കുട്ടിമാമാ ഞാന്‍ ഞെട്ടി
മാമാ (വീണ്ടും...)
അങ്ങിനെ ആ സംഭവബഹുലമായ
വഹബ യാത്രയും കഴിഞ്ഞ്.
നല്ല നല്ല കുറച്ച്
ട്രോളന്‍മാരെ കണ്ടെത്താനും വാര്‍ത്തെടുക്കാനും കഴിഞ്ഞു എന്നതും കൂടി ഈ യാത്രയുടെ ലസാഗുവായി
കാണാം.
എന്തായാലും ഞാന്‍ ഞെട്ടിയ
കഥ വിവരിക്കാം.
ഇപ്രാവശ്യവും ബസ് ഏല്‍പ്പിക്കല്‍
എന്നെ ഏല്‍പ്പിച്ചപ്പോഴേ ഞാന്‍ ഞെട്ടാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. കാരണം, കഴിഞ്ഞ
പ്രാവശ്യം വൈകി വന്ന ബസ് ഇപ്പോഴും മനസ്സില്‍ ഉടക്കി നില്‍ക്കുന്നുണ്ടായിരുന്നു.
എന്തായാലും ബസ് ഏല്‍പ്പിച്ചു.
ഡീസല്‍ പെട്രോള്‍ ഒക്കെ വില കൂടിയതിനാല്‍, മുവ്വായിരത്തില്‍ ഒരു റിയാല്‍ കുറയാന്‍
പറ്റില്ല എന്ന് ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു. അവസാനം മുവ്വായിരത്തില്‍ ഓക്കേ
എന്ന് പറഞ്ഞപ്പോള്‍, ആദ്യമേ അവന്‍ ഏറ്റിരുന്ന മദീന ട്രിപ്പ് ഒഴിവാക്കി നമ്മളുടെ
കൂടെ വരാം എന്നായി. പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോയി.
വഹബ ക്രേറ്ററിനെ
പറ്റിയുള്ള പൊലിപ്പിച്ച പൊളപ്പന്‍ വര്‍ണനയും ട്രെക്കിംഗ് നടത്താനുള്ള ആവേശവും
കൊണ്ട് ഗ്രൂപ്പില്‍ പിന്നെ ഒരു തള്ളിക്കേറ്റമായിരുന്നു. മൂന്ന് ബസ് വേണ്ടി വരുമോ
എന്ന് തോന്നിയ നിമിഷങ്ങള്‍...!
ഒരു ബസ്സില്‍ നില്‍ക്കില്ല
എന്ന് തോന്നിയ സമയത്ത് രണ്ടാമത്തേത് ഏല്‍പ്പിച്ചപ്പോള്‍ ബര്‍മാവി ഒന്നൂടെ ഉഷാറായി.
അവന്‍റെ അനുജന്‍റെ വണ്ടിയും മദീന ട്രിപ്പ് ക്യാന്‍സലാക്കിപ്പിച്ച ശേഷം നമുക്ക്
വേണ്ടി ബുക്ക് ചെയ്തു. അങ്ങിനെയാണ് താഴെ മേലെ പറഞ്ഞ് രണ്ട് ബസ്സും കൂടി അയ്യായിരത്തില്‍
മൂന്ന് വട്ടം ഉറപ്പിച്ചത്.
ഓരോ സീറ്റിനും രണ്ടായിരം
രൂവ ചാര്‍ജ് എന്ന് പറഞ്ഞപ്പോ പൊക്കിയ കൈകള്‍ പലതും താണ്. രണ്ടാം ബസ് ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍
ഞാന്‍ വീണ്ടും ഞെട്ടി. കാരണം അത്രമാത്രം പറഞ്ഞ ശേഷമാണ് രണ്ടാം ബസ് കിട്ടിയത്
തന്നെ. ഇനി അത് ഒന്ന്‍ മതി എന്ന് പറയാന്‍ എന്ത് ഉപായം പറയും എന്നായിരുന്നു മുഴുവന്‍
ചിന്ത. എങ്ങാനും ബിരിയാണി കൊടുത്താലോ എന്ന് പറഞ്ഞ പോലെ, എങ്ങാനും രണ്ട് ബസിനുള്ള
ആള്‍ ഉണ്ടായാലോ എന്ന പ്രതീക്ഷയിലായിരുന്നു. ഒരാഴ്ച ക്യാന്‍സല്‍ ചെയ്യാതെ
കാത്തിരുന്നു. മിറാക്കിള്‍സ് ഒന്നും സംഭവിച്ചില്ല.
അതോണ്ട് വിളിച്ച് ക്യാന്‍സല്‍ ചെയ്യിപ്പിച്ചു. പക്ഷെ, “സാധാരണ ഞങ്ങള്‍ ഉര്‍ബൂന്‍ വാങ്ങിയേ ബുക്കിംഗ്
എടുക്കാറുള്ളൂ എന്നും, നീയായതോണ്ട് വാക്കിന്‍റെ ബലത്തില്‍ ബുക്കിംഗ്
എടുത്തതാണെന്നും, ക്യാന്‍സല്‍ ആക്കിയാല്‍ ആ അഡ്വാന്‍സ് തിരിച്ചു കൊടുക്കാറില്ല;
മറിച്ച്, അടുത്ത ട്രിപ്പിലേക്ക് കൂട്ടാറാണ് പതിവ്” എന്നും പറഞ്ഞ്
കുറേ കത്തിയടിച്ചു. അതല്ലെങ്കില്‍, പഴയ 3000
റിയാല്‍ വേണം എന്നതില്‍ അവന്‍ ഉറച്ച് നിന്നു.
അങ്ങിനെയെങ്കില്‍ അങ്ങിനെ എന്നും പറഞ്ഞ് അതുറപ്പിച്ചു. വാഴ ചീഞ്ഞത് ചെടിക്ക്
വളമായി എന്ന് പറഞ്ഞപോലെ, ഡ്രൈവര്‍ കേട് വന്നത് നമുക്ക് 500 കുറയ്ക്കാനുള്ള വളമായി. 2500 മാത്രേ തരൂ എന്ന് ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞ്. കൂടാതെ, ഡ്രൈവര്‍ക്ക്
സന്തോഷത്തിന് കൊടുക്കാറുള്ള നൂറോ
ഇരുന്നൂറോ അതും ലാഭമായി. J രണ്ടാം ബസ്സ് ക്യാന്‍സല്‍ ചെയ്യാന്‍ പെട്ട
പാട്, ഭൂതം വരാന്‍ യാസീന്‍ ഓതി, ഇപ്പോ പോകാന്‍ ഖത്തം മുഴുവന്‍ ഓതേണ്ട ഗതികേടായി
എന്ന് പറഞ്ഞ പോലായിരുന്നു. അടുത്ത് തന്നെ രണ്ട് യാമ്പു, പിന്നെ ഒരു മഗ്ന ട്രിപ്പ്
ഒക്കെ ഉണ്ടാവും എന്ന് പറഞ്ഞ് ഒരു പരുവത്തില്‍ സമാധാനിപ്പിച്ച ശേഷമാണ് അവന്‍
അടങ്ങിയത്.
നമ്മുടെ യാത്രയുടെ ഏകദേശം
ഒരാഴ്ച മുമ്പാണ് അവന്‍ എന്നെ വിളിക്കുന്നത്. എന്തോ പന്തികേട് ഉണ്ടെന്ന് ഉറപ്പ്. സാധാരണ
മറ്റു ട്രിപ്പുകള്‍ക്കുള്ള പോലെ, വാടക നേരത്തെ കൊടുക്കണം എന്നായിരിക്കും എന്ന്
കരുതിയാണ് ആദ്യം ഞെട്ടിയത്. എന്നാല്‍ അതിലും വലിയ ഞെട്ടലാണ് പിന്നെ ഉണ്ടായത്. ജീസാനിലേക്ക്
പോവുകയായിരുന്ന ബസില്‍ പോലീസ് ചെക്ക് ചെയ്തപ്പോള്‍, ഇക്കാമ ഇല്ലാത്ത ഒരാള്‍ ഉണ്ടായിരുന്നു.
ബസ്സ് പോലീസ് പിടിച്ചു എന്നും ഉടനെ തന്നെ വിടുമായിരിക്കും എന്നറിയിക്കാനാണ്
വിളിച്ചത്.
‘ബസ് ഇല്ല മക്കളേ’ എന്ന്
ഗ്രൂപ്പില്‍ പറഞ്ഞാല്‍ മണ്ടയ്ക്ക് ഇടി വരും എന്നോര്‍ത്ത് മിണ്ടിയില്ല. ഇന്ന് പുറത്തിറങ്ങും
നാളെ പുറത്തിറങ്ങും എന്നും പ്രതീക്ഷിച്ച് കാത്ത് കാത്തിരുന്നു. എന്നും ഗുളിക
കഴിക്കുമ്പോലെ രാവിലെയും ഉച്ചയ്ക്കും വൈകീട്ടും അവനെ വിളിക്കും. നമുക്ക് പോകേണ്ട
രണ്ട് ദിവസം മുമ്പ് ഞാനവന് വിളിച്ചപ്പോള്‍ തലേ ദിവസം രാത്രി മൂന്ന് മണിക്കാണ്
പോലീസ് സ്റ്റേഷനില്‍ നിന്നും തിരിച്ചു വന്നത് എന്നും ബസ്സ് ഇതുവരെ വിട്ടു കിട്ടിയില്ല
എന്നും അറിഞ്ഞ് ശരിക്കും ഞെട്ടി. എന്നാല്‍ നീ ഭയപ്പെടേണ്ട.. നല്ല വേറൊരു ബസ്
അറേഞ്ച് ചെയ്യാം എന്ന് വാക്ക് തന്നപ്പോഴാണ് സമാധാനമായത്. ഡ്രൈവറുടെ നമ്പര്‍
അയച്ചു തരാന്‍ പറഞ്ഞു. അത് കിട്ടിയപ്പോഴല്ലേ മനസ്സിലായത്, അവരുടെ ബര്‍മ്മക്കൂട്ടത്തില്‍
ഏറ്റവും അന്തംകമ്മിയുടെ നമ്പറായിരുന്നു അത്. ഉടനെ അവന് വിളിച്ച് “ഇവനാണ് ഡ്രൈവര്‍ എങ്കില്‍ ഞങ്ങള്‍ യാത്ര തന്നെ
ക്യാന്‍സലാക്കുകയാ” എന്ന് പറഞ്ഞപ്പോള്‍, അവനെ മാറ്റി വേറെ നല്ല ഒരു സിറിയക്കാരനെ
തരാം എന്ന് പറഞ്ഞു. (അവന്‍ ഏല്‍പ്പിച്ച സിറിയക്കാരന് പെട്ടെന്ന് വേറെ ഒരു അര്‍ജന്‍റ്
ഓട്ടമുണ്ടായതിനാല്‍ അദ്ദേഹം ഏല്‍പ്പിച്ച വേറെ ഒരാളാണ് നമ്മള്‍ക് വന്നത് എന്നത്
നമ്മുടെ ഭാഗ്യവും ഭാഗ്യദോഷവും ആയി...)
പോകുന്നതിന്‍റെ തലേ ദിവസം
എനിക്ക് നേരത്തെ ഉറങ്ങണം, അതിരാവിലെ നാല് മണിക്ക് എഴുന്നേല്‍ക്കണം എന്നൊക്കെ
ഫാര്യയോട് പറഞ്ഞ് ശട്ടം കെട്ടിയിരുന്നു. കാരണം, ബാക്കപ്പ് ട്രോളിയ പോലെ, എല്ലാ
യാത്രയിലും ഞാനായിരിക്കും തട്ടാന്‍റെ പെട്ടി. അതിപ്രാവശ്യം ഉണ്ടാവരുത് എന്ന്
മനസാവാചാകര്‍മ്മണാ ഉറപ്പിച്ചിരുന്നു. എന്നാല്‍ മുയല്‍ ചാടിയപ്പോ നായക്ക് ഒന്നിന്
മുട്ടി എന്ന് പറയുംപോലെ തലേന്ന് രാത്രി മോന്‍റെ ട്യൂഷന്‍ കഴിയാന്‍ വളരെ വൈകി.
വീട്ടില്‍ എത്തുന്നത് തന്നെ പതിനൊന്നേ പന്ത്രണ്ടിന്.
അതി രാവിലെ എഴുന്നേറ്റ്
വണ്ടീടെ കീ തപ്പാന്‍ വരെ നില്‍ക്കാന്‍ നേരമുണ്ടാവില്ല എന്ന് കരുതി, കീ ജീപ്പില്‍
തന്നെ വെച്ചാണ് ബെഡ്റൂമില്‍ എത്തിയത്. എന്നിട്ട് നാളേക്കുള്ള To Take With ലിസ്റ്റ്
എടുത്ത് നോക്കുമ്പോ വീണ്ടും ഞെട്ടി. അതില്‍ എഴുതിയ “2 ചായ ഉണ്ടാക്കാനുള്ള കെറ്റില്
by Saifu” എന്നെഴുതിയത് എന്നെ
നോക്കി കൊഞ്ഞനം കുത്തുന്നു. അതില്ലാതെയെങ്ങാന്‍ പോയാല്‍ പിന്നെ ചായ കുടിക്കാന്‍
വേണ്ടി മാത്രം വഹബയില്‍ വന്ന പോലെയാവും ആളുകളുടെ സംസാരം എന്നതിനാല്‍ ഉടനെ വണ്ടിയുമെടുത്ത്
തിരിച്ചു. വീടിന്‍റെ തൊട്ടടുത്ത് രണ്ട് മിനിറ്റ് ഡ്രൈവ് ചെയ്യാനുള്ള അടുത്ത്
തന്നെയാണ് കട. അവിടെ ചെന്നപ്പോള്‍ അടഞ്ഞു കിടക്കുന്ന കട കണ്ട് വീണ്ടും ഞെട്ടി.
അവസാനം അതിന്‍റെ ബോര്‍ഡില്‍ കണ്ട നമ്പറില്‍ വിളിച്ച് നോക്കാന്‍ നോക്കുമ്പോ
മൊബൈലില്‍ ബാലന്‍സില്ലാ എന്ന് കണ്ട് വീണ്ടും ഞെ....... തൊട്ടടുത്ത് തന്നെയുള്ള
ബഗാലയില്‍ നിന്ന് മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍
നോക്കുമ്പോ കീശയില്‍ കാശ് നഹി എന്ന് കണ്ട് വീണ്ടും ഞെ.... ഉടനെ അടുത്ത എടിഎം
ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു. സാധാരണ പോലെത്തന്നെ എന്‍സിബിയുടെ എടിഎം ഔട്ട് ഓഫ്
ഓര്‍ഡര്‍. വീണ്ടും ഞെ.... ദൈവ കൃപയാല്‍ കുറച്ചപ്പുറത്തുള്ള അല്‍രാജിഹിയില്‍ നിന്ന്
കാശെടുത്ത് കാര്‍ഡ് വാങ്ങി റിചാര്‍ജ് ചെയ്ത് അവനെ വിളിച്ചു. പത്ത് പതിനൊന്ന്
പ്രാവശ്യം വിളിച്ചിട്ടും എടുക്കുന്നില്ല എന്ന് കണ്ടപ്പോള്‍ വീണ്ടും ഞെ.....
അങ്ങിനെ ആധിയും വ്യാധിയുമായി വീട്ടിലേക്ക് തിരിച്ചു. ജീപ്പ് ഗാരേജില്‍ കയറ്റിയ ഉടനെ
അവന്‍റെ കാള്‍... മിസ്രി ആയതിനാല്‍ ഉറക്കം ശല്യപ്പെടുത്തിയതിന്‍റെ എല്ലാ @$^&$@#
ഉം കേട്ടു. അവരുടെ കട ശരിക്കും 11 മണിക്ക് അടക്കും എങ്കിലും ഇന്ന് നേരത്തെ
അടച്ചതാണ്. കാരണം ഒന്ന് കസ്റ്റമര്‍ കുറവ്, രണ്ട്, കാലത്ത് നാല് മണിക്ക് ഒരു ടീമിന്
സാധനങ്ങള്‍ എത്തിക്കാനുണ്ട്. അതിനാല്‍ നേരത്തെ ഉറങ്ങിയതാണ്. ഏതായാലും ഉറക്കം ഉണര്‍ന്നു.
നീ വന്ന്‍ ചായകെറ്റില് കൊണ്ട്പൊയ്ക്കോ എന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത്.
അങ്ങിനെ കെറ്റില് കൊണ്ട്
വന്ന് ഉറങ്ങാന്‍ കിടന്നു. ‘ഞാനിതാ നിങ്ങള്‍ പറഞ്ഞ സ്ഥലത്ത് എത്തിയിരിക്കുന്നു.
നിങ്ങള്‍ എവിടെ’ എന്നും ചോദിച്ച് ഒരു
മൂന്നര സമയത്ത് പുതിയ ഡ്രൈവറുടെ കാള്‍ കേട്ട് വീണ്ടും ഞെട്ടി. ഇതെന്ത് പറ്റി എന്ന്
എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. (പിന്നെയാണ് ബര്‍മാവി ആ കഥ പറഞ്ഞത്, നമ്മള്‍
ആറു മണിക്ക് പറഞ്ഞ്. ബര്‍മാവി വൈകേണ്ട എന്ന് കരുതി നാലിന് പറഞ്ഞ്. ഡ്രൈവര്‍
വൈകരുതല്ലോ എന്ന് കരുതി മൂന്നരക്ക് തന്നെ എത്തി)
ഇനി ഉറങ്ങിയാല്‍ ചിലപ്പോ
എഴുന്നേല്‍ക്കല്‍ സ്വാഹയാവും എന്ന് കരുതി പിന്നെ ഉറങ്ങിയില്ല. നേരെ പ്രഭാത കര്‍മ്മങ്ങളും
കുളിയും കഴിഞ്ഞ് പാര്‍ക്കിലെത്തിയപ്പോള്‍ ശരിക്കും പേര് പോലെത്തന്നെ സൈലന്റായ പാര്‍ക്കിനെ
കണ്ടു.
പക്ഷെ, അവിടെ മൂന്ന് ബസ്
വരിവരിയായി നിര്‍ത്തിയത് കണ്ട് ഞാന്‍ വീണ്ടും ഞെ..... പറഞ്ഞതില്‍ വല്ല തെറ്റോ, കേട്ടതില്‍ വല്ല
തെറ്റോ ഉണ്ടായിരിക്കുമോ എന്ന് സംശയിച്ചു വാട്സ്ആപ്പും കാള്‍ റെക്കോര്‍ഡറും എല്ലാം
പരതി. അതിലൊക്കെ ഒരു ബസ് മാത്രേ ഏല്‍പ്പിച്ചിട്ടുള്ളൂ എന്ന് കണ്ട് സമാധാനമായി.
ആറരയ്ക്ക് ഇനിയും
സമയമുണ്ടല്ലോ എന്നതിനാല്‍ ഒന്ന് വണ്ടിയില്‍ തല ചായ്ക്കാം എന്ന് കരുതി. അങ്ങിനെ കിടയ്ക്കുമ്പോള്‍
ആറു മണിക്ക് വീണ്ടും ഡ്രൈവറുടെ ഫോണ്‍. ഇപ്രാവശ്യം &^%^$#@ ശക്തി ഒന്നൂടെ
കൂടിയിട്ടുണ്ടായിരുന്നു. കാരണം, പാവം രാത്രി തീരെ ഉറങ്ങാതെ അതിരാവിലെ ‘നാല്
മണിക്കുള്ള’ ട്രിപ്പിന് മക്കയില്‍ നിന്ന് വന്നതല്ലേ!
അങ്ങിനെ
ഇരിക്കുമ്പോഴുണ്ട് സമീറും സുഫിയാനും അമീനും മാര്‍വാനും വരുന്നു. പിന്നെയങ്ങോട്ട്
ഓരോരുത്തരായി എത്താന്‍ തുടങ്ങി. എന്തായാലും ആദ്യം വന്നയാള്‍ക്ക് ഉള്ള സമ്മാനം
ഡ്രൈവര്‍ക്കും പിന്നെ എനിക്കും തരണം.
അബൂസിയാദിന്‍റെ (ഡ്രൈവര്‍)
വെടിക്കെട്ടുകളുടെ പ്രവാഹ കഥകള്‍ സമീറിന്‍റെ ബ്ലോഗില്‍ വായിച്ചതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.
സമീറിനോട് വെറും വയറ്റില്‍
ചൂടാവുന്നത് കണ്ടപ്പോ വീണ്ടും ഞാന്‍ ഞെട്ടി. കാരണം അയാളുടെ ഒറിജിനല്‍ സ്വഭാവാമായിരുന്നു
അതെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. വഹബ എന്ന ഒരു ടാര്‍ജെറ്റ് അല്ല എങ്കില്‍,
സമീറിനോട് ചൂടായ ആ നിമിഷം തന്നേ അവനെ മടക്കി അയച്ചിരുന്നു. കാരണം വെറും വയറ്റില്‍
രാത്രി തന്നെ എനിക്ക് അത്രമാത്രം കിട്ടിയതാണ്. പത്തന്‍പത് ആളുകളോട് മറുപടി പറയേണ്ടതല്ലേ
എന്നതിനാല്‍ മാത്രം ക്ഷമിച്ച്.
സമയം വൈകിയാല്‍ എന്‍റെ 120 പോകും എന്ന
പേടിയില്‍ ഞാന്‍ മുമ്പേ എത്തിയ പോലെത്തന്നെ എല്ലാവരും സമയക്ലിപ്തതയ്ക്ക് നൂറ് മാര്‍ക്ക്
കൊടുത്ത് സഹായിച്ചു. എല്ലാം പ്ലാന്‍ ചെയ്ത പോലെ നടക്കട്ടെ, ഇനി ഞെട്ടാന്‍ അവസരം
ലഭിക്കാതിരിക്കട്ടെ എന്നും ധ്യാനിച്ച്, എന്‍റെ സീറ്റും അടുത്ത സീറ്റും കോറിഡോര്‍
പകുതിയും എടുത്ത് ഇരിക്കുന്ന അച്ചായനെ സുഖിയ്ക്കാന്‍ വിട്ട് ഞാന്‍ മുന്നില്‍ കണ്ട
ക്ലീനറുടെ സീറ്റില്‍ വെയില്‍ കൊള്ളാന്‍ പാകത്തില്‍ ഇരിപ്പുറപ്പിച്ചു.
തലേന്ന് തന്നെ ഓരോ
അഡ്മിന്‍മാരും ഓരോ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരുന്നത് അവര്‍ ഭംഗിയായി നിര്‍വഹിച്ചതിന്
അവര്‍ക്ക് വലിയൊരു നന്രി. ഗിഫ്റ്റുകള്‍ എല്ലാം നേരത്തെ തന്നെ വാങ്ങി പാക്ക് ചെയ്ത്
റെഡിയാക്കി ഷാജുവും, - പ്ലേറ്റ്, ഗ്ലാസ്, ടിഷ്യൂ, ഫസ്റ്റ് എയിഡ് തുടങ്ങി മറ്റെല്ലാ
ലൊട്ടുലൊടുക്ക് സാധനങ്ങളുമായി സുഫിയാനും, അടിപൊളി ബിരിയാണിയും, നെയ്യപ്പവും,
ചപ്പാത്തിയും, കറിയും കാറ് നിറച്ച് കൊണ്ടുവന്ന ജൈജിച്ചായനും, വെള്ളം ഏറ്റെടുത്ത
ബാക്കപ്പും ഗിജേഷും അവരവരുടെ ഭാഗം വളരെ ഭംഗിയായി നിര്‍വഹിച്ചതിനാല്‍ മാത്രമാണ് ഒരു
കാര്യത്തിനും ഒരു കുറവും ഉണ്ടാവാതെ ഈ യാത്ര ഇത്രയും ശുഭമായി പര്യവസാനിപ്പിക്കാന്‍
കഴിഞ്ഞത്.
ഡ്രൈവര്‍ ബസ് എടുത്തതോടെ
ഹച്ചൂസ് ഗെയിംസിന്‍റെ കെട്ടെടുത്തു, എന്നേയും ഡ്രൈവറേയും കൂട്ടാതെ, ബസ്സിലുള്ള 46 പേരെയും കയ്യിലെടുത്ത് അമ്മാനമാടി, ഗെയിമുകളും
അന്താക്ഷരിയും ഒക്കെയായി സഞ്ചാരികളെ ബോറടിപ്പിച്ചു കൊണ്ട് ഹച്ചൂസും ജൈജിയും,
ജാസിയും, സുഫിയാനും വെള്ളം പോലും കുടിക്കാതെ മറ്റുള്ളവരെ വെള്ളം കുടിപ്പിച്ച് കൊണ്ടേയിരുന്നു.
ബസ് മക്കാ റോഡിലൂടെ കുതിച്ച് പായുകയാണ്.
അപ്പോഴാണ് ആ അത്ഭുതം! അര്‍ക്കന്‍ ഉറക്കമുണര്‍ന്ന്‍ വരുന്നൂ എന്ന് ആരോ പറഞ്ഞത് കേട്ട പലരും കിഴക്കോട്ട് നോക്കണോ പടിഞ്ഞാറോട്ട്
നോക്കണോ എന്ന് ശങ്കിച്ച് നില്‍ക്കുമ്പോ ആരോ പറയുന്നത് കേട്ടു. “ഇവിടെ കിഴക്കോട്ട്
അല്ലേ നമസ്കാരം. അപ്പോ സൂര്യന്‍ പടിഞ്ഞാറ് ആയിരിക്കും ഉദയം” എന്ന്. അത് കേട്ട്
ഞാന്‍ വീണ്ടും ഞെ.... (സൗദിയില്‍ വന്ന ശേഷം ആദ്യായിട്ട് സൂര്യോദയം കാണുന്നവരായിരുന്നു
പലരും എന്ന് തോന്നിപ്പോയി)
ഒരു മണിക്കൂര്‍ യാത്ര
ചെയ്തതോടെ ആളുകള്‍ക്ക് ഉള്‍വിളി തുടങ്ങി. അടുത്ത് തന്നെ കണ്ട ഒരു നല്ല സ്ഥലത്ത് ബസ്
നിര്‍ത്തി. ചപ്പാത്തിയും കറിയും എല്ലാവരും വയറ് നിറയെ കഴിച്ചു. ചായയില്ലേ എന്ന്
ആരൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. എരിവുള്ള
കറിയാണെന്ന് കേട്ട പാവം ഡ്രൈവര്‍, ഒന്ന്‍ വായില്‍ വെക്കാന്‍ കൂടെ ഭയന്ന്‍ ശുക്രന്‍
പറഞ്ഞ് സീറ്റില്‍ തന്നെ പോയി ഇരുന്നു. എല്ലാവരും ഇറങ്ങിയ ശേഷം ഞാന്‍ വെറുതെ ഒന്ന്
ബസ്സിലൂടെ നടന്നു. വെള്ളക്കുപ്പികള്‍, ടിഷ്യൂ, മിട്ടായി കവറുകള്‍ എല്ലാം കൊണ്ട്
നിറഞ്ഞിരിക്കുന്നു. യാത്രയുടെ 10% കഴിയുന്നതിന് മുമ്പ് തന്നെ ഈ അവസ്ഥയെങ്കില്‍
യാത്ര അവസാനിക്കുമ്പോള്‍ എന്തായിരിക്കും അവസ്ഥ എന്നോര്‍ത്ത് വീണ്ടും ഞെട്ടി. എല്ലാം
ഒരു കീസിലാക്കി അടുത്ത വേസ്റ്റ് ബാസ്കറ്റില്‍ നിക്ഷേപിച്ചു.
ഗൂഗിളിന്‍റെ തര്‍ജുമ
ചെയ്യാനുള്ള കഴിവ് കണ്ട് അമ്പരന്ന സഞ്ചാരി വ്യൂഹത്തെ കണ്ടാണ് അടുത്ത ഞെട്ടല്‍
ഉണ്ടായത്. വഴിയില്‍ ഒരു പള്ളിക്കടുത്ത് നിര്‍ത്തി പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍
പോയ ആളുകള്‍ ബാത്ത് റൂം കാണാതെ തിരികെ വന്നപ്പോള്‍ ഞാനും ഒന്ന് പോയി നോക്കിയതാണ്.
അപ്പോഴല്ലേ ആ ബോര്‍ഡ് കണ്ടത്. അറബിയില്‍
دورة مياه رجال
എന്നതിന് തര്‍ജുമയായി Men
WC എന്നെഴുതേണ്ടതിന് പകരം ആരോ ഗൂഗിളില്‍ നോക്കി
ട്രാന്‍സ്ലേറ്റ് ചെയ്ത് Men Water Cycle എന്ന് എഴുതിയിരിക്കുന്നു.
ജമൂം റൂട്ടില്‍ പോകണോ,
മക്ക റൂട്ടില്‍ പോകണോ എന്ന് ആദ്യമേ ഒരു സംശയം ഉണ്ടായിരുന്നു. പോകുമ്പോള്‍ മക്കാ
റൂട്ടിലും തിരിച്ച് വരുമ്പോ ജമൂം റൂട്ടിലും ആയാല്‍ കാഴ്ചകള്‍ മാറി മാറി കാണാമല്ലോ
എന്ന് ഏതോ ഒരു സഞ്ചാരി പറഞ്ഞെങ്കിലും, അമുസ്‌ലിം സഹോദരങ്ങള്‍ കൂടെ ഉള്ളതിനാല്‍ ഒരു
നാല്‍പ്പത് കിലോമീറ്റര്‍ അധികം ഓടണമെങ്കിലും ജമൂമിലൂടെ പോകാം എന്ന് ഡ്രൈവറോട്
പറഞ്ഞത് അവന് ഇഷ്ടപ്പെട്ടില്ല. അങ്ങിനെ മനസില്ലാ മനസോടെ അവന്‍ ജമൂം റൂട്ടിലേക്ക്
തിരിച്ചു. എന്നാല്‍ കുറേ അങ്ങ് എത്തിയ ശേഷം, ഇനി എനിക്ക് വഴിയറിയാം എന്നും പറഞ്ഞ്
അവന്‍ ഓട്ടാന്‍ തുടങ്ങിയത് കണ്ട് ഞാന്‍ വീണ്ടും ഞെട്ടി. നാവിഗേറ്റര്‍ ഒന്നും
നോക്കാതെ കുറേ ഓടിയ ശേഷം, ഈ പോക്ക് പോയാല്‍ നേരെ താഇഫില്‍ എത്തും എന്നതിനാല്‍
പോകേണ്ട സ്ഥലം മേപില്‍ കൃത്യമായി കാണിച്ചു കൊടുത്ത് അവനെ മനസ്സിലാക്കിയപ്പോഴേക്കും
ഒരു അമ്പതിലധികം കിലോമീറ്റര്‍ എക്സ്ട്രാ ഓടിയിരുന്നു.
ഒന്നാം ചെക്ക്പോസ്റ്റ്
കണ്ടപ്പോള്‍ ചെറിയ ഞെട്ടല്‍ ഉണ്ടായിരുന്നു. എന്നാല്‍ ശരിക്കും ഞെട്ടിയത്, അവിടെ
നിന്നും കുറേ പോയ ശേഷം, രണ്ട് പോലീസുകാര്‍ ബസ് നിര്‍ത്തിച്ച ശേഷം ഉള്ളില്‍
കയറിയപ്പോഴാണ്. അതുവരെ ഒരു മിനിറ്റ് പോലും ഇരിക്കാതെ ഗെയിമുകളില്‍ മാത്രം ശ്രദ്ധ
കേന്ദ്രീകരിച്ച ഹചൂസിനെപ്പോലെ പലര്‍ക്കും ഇരിക്കാന്‍ ഒരു ചെറിയ ഇടവേള കൊടുത്ത പോലെ.
ഹിന്ദികളാണ് എന്ന് പറഞ്ഞപ്പോള്‍ തണുത്ത പോലീസുകാരന്‍ ഷറഫിയ്യയില്‍ നിന്ന്
വരുന്നവരാണ് എന്ന് പറഞ്ഞപ്പോള്‍ “ശരഫിയ്യ മാഫീ ക്വൈസ്” എന്ന് പറഞ്ഞതോടെ ഞെട്ടലിനപ്പുറം
ഒന്നിന് പോകേണ്ടി വരുമോ എന്ന ശങ്കയിലെത്തി. നീയാണല്ലേ ഇവരുടെ നേതാവ് എന്ന് എന്‍റെ
നേരെ നോക്കി ചോദിച്ചതോടെ രാവിലെ തിന്ന ഒന്നര ചപ്പാത്തി ആവിയായിപ്പോയി. എല്ലാവരുടെ
അടുത്തും ഇക്കാമ ഉള്ളതിനാലും, മിശിശ് ബാക്കപ്പ് സമയോചിതമായി ഇടപെട്ടതിനാലും കഷ്ടിച്ച്
രക്ഷപ്പെട്ടു എന്ന്‍ പറഞ്ഞാല്‍ മതിയല്ലോ.
മരുഭൂമിയുടെ മാസ്മരിക
സൗന്ദര്യം ആവോളം ആസ്വദിക്കുമാര്‍ കിലോമീറ്ററുകളോളം ഒഴിഞ്ഞ മണല്‍പ്പരപ്പുകളും,
അങ്ങ് ദൂരെ മരുപ്പച്ച കണ്ടില്ലെങ്കിലും മരീചിക കണ്ടും, പല തരത്തിലുള്ള കുന്നുകളും
മലകളും കല്ലുകളും, ഇടയ്ക്കിടെ ചെറിയ കൃഷിസ്ഥലങ്ങളും ആസ്വദിച്ച് യാത്ര തുടരുകയാണ്. ഷാജു
അവന്‍റെ പ്രഥമ വ്ലോഗിനുള്ള തയ്യാറെടുപ്പില്‍ എല്ലാ രംഗങ്ങളും
ഒപ്പിയെടുത്ത്കൊണ്ടേയിരിക്കുകയാണ്. ജാസിയാവട്ടെ ഗോപ്രോ ബസിന്‍റെ ചില്ലില്‍ തന്നെ
ഒട്ടിച്ചു വെച്ച് യാത്ര മുഴുവന്‍ ആവാഹിക്കാനുള്ള പുറപ്പാടിലും. ചിലര്‍, ഇതൊന്നും
നമുക്കുള്ളതല്ല എന്ന രൂപത്തില്‍ ചെറിയ കൂര്‍ക്കം വലിയില്‍ വ്യാപൃതരാണ്.
എന്‍റെ കണക്ക്
കൂട്ടലനുസരിച്ചു ആറരക്ക് പുറപ്പെട്ടാല്‍ നിംറാന്‍ എന്ന സ്ഥലത്ത് എത്തുമ്പോള്‍
ഏകദേശം പത്തര-പതിനൊന്ന് ആവും. ഗൂഗിളില്‍ നോക്കുമ്പോള്‍ അവിടെയാണ് കുറച്ച് വീടുകളും
കടകളും ഒക്കെ ഉള്ളത്. അവിടെ എന്തായാലും ഒരു ജുമുഅ പള്ളി ഉണ്ടാവും എന്ന ഉറച്ച
വിശ്വാസത്തിലാണ് യാത്ര. പ്ലാന്‍ ചെയ്ത സമയത്ത് തന്നെ അവിടെ എത്തിയാല്‍,
വേണമെങ്കില്‍ ഭക്ഷണം നമസ്കാരത്തിന് മുമ്പ് തന്നെ കഴിച്ച് ജുമുഅ നമസ്കരിച്ച ശേഷം
നേരെ ക്രേറ്ററില്‍ ഇറങ്ങാം എന്നായിരുന്നു നിഗമനം. രോഗി ഇച്ഛിക്കുന്നതും വൈദ്യന്‍ കല്‍പ്പിക്കുന്നതും
പാലാവാന്‍ കുറച്ച് ബുദ്ധിമുട്ടല്ലേ... അധിക ദൂരം ഓടിയ ദേഷ്യത്തില്‍ ഇരുന്നിരുന്ന
ഡ്രൈവര്‍ക്ക് ആരോ പള്ളിയെ പറ്റി പറഞ്ഞത് കേട്ട് കൂടുതല്‍ കലി കേറിയപ്പോള്‍,
നിങ്ങളുടെ ഒലക്കമ്മേലെ പള്ളി ഇന്ന് ഞാന്‍ ശരിയാക്കിത്തരാം എന്ന രൂപത്തില്‍, നൂറിലും
നൂറ്റിപ്പത്തിലും പോയിരുന്ന ബസ്സ് പിന്നെ എഴുപത്, എഴുപത്തഞ്ച് സ്പീഡിലാക്കിയത്
കണ്ട് ഞാന്‍ വീണ്ടും ഞെട്ടി. ഇങ്ങിനെ പോയാല്‍ നിംറാന് മുമ്പ് തന്നെ ഏതെങ്കിലും
പള്ളിയില്‍ കേറിയില്ലെങ്കില്‍ സംഗതി കുളമാകുമെന്ന് ഉറപ്പായി. എന്നാല്‍ വഴിനീളെ
പള്ളികള്‍ കണ്ടെങ്കിലും ജുമുഅ ഉള്ള ഒന്ന് പോലും കണ്ടില്ല. അവസാനം നിമ്രാന്‍ എത്തിയാ
എത്തി എന്ന രൂപത്തില്‍ മിണ്ടാണ്ടിരുന്നു. അവിടെ എത്തിയപ്പോഴേക്കും നമസ്കാരം ഒന്നാം
റക്അത്ത് കഴിയുന്നു. പലരും ഇതിന് മുമ്പ് മൂത്രം ഒഴിക്കാന്‍ നിര്‍ത്തിയ സ്ഥലത്ത്
നിന്ന് വുദു എടുത്തതിനാല്‍ നേരെ പള്ളിയില്‍ പോയി നമസ്കരിച്ചു. ചിലര്‍ ബംഗാളി
തണുപ്പത്ത് കുളിച്ച പോലെ വുദു ഉണ്ടാക്കി നമസ്കാരത്തില്‍ ചേര്‍ന്ന്. ചിലര്‍ ബാത്ത്റൂമില്‍
ക്യൂ നിന്ന ശേഷം തിരിച്ചു ബസ്സില്‍ കയറി. അങ്ങിനെയങ്ങിനെ ആ സംഭവ ബഹുലമായ ജുമുഅ നമസ്കാരവും
കഴിഞ്ഞ് നേരെ വഹബ ക്രേറ്ററിലേക്ക്.
ക്രേറ്ററിന്‍റെ
അടുത്തെത്തിയപ്പോള്‍ വീണ്ടും ഞെട്ടിയ പോലായി. മേപ്പില്‍ നോക്കി ഒന്നൂടെ ഉറപ്പ്
വരുത്തി. ഇത് ഞാന്‍ ആദ്യം വന്ന സ്ഥലമല്ലേ എന്നൊരു സംശ്യം ഇല്ലാതില്ലായിരുന്നു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിശാലമായ സ്ഥലം, ക്രേറ്ററിന് ചുറ്റും കന്‍മതില്‍,
റസ്റ്റ് റൂം, തുടങ്ങി പല സൗകര്യങ്ങളും സൗദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നു. പെട്രോഡോളറിന്‍റെ
ശക്തി കുറഞ്ഞ് കുറഞ്ഞ് വരുന്ന സമയത്ത് പിടിച്ച് നില്‍ക്കാന്‍ ടൂറിസത്തിലേക്ക്
തിരിയുന്നതിന്‍റെ എല്ലാ അടയാളങ്ങളും അവിടെ കാണാമായിരുന്നു.
വീട്ടില്‍ ഉണ്ടാക്കിയ
ഭക്ഷണമായതിന്‍റെ രുചി കൊണ്ടായിരിക്കും എന്ന് തോന്നുന്നു. എല്ലാവരുടെയും പോളിംഗ്
വളരെ മെച്ചപ്പെട്ടതായിരുന്നു. ഭക്ഷണം വിതരണം ചെയ്യാന്‍ അഡ്മിന്‍മാര്‍ മാതമല്ല;
മറ്റു പലരും ആവേശത്തോടെ രംഗത്ത് വന്നത് ഈ യാത്ര എല്ലാവരുടെയും സ്വന്തം യാത്രയായി
കണ്ടതിനാല്‍ മാത്രമാണ് എന്നത് ശ്ലാഘനീയമാണ്.
ഭക്ഷണമൊക്കെ അത്യാവശ്യം
അകത്തായപ്പോ ഇനി ഉറങ്ങണോ ഇറങ്ങണോ എന്ന സംശയത്തിലായി പലരും. ഏതായാലും വന്നതല്ലേ,
ഇറങ്ങാം എന്ന് തീരുമാനിച്ചു. അപ്പോഴുണ്ട് ജൈജി പറയുന്നു, “ഇതിലെയല്ല, ഇവിടെ നിന്ന്
ഒന്നര കിലോമീറ്റര്‍ ഇടത്തോട്ട് പോയാല്‍ മാത്രേ ഇറങ്ങാന്‍ കഴിയുന്ന സ്ഥലം എത്തൂ”.
മനസ്സില്‍ ഒരു ചെറിയ മനക്കണക്ക് കൂട്ടി. ഒന്നര കിലോമീറ്റര്‍ നടക്കാന്‍ 20 മിനിറ്റ് പ്ലസ് 45 മിനിറ്റ് ഇറങ്ങാന്‍ പ്ലസ് ഒരു മണിക്കൂര്‍
വിശ്രമം പ്ലസ് ഒന്നര മണിക്കൂര്‍
കയറാന്‍ പ്ലസ് 20 മിനിറ്റ് ബസിലേക്ക്. ആകെ നാല്
മണിക്കൂറോളം വരും. 6:11 ന് സൂര്യന്‍ അസ്തമിക്കുന്ന
ഇന്ന് രണ്ട് മണിക്കെങ്കിലും ഇറങ്ങിയാലേ സാവധാനത്തില്‍ ഇറങ്ങി - കയറി സൂര്യന്‍ അസ്തമിക്കുന്നതിന്
മുമ്പ് ബസിനടുത്തെത്താന്‍ കഴിയൂ എന്നതിനാല്‍ പെട്ടെന്ന് തന്നെ ഇറക്കം തുടങ്ങാന്‍ ശട്ടം
കെട്ടി.
തണുപ്പുള്ള കാലാവസ്ഥയായതിനാല്‍
ഫുള്‍ കൈ ഷര്‍ട്ടും തൊപ്പിയും, വെയിലും പൊടിയും ഏല്‍ക്കാതിരിക്കാന്‍ കണ്ണടയും,
കല്ല് കൊണ്ട് കാല്‍ മുറിയരുത് എന്ന് കരുതി നല്ല ഒരു ഷൂവും എടുത്തിരുന്നു. കൂടാതെ,
പലരുടെയും ബ്ലോഗുകളില്‍ വായിച്ചതിനാല്‍ ഇങ്ങോട്ട് കയറുമ്പോള്‍ കുടിക്കാം എന്ന
രൂപത്തില്‍, അങ്ങോട്ട് പോകുമ്പോള്‍ വെള്ള ബോട്ടിലുകള്‍ അവിടവിടെ വെക്കാം എന്ന
തീരുമാനത്തില്‍ 32 ബോട്ടിലുകള്‍ ഒരു ബാഗില്‍ നിറച്ചായിരുന്നു
യാത്ര തുടങ്ങിയത്. ഇറങ്ങുന്ന സമയത്ത് അവിടവിടെ വെച്ചെങ്കിലും കയറുന്ന സമയത്ത് ഒരു
കുപ്പി വെള്ളം പോലും കിട്ടിയില്ല എന്ന് മാത്രമല്ല; വഴിയില്‍ കിടന്ന ഒഴിഞ്ഞ
ബോട്ടിലുകള്‍ കൊണ്ട് എന്‍റെ ബാഗ് നിറയുകയും ചെയ്തു.
ഇറങ്ങാനുള്ള സ്ഥലം
എത്തിയപ്പോള്‍ അവിടെ കുറേ സായിപ്പന്‍മാരും മദാമ്മമാരും എന്തൊക്കെയോ
തപ്പിത്തിരയുന്നു. വല്ല സ്വര്‍ണ്ണമോ ഡയമണ്ടോ മറ്റോ
കളഞ്ഞു പോയതാവും, സഹായിക്കാം എന്ന് കരുതി അടുത്ത് ചെന്നപ്പോള്‍ എല്ലാവരും എന്തോ
കല്ല് പെറുക്കുകയാണ്. പച്ച കളറില്‍ ഗ്ലാസ് പോലുള്ള ഒരു കല്ലാണ് പെറുക്കുന്നത്.
ഹചൂസിന് ഇംഗ്ലീഷ് അറിയുന്നത് കൊണ്ട് അവരുമായി ഒരു ചെറിയ ഇന്‍റര്‍വ്യൂ ഒക്കെ
നടത്തി. പക്ഷെ, അവര്‍ എന്തിനാണ് ആ കല്ലുകള്‍ കൊണ്ടുപോയത് എന്ന് ചോദിച്ചപ്പോള്‍ ബ്ബ ബ്ബ ബ്ബ
നമ്മുടെ കൂട്ടത്തില്‍ ആദ്യം
എത്തുന്നത് ഞാനായിരിക്കണം എന്ന ഒരു ദുരാഗ്രഹം മനസ്സില്‍ കരുതി കൂടെ
ഉണ്ടായിരുന്നവരെയൊക്കെ പിന്നിലാക്കി ഓടിയാണ് ഞാന്‍ ഇറങ്ങിയത്. എന്നാല്‍ ഒരു 75% കഴിഞ്ഞപ്പോള്‍ ഹിറാ ഗുഹയില്‍ കയറിയിറങ്ങിയ അതേ
അനുഭവം ഉണ്ടായി. നില്‍ക്കാന്‍ കരുതിയാല്‍ വീഴുമോ എന്ന അവസ്ഥയില്‍ കാല്‍ മുട്ടുകള്‍
കിടുകിടാ വിറയ്ക്കുന്നു. പിന്നെ ഗത്യന്തരമില്ലാതെ അവസാനം വരെ ഓടിത്തന്നെ പൂര്‍ത്തിയാക്കി.
എന്നാല്‍ അവിടെ എത്തിയപ്പോഴുണ്ട്, എന്നെ ഞെട്ടിച്ച് കൊണ്ട്, അദ്നുവും കൂട്ടരും
നേരത്തെ എത്തി ക്ഷീണം മാറ്റാന്‍ ഇരിയ്ക്കുന്നു.
820 അടി താഴ്ചയും രണ്ട് രണ്ടര
കിലോമീറ്റര്‍ വ്യാസവുമുള്ള ഒരു കുഴിയാണ് ഇത്. സോഡിയം ഫോസ്ഫേറ്റ് നിറഞ്ഞ പ്രതലമാണ് താഴെ.
ഗൂഗിളില്‍ Wa'abah
Crater (مقلع طمية) എന്ന് സേര്‍ച്ച് ചെയ്‌താല്‍ അതിന്‍റെ
ചരിത്രവും ഫോട്ടോസും വീഡിയോസും റൂട്ടും അടക്കം എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്.
മുകളില്‍ നിന്നും
നോക്കുമ്പോള്‍ ഓംലെറ്റ് അടിച്ചപോലെ സുന്ദരിയായ ആ അഗ്നിപര്‍വ്വത മുഖം ഇപ്പോള്‍
കാലിനടിയില്‍ ആയിരിക്കുന്നു. മരീചിക പോലെ അകന്നകന്ന് പോകുന്ന പ്രതീതിയായിരുന്നു
ഇറങ്ങിയപ്പോള്‍. മുകളില്‍ നിന്ന് നോക്കുമ്പോള്‍ അടുത്ത് എന്ന് തോന്നുന്ന അടിഭാഗത്ത്
എത്താന്‍ കരുതിയതിലുമധികം സമയമെടുത്തു. താഴെ എത്തി ഒന്ന് ക്ഷീണം മാറ്റാന്‍ ഇരുന്ന
ശേഷം ഞാനും ജാഫര്‍ ഭായിയും മര്‍വാനും നിഷാബും കൂടെ ക്രേറ്ററിന്‍റെ അങ്ങേ തലയ്ക്കല്‍
കണ്ട പുല്ലില്‍ ഒന്ന് പോയി ഇരിയ്ക്കാം എന്ന് കരുതി നടന്നു. എത്ര നടന്നിട്ടും
അങ്ങോട്ട് എത്തുന്നില്ല. അവസാനം എത്തിയപ്പോഴല്ലേ ഞെട്ടിയത്. അത്
പുല്ലായിരുന്നില്ല; രണ്ടാള്‍ പൊക്കത്തിലുള്ള വലിയ ചെടികളായിരുന്നു. അവിടെ നിന്ന്
ഈന്തപ്പനകള്‍ നിറഞ്ഞ ഒരു ഭാഗത്ത് കൂടെ കയറാം എന്ന് മര്‍വാന്‍ പറഞ്ഞു ഒരു വൃഥാശ്രമം
നടത്തി. അടിയില്‍ നിന്നും നോക്കിയാല്‍ ഏത് ഭാഗത്ത് കൂടെയും കയറാം എന്ന രൂപത്തില്‍
ചെറിയ വഴികളായാണ് തോന്നുകയെങ്കിലും അടുത്ത് ചെന്ന് നോക്കിയാല്‍ അവയൊക്കെ ചെങ്കുത്തായ
വളരെ ഉയരമുള്ള പാറകളാണ് എന്ന് മനസ്സിലാവും. അതിനാല്‍ ആ ശ്രമം ഉപേക്ഷിച്ച് ഞങ്ങള്‍
മറ്റു സഞ്ചാരികളുടെ അടുത്തെത്തി.
താഴെ എത്തിയപ്പോള്‍ സ്നോര്‍ക്കിലിങ്ങിനു
പോയ ഒരു അനുഭൂതിയായിരുന്നു ശരിക്കും പറഞ്ഞാല്‍. ടിവിയില്‍ കടലിനടിയില്‍ ഉള്ള
രംഗങ്ങള്‍ പലപ്പോഴും കണ്ടിരുന്നെങ്കിലും സ്നോര്‍ക്കലിംഗ് നടത്തുമ്പോഴുള്ള ആ
അനുഭൂതി ഒരു വീഡിയോ കണ്ടാലും കിട്ടില്ല എന്ന് പറഞ്ഞ പോലെ, വഹബയുടെ ഒരുപാട്
ഫോട്ടോകളും വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഒരു പ്രാവശ്യം ഇറങ്ങിയവര്‍ക്ക്
മാത്രമേ അതിന്‍റെ യഥാര്‍ത്ഥ അനുഭൂതി അനുഭവിക്കാന്‍ കഴിയൂ. ഇതുവരെ ഇറങ്ങാത്തവര്‍
ഉണ്ടെങ്കില്‍ ഒരിക്കലെങ്കിലും അതില്‍ ഇറങ്ങി ആ അനുഭൂതി സ്വായത്തമാക്കണം എന്ന്
അപേക്ഷിക്കുകയാണ്.
ഞങ്ങള്‍ തിരിച്ച്
മറ്റുള്ളവരുടെ അടുത്തെത്തിയപ്പോള്‍ അവിടെ ചാട്ട മത്സരം, ഡാന്‍സ്, മദാമ്മ നോട്ടം തുടങ്ങിയ
കലാപരിപാടികള്‍ നടക്കുകയാണ്. അവസാനം
ജനഗണമന പാടിയ ശേഷം എല്ലാവരും തിരിച്ചു കയറ്റം ആരംഭിച്ചു. ഇതില്‍ എടുത്ത് പറയേണ്ട
ഒരു കാര്യം, കൂടെ വന്ന ലേഡീസിന്‍റെ ബുദ്ധിയാണ്. തടി ഇളകും എന്ന് പേടിച്ച് ഒരാള്‍
പോലും ഇറങ്ങാതെ എല്ലാവരും മുകളില്‍ മുഴുവന്‍ വെയിലും കൊണ്ട് ഇരുന്ന് സമയം കളഞ്ഞു.
തിരിച്ച് കയറിയപ്പോള്‍
ഏറ്റവും അവസാനം ഞങ്ങള്‍ ചില വയസ്സന്മാര്‍ മാത്രമായി. കൂടെ ഒരു ബലത്തിന് അമീനും
ഉണ്ടായിരുന്നു. അത് ക്ഷീണം കൊണ്ട് ആയിരുന്നു എന്ന് നിങ്ങള്‍ കരുതേണ്ട. ആ
മാദാമ്മമാരെ നമ്മുടെ ടീമിലെ ആരും ശല്യം ചെയ്യുന്നില്ല എന്ന് ഉറപ്പിക്കാനായിരുന്നു.
സോറി, അങ്ങിനെയല്ല... ആ സായിപ്പന്മാര്‍ നമ്മുടെ ടീമിലെ ആരെയും സുയിപ്പാക്കുന്നില്ല
എന്ന് ഉറപ്പിക്കാനായിരുന്നു.
തിരിച്ച് ബസ്സിനടുത്ത്
എത്തിയപ്പോഴേക്കും സൂര്യന്‍ അസ്തമിക്കാന്‍ അടുത്തിരുന്നു. ഇപ്പോള്‍ ഇവിടെ നിന്ന്
പുറപ്പെട്ടാല്‍ ഒരു പത്തരക്ക് ജിദ്ദയില്‍ എത്താം എന്നും അടുത്ത ഹോട്ടലിലോ മറ്റോ
പോയി ഭക്ഷണവും കഴിച്ച് നാളെ സുഖമായി ജോലിയുള്ളവര്‍ക്ക് ജോലിക്ക് പോവാനും
അല്ലാത്തവര്‍ക്ക് മസില്‍ വേദനയുമായി ഉറങ്ങാനും സാധിക്കും എന്നതിനാല്‍ ഉടനെ
പുറപ്പെടാം എന്ന് കരുതി ബസ്സിനടുത്ത് എത്തിയപ്പോഴതാ ഒരു ടീം ബാക്കിയുള്ള ബിരിയാണി
തട്ടിക്കൊണ്ടിരിക്കുന്നു... വേറെ ചിലര്‍,
ആദ്യമായി കാണുന്ന പോലെ, നെയ്യപ്പം തീറ്റയില്‍ മുഴുകിയിരിക്കുന്നു. മറ്റൊരു ടീം ബിരിയാണി
തിന്ന ക്ഷീണം മാറ്റാന്‍ ചായയുണ്ടാക്കാന്‍ തീ കത്തിക്കുന്നത് കണ്ടാണ് ഞാന്‍
വീണ്ടും ഞെട്ടിയത്. കാരണം, നെയ്യപ്പം തിന്ന്
കഴിയുകയും ചെയ്തു, ഇനി ചായ ഉണ്ടാക്കുകയാണെങ്കില്‍ അര മണിക്കൂര്‍ വെള്ളം ചൂടാകാനും
കാല്‍ മണിക്കൂര്‍ കുടിക്കാനും പിന്നെ എല്ലാവരെയും കൂട്ടി ബസ്സില്‍ കേറ്റി പുറപ്പെടണമെങ്കില്‍
എന്തായാലും ഒരു മണിക്കൂര്‍ വേണ്ടി വരും എന്നും അങ്ങിനെയായാല്‍ നേരത്തെ കരുതിയ
പത്തര മാറി പതിനൊന്നരയാവുകയും ആളുകള്‍ക്ക് ഭക്ഷണം കഴിക്കാനും ഉറങ്ങാനും സമയം
വീണ്ടും വൈകും എന്നതിനാലും ചായ പ്രോഗ്രാം ക്യാന്‍സല്‍ ചെയ്യിപ്പിച്ച് ഒരു ഗ്രൂപ്പ്
ഫോട്ടോയും എടുത്ത് തിരിച്ച് ബസ്സിലേക്ക്.
തിരിച്ച് ജിദ്ദയിലേക്ക്
ഏതു റൂട്ടിലൂടെയൊക്കെ പോകാം, എത്ര കിലോമീറ്റര്‍ ഉണ്ടാവും എന്നതൊക്കെ ശരിക്ക്
ഡ്രൈവര്‍ക്ക് ആദ്യമേ പറഞ്ഞ് കൊടുത്തിരുന്നു. ജമൂം റൂട്ട് ആയാല്‍ ആളുകള്‍ കുറവും
റോഡ് ഒറ്റ റോഡും ആയതിനാല്‍ താഇഫിനോട് അടുത്തുള്ള റൂട്ടില്‍ പോകാം എന്ന് ഡ്രൈവറോട്
പറഞ്ഞപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ദേഷ്യമൊക്കെ ഒന്നായി പുറത്ത് ചാടി. എനിക്കറിയാം
റൂട്ട്... എന്നെ ആരും പഠിപ്പിക്കേണ്ട എന്ന് പറഞ്ഞതോടെ ഞാന്‍ മെല്ലെ സ്കൂട്ടായി
ഏറ്റവും പിറകിലെ സീറ്റില്‍ പോയി നല്ല ഒരുറക്കം പാസാക്കി. (അതിന് ശേഷം ഷാജുവും
ജാസിയുമൊക്കെയായിരുന്നു റൂട്ട് നിശ്ചയിച്ചിരുന്നത് എന്ന് പിന്നീടറിഞ്ഞു). ഏകദേശം
താഇഫ് എത്തിയ ശേഷം സൈല്‍ അല്‍ കബീര്‍ റോഡിലേക്ക് തിരിഞ്ഞാണ് ഡ്രൈവര്‍ പോയത്
എന്നതിനാല്‍ ഏകദേശം 120 കിലോമീറ്റര്‍
വീണും എക്സ്ട്രാ ഓടിയതിനാല്‍ പന്ത്രണ്ട് മണിയും കഴിഞ്ഞാണ് ജിദ്ദയില്‍ എത്താന്‍
കഴിഞ്ഞത്.
തിരിച്ചു വരുന്ന വഴിയില്‍
വെച്ച് തന്നെ ചിലവുകള്‍ കണക്ക് കൂട്ടി ഓരോരുത്തര്‍ക്കും ബാക്കി വന്ന തുക തിരിച്ചു
നല്‍കി. വെറും 84 റിയാല്‍ മാത്രമാണ് ഓരോരുത്തര്‍ക്കും ചിലവായത്
എന്ന് കണ്ട് വീണ്ടും ഞെട്ടി. ഇത്രമാത്രം കുറഞ്ഞ
ചിലവില്‍ യാത്ര സാധ്യമാക്കിയ അഡ്മിന്‍സിനോട് എന്‍റെ നന്ദി രേഖപ്പെടുത്തുന്നു.
ജിദ്ദയില്‍ സുഖമായി എത്തിയ
ശേഷം, ഞാന്‍ എന്‍റെ വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ആക്കിയപ്പോഴുണ്ട്, ആരോ ഡോര്‍
വലിച്ച് തുറക്കാന്‍ ശ്രമിക്കുന്നു. (വാഹനത്തില്‍ കയറിയ ഉടനെ ഡോര്‍ ലോക്ക് ചെയ്യും.
അത് എന്‍റെ ഒരു ശീലമാണ്. അത് പലപ്പോഴും പല
അപകടങ്ങളില്‍ നിന്നും എന്നെ രക്ഷിച്ചിട്ടുമുണ്ട്). ഡോര്‍ തുറക്കാന്‍
കഴിയാത്തതിനാല്‍ ചില്ലില്‍ ശക്തമായി അടിക്കുന്നു. ഏതോ ‘ഹറാമി’ ഈ നട്ടപ്പാതിരക്ക് കൊള്ളക്ക്
വന്നതാണോ എന്ന് കരുതി വീണ്ടും ഞെട്ടി. എന്നാല്‍ നോക്കുമ്പോ നമ്മുടെ അബൂസിയാദ് എന്നോട്
ഒന്ന് പുറത്ത് വരാന്‍ പറയുന്നു. ചെന്ന് ബസ്സില്‍ കയറി നോക്കുമ്പോഴുണ്ട്;
പൂരപ്പറമ്പില്‍ പോയ പോലെ. ഇത് ക്ലീനാക്കാന്‍ അവന് അമ്പത് റിയാല്‍ വേണം എന്ന് ഒരേ
വാശി. എന്നാ ശരി എന്ന നമ്മുടെ പതിവ് പല്ലവിയുമായി ഞാന്‍ തിരിച്ചു വണ്ടിയിലേക്ക്.
എന്നാല്‍ അവന്‍ വിടാന്‍ ഭാവമില്ലായിരുന്നു. എന്‍റെ കോളറിന് പിടിച്ച് ബക്ശീശ് 200
റിയാല്‍ വേണമെന്നായി. ഞങ്ങള്‍ അഞ്ഞൂറ് റിയാലാണ്
സാധാരണ കൊടുക്കാറുള്ളത്; എന്നാല്‍ ഡ്രൈവറുടെ സ്വഭാവത്തെ അനുസരിച്ചാവും അതെല്ലാം
എന്ന് പറഞ്ഞപ്പോ കിട്ടില്ല എന്ന ഉറപ്പില്‍ എന്നെ തല്ലാന്‍ കയ്യോങ്ങി. ഉടനെ അവന്‍റെ
കാലിന്‍റെ തള്ള വിരലില്‍ ചെറുതായി ഒന്ന് ചവിട്ടിയതോടെ ഉയര്‍ന്ന കൈ താനേ താഴുകയും
ഞാന്‍ ബസില്‍ നിന്ന് ചാടി ജീപ്പില്‍ കയറുകയും ചെയ്തു.
അങ്ങിനെ ആ ഞെട്ടല്‍
മാമാങ്കത്തിന് താല്‍കാലിക വിരാമമായി
വള്ളി പുള്ളി വിടാതെ എഴുതി . . വാഹബ പോകാത്തവർക്കും പോകാനിനിരിക്കുന്നവർക്കും ഒരു മുതൽ കൂട്ടാവും ഈ ബ്ലോഗ്
ReplyDeleteThanks സൈഫ്
നല്ല വിവരണം, ആശംസകൾ
ReplyDeleteഇത് വായിച്ചാൽ വാഹബ പോയ എഫെക്ട് കിട്ടും :D
ReplyDelete