്കില്‍ അയാള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ വ്യത്യാസം ഉണ്ടാകും. ഉദാഹരണമായി രണ്ടു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഒരു തൊഴിലാളി രാജി വെക്കുന്നതെങ്കില്‍ അയാള്‍ക്ക് മൂന്നിലൊന്ന് ഇ.എസ്.ബി ആനുകൂല്യത്തിനാണ് അര്‍ഹതയുണ്ടാവുക. അതെ സമയം അഞ്ചു വര്‍ഷത്തെ സര്‍വീസുള്ള തൊഴിലാളിക്ക് മൂന്നില്‍ രണ്ട് ഇ.എസ്.ബി ആനുകൂല്യത്തിന് അവകാശമുണ്ടാകും. എന്നാല്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള തൊഴിലാളി രാജി വെച്ച് സേവനം അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ അയാളുടെ പക്കല്‍ നിന്നും യാതൊന്നും കുറക്കാന്‍ പാടില്ല. അയാള്‍ക്ക് മുഴുവന്‍ തുകയും ഇ.എസ്.ബി യായി തൊഴിലുടമ നല്‍കണം.
ഒരു ജീവനക്കാരന് ഇ.എസ്.ബി ആനുകൂല്യം ലഭിക്കതിരിക്കുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?
മുകളില്‍ പറഞ്ഞ പോലെ തന്നെ ചില സാഹചര്യങ്ങളില്‍ ജീവനക്കാരന്റെ ഇ.എസ്.ബിയില്‍ കുറവ് സംഭവിക്കും എന്നത് പോലെ തന്നെ മറ്റു ചില സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ ഇ.എസ്.ബിയും നഷ്ടമാവുന്ന അവസ്ഥയും ഉണ്ടാവും. പ്രധാനമായും നാലു സാഹചര്യങ്ങളിലാണ് ഒരു തൊഴിലാളിക്ക് ഇ.എസ്.ബി നിഷേധിക്കപ്പെടുക.
രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പായി ഒരു ജീവനക്കാരന്‍ രാജി വെക്കുകയാണെങ്കില്‍ അയാള്‍ക്ക് ഇ.എസ്.ബി നല്‍കണമെന്ന് തൊഴില്‍ നിയമം അനുശാസിക്കുന്നില്ല. കാരണം രണ്ടു വര്‍ഷത്തില്‍ മാത്രം കുറവ് സര്‍വീസുള്ള ഒരു ജീവനക്കാരന് ഇ.എസ്.ബി ലഭിക്കാനുള്ള അര്‍ഹതയില്ല. അത് പോല്‍ ഇതന്നെ പ്രൊബേഷന്‍ കാലവും പ്രധാനമാണ്. ഈ കാലയളവില്‍ തൊഴിലാളിയെ പിരിച്ചു വിടുകയാണെങ്കില്‍ അയാള്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ല. കൂടാതെ നിയമാനുസൃത കാരണമില്ലാതെ തുടര്‍ച്ചയായി പതിനഞ്ചു ദിവസം ജോലിക്ക് തൊഴിലാളി ഹാജരാകാതിരിക്കുന്ന അവസരത്തില്‍ അയാളെ പിരിച്ചു വിടാനുള്ള അവകാശം തൊഴിലുടമകള്‍ക്ക് തൊഴില്‍ നിയമം നല്‍കുന്നു.
ഈ സാഹചര്യത്തില്‍ അയാള്‍ക്ക് ഇ.എസ്.ബി നല്‍കേണ്ട ആവശ്യമില്ല. ഇതിന് പുറമേ നിയമാനുസൃത കാരണമില്ലാതെ ഒരു വര്‍ഷത്തിനിടെ പലതവണയായി തൊഴില്‍ നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിത എണ്ണം ദിവസങ്ങളില്‍ ജോലിയില്‍ ഹാജരാകാതിരിക്കുന്ന അവസരത്തിലും ആ ജീവനക്കാരന് ഇ.എസ്.ബി നിഷേധിക്കാം.
എന്നാല്‍ തൊഴിലാളിക്ക് മുന്‍കൂട്ടി കാണാനാവാത്ത സാഹചര്യത്തില്‍ അയാളുടെ നിയന്ത്രണത്തില്‍ അല്ലാത്ത ഏതെങ്കിലും കാരണവശാല്‍ അയാള്‍ക്ക് സര്‍വീസ് അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ (Force Majure) മുഴുവന്‍ ഇ.എസ്.ബി ആനുകൂല്യവും അയാള്‍ക്ക് നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു.
എത്ര ദിവസത്തിനുള്ളില്‍ ഇ.എസ്.ബി ആനുകൂല്യം കൊടുത്ത് തീര്‍ക്കണം?
ജീവനക്കാരന്റെ സര്‍വീസ് അവസാനിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ കരാര്‍ അവസാനിക്കുന്ന തിയ്യതി മുതല്‍ പരമാവധി ഒരാഴ്ചക്കുള്ളില്‍ തൊഴിലുടമ ജീവനക്കാരന്റെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൊടുത്തു തീര്‍ക്കണം എന്നാണു തൊഴില്‍ നിയമം അനുശാസിക്കുന്നത്. ജീവനക്കാരനാണ് സേവനം അവസാനിപ്പിക്കതെങ്കില്‍ തൊഴിലുടമ രണ്ടാഴ്ചക്കുള്ളില്‍ ആനുകൂല്യങ്ങള്‍ കൊടുത്ത് തീര്‍ക്കണം. എന്നാല്‍ തൊഴിലുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ബാധ്യതകള്‍ ഉണ്ടെങ്കില്‍ ഇതില്‍ നിന്ന് ഈടാക്കാന്‍ തൊഴിലുടമക്ക് തൊഴില്‍ നിയമം പ്രകാരം അര്‍ഹതയുണ്ട്.
ഇ.എസ്.ബി ആനുകൂല്യം നല്‍കാന്‍ തൊഴിലുടമ വിസമ്മതിച്ചാല്‍ എന്താണ് പരിഹാരം എന്നാണ് പ്രവാസികള്‍ സാധാരണയായി ചോദിക്കാറുണ്ട്. അതിന് സൗദി തൊഴില്‍ നിയമം നല്‍കുന്ന പൊതുവായ ഒരു ഉത്തരമേയുള്ളൂ. അധികാര കേന്ദ്രങ്ങളില്‍ പരാതി നല്‍കുക. പ്രാഥമിക ലേബര്‍ ഓഫീസുകളിലും ലേബര്‍ കോടതികളിലും പരാതി നല്‍കിയാല്‍ പരിഹാരം ലഭിക്കും. പലപ്പോഴും പ്രാഥമിക ലേബര്‍ ഓഫീസുകളുടെ അനുരഞ്ജന ശ്രമങ്ങളില്‍ തന്നെ പരിഹാരം ഉണ്ടാകുന്നതായി കണ്ടു വരാറുണ്ട്.
എന്നാല്‍ പല പ്രവാസികളും പല കാരണങ്ങള്‍ കൊണ്ട് ഇതിന് തുനിയാറില്ല. സൗദി അറേബ്യ പോലൊരു സ്ഥലത്ത് നിയമ നടപടികളുമായി മുന്നോട്ടു പോകാനുള്ള അസൗകര്യങ്ങള്‍ ആണ് ഇവരെ പിറകോട്ടു വലിക്കുന്നത്. അതില്‍ അവരെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ബഹുഭൂരിഭാഗം പേരും ഓരോ മാസവും ലഭിക്കുന്ന ശമ്പളം കൊണ്ടും കടം വാങ്ങിയും മാറ്റും നാട്ടിലേക്ക് പണം അയക്കുന്നവരാണ്. അവരുടെ പ്രതിമാസ സംഖ്യ കാത്തിരിക്കുന്ന കുടുംബങ്ങള്‍ നാട്ടിലുണ്ട്. അത് കൊണ്ട് തന്നെ ഒരു സ്പോണ്‍സറോ സ്ഥാപനമോ തനിക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ അവര്‍ അത് ലഭിക്കാനുള്ള വഴികള്‍ തിരഞ്ഞെടുക്കാതെ നിസംഗരായി മുന്നോട്ടു പോകുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നത്. മറ്റൊരു പിന്തുണയും ഇല്ലാതെ തനിക്ക് ഒറ്റക്ക് ഇതൊന്നും സാധിക്കില്ലെന്ന ചിന്തയും ഇവരെ പിറകൊട്ട് വലിക്കുന്നു.
വന്‍തുക ഇ.എസ്.ബി യായി കൊടുക്കേണ്ടി വരുന്ന സാഹചര്യത്തില്‍ അത് ഒഴിവാക്കാനായി തൊഴിലാളിയെ ഹുറൂബാക്കിയ സംഭവങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ അത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ പല പ്രവാസികളും നിയമ നടപടികള്‍ക്ക് മുതിരാതെ ഒഴിവാകുന്നു.
മറ്റു ചിലര്‍ക്ക് മനപ്പൂര്‍വ്വങ്ങളായ അബദ്ധങ്ങള്‍ സംഭവിക്കുന്നുണ്ട്. പ്രത്യേകിച്ചു ഇപ്പോഴത്തെ പ്രതിസന്ധി സാഹചര്യത്തില്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോകുന്നവരില്‍ ചിലരോട് ഇ.എസ്.ബിയും വാര്‍ഷിക അവധി വേതനവും ശമ്പള ബാക്കിയും നാട്ടിലേക്ക് അയച്ചു തരാം എന്ന വാഗ്ദാനമാണ് ചില കമ്പനികള്‍ നല്‍കുന്നത്. എന്നാല്‍ ഇത് വിശ്വസിച്ച് നാട്ടിലേക്ക് പോകുന്ന ബഹുഭൂരിഭാഗം പേര്‍ക്കും ഈ ആനുകൂല്യങ്ങള്‍ പിന്നീട് ലഭിക്കാതെ പോകുകയാണ് ചെയ്യുന്നത്.
നാട്ടില്‍ നിന്ന് കൊണ്ട് നിയമ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ല എന്നത് കൊണ്ടും ഒരു വര്‍ഷത്തിനുള്ളില്‍ നിയമ പരമായ നടപടികള്‍ സ്വീകരിക്കണം എന്നുള്ളത് കൊണ്ടും എംബസ്സിക്ക് പവര്‍ ഓഫ് അറ്റോണി നല്‍കി നിയമപരമായ നടപടികള്‍ തുടങ്ങാനും തുടരാനുമുള്ള സാങ്കേതിക പ്രശ്നങ്ങളും മൂലം അവര്‍ ആ പണം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും അവസാനിപ്പിക്കുകയാണ് ചെയ്യാറുള്ളത്.
അതിനാല്‍ ഒരു കാര്യത്തില്‍ പ്രവാസികള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇ.എസ്.ബി അടക്കമുള്ള ഏതൊരു ആനുകൂല്യവും നിലവില്‍ ലഭിച്ചില്ലെങ്കില്‍ അത് പിന്നീട് നല്‍കുമെന്ന് വാഗ്ദാനം വിശ്വസിച്ച് ഒരു രേഖയിലും ആനുകൂല്യം കൈപറ്റിയെന്ന് കാണിച്ച് ഒപ്പിട്ടു കൊടുക്കരുത്. കാരണം ആനുകൂല്യങ്ങള്‍ കിട്ടിയെന്നു അത്തരത്തില്‍ ഒപ്പിട്ടു കൊടുത്തവര്‍ക്ക് പിന്നീട് ആ ആനുകൂല്യങ്ങള്‍ കിട്ടാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.