Monday, October 14, 2019

ചില സൌദി മര്യാദകള്‍

പുതുതായി സൌദിയില്‍ വന്നവര്‍ക്കും വരുന്നവര്‍ക്കും:


നമ്മുടെ നാട്ടില്‍ കണ്ടു ശീലിച്ച സംസ്കാരമല്ല സൌദിയില്‍. പ്രധാനമായും ഇസ്ലാമിക ചര്യകള്‍ പിന്‍പറ്റുന്ന സമൂഹമായതിനാല്‍ അത്തരത്തിലുള്ള പല കാര്യങ്ങളും വളരെ ശ്രദ്ധിക്കേണ്ടതായുണ്ട്.

അതില്‍ എന്‍റെ മനസ്സില്‍ വന്ന ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്ക് വെക്കുന്നു.


സൗദിജീവിതത്തിന് ഏറ്റവും കൂടുതല്‍ വേണ്ടത്‌ ക്ഷമ എന്ന സാധനമാണ്. അത് എവിടെയൊക്കെ വാങ്ങാന്‍ കിട്ടിയാലും വാങ്ങുക. എത്ര കിട്ടിയാലും മതിയാകില്ല.

സൗദി എന്നത് ഇസ്ലാം മതം അതിന്‍റെ ഭരണഘടനയായി കൊണ്ട് നടക്കുന്നു എന്ന് പറയുന്ന രാജ്യങ്ങളില്‍ പെട്ട ഒരു രാജ്യമാണ്. അതിനാല്‍ ഇസ്ലാമിക നിയമങ്ങളെ പറ്റി ഏകദേശ അവബോധം ഇവിടെ താമസിക്കാന്‍ ഉണ്ടായിരിക്കേണ്ടതാണ്. പല തെറ്റുകള്‍ക്കും ജയില്‍ ലഭിക്കുക മാത്രമല്ല, നാട് കടത്തപ്പെടാനും, ജി.സി.സിയില്‍ നിന്ന് ബാന്‍ ചെയ്യപ്പെടാനും മാത്രമല്ല കണ്ണാടിയില്‍ നോക്കുമ്പോള്‍ കഴുത്തിന് മുകളില്‍ തല കാണാതിരിക്കാന്‍ വരെ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

*) പ്രധാനമായും നാട്ടില്‍ നിന്നും കൊണ്ട് വരുന്ന / കൊടുത്ത് വിടുന്ന സാധനങ്ങള്‍... മയക്ക് മരുന്നോ അതുമായി ബന്ധമുള്ള ഒരു സാധനങ്ങളും (ഡോക്ടര്‍ പറഞ്ഞ മരുന്ന് ആയാല്‍ പോലും) കൊണ്ട് വരാന്‍ ശ്രമിക്കരുത്. അഥവാ കൊണ്ട് വരേണ്ടി വരികയാണെങ്കില്‍, ഡോക്ടറുടെ പേപ്പറും ഫാര്‍മസിയിലെ പേപ്പറും കയ്യില്‍ വെക്കുക.

*) കള്‍ച്ചര്‍ വ്യത്യാസം എയര്‍പോര്‍ട്ടില്‍ നിന്നും തുടങ്ങുന്നു. ഒരിയ്ക്കലും നമ്മെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഉണ്ടാകും എന്ന് ധരിക്കരുത്. ഒരു അടിമയേക്കാളും മോശമായായിരിക്കും ചിലപ്പോള്‍ നമ്മോട് പെരുമാറുന്നത് എന്നത് ആദ്യമേ മനസ്സിലാക്കി വെക്കുക. വരാനിരിക്കുന്നവര്‍ക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്യുക.

*) പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം ക്യൂ ആയിരിയ്ക്കും എല്ലായിടത്തും. അത് എയര്‍പോര്‍ട്ട് മുതല്‍ തുടങ്ങുന്നു. (ചില മാറ്റങള്‍ ഈയിടെയായി കാണുന്നുണ്ടെങ്കിലും)

*) എയര്‍പോര്‍ട്ടില്‍ നിന്നും താമസ സ്ഥലത്തേക്ക് പോകാന്‍ സൌദി ഡ്രൈവര്‍മാര്‍ ഉള്ള എയര്‍പോര്‍ട്ട് ടാക്സി സര്‍വീസുകള്‍ ഉണ്ട്. അതുപയോഗിക്കുകയാവും ഉത്തമം. കൂട്ടുകാരോ മറ്റോ വാഹനവുമായി പിക്ക് ചെയ്യാന്‍ വന്നാല്‍ പോലീസ് പിടിച്ചാല്‍ ജയിലും പിഴയും ലഭിക്കും എന്നറിയുക..

*) അറബി മാതൃഭാഷയായ നാടായതിനാല്‍ അത്യാവശ്യം അറബി ഉപയോഗിക്കാന്‍ പഠിച്ചേ മതിയാവൂ.

*) രാജ ഭരണം നിലനില്‍ക്കുന്ന നാടായതിനാല്‍ നമ്മുടെ നാട്ടിലെപ്പോലെ സ്വാതന്ത്ര്യം ഉണ്ടാവും എന്ന് പ്രതീക്ഷിക്കരുത്. എന്നാല്‍ നേരെ ചൊവ്വെ പോവുകയാണെങ്കില്‍ ഇവിടെ ഒരു പ്രശ്നവും ഉണ്ടാവുകയുമില്ല. അതിനാല്‍ ഒരിക്കലും ഇവിടെത്തെ ഭരണത്തിനെതിരിലോ, തീവ്രവാദവുമായി ബന്ധപ്പെട്ടതോ, രാജ്യദ്രോഹപരമായതോ, പ്രമുഖര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളോ ആയ ഒരു കാര്യവും പറയരുത് / ചെയ്യരുത്‌ / ഷെയര്‍ ചെയ്യരുത്‌.

*) നാം എഴുതുന്നയും അയക്കുന്നയും ഷെയര്‍ ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും ഇവിടെ ഗവണ്‍മെന്റ് ഓരോ കോപ്പി എടുത്തു വെക്കുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്കറിയുമോ?. എത്ര കാലം കഴിഞ്ഞാലും അത് retrieve ചെയ്യാനുള്ള സൌകര്യവും ഉണ്ട്. ഗവണ്മെന്റിനു എതിരായോ മതത്തിന് എതിരായോ ഒരു നിലക്കുമുള്ള വാക്കോ ഷെയറോ നമ്മില്‍ നിന്ന് വന്നു പോകരുത്. ഒറിജിനല്‍ ആയി ഉണ്ടാക്കിയ ആള്‍ക്കും അത് ഷെയര്‍ ചെയ്ത ആള്‍ക്കും ഒരേ ശിക്ഷ തന്നെയായിരിക്കും ലഭിക്കുക. Anti-Cyber Crime Law 16th Article അനുസരിച്ച് ഇത്തരത്തില്‍ പിടിക്കപ്പെടുന്നയാള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവോ മുപ്പത് ലക്ഷം റിയാല്‍ വരെ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഓരോ ഷെയര്‍ ചെയ്യുമ്പോഴും മൂന്നു വട്ടം ആലോചിച്ചു മാത്രം ചെയ്യുക.

*) സ്ത്രീകള്‍ കറുത്ത അബായയും തലയില്‍ തട്ടവും ധരിക്കണം എന്നാണ് പൊതുവെ നിയമം. (തെറ്റിക്കുന്നവര്‍ ഇല്ലാതില്ല എങ്കിലും). ഈയിടെയായി ഇളവ് ഉള്ളത് പോലെ കാണുന്നുണ്ട്. എന്നാല്‍ ഉള്‍ നാടുകളില്‍ (ഉദാ: ഖസീം) സ്ത്രീകളുടെ കണ്ണു പോലും പുറത്ത് കാണിക്കാതെ വസ്ത്രം ധരിക്കണം.

*) മുതവ്വ എന്ന മതകാര്യ പോലീസ് മാര്‍കറ്റുകളിലും മാളുകളിലും ഉണ്ടാവും. നമസ്കാര സമയത്താണ് അധികവും അവര്‍ രംഗപ്രവേശനം ചെയ്യുന്നത്. നമസ്കരിക്കാതെ പുറത്ത് നില്‍ക്കുന്നത് കണ്ടാല്‍ പിടിച്ച് കൊണ്ട് പോകലും ചൂരല്‍ കഷായവും ഉണ്ടാവും. അതിനാല്‍ അമുസ്ലീംകള്‍ ആയാലും അവരുടെ കണ്ണില്‍പ്പെടാതെ മാറിയിരിക്കുകയാവും നല്ലത്. (ഈയിടെയായി അവര്‍ വളരെ കുറവാണ്) 

*) പബ്ലിക്‌ ആയി സ്ത്രീ പുരുഷന്‍മാര്‍ ഒരുമിച്ച് ഒത്തുകൂടുന്നത് വിലക്കുള്ള നാടാണ് സൌദി. (ചിലയിടങളില്‍ മാറ്റം വന്നു തുടങിയെങ്കിലും, ശ്രദ്ധിക്കുന്നത്  നല്ലതാണു)

*) നോമ്പ് കാലത്ത്‌ പകല്‍ സമയങളില്‍  പരസ്യമായി തീറ്റ / കുടി / പുകവലി തുടങ്ങിയവ ചെയ്‌താല്‍ ജയിലില്‍ പോകാന്‍ വരെ കാരണമാകും.

*) പള്ളികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ചെരിപ്പ്‌ അഴിച്ചു വെക്കണം എന്നതാണ് ചിട്ട. ചില വീടുകളില്‍ ചെരിപ്പ്‌ ധരിച്ച് കയറാം, പക്ഷെ, അവര്‍ അങ്ങിനെ പറഞ്ഞാല്‍ മാത്രം ചെരിപ്പ്‌ / ഷൂ അഴിക്കാതിരിക്കുക.

*) പുരുഷന്‍മാര്‍ ഒരിക്കലും സൌദികള്‍ കാണെ സ്വര്‍ണ്ണം അണിയരുത്. ഇസ്ലാമിക നിയമം അനുസരിച്ച് സ്വര്‍ണ്ണം സ്ത്രീകള്‍ക്ക് മാത്രമേ അണിയാന്‍ പാടൂ.

*) സ്പോര്‍ട്ട്‌സ്, നീന്തല്‍ തുടങ്ങിയവ അല്ലാത്ത സമയത്ത് ഷോര്‍ട്ട് / ബര്‍മുഡ ഇട്ട് പുറത്ത് പോകാതിരിക്കുക. പ്രത്യേകിച്ചും ഗവണ്‍മെന്റ് / പോലീസ്‌ ഓഫീസുകളിലേക്ക്.

*) മുറൂര്‍ (ട്രാഫിക്), പോലീസ്‌, പാസ്പോര്‍ട്ട് ഓഫീസ് പോലുള്ള ഗവണ്‍മെന്‍റ് ഓഫീസുകളില്‍ പോകുകയാണെങ്കില്‍ (അറബി സംസാരിക്കാന്‍ അറിയില്ലെങ്കില്‍) കഴിവുള്ള ഒരാളെ കൂടെ കൂടെ കൂട്ടുന്നത്‌ നന്നായിരിക്കും. അവിടെ നിന്ന് ആരെങ്കിലും ഇംഗ്ലീഷ് സംസാരിക്കും എന്ന് വ്യാമോഹിക്കരുത്.

*) റൂമില്‍ നിന്ന് വേസ്റ്റ് ഇടാന്‍ പുറത്തിറങ്ങുകയാണെങ്കില്‍ പോലും ഇഖാമ (ഹവിയ്യ മുഖീം / റെസിഡന്‍സ് ഐഡന്‍റിറ്റി)  കയ്യില്‍ പിടിക്കണം. ഇല്ലാതെ പിടിക്കപ്പെട്ടാല്‍ താഴെ പറയുന്ന പ്രശ്നങ്ങള്‍ ഉണ്ടാവാം.

ഒന്നാം പ്രാവശ്യം ഇക്കാമയില്ലാതെ പിടിക്കപ്പെട്ടാല്‍:
അറസ്റ്റ്‌ ചെയ്തു ജയിലില്‍ ആക്കും. അവിടെ വെച്ചു ഫോണ്‍ വിളിക്കാന്‍ അനുവാദം തരുന്നതാണ്. ആ സമയത്ത്‌ അടുത്ത സഹോദരനോ കൂട്ടുകാരനോ വിളിച്ച് റൂമില്‍ നിന്ന് ഇഖാമ എടുത്തു കൊണ്ട് വരാന്‍ പറയുക. ഒറിജിനല്‍ ഇക്കാമ കാണിച്ചു കൊടുക്കുന്നതോടെ ജയില്‍ മോചിതനാവാം. എന്നാല്‍ ആയിരം റിയാല്‍ പിഴ കെട്ടേണ്ടി വരും എന്ന് മാത്രം.

രണ്ടാം പ്രാവശ്യം ഇക്കാമയില്ലാതെ പിടിക്കപ്പെട്ടാല്‍:
ആദ്യം പറഞ്ഞ പോലെയുള്ള നടപടിക്രമങ്ങള്‍ നടക്കും. എന്നാല്‍ പെനാല്‍റ്റി രണ്ടായിരം ആയിരിക്കും. കൂടാതെ, ഇനി സംഭവിച്ചാല്‍ നാട് കടത്തപ്പെടാന്‍ സാധ്യതയുണ്ടെന്ന ഒരു പേപ്പറില്‍ ഒപ്പ്‌ വെക്കേണ്ടിയും വരും.

മൂന്നാം പ്രാവശ്യം ഇക്കാമയില്ലാതെ പിടിക്കപ്പെട്ടാല്‍:
(ഇത് വളരെ ഗുരുതരമാണ്). ആദ്യം സ്പോണ്‍സറെ വിളിപ്പിക്കും. ഒറിജിനല്‍ ഇഖാമയുമായി വരാന്‍ പറയും. മുവ്വായിരം റിയാല്‍ ഫൈന്‍ കെട്ടിപ്പിക്കും. അതോടൊപ്പം എക്സിറ്റ്‌ അടിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തും. (കഫീലിന് ഇയാളെ നിര്‍ബന്ധമായും വേണം എന്നൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ ഇളവ്‌ ലഭിച്ചേക്കാം... ഉറപ്പില്ല). പുതിയ നിയമം അനുസരിച്ച്, ഇങ്ങിനെ എക്സിറ്റ്‌ അടിക്കപ്പെട്ടയാള്‍ക്ക് മറ്റു ഒരു ജിസിസി നാടുകളിലേക്കും ജോലി വിസ കിട്ടില്ല.

*) ഇക്കാമ (ഹവിയ്യ മുഖീം / റെസിഡന്‍സ് ഐഡന്‍റിറ്റി) പുതുക്കുന്നത് online വഴിയാക്കി മാറ്റിയിട്ടുണ്ട്... എന്നാല്‍ കാര്‍ഡ് മാറ്റേണ്ട വല്ല അവസ്ഥയും വരികയാണെങ്കില്‍, കയ്യില്‍ ഒറിജിനല്‍ കാര്‍ഡ് ഇല്ല എങ്കില്‍, കമ്പനി ലെറ്റര്‍ ഹെഡരില്‍ ചേമ്പര്‍ അറ്റസ്റ്റ് ചെയ്ത ഒരു ലെറ്റര്‍ കയ്യില്‍ വെക്കണം. അതില്‍ ഇഖാമയുടെ ഫോട്ടോകോപ്പിയും വെക്കണം. (Aramco, Saudi Airlines, Sabic തുടങ്ങിയ കമ്പനികളുടെ ആളുകള്‍ക്ക് ചേംബര്‍ ചെയ്യണം എന്നില്ല). രണ്ടു മാസം കാലാവധി കഴിഞ്ഞാല്‍ ആ പേപ്പര്‍ പോലീസ്‌ സ്വീകരിക്കില്ല എന്നറിയുക. പുതിയ ഇക്കാമകളും വാഹനങളുടെ ഇസ്തിമാറയും  എക്സ്പയറി ഇല്ലാതെയാണു അടിക്കുന്നതു എന്നതിനാല്‍ വീണു പോകുന്നത് വളരെ ശ്രദ്ധിക്കണം)

*) വെയിലും ചൂടും നന്നായുള്ള നാടായതിനാല്‍ വിയര്‍ക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ കഴിയുന്നതും സ്വന്തം വാഹനത്തിലും ഓഫീസിലും ഓരോ സ്പ്രേ വെച്ചാല്‍ പലപ്പോഴും വലിയ ഉപകാരമാവും.

*) കാര്‍ക്കിച്ച് തുപ്പല്‍, വലിയ ശബ്ദത്തില്‍ തുമ്മല്‍, ശബ്ദമുണ്ടാക്കി കുടിക്കല്‍, ഏമ്പക്കം വിടല്‍ തുടങ്ങിയവയൊക്കെ അറബികള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്.

*) എന്തെങ്കിലും മീറ്റിങ്ങില്‍ പങ്കെടുക്കുകയാണെങ്കില്‍ അതിന് തൊട്ടു മുമ്പ് ഇന്‍ഡ്യന്‍ സ്പൈസികളും, മല്‍സ്യം (പ്രത്യേകിച്ചും മത്തി) വറുത്തതുമൊക്കെ ചേര്‍ത്തുള്ള ഗംഭീര ശാപ്പാട് നടത്താതിരിക്കുക.

*) സൌദികള്‍ കൂടുതല്‍ ഉള്ള ഇടങളില്‍ നാം മലയാളികള്‍ രണ്ട് പേരു നിന്ന് ഉറക്കെ മലയാളത്തില്‍ സംസാരിക്കുന്നത് നല്ലതല്ല.

*) എപ്പോഴും വലത് ഭാഗത്ത് ഉള്ള ആള്‍ക്ക് മുന്‍ഗണന നല്‍കുന്നത് സൌദി ശീലമാണു. യമീന്‍ അവ്വല്‍ എന്ന് ആ സമയം പറയാം.

*) മുഖാമുഖം ഇരിക്കുമ്പോള്‍ അവരുടെ നേരെ കാല്‍ നീട്ടി ഇരിക്കാതിരിക്കുക.

*) സൌദികള്‍ അവരുടെ കുട്ടികളുടെ പേര്‍ കൂട്ടി വിളിക്കപ്പെടാന്‍ ഇഷ്ട്ടപ്പെടുന്നവരാണ്. അതിനാല്‍ അടുത്ത ബന്ധമുള്ള സൗദി ആണെങ്കില്‍ അവന്‍റെ വലിയ ആണ്‍ കുട്ടിയുടെ പേര്‍ ആരോടെങ്കിലും ചോദിച്ചറിഞ്ഞ് വിളിക്കുക. (ഉദാ: മാസിന്റെ ബാപ്പ = അബൂ മാസിന്‍.  അലിയുടെ ബാപ്പ = അബൂ അലി, ഖാലിദിന്റെ ഉമ്മ = ഉമ്മു ഖാലിദ്‌, സൈനബിന്റെ ഉമ്മ = ഉമ്മു സൈനബ് etc.)

*) പിതാക്കള്‍ തന്നെ മക്കളെ ‘യാ ഇബ്നല്‍ കല്‍ബ്’ = നായിന്‍റെ മോനേ” എന്ന് വിളിക്കുന്നത് കേള്‍ക്കാം. കേട്ടതായി ഗൌനിക്കേണ്ടാ ;)

*) ഫോട്ടോ എടുക്കുന്നത് വിലക്കിയ ബോര്‍ഡ് ഉള്ള സ്ഥലത്ത് വെച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നത് ജയില്‍ വാസത്തിന് വരെ കാരണമാകാം എന്നതിനാല്‍ ശ്രദ്ധിയ്ക്കുക. എന്നെ ഫോട്ടോ എടുക്കൂ എന്ന് പറഞ്ഞു വരുന്ന സ്ത്രീകളെ മാത്രം ഫോട്ടോ എടുക്കാം.

*) കാലാവസ്ഥ പെട്ടെന്ന് പെട്ടെന്ന് മാറുന്ന സ്ഥലമാണ് സൌദി അറേബ്യ. അതിനാല്‍ എപ്പോഴും (പ്രത്യേകിച്ച് യാത്ര പോകുമ്പോള്‍) കാലാവസ്ഥ നിരീക്ഷണം അറിഞ്ഞ ശേഷം മുന്‍കരുതലുകള്‍ എടുത്ത് മാത്രം യാത്ര ചെയ്യുക.

*) മെഡിക്കല്‍ & വെഹിക്കിള്‍ ഇന്‍ഷൂറന്‍സ് ഒരിയ്ക്കലും എക്സ്പയര്‍ ആവാതെ ശ്രദ്ധിയ്ക്കുക. (എപ്പോഴാണ് എന്താണ് സംഭവിക്കുക എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലല്ലോ)

*) പാസ്പോര്‍ട്ട്, ഇക്കാമ, ബാങ്ക് കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ്, വാഹന ഇന്‍ഷൂറന്‍സ് കാര്‍ഡ് തുടങ്ങി എല്ലാ കാര്‍ഡിലും, നിങ്ങളുടെ പേഴ്സിലും നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പ്രിന്‍റ് ചെയ്ത ചെറിയ ഒരു സ്റ്റിക്കര്‍ പതിക്കുക. മൊബൈലിന് മുകളില്‍ അടുത്ത കൂട്ടുകാരന്‍റെ മൊബൈല്‍ നംബറും ഒട്ടിക്കുക. അഥവാ വീണുപോയാല്‍, കിട്ടുന്നത് നല്ല മനസ്സിന്നുടമയാണെങ്കില്‍ പെട്ടെന്ന് തിരിച്ചു കിട്ടുമല്ലോ.

*) സാധാരണ അസ്സലാമു അലൈക്കും എന്ന അഭിവാദ്യത്തോടെ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഷേക് ഹാന്‍ഡ് കൊടുക്കാറാണു പതിവ്. എന്നാല്‍ കൈ നനഞ്ഞ  അവസ്ഥയില്‍ കയ്യിന്‍റെ  മണികൺഠത്തിന് മീതെ പിടിക്കാൻ തക്കവണ്ണം കൈ നീട്ടുക. അല്ലെങ്കില്‍ കയ്യില്‍ വെള്ളമാണെന്നു പറയാം.

*) مع السلامة മ’അസ്സലാമ: (അര്‍ത്ഥം: വിട)
സലാം പറയല്‍ കഴിഞ്ഞാല്‍ അറബികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കുന്ന വാക്കായിരിക്കും ഇത്. ഒരാള്‍ പിരിഞ്ഞു പോകുമ്പോഴാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ജോലി കഴിഞ്ഞു പോകുമ്പോള്‍, കടയില്‍ നിന്ന് പോകുമ്പോള്‍, സദസ്സില്‍ നിന്ന് പോകുമ്പോള്‍, ലീവില്‍ പോകുമ്പോള്‍, എല്ലാം ഇത് ഉപയോഗിക്കാം.

*) ചിലപ്പോള്‍ പോകുന്ന വഴിയില്‍ തക്കാളി/മുട്ട ഏറു കിട്ടാം... ക്ഷമിക്കുക.
*) സൗദികള്‍ ആരെങ്കിലും നിങ്ങളെ കളിയാക്കി... ക്ഷമിക്കുക...
*) സൌദികള്‍ക്ക് നമ്മള്‍ എപ്പോഴും അവരുടെ പണിക്കാര്‍ ആണ്. അതിനാല്‍ അതനുസരിച്ച് കണ്ടും കേട്ടും ഒക്കെ നിന്നാല്‍ നന്ന്. എനിക്ക് നാട്ടില്‍ പത്ത് ആനണ്ടാര്‍ന്ന് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
*) ആരെങ്കിലും ഭീഷണിപ്പെടുത്തി... തല്ലാന്‍ വന്നു... ക്ഷമിക്കുക... അതോടൊപ്പം 999 എന്ന നമ്പറിലേക്ക്‌ വിളിക്കുകയും ചെയ്യുക. ബാക്കി അവര്‍ തീര്‍ത്ത്‌ കൊടുത്തോളും.
*) സ്വന്തം വാഹനത്തില്‍ പോകുന്ന സമയം ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ എത്രയും പെട്ടെന്ന് എല്ലാ ഡോറും ലോക്ക് ചെയ്ത് ഗ്ലാസ്‌ പൊക്കി ഉള്ളില്‍ ഇരിക്കുക്ക. 999 ലേക്ക് വിളിക്കുക
*) ആരെയും ഉപദ്രവിച്ച് രക്തം പൊടിയാന്‍ ഇട വരാതിരിക്കുക. തെറ്റ് അവന്‍റെ ഭാഗത്താണെങ്കിലുംരക്തം പൊടിഞ്ഞു എന്ന കാരണത്താല്‍ രക്ഷപ്പെട്ട പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇനി നിങ്ങള്‍ക്ക്‌ അറിയുന്ന കാര്യങ്ങള്‍ കൂടി ഇവിടെ ഷെയര്‍ ചെയ്യുക. എല്ലാവര്‍ക്കും അറിയുകയും പഠിക്കുകയും ചെയ്യാമല്ലോ...

സസ്നേഹം / സൈഫു

No comments:

Post a Comment