Wednesday, January 10, 2018

എന്‍റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍

എന്‍റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ dated 1Jan2000

ഇതിന് പ്രചോദനമായ പോളിന്‍റെ സൌന്ദര്യ നിരീക്ഷണങ്ങള്‍ എന്ന പുസ്തകത്തെ നന്നിയോടെ സ്മരിച്ചു കൊണ്ട് ഞാന്‍ തുടങ്ങട്ടെ...

പോള്‍ ഈ കൃതിയില്‍ സൌന്ദര്യം എന്താണെന്ന് വിവക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ സൌന്ദര്യാസ്വാദനം എന്താണെന്ന് വിവക്ഷിക്കാന്‍ ശ്രമിക്കുകയാണ് എന്നൊരു വ്യത്യാസം ഉണ്ട്.

സൌന്ദര്യവും സൌന്ദര്യ സങ്കല്‍പ്പവും സൌന്ദര്യാസ്വാദനവും എപ്പോഴും ആപേക്ഷികമാണ്. മൂര്‍ത്തങ്ങളും അമൂര്‍ത്തങ്ങളുമായ വസ്തുക്കളില്‍ സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വ്യത്യാസം കാണാം. മൂര്‍ത്ത വസ്തുക്കളില്‍ ഉള്ളതിനെക്കാളും പലപ്പോഴും തീവ്രമായിരിക്കും അമൂര്‍ത്ത വസ്തുക്കളിലെ സൌന്ദര്യ സങ്കല്‍പ്പങ്ങള്‍. സൌന്ദര്യവും യവ്വനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് എന്നാണ് തോന്നുന്നത്. കാരണം, ഓര്‍മ്മയിലെ പ്രണയിനിക്ക് എന്നും യവ്വനമായിരിക്കുമല്ലോ. കാലത്തിന്‍റെ ഇരകളാവുംതോറും ആസ്വാദനതലവും താളവും മാറുന്നുവെങ്കിലും, യവ്വനം തന്നെ അതിന്‍റെ ഉച്ചസ്ഥായി. ചെറിയ കുട്ടിയുടെ ആസ്വാദനമല്ല യവ്വനത്തില്‍.. മധ്യവയസ്കന്‍റെ ആസ്വാദന തലമായിരിക്കില്ല വൃദ്ധന്‍റേതു. എന്നാല്‍ ഓരോ തലത്തില്‍ നിന്നുമുള്ള ആസ്വാദനവും ആ തലത്തിലെ ഉച്ചസ്ഥായി വരിക്കുന്നു എന്ന് അനുമാനിക്കണം.

സൗന്ദര്യം എന്ത് എന്നത് പലരും നിര്‍വ്വചിക്കാന്‍ ശ്രമിച്ച് മുഴുവനാക്കാന്‍ കഴിയാതെ പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നിട്ടുണ്ടെങ്കിലും സൗന്ദര്യം ഉണ്ടെന്ന് തോന്നുന്നതിനെ ആസ്വദിക്കുന്നതില്‍ ആര്‍ക്കും എതിരഭിപ്രായം കണ്ടിട്ടില്ല. എന്നാല്‍ ഈ ആസ്വാദനവും ഈ സൗന്ദര്യ മാനദണ്ഡവും ആപേക്ഷികമാണ് എന്നതിനാല്‍ തന്നെ സൗന്ദര്യത്തിന്റേയും വൈരൂപ്യത്തിന്റെയും തോത് ഒരേ വസ്തുവില്‍ തന്നെ ആസ്വാദകര്‍ മാറുന്നതോടെ വിഭിന്നമായി മാറുന്നു.

എന്നാലും ചില ഏകീകൃത സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ പലയിടങ്ങളിലും കാണാവുന്നതാണ്. അതായത്, പ്രഭാതത്തിനും പ്രദോഷത്തിനും അധികപേരും സൗന്ദര്യം ദര്‍ശിക്കുമ്പോള്‍ മദ്ധ്യാഹ്നസമയത്തിന് സൗന്ദര്യം ദര്‍ശിക്കുന്നവരുന്ടെങ്കില്‍ തന്നെ തുലോം കുറവായി കാണുന്നു. അതേപോലെതന്നെ, നിലാവുള്ള രാത്രിക്ക് കൂരിരുട്ടുള്ള രാത്രിയെക്കാളും, നക്ഷത്രങ്ങള്‍ ഉള്ള ആകാശത്തിന് നക്ഷത്രങ്ങള്‍ ഇല്ലാത്ത ആകാശത്തേക്കാളും സൗന്ദര്യം സങ്കല്‍പ്പിക്കുന്നു എന്നത് ഒരു പൊതു സ്വഭാവമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

എന്നാല്‍ മറ്റു ചില കാര്യങ്ങളില്‍ തികച്ചും എതിരായ സൗന്ദര്യ വീക്ഷണ കോണുകളും നമുക്ക് ദര്‍ശിക്കാവുന്നതാണ്. ഉദാഹരണമായി, വസ്ത്രം തിരഞ്ഞെടുക്കുന്ന കാര്യമെടുക്കാം. ഭാര്യയ്ക്ക് തീരെ ഇഷ്ടപ്പെടാത്ത വസ്ത്രമായിരിക്കും ചിലപ്പോള്‍ ഭര്‍ത്താവിന് ഇഷ്ടപ്പെടുന്നത്. അതേപോലെ തിരിച്ചും. നിറങ്ങളുടെ കാര്യത്തിലും അതുപോലെ തന്നെ.

സൗന്ദര്യ സങ്കല്‍പ്പങ്ങളെ നാടുകള്‍ സ്വാധീനിക്കുന്നു എന്ന് വ്യക്തമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉപയോഗിയ്ക്കുന്ന നിറങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് യൂറോപ്യന്‍ രാജ്യക്കാരുടെ നിറങ്ങള്‍ എന്ന് നമുക്ക് കാണാം. ആഫ്രിക്കയില്‍ അധികവും കടും നിറമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ യൂറോപ്പുകാര്‍ ഇളം നിറമുള്ള വസ്ത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്നു.

രാജ്യങ്ങള്‍ എന്നപോലെതന്നെ, കാലങ്ങളും സൗന്ദര്യസങ്കല്‍പ്പങ്ങളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണമായി, വസ്ത്രങ്ങളുടെ കാര്യം എടുക്കാം. പഴയ നൂറ്റാണ്ടുകളില്‍ ഉപയോഗിച്ചിരുന്ന തരം വസ്ത്രങ്ങള്‍ നാം ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? ആദ്യമൊക്കെ ഏറ്റവും കൂടുതല്‍ വസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ സൗന്ദര്യം കാണാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്ന് ഏറ്റവും കുറഞ്ഞ വസ്ഥത്തില്‍ ഏറ്റവും കൂടുതല്‍ സൗന്ദര്യം കാണാന്‍ ശ്രമിക്കുന്നു. ആ ശ്രമം നീണ്ടു നീണ്ട് വെറും “ടൂ പീസ് ആവുന്നിടത്തേക്ക് വരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.   പഴയ ആ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ എല്ലാം കാലത്തോടൊപ്പം കാലഹരണപ്പെട്ടുപോയി.

വാണിജ്യവ്യവഹാരങ്ങളെയാണ് സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് എന്ന് തോന്നുന്നു. ഉപഭോക്താവിന്‍റെ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ ദാഹം തീര്‍ക്കാന്‍ പരുവത്തില്‍ ക്രയവസ്തുവിനെ സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് അവയ്ക്ക് വിപണിയില്‍ പിടിച്ചു നില്ക്കാന്‍ സാധിക്കുന്നുള്ളൂ.

എന്നാല്‍ ചില അടിച്ചേല്‍പ്പിക്കപ്പെടുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളെയും കാണാതെ വയ്യ. ആധുനിക സാങ്കേതിക വിദ്യ ഇത്രമാത്രം പുരോഗമിച്ച സമയത്ത് അതിനെ പരമാവധി ഉപയോഗപ്പെടുത്തി ഉപ്ഭോക്താവിനെ മസ്തിഷ്ക പ്രക്ഷാളനം നടത്താന്‍ വാണിജ്യ കുത്തകകള്‍ ശ്രമിക്കുന്നത് കാണാതെ പോകാനും കഴിയുന്നില്ല. പുതിയ സിനിമയില്‍ നായിക ഉടുത്ത വസ്ത്രമാണല്ലോ അടുത്ത വാരത്തിലെ ഫാഷന്‍.

സൗന്ദര്യ സങ്കല്‍പ്പ മാനങ്ങള്‍ക്ക് ആകാരവുമായി അഭേദ്യ ബന്ധമുള്ളതായി പലയിടങ്ങളിലും കാണാവുന്നതാണ്. ഉദാഹരണമായി ആകാരമുള്ള പുരുഷനു കുള്ളനെക്കാളും സ്ത്രീകള്‍ മുന്‍ഗണന നല്‍കുന്നത് ഇതിന്‍റെ ഭാഗമാണ്.

എന്നിരുന്നാലും, മനുഷ്യമനസ്സിന്‍റെ കടിഞ്ഞാണിലാണ് നമ്മുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ അന്തസ്സത്ത കുടികൊള്ളുന്നത്. മനസ്സില്‍ നിന്നാണ് സൗന്ദര്യത്തിന്‍റെ മൂലവേര് തുടങ്ങുന്നത്. ഓരോരുത്തരുടെയും മനസ്സാണ് സൗന്ദര്യത്തിന്‍റെ രൂപവും ഭാവവും നിര്‍ണ്ണയിക്കുന്നത്.


സൗന്ദര്യ സങ്കല്‍പ്പം അപേക്ഷികമാണ് എന്നതിനാല്‍ തന്നെ, എന്‍റെ അഭിപ്രായത്തില്‍, സ്വന്തം സൗന്ദര്യ സങ്കല്‍പ്പത്തെ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാതിരിക്കുകയും, മറ്റുള്ളവരുടെ സൗന്ദര്യ സങ്കല്‍പ്പത്തെ അത് തന്റെ സൗന്ദര്യ സങ്കല്‍പ്പത്തോടു എത്രമാത്രം വിപരീതമായിരുന്നാല്‍ പോലും അതിനെ മാനിക്കാനും അംഗീകരിക്കാനും ശ്രമിക്കുകയും ശീലിക്കുകയും ചെയ്യുക.

നല്ല കുടുംബ ജീവിതം

വിവാഹം എന്നത് ശരിക്കും ഒരു ലോട്ടറിയാണ്. അടിച്ചവന്രക്ഷപ്പെട്ട്. അല്ലാത്തവന്കഷ്ട്ടപ്പെട്ട്.  

എന്നാല്ഹോട്ടലില്കയറിയപ്പോലെ, പിന്നെ മറ്റവന്റെ മെനു കണ്ടു കൊതിക്കുകയും ചെയ്യരുത്.

പല തരത്തിലുള്ള ഫാമിലികള്‍ ഉണ്ട്. ഭാര്യയെ ഒരടിമയെ പോലെ കാണുന്നവര്‍. വീട്ടില്‍ വേലക്കാരിയെ വെക്കുന്നതിന് പകരം വിവാഹം കഴിച്ചവര്‍. ചിലര്‍ അവന്റെ മാത്രം കാമ ദാഹം തീര്‍ക്കാന്‍ വേണ്ടി ഭാര്യയെ കാണുന്നവര്‍. വേറെ ചിലര്‍ സ്വന്തം കുട്ടികളുടെ മുന്നില്‍ വെച്ച് പോലും പരസ്പരം കലഹവും അടിക്കുക പോലും ചെയ്യുന്നവര്‍. അറിവില്ലായ്മ മൂലവും അസുഖം മൂലവും ഭാര്യയുടെ ആഗ്രഹങ്ങളെ അറിയാത്തവര്‍ അല്ലെങ്കില്‍ ശമിപ്പിക്കാന്‍ കഴിയാത്തവര്‍. ചില ഭാര്യമാര്‍ തന്‍റെ മുന്‍കാമുകനെ മനസ്സില്‍ വിചാരിച്ച് ഭര്‍ത്താവിനെ പ്രാപിക്കാന്‍ ശ്രമിക്കുന്നവള്‍. ഭര്‍ത്താവ് വേലി ചാടാന്‍ പോകുന്നുണ്ടല്ലോ... എനിക്കും എന്തു കൊണ്ട് വേലി ചാടിക്കൂടാ എന്നു ചിന്തിച്ച ഭാര്യമാര്‍...  ഭര്‍ത്താവിനെ ഒരു കാഴ്ചപ്പണ്ഡമായി കൊണ്ട് നടക്കുന്നവര്‍. അങ്ങിനെ ആ ലിസ്റ്റ് നീളുന്നു.

എന്നാല്‍ ഏതൊരാളും വൈവാഹിക ജീവിതത്തില്‍ സന്തോഷം ഉണ്ടാവണം എന്ന് വിചാരിക്കുന്നവരാകുമല്ലോ. അതിന് എന്‍റെ അറിവിന്റെ പരിധിയില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്ക് വെക്കാന്‍ ഞാനാഗ്രഹിക്കുകയാണ്.

കുറച്ച് ശ്രദ്ധയുണ്ടായാല്‍ ജീവിതകാലം മുഴുവനും ഭാര്യാഭര്‍തൃ ബന്ധം സുന്ദരമാക്കി കൊണ്ട് നടക്കാന്‍ കഴിയും എന്നു ത്തന്നെയാണ് എന്‍റെ അനുഭവം. സ്വച്ഛന്ദമായി ഒഴുകുന്ന പുഴയാണെങ്കിലും അവിടവിടെയായി കല്ലും മുള്ളും ഒന്നുമില്ലാതിരിക്കില്ല എന്ന സത്യം മറച്ചു വെക്കുന്നില്ല.

ചക്കയല്ല ചൂഴ്ന്ന് നോക്കാന്‍, എന്നാലും, വിവാഹത്തിന് മുമ്പ് ശരിക്ക് വാമഭാഗമാകാന്‍ പോകുന്നയാളെ പറ്റി നന്നായി അന്വേഷിക്കണം. എന്‍റെ അഭിപ്രായത്തില്‍ അയല്‍വാസികളോടൊ കുടുംബക്കാരോടൊ അന്വേഷിക്കരുത്.  അവരോട് അന്വേഷിച്ചാല്‍ മൈനസ് പോയിന്റുകള്‍ ഒരു നിലയ്ക്കും പുറത്തു വരാന്‍ സാധ്യതയില്ല. എന്നാല്‍ അവളുടെ അല്ലെങ്കില്‍ അവന്റെ പഠിച്ച സ്കൂള്‍ / കോളേജ് കൂട്ടുകാരുമായോ അദ്ധ്യാപകരുമായോ കൂടെ ജോലി ചെയ്യുന്നവരുമായോ മറ്റ് കൂട്ടുകാരുമായോ ഒക്കെ സംസാരിച്ചാല്‍ നല്ലതും ചീത്തയുമായ എല്ലാ കാര്യവും പുറത്തു വരും. അങ്ങിനെ നമുക്ക് തീരുമാനിക്കാം. ഇത് പഴഞ്ചക്കയാണോ, വരിക്ക ചക്കയാണോ, മഴ പെയ്തു മധുരം പോയ ചക്കയാണോ എന്നൊക്കെ.

അതേപോലെത്തന്നെ, പഠനം വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. ഇതില്‍ ഭര്‍ത്താവിനെക്കാളും ഭാര്യക്ക് ത്തന്നെയാണ് മുന്‍‌തൂക്കം. കാരണം, ഭര്‍ത്താക്കന്‍മാര്‍ അധികവും രാവിലെ മുതല്‍ ജോലിക്ക് പോകുന്നവരായതിനാല്‍ വീട്ടില്‍ കുട്ടികളെ നോക്കി ഭാര്യമാരാവും അധികവും ഉണ്ടാവുക. നമ്മുടെ കുട്ടികള്‍, ഭാവിയില്‍ നമുക്ക് താങ്ങും തണലുമാവേണ്ടവര്‍, അടുത്ത തലമുറയുടെ വാഗ്ദാനങ്ങള്‍ . അവര്‍ രണ്ടും രണ്ടും എത്ര എന്ന് ചോദിക്കുമ്പോള്‍ മൂന്ന്‍ എന്ന് പറഞ്ഞു കൊടുക്കുന്നവരാവരുത് മാതാവു. കൂടാതെ, നാലക്ഷരം പഠിച്ച ഒരു പെണ്ണിന്‍റെ സ്വഭാവവും - ഒന്നും പഠിക്കാത്ത കുളത്തിലെ തവളകളുടെ സ്വഭാവവും അജഗജാന്തരം ഉണ്ടായിരിക്കും.

വേറൊന്ന് വേണ്ടത്, തുറന്ന്‍ സംസാരിക്കാനുള്ള സന്നദ്ധതയാണ്. മനസ്സ് ഒന്നാണ് എന്നൊക്കെ പറഞ്ഞാന്നും രണ്ട് ശരീരമാണ്. അവരവര്‍ക്ക് അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകും. അത് തുറന്ന്‍ പറയാത്ത കാലത്തോളം മരിക്കും വരെ തമ്മില്‍ തൊടാതെ ഒരേ വഴിയില്‍ അങ്ങിനെ റെയില്‍പാളംപോലെ യാത്രപോകും.

ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ മനസ്സിലാക്കണം എന്നത് പോലെ തന്നെ ഭര്‍ത്താവിന്റെ കഴിവനുസരിച്ചും വരവനുസരിച്ചും ചിലവാക്കാന്‍ കഴിയുന്നവളാകുമ്പോള്‍ മാത്രമേ ഉത്തമ ഭാര്യയാവാന്‍ കഴിയുകയുള്ളൂ.

വിട്ടുവീഴ്ച മനോഭാവം നിര്‍ബന്ധമാണ്. ഞാന്‍ ഭര്‍ത്താവ്, അതിനാല്‍ എന്‍റെ നിയമം മാത്രമേ നടക്കൂ എന്ന വാശിയുള്ള ഒരു കുടുംബം പോലും യഥാര്‍ത്തത്തില്‍ വിജയിച്ചതായി കണ്ടിട്ടില്ല.

വിട്ടുവീഴ്ച പോലെതന്നെ അത്യാവശ്യമാണ് പരസ്പര ബഹുമാനവും. ഭാര്യ എന്നത് എന്നെപ്പോലെ ഒരു മനുഷ്യനാണ് എന്നും അവള്‍ക്കും ചിന്തിക്കാനും അഭിപ്രായം പറയാനും ഒക്കെ സ്വാതന്ത്ര്യം വേണം എന്നതും മനസ്സിലാക്കാത്ത കാലത്തോളം പുറമെ മോടിക്ക് നടക്കുന്നുണ്ടാവാമെങ്കിലും അകം മുഴുവന്‍ പൊള്ളയായിരിക്കും.

വേറൊരു കാര്യമുള്ളത്, വേങ്ങൂരിന്റെ കഥയില്‍ ഉള്ളപ്പോലെ, തങ്ങളുടെ മാത്രം സ്വകാര്യതകളില്‍ വിളിക്കാന്‍ എപ്പോഴും ഒരു ഓമനപ്പേര് രണ്ടുപേര്‍ക്കും ഉണ്ടാകുന്നതിന്റെ മാസ്മരികതയാണ്. വാക്കുകള്‍ക്കതീതമാണ് അതിന്‍റെ മാസ്മരികത. ആ ബീഫിങ്ങേടുക്കേടി പോത്തേ എന്ന് പറയുകയാണെന്കിലും  ഓമനത്തമുള്ള പോത്ത് വിളിയാണെങ്കില്‍ ഭാര്യ അത് ഇഷ്ട്ടപ്പെടും.

എന്‍റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. അവളുടെ കാമുകനില്‍ നിന്നു പെണ്ണേ എന്നൊരു വിളിയായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അവളതു തുറന്നു പറഞ്ഞതുമില്ല അയാള്‍ ഒരുകാലത്തും അങ്ങിനെ വിളിച്ചതുമില്ല. ഇതറിഞ്ഞ ഞാന്‍ അയാളോട് സ്വകാര്യത്തില്‍ ഇക്കാര്യം പറഞ്ഞു. അങ്ങിനെ അയാള്‍ അവള്‍ക്ക് ഒരു കത്തെഴുതി. ആ കത്തില്‍ ആകെ എന്‍റെ പെണ്ണേ എന്നു മാത്രമായിരുന്നു എഴുതിയിരുന്നത്.  ആ കത്ത് തുറന്നു വായിച്ച അവള്‍ക്ക് ഒരു തരം ഹിസ്റ്റീരിയ ഇളകി എന്നുപറഞ്ഞാല്‍ ആ വാക്കിന്‍റെ ശക്തി എത്രമാത്രമായിരുന്നെന്ന് നിങ്ങള്‍ക്കൂഹിക്കാമല്ലോ.

ഇതൊക്കെയാണ് ഇപ്പോള്‍ എന്‍റെ മനസ്സില്‍ വന്ന ചിന്തകള്‍.

നഷ്ടപ്രണയങ്ങളെ താലോലിച്ചാണെങ്കിലും ഒരു നല്ല കുടുംബ ജീവിതം ണ്ണയിക്കാന്‍ എല്ലാവരും ശ്രമിക്കുക എന്നു മാത്രമാണ് എനിക്കു പറയാനുള്ളത്. 

വാട്സാപ്പ് ചാറ്റ്

കാലചക്രം ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെയും,   ആണ്‍ പെണ്‍ സൌഹൃദങ്ങളെ ഒരേ അളവ് കോല്‍ വെച്ച് മാത്രം കാണുന്ന സമൂഹ  അവസ്ഥക്കെതിരെ എഴുതി ഫലിപ്പിക്കാന്‍ ഒരു എളിയ ശ്രമം നടത്തുകയാണ് ഞാന്‍ ഈ കഥയില്‍.

ഈ കഥ ഒരു ചെറിയ തിരുത്താകും എന്ന പ്രതീക്ഷയോടെ സമര്‍പ്പിക്കട്ടെ.

"ഡാ.. അസത്തെ... ഇന്ന് ഞായറാഴ്ച ആയത് അറിഞീലേ?"
നിലത്ത് വിരിച്ച ഓല മെടഞ്ഞ പായയില്‍ കിടക്കുന്ന അവന്‍റെ പുതപ്പ് വലിച്ച് അവള്‍ അക്രോശിക്കുന്നപോലെ പറഞ്ഞു
"അയ്യേ, ഇതെന്താ.. ഒര്‍ങ്ങുമ്പോ ഒന്നും ഇടാറില്ലേ?"
"ഡീ.. നീ വലിച്ച പുതപ്പിനടിയിലാ എന്‍റെ തുണി. അവിടെ ഇട്ട് പോടീ ശവമേ"
പുതപ്പിനടിയില്‍ പെട്ട തുണി വലിച്ചൂരി ഉടുത്ത് അവന്‍ അവളുടെ പിറകെ ഓടി...
"നിനക്കിന്ന് ഞാന്‍ കാണിച്ചു താരാട്ടോ"

ആ രണ്ടു കുടുംബത്തിന്‍റെയും അതിര് തിരിക്കുന്ന ഉയരം കുറഞ്ഞ മുള്ളുവേലി വേണ്ടി ചാടിക്കടന്നു ഓടി അവള്‍ അവളുടെ വീട്ടിന്‍റെ ഉമ്മറപ്പടിയില്‍ കയറി തിരിഞ്ഞു നിന്ന് അവന് നേരെ കൊഞ്ഞനം കാട്ടി.

അവരങ്ങിനെയാണ്. "എപ്പോഴും കീരീം പാമ്പും പോലെ"യെന്നാ അവളുടെ ഉമ്മ അവരെപ്പറ്റി പറയാറ്. എന്നാ "ഇത്ര വല്യ സ്നേഹോള്ളോര്‍ ലോകത്ത്‌ വേറെണ്ടാവില്യ" എന്നാണ് അവന്‍റെ അമ്മ പറയാറ്.

രണ്ടു വീടാണെങ്കിലും ഒരു വീട്ടുകാരെപ്പോലെയാ താമസം. ഒന്നുകില്‍ അവിടെ ചായയും കടിയും... അല്ലെങ്കില്‍ ഇവിടെ ഉച്ചച്ചോര്‍... എന്നാല്‍ സന്ധ്യ ആവുമ്പോള്‍ അവരവര്‍ അവരുടെ വീടണയണം. അങ്ങിനെയായിരുന്നു ഓരോ വാരാന്ത്യ അവധി ദിനങ്ങളും.

"ഉമ്മാ.. ഞാന്‍ ഇന്ന് ഇവിട്യാ ചായക്ക്. ഡീ ആയ്ശൂ, എവിട്യാ ആ ഉമിക്കരി?"

"ഡാ ശൈത്താനെ. നല്ലോണം പല്ല് തേച്ചോ ട്ടോ.. ബല്ല പുളിങ്കുരൂം പോലെണ്ട് അന്‍റെ പല്ല്"
എന്നും പറഞ്ഞ് മത്തന്‍ തോടില്‍ ഇറയത്ത്‌ തൂക്കിയിട്ട ഉമിക്കരി ഒരു നുള്ളെടുത്തു അവന്‍റെ ഉള്ളന്‍ കയ്യില്‍ വെച്ച് കൊടുത്തു.

വായയുടെ രണ്ടു ഭാഗത്ത് കൂടെയും ഉമിക്കരിയും ഉമിനീരും കൂടിയ ദ്രാവകം ഒലിച്ചു വരുന്നത് കണ്ട് ആയ്ശു കുണുകുണെ ചിരിച്ചു.

"ഡീ... നീ ഇളിക്കാതെ ആ വെള്ളം ഒഴിച്ച് തരുണുണ്ടോ?

കവുങ്ങിന്‍ പാള കൊണ്ട് വളച്ച് ഉണ്ടാക്കിയ പാത്രം ചകിരി കൊണ്ട് ഉണ്ടാക്കിയ കയറില്‍ ബന്ധിച്ചിരിക്കുന്നു. മരം കൊണ്ട് ആശാരി പണിത് തന്ന കപ്പി പൊട്ടിയതിനാല്‍ ഇപ്പോള്‍ വെള്ളം വലിച്ച് കയറ്റണം.

"നീയ്യത്‌ മുഴുവോന്‍ നിറക്ക്യല്ലേ. നിന്‍റെ കയ്യ് നോവും"
"ഒന്ന് പോടാ.. ഇതല്ല ഇതിലും ബല്യേത് ഞാം ബലിച്ച് കേറ്റീട്ട് ണ്ട്.

കയ്യിലേക്ക്‌ ഒഴിച്ച് കൊടുത്ത വെള്ളം കൊണ്ട് അവന്‍ പല്ലും മുഖവും കൈകളും കഴുകുകയായിരുന്നു... അപ്പോള്‍ ആയ്ശു, "ഇന്ന് പുതിയ ബാലരമ വാങ്ങണം ട്ടോ"
"ഡീ എന്‍റെ കയ്യില്‍ പൈസ തികയില്ല..."
"അത് സാരല്ല. ഞാം ഉപ്പാന്‍റെ അടുത്തൂന്ന് ഇസ്ക്കിയ പൈസീം കൂട്ടി ഞമ്മക്ക്‌ അത് ബാങ്ങാ"

അവര്‍ രണ്ട് പേരും അടുക്കളയില്‍ എത്തിയപ്പോഴേക്കും ഉമ്മ ദോശയും ചട്ടിനിയും ഒരോ ഗ്ലാസ്‌ കട്ടനും രണ്ടു പേര്‍ക്കും റെഡിയാക്കി വെച്ചിരുന്നു.

"അയ്യേ, ആയ്ശു പല്ല് തേക്കാതെ ചായ കുടിക്കുന്നോ?"
"ഡാ പൊട്ടാ... അന്നെപ്പോലെയല്ല ഞാം. അവ്വല്‍ സുബൈക്ക്‌ എണീറ്റ്‌ പയ്ക്കളെ കറന്ന് പാല് കൊണ്ടോയി ബിറ്റിട്ടാ ഞാം അന്നെ ബുളിച്ചാന്‍ ബന്നത്. കുളീം നനീം ഒക്കെ നേരത്തെ കാലത്തെ കയ്ഞ്ഞു"

പ്രാതല്‍ കഴിഞ്ഞ് കൈ കഴുകി വായില്‍ വെള്ളം കൊപ്ലിച് അടുക്കളയുടെ പിന്‍ഭാഗത്തേക്ക് നീട്ടിത്തുപ്പുമ്പോള്‍ ഉമ്മ ഉറക്കെ പറയുന്നത് കേള്‍ക്കാമായിരുന്നു.

"കുട്ട്യാളെ, ഇന്ന് ഞാറായ്ച്യാ. ബെര്‍തെ അതിലീം ഇതിലീം കളിച്ച് നടക്കാതെ ബല്ലതും ഇരുന്ന് പഠിച്ചോളീം"

"ഇല്ലുമ്മാ... അടുത്ത മാസം പരീക്ഷയല്ലേ. ഞങ്ങള്‍ എന്‍റെ വീട്ടില്‍ പോയി പഠിക്യാ ട്ടോ"

എന്ന് പറഞ്ഞതും രണ്ടാളും കൂടി ഉമ്മ കാണാതെ ഓടി വയല്‍ വരമ്പത്തെത്തി.  രണ്ടാളുടെ കയ്യിലും ഉള്ള നാണയത്തുട്ടുകള്‍ എണ്ണിനോക്കി. അപ്പോഴും പത്ത്‌ പൈസയുടെ കുറവുണ്ടായിരുന്നു. ആകെ വിഷമിച്ച ശ്രീയെ ആയ്ശു സമാധാനിപ്പിച്ചു. "അതൊക്കെ ഞാം സരിയാക്കിത്തരാ" എന്നും പറഞ്ഞ് അവന്‍റെ കയ്യിലുള്ള നാണയത്തുട്ടുകള്‍ ഒന്നാകെ വാങ്ങി അവള്‍ കടയിലേക്കോടി. അല്‍പ സമയത്തിനുള്ളില്‍ ബാലരമയുമായി തിരിച്ചു വന്നു.

"നീയാള് കൊള്ളാമല്ലോഡീ... ഇതെങ്ങിനെ ഒപ്പിച്ച്?"
ഒരു വലിയ സംഭവം ചെയ്തു വിജയിച്ചു എന്ന ഭാവത്തില്‍ അവള്‍ ബാലരമ അവന് നേരെ നീട്ടി.
"അന്തം ബുട്ട് നിക്കാതെ, ഇപ്പൊ പോയി ബേഗം ബായിച്ച് തന്നാ പുതിയ പൂമ്പാറ്റക്ക് മാറ്റക്കച്ചോടം നടത്താന്നാ അമ്പിളി പറീണെ"

ഇതായിരുന്നു സ്ഥിരം പരിപാടി. ആരെങ്കിലും ഒരാളോ ഒന്നിലധികം പേര്‍ ചേര്‍ന്നോ ഒരു പുസ്തകം വാങ്ങും. അത് വായിച്ച ഉടനെ വേറെ ഇതേപോലെയുള്ള ടീമുമായി കൈമാറ്റം നടത്തും. ഇപ്പ്രാവശ്യം ശ്രീക്കും ആയ്ശുവിനും ബാലരമയായിരുന്നു നറുക്ക്‌ വീണത്‌. അന്ന് നിലവിലുള്ള പൂമ്പാറ്റ, ബാലരമ, തുടങ്ങി എല്ലാ ബാല മാസികകളും അമര്‍ ചിത്രകഥകളും ഇതുപോലെ വാങ്ങി വായിക്കും. ആദ്യം വായിച്ചു തീര്‍ക്കുന്ന ടീമിന് അടുത്ത ബുക്ക്‌ വേഗം മാറ്റം മാറാം എന്നതിനാല്‍ എല്ലാവരും മത്സരിച്ച് വായിച്ചു തീര്‍ക്കാന്‍ ശ്രമിക്കുമായിരുന്നു.

"ഉമ്മാ... ആ പെന്‍സില്‍ ഒന്ന് കൂര്‍പ്പിച്ച് തരീം.. ഞാന്‍ ശ്രീന്‍റെ അങ്ങ് പോക്വാ"

വെണ്ണീര് കൊണ്ട് പാത്രം കഴുകുകയായിരുന്നെങ്കിലും കൈ തുണിയില്‍ തുടച്ച് പെന്‍സില്‍ എടുത്ത് ഉപ്പയുടെ പിച്ചാത്തി കൊണ്ട് കൂര്‍പ്പിച്ച് കൊടുത്തു.

തൊട്ടടുത്ത്‌ തന്നെ എന്തോ പൊട്ടിയ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ശ്രീക്കും കിട്ടി രണ്ട് പെട. വേദന കൊണ്ട് പുളയുന്ന ആയ്ശുവും ശ്രീയും. തിരിഞ്ഞ് നോക്കിയപ്പോള്‍ പിന്നില്‍ രണ്ട് കുടുംബ കാരണവന്‍മാരും കലിതുള്ളി നില്‍ക്കുന്നു. ഉപ്പാന്‍റെ കയ്യില്‍ ചൂരല്‍ ഉള്ളത് ഇറയില്‍ തിരുകി വെക്കാന്‍ മാത്രമാണെന്നാ ഇതുവരെ കരുതിയിരുന്നത്. അതിന് ഇങ്ങിനെ ഒരു ഉപയോഗം കൂടി ഉണ്ടെന്ന് അറിഞ്ഞു.

"എടാ, രണ്ടാളും കൂടി പടിച്ചാന്‍ ന്നും പറഞ്ഞ് പോന്നതല്ലേ. ഇപ്പോ ഈ കണ്ടതോ? എന്നാ സ്കൂളില്‍ ബാലരമ പരീസ തുടങ്ങ്യെ?"

ബുക്കിനിടയില്‍ നിന്ന് ബാലരമ വലിച്ചെടുത്ത് പുറത്തേക്ക് നീട്ടിയെറിഞ്ഞത് അമ്മയാണ്. അവര്‍ക്കറിയില്ലല്ലോ, ഇന്ന് വായിച്ച് കഴിഞ്ഞില്ലെങ്കില്‍ എല്ലാ പ്ലാനുകളും തകരാറിലാവുമെന്ന്.

**********************************
കാലചക്രം അതിന്‍റെ അച്ചുതണ്ടില്‍ കറങ്ങിത്തിരിഞ്ഞ് മാസങ്ങള്‍ വര്‍ഷങ്ങള്‍ക്ക്‌ വഴിമാറി.
**********************************

"ഇച്ച് ഇനി മരിച്ചാ മതി... ഞാം എങ്ങനെ ആള്‍ക്കാരെ മൊകത്ത് നോക്കും?"
"അയിന് ഇബടെ എന്താപ്പോ ണ്ടായേ?"
"ഓളെയ്... അന്‍റെ മകള് ആയ്ശൂനെ ജ്ജ് കണ്ടോ? ഓള്പ്പൊ എബട്യാ ന്ന് അനക്ക് അറ്യോ?"
"ഓള് ന്‍റെ മാത്രല്ലാ.. ങ്ങളീം കൂടി കുട്ട്യല്ലേ?" "ന്താപ്പോ ണ്ടായ്യേ?"
പണ്ട് ഇറയില്‍ തിരുകി വെച്ചിരുന്ന ആ ചൂരല്‍ ഇന്ന് സ്ഥാനം മാറ്റി വാതിലിന് പിന്നില്‍ ഘടിപ്പിച്ച ഹുക്കില്‍ തൂക്കിയിട്ടിരിക്കുന്നു. അബ്ദുക്കാക്ക് ദേഷ്യം കൊണ്ട് വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ ചൂരല്‍ എടുത്ത്‌ ഒരു കോമരത്തെപ്പോലെ ഉറഞ്ഞുതുള്ളി.
"ങ്ങള് ഒന്നടങ്ങ്‌ മനുസാ" "മിഞ്ഞാന്നല്ലേ ങ്ങള് ദുബായീന്ന് എത്തീത്‌!" "ഇപ്പത്തന്നെ കുട്ട്യാളോട് ഇങ്ങനെ ഈറ പുടിച്ചാ.... ഓല്‍ക്ക് ങ്ങളെ ഇഷ്ട്ടണ്ടാവൂല്ല"
"എടീ.. ഞാന്‍ ലോകം കണ്ടോനാ... കുട്ടികള്‍ വഷളാവുന്നത് ഇങ്ങനെത്തന്ന്യാ... ഓള് ല്ലേ... അന്‍റെ മോള്... ഓള് ഇപ്പോ എത്രാം ക്ലാസിലാന്നാ ബിജാരം?! എത്ര ബയസ്സായീന്ന് അനക്കറിയോ?!"
"ങ്ങള് കോമരളകാതെ കാര്യം പറീം"  "ന്താപ്പോ ബടെ ണ്ടായ്യേ?"
"ഓള് ആ അയലോക്കത്തെ ആ നായര് കുട്ടീന്‍റെ കൂടി കൊലായീല്‍..."
"കോലായീല്‍....?"
"ഒന്ന് പോയി നോക്ക്... അപ്പൊ കാണാം"
"അയ്നെന്താ?! ഓല്ക്ക് അടുത്ത ആയ്ച്ച പരീഷല്ലേ... അയിന് രണ്ടാളും കൂടി ഒപ്പം കുത്തിര്ന്ന് പടിക്കാ... അയ്നെന്താ പ്രസ്നം?! ഇബടെ എന്നും അങ്ങനെത്തന്ന്യല്ലേ!"
"മേലാല്‍ അത്തരം ഒരു പടിച്ചല്‍ ഇബടെ കാണണ്ടാ... ഇന്നത്തോടെ നിര്‍ത്തണം... ജ്ജ് ബാര്‍ത്ത ഒന്നും കാണൂം കേള്‍ക്കൂം ഇല്ല... എന്തൊക്ക്യാ ഇക്കാലത്ത്‌ നടക്ക്ണത് ന്ന് അനക്ക് അറ്യോ?... ഇങ്ങന്യാ കുട്ട്യോള് ബടക്കാകലും ചാടിപ്പോകലും ഒക്കെ"

*************************************
കാലചക്രം വീണ്ടും കറങ്ങി ഹൈടെക് യുഗത്തില്‍ എത്തി നില്‍ക്കുന്നു.
ഒരു ചെറിയ ചാറ്റ് ബോക്സിലേക്ക് നിങ്ങളെ ആനയിക്കട്ടെ.
*************************************

"ഹൈ"
"എസ്... വാട്ട് യൂ വാണ്ട്?"
"ഡീ.. എന്‍റെ വാട്സ്ആപ്പില്‍ നിന്നോടുള്ള ചാറ്റ് മാത്രം ഹൈഡ്‌ ചെയ്ത് വെക്കുന്ന ഓപ്ഷന്‍ ഒന്ന് പറഞ്ഞു താ"
"വൈ?"
"എന്‍റെ കെട്യോള്‍ ഇത് കണ്ടാല്‍ ഹാലളകും... അനക്ക് അറ്യാലോ... അവള് ഒരു നാടന്‍ പെണ്ണാ"
"നിന്‍റെ ലാംഗ്വേജ് കേട്ടാല്‍... ഇതിപ്പോ ഞാനാ മാപ്പള നീയാ മാപ്പള എന്ന് മനസ്സിലാവൂലല്ലോ"
"ചാണകം ചാരിയാല്‍...... "
"പോടാ... കൊരങ്ങാ"
"പോടീ... കൊരങ്ങീ"
"യു നോ.... ഐ ആം സം വാട്ട് ബിസി. യൂ മെ ഇന്‍സ്റ്റാള്‍ ജിബി വാട്സ്"
"ഡീ.. ഞാനും ബിസി തന്ന്യാ... ഇതിപ്പോ ഹൈഡ്‌ ചെയ്തില്ലേ വീട്ടീന്ന് ഇറക്കി വിടും"
"മൈ ഓള്‍ ചാറ്റ് ഹാവ്‌ ബീന്‍ സീന്‍ ബൈ മൈ ഹസ്സ്"
"അത് അന്‍റെ കെട്ട്യോന്‍റെ കാര്യം... ന്‍റെ കേട്യോള്‍ അങ്ങിന്യല്ലാന്ന് കൂട്ടിക്കോ"
"നിന്‍റെ ചാറ്റ് കണ്ടപ്പോ അദ്ധേഹം പറയാ... നെക്സ്റ്റ്‌ വീകെന്‍റ്  നിങ്ങളെ കൂടി വിളിച്ച് ഒരു ഫാമിലി ഗാദെറിങ്ങ് ഉണ്ടാക്കണംന്ന്"
"ഞാന്‍ ഓക്കേ... ഹോം മിനിസ്റ്റര്‍ക്ക് നീ തന്നെ ഒന്ന് വിളിച്ച് അപ്രൂവല്‍ വാങ്ങണം... എന്നാ ഞാനും കുട്ട്യോളും നേരത്തെ കാലത്തെ അങ്ങേത്താം"
"ഓക്കേ.. ആസ് യൂ ലൈക്‌"
"എന്നാ വീകെണ്ട് കാണാംട്ടോ ആയ്ശൂ"
"ഓക്കേ ഡാ ശ്രീ"

ഒരു മകന്‍ ഉപ്പാക്ക് എഴുതിയത്

ഒരു മകന്‍ ഉപ്പാക്ക് എഴുതിയത്:

ഞാന്‍ അബീ എന്ന് വിളിക്കുന്ന എന്‍റെ ഉപ്പാ
എന്‍റെ ഈ വാക്കുകള്‍ കേള്‍ക്കാന്‍ നിങ്ങള്‍ സ്വര്‍ഗത്തില്‍ ഉണ്ടാകും എന്ന് എനിക്കുറപ്പുണ്ട്.
എന്‍റെ ഈ വിഷമങ്ങള്‍ പറയാന്‍ നിങ്ങളല്ലാതെ വേറാരും ഇന്നെനിക്കില്ല.

നിങ്ങളുടെ പുന്നാര പേരമകന്‍ എന്നെ തള്ളിപ്പറയുന്നത് നിങ്ങള്‍ കേട്ടില്ലേ?.

ഞാന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന് അവന്‍ അവന്‍റെ കൂട്ടുകാരോടെല്ലാം പറയുന്നു.
ഞാന്‍ അവനെ സ്നേഹിക്കുന്നില്ലപോല്‍.
ഞാനവന് വേണ്ടതൊന്നും ചെയ്തു കൊടുക്കുന്നില്ലപോല്‍.
അവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും ഞാന്‍ കണ്ടറിയുന്നില്ല പോല്‍.

എനിക്കറിയുന്നില്ല... എങ്ങിനെയാണവന് അവന്‍റെ കാര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടത്‌ എന്ന്. അവന്‍റെ കാലത്തിനോടൊപ്പം ഓടിയെത്താന്‍ എനിക്കാവുന്നില്ല. ഞാന്‍ ഇന്നും രണ്ടു നൂറ്റാണ്ട് പിറകിലാണ്. എന്‍റെ വരുമാനത്തിന്‍റെ രണ്ടിരട്ടിയാണ് അവന്‍റെ ദൈനംദിന ആവശ്യങ്ങള്‍. ഞാനെന്ത്‌ ചെയ്യും അബീ? ഉള്ള കാലത്ത്‌ എനിക്ക് പഠിക്കാന്‍ കഴിഞ്ഞില്ല. ആരും എന്നെ പഠിപ്പിക്കാന്‍ ഉണ്ടായില്ല.  അതിന്‍റെ ബുദ്ധിമുട്ടിന്നിതാ ഞാന്‍ അനുഭവിക്കുന്നു.

അബീ.... നിങ്ങള്‍ക്കറിയാമോ... നിങ്ങളുടെ മരണശേഷം നിങ്ങളുടെ മുതലാളിയുടെ കൃപ കൊണ്ട് നിങ്ങള്‍ ചെയ്തിരുന്ന ജോലി എനിക്ക് ലഭിച്ചു. അല്ലെങ്കില്‍, ഇന്ന് സൂര്യതാപമേറ്റ് രാവിലെ മുതല്‍ വൈകുന്നേരം വരെ പാടത്തോ പറമ്പിലോ ജോലി ചെയ്യുന്ന ആയിരങ്ങളില്‍ ഒരാളായി ഞാനും മാറിയേനെ. അവരെ നോക്കുമ്പോള്‍, അവരെക്കാളും ഞാനെത്രയോ ഉന്നതിയിലാണെന്ന് തോന്നുന്നു.

നിങ്ങള്‍ക്കറിയാമോ.... എന്‍റെ ജീവിതത്തില്‍ സുഖം എന്താണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. സുഖ ജീവിതമെന്താണെന്ന്‍ ഞാനനുഭവിച്ചിട്ടില്ല... എനിക്ക് അധികം കുട്ടികള്‍ വേണമെന്ന് പോലും ഞാനാഗ്രഹിച്ചില്ല. ഒരു മകനുള്ളത്, അവനെ നല്ലപോലെ വളര്‍ത്തണം... പഠിപ്പിച്ച് വലുതാക്കണം... ഞങ്ങള്‍ മാതാപിതാക്കള്‍ വയസ്സാകുമ്പോള്‍ ഞങ്ങള്‍ക്ക്‌ ഒരു താങ്ങാവണം എന്ന് മാത്രമായിരുന്നു എന്‍റെ സ്വപ്നങ്ങള്‍ മുഴുവന്‍.. എല്ലാം എന്‍റെ പൊന്നു മകന് വേണ്ടി ഈ മണലാരണ്യത്തില്‍ ഞാന്‍ ഹോമിക്കുകയാണ്.

ഇന്നെനിക്ക് വയ്യാതായിരിക്കുന്നു. പഴയ ഊര്‍ജ്ജം ജോലിയില്‍ ലഭിക്കുന്നില്ലാ... പെട്ടെന്ന് തളരുകയാണ്. മനസും ശരീരവും ഒരുപോലെ തളര്‍ന്നിരിക്കുന്നു. മുടികളില്‍ ജരാനരകള്‍ പടര്‍ന്നിരിക്കുന്നു... കാലുകളില്‍ വാതം ബാധിച്ചിരിക്കുന്നു. കണ്ണുകളെ തിമിരം മൂടിയിരിക്കുന്നു.

ഞാനോര്‍ക്കുന്നു അബീ... നിങ്ങള്‍ ലീവില്‍ വന്ന സമയത്ത്‌ കൈത്തണ്ട നിറയെ കറുത്ത കുത്തുകള്‍ കണ്ട ഞാന്‍ ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ഒഴിഞ്ഞു മാറിയത്‌. ഇന്ന്, എന്‍റെ കൈത്തണ്ടയും അതുപോലെ നിറയെ എണ്ണ തെറിച്ച് പൊള്ളിയ പാടുകളാണ്. മുതലാളിയുടെ ഈന്തപ്പനത്തോട്ടത്തിലെ ജോലി കഴിഞ്ഞ്, അടുത്ത കടയില്‍ തിരക്കുള്ള സമയം സഹായിക്കാന്‍ നിങ്ങള്‍ പോയിരുന്ന അതേ കടയില്‍ എനിക്കും അവര്‍ ജോലി തന്നു. ഒന്ന് രണ്ട് മണിക്കൂറേ അവിടെ ജോലിയുള്ളൂ വെങ്കിലും പത്ത്‌ മണിക്കൂറിന്‍റെ ഭാരമാ ആ ജോലിക്ക്. എന്നാലും എന്തെങ്കിലും എന്‍റെ കുടുംബത്തിന് വേണ്ടി കിട്ടുമല്ലോ എന്ന് കരുതി ഈ ജോലി വേണ്ടാ എന്ന് വെക്കാനും കഴിയുന്നില്ല.

അബീ... ഞാന്‍ നിങ്ങളെ പലപ്പോഴും തള്ളിപ്പറഞ്ഞിട്ടുണ്ട്. നിങ്ങളോട് മനസ്സില്‍ അതിയായ ദേഷ്യം ഉണ്ടായിട്ടുണ്ട്. സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍, മറ്റു കുട്ടികളെപ്പോലെ നല്ല ബാഗും കുടയും ഇല്ലാത്തതിനാല്‍ ഞാന്‍ നിങ്ങളെ വെറുത്തിരുന്നു. എന്നാല്‍ ഇന്ന് എന്‍റെ മകന്‍ ബൈക്ക്‌ വേണം എന്ന് എനിക്ക് ഫോണ്‍ വിളിച്ച് പറഞ്ഞപ്പോള്‍ അടുത്ത മാസം ശമ്പളം കിട്ടിയിട്ട് വാങ്ങാം എന്ന് പറഞ്ഞ എന്‍റെ വാക്കുകള്‍ മുഴുമിപ്പിക്കുന്നതിന് മുമ്പേ ഫോണ്‍ കട്ട് ചെയ്ത എന്‍റെ മകന്‍റെ മാനസികാവസ്ഥ അന്നത്തെ എന്‍റെ സംഭവവുമായി ഞാന്‍ കൂട്ടിവായിക്കുന്നു അബീ.

മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം ലീവില്‍ വന്നിരുന്ന നിങ്ങളെപറ്റി എന്‍റെ ഉമ്മി എപ്പോഴും പുച്ഛത്തോടെ മാത്രേ സംസാരിചിരുന്നുള്ളൂ. എന്നാല്‍ ലീവില്‍ വരാതെ ആ സമയത്ത്‌ കൂടി ജോലി ചെയ്ത് ഞങ്ങള്‍ക്ക്‌ അയച്ചു തരികയായിരുന്നു എന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്‌ അബീ.

നിങ്ങള്‍ ഒരിക്കല്‍ ലീവിന് വരുന്ന സമയത്ത്‌, എന്‍റെ കൂട്ടുകാര്‍ക്ക് കൊടുക്കാന്‍ പത്ത്‌ ഹീറോ പേനകള്‍ വേണമെന്ന് പറഞ്ഞിട്ട് വെറും രണ്ട് പേനകള്‍ മാത്രമായി വന്നതും അത് കാരണമായി ഒരാഴ്ച നിങ്ങളോട് തെറ്റി ഞാന്‍ നാട് വിട്ടതും ഇന്ന് പശ്ചാത്താപത്തോടെ ഞാന്‍ ഓര്‍ക്കുന്നു അബീ. അന്നെനിക്കറിയില്ലായിരുന്നു അബീ... ആ രണ്ട് പേനക്ക് തന്നെ നിങ്ങളുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം നീക്കിവെക്കേണ്ടി വന്നിരുന്നു എന്ന്.

നിങ്ങളുടെ കഴിവിന്‍റെ പരമാവധിയും അതിലപ്പുറവും ശ്രമിച്ചിട്ടും ഞങ്ങളുടെ ജീവിതച്ചിലവുകള്‍ക്കും പഠനത്തിനും തികയാതെ വന്നതിനാലാണ് എന്നോട് പഠനം നിര്‍ത്താന്‍ പറഞ്ഞതെന്ന് എനിക്കറിയില്ലായിരുന്നു അബീ... എന്നോട് സ്നേഹമില്ലാത്തതിനാലാണ് എന്നോട് പഠനം നിര്‍ത്താന്‍ പറഞ്ഞതെന്ന് ഞാന്‍ നിങ്ങളെപ്പറ്റി ചിന്തിച്ചത്‌ തെറ്റായിപ്പോയി അബീ...  മാപ്പ്... മാപ്പ്

ഇന്നിതാ നിങ്ങളുടെ പേരമകന്‍ എന്നോട് പിണങ്ങിയിരിക്കുകയാണ്. അവന് സൈക്കിള്‍ പോരാ... ബൈക്ക്‌ വേണമെത്രേ. ഞാനെന്ത്‌ ചെയ്യും?! എവിടെ നിന്ന് അതിനുള്ള കാശ് ഒപ്പിക്കും?! അന്ന് നിങ്ങളോട് എനിക്കുണ്ടായിരുന്നതിലും കടുത്ത ഈര്‍ഷ്യയോടെയാണ് ഇന്നെന്‍റെ മകന്‍ എന്നോട് പെരുമാറുന്നത്.

നിങ്ങള്‍ക്ക്‌ ഗള്‍ഫില്‍ വാച്ച്മാന്‍ ജോലി ആയിരുന്നെന്ന് പറഞ്ഞപ്പോള്‍ അതിന്‍റെ കാഠിന്യം ഇത്രമാത്രമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല അബീ.... ഇപ്പോഴെനിക്കെല്ലാം മനസ്സിലാവുന്നുണ്ട്... ചൂട് കാലമോ, തണുപ്പ് കാലമോ എന്ന് മാറ്റമില്ലാതെ രാത്രി കാലങ്ങളില്‍ ഏക്കര്‍ കണക്കിന് വിസ്താരമുള്ള ഈന്തപ്പനത്തോട്ടത്തിന് ചുറ്റും സ്വന്തം കാലില്‍ നടന്ന് കൊണ്ട് കാവല്‍ നോക്കണം എന്നതിന്‍റെ പ്രയാസം എത്രമാത്രമാണെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ കണ്ണുകളില്‍ തീപ്പെട്ടിക്കൊള്ളി കുത്തിവെച്ച പാടുകള്‍ ഇന്ന് എന്‍റെ കണ്ണുകളിലും വരാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണുകളുടെ ഉറക്കം തൂങ്ങല്‍ കുറക്കാന്‍ ഇതായിരുന്നല്ലേ നിങ്ങള്‍ കണ്ടുപിടിച്ച ഉപാധി!!!

പന്ത്രണ്ട് മണിക്കൂര്‍ നീളുന്ന ഈ ജോലിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം ഞങ്ങളെ പോറ്റാന്‍ മതിയാവില്ല എന്ന് മനസ്സിലാക്കിയ അങ്ങ് ഈ വാച്മാന്‍ ജോലി കഴിഞ്ഞ ശേഷം കാറുകള്‍ കഴുകുകയും ആളുകളുടെ റൂമുകളും കെട്ടിടങ്ങളും വൃത്തിയാക്കികൊടുക്കുകയും ചെയ്തിരുന്നു എന്നും ഈയിടെയായി നിങ്ങളുടെ ഒരു കൂട്ടുകാരന്‍ എന്നോട് പറഞ്ഞത്‌ കേട്ടപ്പോള്‍ എന്‍റെ മനസ്സ്‌ പിടയുകയാണ്.


ഒരു കെട്ടിടത്തിന്‍റെ മുകളില്‍ വൃത്തിയാക്കുമ്പോള്‍ ഉറക്കം തൂങ്ങി താഴേക്ക്‌ വീണതാണ് മരണ കാരണം എന്ന് ഇക്കഴിഞ്ഞ ദിവസം മാത്രമാണ് നിങ്ങളുടെ ഒരു കൂട്ടുകാരനില്‍ നിന്ന് ഞാനറിയുന്നത്. ഇതൊന്നും കാണാതെയും കേള്‍ക്കാതെയും എന്‍റെ ഉമ്മ അങ്ങ് സുബര്‍ക്കത്തില്‍ നിങ്ങളുടെ കൂടെ കഴിയുന്നുണ്ടാകും എന്നത് മാത്രമാണ് എന്‍റെ മനസ്സിന് കുറച്ചെങ്കിലും ഒരാശ്വാസം.

Monday, December 28, 2015

ആത്മഹത്യ പ്രായശ്ചിത്തമോ?

ആത്മഹത്യ പ്രായശ്ചിത്തമോ? (മത്സര രചന)
·Posted by സൈഫു ا on January 21, 2011 at 5:30pm

ഇഹ ലോകത്തെ നശ്വര ജീവിതം പ്രതിഫലേച്ഛയില്ലാതെ കര്‍മ്മനിരതമാവില്ല എന്ന് ജീവിതം എന്നെ പഠിപ്പിച്ചു.
 
ഒരു വസ്തു നിന്ന സ്ഥലത്ത് അതിന്‍റെ അദൃശ്യ നിഴല്‍ നിലനില്‍ക്കുന്നു എന്ന, ശാസ്ത്രസത്യം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, വസ്തു നിന്ന സ്ഥലത്ത് അതിന്‍റെ വാസന നില നില്‍ക്കുന്നു എന്ന സത്യം ഞാന്‍ കണ്ടുപിടിച്ചത് അവര്‍ കണ്ടുപിടിച്ചു.
 
ഓരോ മൃഗത്തിനും ഓരോ വാസനയുന്ടെന്ന പോലെ ഓരോ തരം മനുഷ്യനും ഓരോ വാസനയുന്ടെന്നു ഞാനറിഞ്ഞു. സോമാലികള്‍ക്കൊരു വാസനയെങ്കില്‍, പാക്കികള്‍ക്ക് വേറൊരു വാസന... ഫിലിപ്പീനികള്‍ക്കൊരു വാസനയെങ്കില്‍ ഇന്തോനേഷ്യക്കാര്‍ക്ക്‌ വേറൊരു വാസന... ഇന്ത്യക്കാര്‍ക്കൊരു വാസനയെങ്കില്‍ ശ്രീലങ്കക്കാര്‍ക്കൊരു വാസന. ഇന്ത്യക്കാരില്‍ തന്നെ ഓരോ സംസ്ഥാനക്കാര്‍ക്കും ഓരോ വാസന. കൂടുതല്‍ ആഴങ്ങളിലേക്ക് പോകുന്തോറും അതിന്‍റെ വിവിധ തലങ്ങളിലേക്ക് ഊളിയിടാന്‍ എനിക്ക് കഴിഞ്ഞു. വീട്ടില്‍ ആരൊക്കെ വന്നുപോയി എന്ന് അവിടെ തങ്ങി നില്‍ക്കുന്ന വാസനയില്‍ നിന്നും ഞാന്‍ മനസ്സിലാക്കുമായിരുന്നു.
 
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൊബൈല്‍ സൈലന്റ് മോഡില്‍ ആക്കാന്‍ മറക്കാറില്ല. അതിനാല്‍ രണ്ടുണ്ട് ഗുണം. വിളിച്ചവര്‍ ആരെന്നു അറിയുകയും ചെയ്യും, ഉറക്കം കെടുത്തുന്ന ബെല്‍ കേള്‍ക്കുകയും വേണ്ട.
 
തൊലിക്ക് നല്ലതെന്നു 'വനിത' പറഞ്ഞതനുസരിച്ച് ആഴ്ചയിലൊരു കടലില്‍ കുളി ഉള്ളത് ഈ ആഴ്ച വളരെ നീണ്ടു. ക്ഷീണത്താല്‍ വന്നുറങ്ങിയ എന്നെ നിദ്രാദേവി പെട്ടെന്ന് എതിരേറ്റു.
 
രാത്രി രണ്ടരക്ക് മൊബൈല്‍ ബെല്‍ എന്നെ വിളിച്ചുണര്‍ത്തി. മൊബൈല്‍ സൈലന്റ് ആക്കാന്‍ മറന്ന നിമിഷത്തെ പഴിച്ച് മൊബൈല്‍ സ്ക്രീനില്‍ നോക്കുമ്പോള്‍ ICE യില്‍ തുടങ്ങുന്ന ആ distinctive നമ്പര്‍. വളരെ പ്രധാനപ്പെട്ടവര്‍ക്ക് മാത്രം കിട്ടാവുന്ന ആ നമ്പരില്‍ നിന്ന് പ്രധാന വിളികള്‍ മാത്രമേ അസമയങ്ങളില്‍ വരൂ എന്ന് എനിക്കുറപ്പാണ്. ലൈന്‍ ഓണാക്കിയതും പെട്ടെന്ന് ഓഫീസില്‍ വാ എന്ന് പറഞ്ഞ് ലൈന്‍ കട്ടാക്കി.
 
ഈ നഗരം മുഴുവന്‍ റഡാറിന് കീഴിലാക്കാന്‍ നിര്‍ദേശിച്ചത് ഞാനായിരുന്നു. ഭൂമിക്കടിയില്‍ ഒരു കിലോമീറ്റര്‍ ദൂരം വരെ രക്തം ചിന്തുന്ന ഏതു രംഗമുണ്ടായാലും  റഡാറില്‍ അപ്പപ്പോള്‍ സിഗ്നല്‍ കാണിക്കും. അവിടേക്ക് ക്യാമറ സൂം ചെയ്‌താല്‍ അറിയാന്‍ കഴിയും, എന്ത് കാരണത്താലാണ് രക്തം ചിന്തപ്പെട്ടത്‌ എന്ന്.  
 
ചുമരുകള്‍ തുളച്ച് അകത്തളങ്ങളിലേക്ക് ഇറങ്ങി ഫോട്ടോ എടുക്കാന്‍ കഴിവുള്ള സാറ്റലൈറ്റ് ക്യാമറ കൂടുതല്‍ സൂം ചെയ്തപ്പോള്‍ സ്ക്രീനില്‍ രണ്ട് മൃതശരീരങ്ങള്‍ തെളിഞ്ഞു വന്നു.
 
പതിനാറാം നിലയിലേക്ക് ലിഫ്റ്റില്‍ കയറുന്ന സമയം ഞാന്‍ ബോസിനോട് ചോദിച്ചു, "ഈ ബില്‍ഡിങ്ങില്‍ സോമാലിയക്കാര്‍ ആരെങ്കിലും താമസമുണ്ടോ?"
 
"ഇല്ല, താഴെ ഞങ്ങളുടെ കാറുകള്‍ കഴുകാന്‍ വരുന്നവരല്ലാതെ ഇവിടെ സോമാലിയക്കാര്‍ ആരും വരാറില്ല"
 
വളരെ പ്രമാദമായ ഒരു കേസായിരുന്നു. എന്‍റെ ബോസ് താമസിക്കുന്ന ബില്‍ഡിങ്ങില്‍ ഏറ്റവും മുകളിലെ നിയലില്‍ രണ്ട് ഇന്തോനേഷ്യന്‍ ജോലിക്കാരികളെ മാനഭംഗം ചെയ്ത ശേഷം കൊന്നിരിക്കുന്നു.
 
വീട്ടുകാര്‍ പുറത്ത് ടൂറിലാണ്. പ്രസ്തുത റൂമില്‍ ചെല്ലുമ്പോള്‍ അസ്ത്രപ്രജ്ഞനായി നില്‍ക്കുന്ന വീട്ട് ഡ്രൈവറെയാണ് കാണാന്‍ കഴിഞ്ഞത്. കൂടുതലന്വേഷണത്തില്‍ നിന്ന് അടുത്ത വീട്ടിലെ ഇന്തോനേഷ്യന്‍ ഡ്രൈവറുമായി ഇവരിലൊരാള്‍ അടുപ്പത്തിലായിരുന്നെന്നും അറിയാന്‍ കഴിഞ്ഞു. തെളിവെടുപ്പിന് ശേഷം, കൂടുതലന്വേഷണത്തിനായി രണ്ട് ഡ്രൈവര്‍മാരെയും കൊണ്ട് ഓഫീസിലെത്തി.
 
തെളിവുകളെല്ലാം ആ ഇന്തോനേഷ്യന്‍ ഡ്രൈവര്‍ക്കെതിരെയായിരുന്നു. പക്ഷെ, എനിക്കെന്തോ അതത്ര പിടിച്ചില്ല.
 
തിരിച്ച് വീട്ടിലെക്കെത്തുമ്പോള്‍ സമയം രാത്രി പന്ത്രണ്ട്. വീട്ടിനു മുന്നില്‍ എന്‍റെ ജീപ്പ് എത്തിയതും തൊട്ടരികില്‍ ഒരു കാപ്രിസ്‌ കാര്‍ വന്നു നിര്‍ത്തി. കാര്‍ അടുത്തു വന്നു നിര്‍ത്തിയതും സോമാലിയക്കാരുടെ ആ പ്രത്യേക വാസന എന്‍റെ നാസാരന്ധ്രങ്ങളെ തകര്‍ക്കുമാര്‍ തുളച്ചു കയറി. സ്ത്രീയെന്നു തോന്നിക്കുന്ന, ശരീരം ആകെ മൂടിയ, ഒരു രൂപം കാറിന്‍റെ പിന്‍സീറ്റില്‍ നിന്ന് എന്‍റെ വാഹനത്തിനുള്ളിലേക്ക് ഒരു പെട്ടി വലിച്ചെറിഞ്ഞതും ആ കാര്‍ ചീറിപ്പാഞ്ഞു.
 
ആകാംക്ഷ മുറ്റിയ നിമിഷങ്ങള്‍... വണ്ടിയിലുള്ള മൊബൈല്‍ എക്സ്റേ മെഷിന്‍ എടുത്തു പരിശോധിച്ചപ്പോള്‍ എന്‍റെ കണ്ണുകള്‍ മഞ്ഞളിച്ചു. ബോംബായിരിക്കുമെന്ന് ഭയന്ന പെട്ടിക്കുള്ളില്‍ നിറയെ അഞ്ഞൂറിന്റെ നോട്ടുകള്‍. കൂടെ അറബിയില്‍ എഴുതിയ ഒരു പേപ്പറും.
 
സാഹചര്യത്തെളിവുകള്‍ വെച്ച് നിഷ്ഠൂര കൃത്യത്തിന് ആ ഇന്തോനേഷ്യന്‍ ഡ്രൈവറെ വധ ശിക്ഷക്ക് വിധിച്ചു.
 
ശിക്ഷ നടപ്പാക്കുന്ന ദിവസം...
 
തലേന്ന് എനിക്കുറക്കം വന്നില്ല. എങ്ങിനെയുറക്കം വരും?! സ്വന്തം കുടുംബാംഗങ്ങളെ അനാഥത്വത്തിലേക്ക് തള്ളിവിട്ട് ചെയ്യാത്ത കുറ്റത്തിന് ഒരു പാവത്തെ കഴുമരത്തിലേറ്റിയില്ലേ താന്‍ ‍. മനസ്സ്‌ രണ്ടു ഭാഗങ്ങളാകുന്ന നിമിഷങ്ങള്‍ . മനസ്സിനുള്ളില്‍ വടം വലികള്‍ നടക്കുന്നു. എന്‍റെ കൃത്യത്തെ എതിര്‍ത്തും അനുകൂലിച്ചും വാഗ്വാദങ്ങള്‍ .
 
സൂര്യനുദിക്കുന്നതിനു മുമ്പ് ഓഫീസിലെത്തി. ബോസിന് എന്‍റെ രാജിക്കത്ത് എഴുതി വെച്ച് തിരിച്ച് നടന്നു. എന്‍റെ സമ്പാദ്യത്തെ മൂന്ന് ഭാഗങ്ങളാക്കി. ഒരു ഭാഗം ആ പാവത്തിന്റെ കുടുംബത്തിനും, ഒരു ഭാഗം പാവപ്പെട്ടവര്‍ക്കും, ഒരു ഭാഗം എന്‍റെ കുടുംബത്തിനും കൊടുക്കാന്‍ വില്‍പത്രം എഴുതിവെച്ചു.
 
പതിനൊന്നു മണിക്ക് അവന്‍ തൂക്കിലേറ്റപ്പെടുന്ന സമയം ഞാന്‍ പതിനാറാം നിലയുള്ള ആ കെട്ടിടത്തിന്‍റെ മുകളിലെ തട്ടിലേക്ക് കയറുകയായിരുന്നു...

Thursday, February 2, 2012

ചിന്ത ചിന്തകള്‍

ചിന്ത ചിന്തകള്‍

========================
എന്‍റെ മനസ്സില്‍ തോന്നിയതും വായിച്ചതുമായ ചില ചിന്ത ചിന്തകള്‍ നിങ്ങളുമായി പങ്ക് വെക്കുന്നു. കൂടുതല്‍ ചിന്തിക്കുന്തോറും ഞാനിത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.
========================

മങ്ങാട്ടച്ചനും കുഞ്ഞായന്‍ മുസ്ലിയാരും ഉള്ള കഥയില്‍ മങ്ങാട്ടച്ചന്‍ കുഞ്ഞായന്‍ മുസ്ലിയാരോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്, 'ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗതയുള്ളത് എന്തിനാണ്?' എന്ന് ഉടന്‍ കുഞ്ഞായന്‍ മുസ്ലിയാര്‍ മറുപടി പറഞ്ഞു, "ചിന്ത"

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗത കൂടിയത് എന്താണെന്ന ചോദ്യത്തിന് രണ്ടാമതൊരുത്തരം കാണുക പ്രയാസം... അതാണ്‌ "ചിന്ത". ഈ ലോകത്തില്‍ എന്നല്ല അണ്ടകടാഹത്തിന്‍റെ ഏതു കോണിലേക്കും നിങ്ങള്‍ക്ക്‌ ചിന്തയെ പായിക്കാന്‍ നിമിഷാര്‍ദ്ധങ്ങള്‍ പോലും വേണ്ട.

ഞാന്‍ ഇത്രയധികം ചിന്തിച്ച 'ഒരു' വിഷയം വേറെയുണ്ട് എന്നെനിക്ക് തോന്നുന്നില്ല.

Definition: Thinking is an internal mental process that uses data or information as input, integrates that information into previous learned material and the and results in either knowledge or nothing. It may occur at any moment including while eating, sleeping or working on an unrelated task. Problem solving, planning, information integration, and analysis are four kinds of thinking.
http://home.earthlink.net/~ddstuhlman/defin1.htm

വിചാരം, മനനം, ചൊല്ലി, ചിത്തം, ചിന്ത, ചിന്തിതി, ചിന്തിതം, ചേതോഗതം, വിചാരം, വിവക്ഷ, മാനസികവൃത്തി, മുന്നൽ, മനോഗതം, മന്തവ്യം, മെയ്മ, അവർശം, അന്തര്‍ഗ്ഗതം, ആശയം, ആലോചനം, ഉന്നൽ, പരാമര്‍ശനം, പരാമര്‍ശം, പരിഭാവനം, തോറ്റം, തോന്നല്‍, സ്മരണ, ഈക്ഷ, നിനവ്, ബോധം, എണ്ണം തുടങ്ങിയ അര്‍ത്ഥങ്ങളൊക്കെ ചിന്തക്കുണ്ടെന്നാണ് വിക്കി പറയുന്നത്.
("http://ml.wiktionary.org/wiki/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4" എന്ന താളിൽനിന്നു ശേഖരിച്ചത്)

മനുഷ്യന്റെ ചിന്തകളേയോ, വീക്ഷണങ്ങളേയോ, ഓര്‍മ്മകളേയോ, വികാരങ്ങളേയോ, ഭാവനകളേയോ ബൌദ്ധികപരമായും, ബോധപൂര്‍വ്വമോ, അബോധപൂര്‍വ്വമോ അവലംബമാക്കുന്നതിനു ഉപയോഗിക്കുന്നതിനെയാണ് മനസ്സ് എന്ന പറയുന്നത്. മനുഷ്യന്‍ ചിന്തിക്കുന്നത് മനസ്സില്‍ ആണെന്നാണ് സാധാരണ ഉള്ള പ്രയോഗം.
ബോധപൂര്‍വ്വമായ ചിന്തകളെ സാധാരണ രീതിയില്‍ മനസ്സ് എന്ന് വിവക്ഷിക്കാറുണ്ട്
മനസ്സ് എന്നാല്‍ എന്താണ് എന്നത് ഇനിയും ചര്‍ച്ചാവിഷയമായി തുടരുന്ന ഒരു സംഗതിയാണ്. തലച്ചോറില്‍ തന്നെയാണ് മനസ്സിന്റെയും സ്ഥാനം എന്നു വിശ്വസിച്ചുവരുന്നവര്‍ കൂടുമ്പോഴും അതു ശരിയാണൊ, ആണെങ്കില്‍തന്നെ തലയിലെ ഏതു ഭാഗത്ത് എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. എങ്കിലും വേദങ്ങള്‍ പോലുള്ള പൗരാണിക ഗ്രന്ഥങ്ങള്‍ മനസ്സിനെ 'ചിന്തകളുടെ കൂട്ട'മായി നിര്‍വ്വചിക്കുന്നു. ഇതിനു ശാസ്ത്രീയമായ വശമില്ല എങ്കിലും ഒരര്‍ത്ഥത്തില്‍ ശരിയാണെന്നു വിശ്വസിക്കേണ്ടിവരും.

ചിന്തയും ശരീരവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധത്തെയാണ് പല തത്വ ചിന്തകന്മാരും പഠിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ചിന്തകള്‍ എങ്ങിനെ ശരീരവുമായി ബന്ധപ്പെട്ട് കുടക്കുന്നു എന്നും ചിന്തകള്‍ എങ്ങിനെ ശരീരത്തെ നിയന്ത്രിക്കുന്നു എന്നും.

ബിഷപ്പ് റോബര്‍ട്ട് എം. സോളമന്‍ വാക്കുകള്‍ കടമെടുത്താല്‍: "ചിന്തയും വികാരവും ബന്ധപ്പെട്ടു കിടക്കുന്നു. ഇന്നത്തെ കാലത്ത് വളരുവാനല്ല; ആനന്ദിക്കാനാണ് ആഗ്രഹം. നാം ചിന്തിക്കുന്നത് വികാരത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ചിന്ത വാക്കുകളായും, പ്രവര്‍ത്തനങ്ങള്‍ രീതികളായും, രീതികള്‍ സ്വഭാവമായും, സ്വഭാവം ജീവിത ഭാവിയും നിര്‍ണ്ണയിക്കുന്നു. ചിന്തകളില്ലാത്ത പ്രവര്‍ത്തനം അര്‍ത്ഥമില്ലാത്ത പ്രകടനമാണ്.

ചിന്തയുടെ വേറൊരു തലമാണ്... ഊഹം. Guess

ചിന്ത മനുഷ്യന്‍ ചിന്തിക്കാതെ തന്നെ നടത്തപ്പെടുന്ന ഒരു പ്രക്രിയയാണ്.

ആപ്പിള്‍ വീണപ്പോള്‍ ചിന്തിച്ചതാണല്ലോ ഭൂഗുരുത്വാകര്‍ഷണ നിയമം കണ്ടുപിടിക്കാന്‍ കാരണം തന്നെ. കണ്ടുപിടുത്തങ്ങള്‍ അധികവും ചിന്തയുടെ സഹായത്തോടെ ഊഹിച്ച് അത് ക്രിയാത്മക തലത്തിലേക്ക്‌ ആവാഹിച്ചപ്പോള്‍ കിട്ടിയ പരിണിത ഫലങ്ങളാണ്.

ചിന്ത രോഗങ്ങളെ ഒരു വലിയ തോതില്‍ ബാധിക്കുന്നു:

പ്രമേഹ രോഗികള്‍ക്ക് മരുന്ന് ഫലിക്കാന്‍ മാനസ്സിക സംഘര്‍ഷം കുറയ്ക്കല്‍ വളരെ നിര്‍ബന്ധമാണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ചിന്ത രോഗമാകുന്ന അവസ്ഥയുണ്ട്: ചിന്ത കൂടിയാലുണ്ടാകുന്ന രോഗമാണ് വിഷാദ രോഗം.

ചിന്തകളെ തളര്‍ത്തുന്ന / കടിഞ്ഞാണിടുന്ന മരുന്നുകള്‍ ഇന്ന് വിപണിയില്‍ സുലഭം. അനസ്തേഷ്യ കൊടുക്കുന്നതോടെ നമ്മുടെ ചിന്തകള്‍ തളര്ത്തപ്പെടുകയാണല്ലോ. അതിനാല്‍ നമുക്ക്‌ വേദനയെപ്പറ്റി ചിന്തിക്കാന്‍ കഴിയുന്നില്ല.

തലക്കടി കിട്ടിയാല്‍ ചിന്തിക്കാനുള്ള കഴിവു പോകുന്നു എന്ന നിയമം വെച്ചാണല്ലോ റിപ്പര്‍ ചുറ്റിക കൊണ്ട് തലക്കടിച്ചിരുന്നത്.

കള്ളിന്റെ ഫലമായി ചിന്ത വ്യതിചലിക്കാം. അതിനാലാണല്ലോ അവര്‍ പിച്ചും പേയും പറയുന്നതും പ്രാകി പ്രാകി നടക്കുന്നതും.

ചിന്തയെ രണ്ടാക്കിത്തിരിക്കാം: നല്ല ചിന്തയും ചീത്ത ചിന്തയും.
ചിന്തയെ രണ്ടാക്കിത്തിരിക്കാം: ഉപകാരമുള്ള ചിന്തയും ഉപദ്രവമുള്ള ചിന്തയും.
ചിന്തയെ രണ്ടാക്കിത്തിരിക്കാം: സ്വയം ഉപയോഗമുള്ളവയും സമൂഹത്തിന് ഉപയോഗമുള്ളവയും.
ചിന്തയെ രണ്ടാക്കിത്തിരിക്കാം: ഉപബോധ മനസ്സിന്‍റെ ചിന്തയും അപബോധ മനസ്സിന്‍റെ ചിന്തയും
ചിന്തയെ രണ്ടാക്കിത്തിരിക്കാം: തീവ്ര ചിന്തകളും മിത ചിന്തകളും.
ചിന്തയെ രണ്ടാക്കിത്തിരിക്കാം: ആധുനിക ചിന്തകളും പൌരാണിക ചിന്തകളും
ചിന്തയെ രണ്ടാക്കിത്തിരിക്കാം: ജീവിത ചിന്തയും മരണ ചിന്തയും.

ആവശ്യമില്ലാത്ത ചിന്തകള്‍ ഒഴിവാക്കുന്നത് മനസ്സിന്‍റെ ആരോഗ്യത്തിനു നല്ലതാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.

ഒരുപക്ഷേ ആകാശം പൊളിഞ്ഞു വീണാലോ എന്ന് കരുതി അതിനൊരു തൂണ്ണ്ടാക്കാം എന്ന് ചിന്തിക്കുന്നതിലും വലിയ മൌഢ്യം വേറെയുണ്ടോ?! അതേപോലെ, നാളെയെങ്ങാന്‍ ഓക്സിജന്‍ പോയാലോ എന്ന് ചിന്തിച്ച് ഓക്സിജന്‍ സിലിണ്ടറും പുറത്ത് ഘടിപ്പിച്ച് നടന്നാലോ എന്ന് ചിന്തിക്കണോ?

രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ ചിന്ത ഒരു വലിയ ഭാഗഭാക്കാന് എന്ന് പറഞ്ഞുവല്ലോ. ചിന്തകളെ കടിഞ്ഞാനിടുന്നതോടെ ജീവിത വിജയം നയിക്കാനുള്ള പാതയുടെ ഒരു വലിയ ഭാഗം താണ്ടി എന്ന് പറയാം.

മനസ്സിനെ കടിഞ്ഞാണിടാന്‍ കരുത്ത് നേടാന്‍ ഹിപ്നോതെരാപ്പി സഹായിക്കും എന്നത് എന്റെ ജീവിതാനുഭാവമാണ്.

നിര്‍മ്മല ചിന്തയുടെ രണ്ടു ധ്രുവങ്ങളാണ് ശൈശവവും വാര്‍ദ്ധക്യവും എന്ന് പറയാം. ചെറുപ്പത്തിലും വാര്‍ധക്യത്തിലും സൂക്ഷ്മമായ കാര്യങ്ങളില്‍ ചിന്തയും തദനുസരണം പ്രവൃത്തിയും ചെയ്യാന്‍ കഴിയാത്തത് ഇതിനാലാണ് (ഉദാ: സൂചിയില്‍ നൂല്‍ കോര്‍ക്കല്‍)

ഒരു ഭാഷ താന്‍ സ്വായത്തമാക്കി എന്നവകാശപ്പെടാന്‍ ചിന്തിക്കാന്‍ സമയം കൊടുക്കാതെ ചിന്തിച്ച് ആ ഭാഷ സംസാരിക്കാന്‍ ശേഷി നെടുമ്പോഴാണ്.

ഇരുപത് മുതല്‍ ഇരുപതിനായിരം ആവൃത്തികള്‍ക്കിടയില്‍ മാത്രമേ കേള്‍ക്കാന്‍ കഴിയൂ എന്നപോലെ നിയമം ഇല്ലെങ്കിലും ചിന്തകള്‍ക്കും പരിധികളുണ്ട്. ഒരു സെക്കന്റിനെ രണ്ടായി മുറിച്ച് മുറിച്ച് സമയമില്ലാത്ത ഒരു അവസ്ഥയിലെത്താം എന്ന വാദം ചിന്താധീനമല്ലേ?!

ഓരോരുത്തര്‍ക്കും ചിന്തകള്‍ ഉണ്ട്. എന്നാല്‍ അവരുടെ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ ചിന്തിക്കാന്‍ കഴിയൂ എന്ന് ഞാന്‍ കരുതുന്നു. എന്‍റെ അക്വേറിയത്തിലെ ഗോള്‍ഡ്‌ഫിഷിന് ഭക്ഷണം കൊടുക്കാന്‍ ഞാന്‍ അടുത്തു ചെല്ലുമ്പോള്‍ കിടന്നു പുളക്കുന്നതിന് മാത്രമായിരിക്കാം അതിന്‍റെ ചിന്ത എന്ന് നാം കരുതുന്നു. എന്നാല്‍ 'അതിന്‍റെ ലോകത്ത്' അതിന് ചിന്തിക്കാന്‍ ഒരുപാടുണ്ടാവില്ലേ? മരങ്ങള്‍ ചിന്തിക്കുന്നു അതനുസരിച്ച് പ്രവൃത്തിക്കുന്നു. അത് കൊണ്ടാണല്ലോ സൂര്യപ്രകാശം കിട്ടുന്ന ഭാഗത്തേക്ക് അവ വളരുന്നത്. കൊതുകുകള്‍ നമ്മുടെ രക്തത്തെപറ്റി ചിന്തിക്കുമ്പോള്‍ ഉറുമ്പുകള്‍ മധുരത്തെ പറ്റി ചിന്തിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ലോകത്തില്‍ ജീവനുല്ലവയെല്ലാം ചിന്തിക്കുന്നുണ്ട്.

ഗാഢമായി ഒരു കാര്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ കണ്ണുകള്‍ നാമറിയാതെ മുകളിലോട്ടു പോകുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന ഡ്യൂട്ടി 'ചിന്തക്കാണ് കിട്ടിയിട്ടുള്ളത്.

ചിന്തയുടെ പിറകെ അധികവും ഒരു പ്രവൃത്തി ഉണ്ടായിരിക്കും. അതുകൊണ്ട് ആദ്യം ചിന്ത ക്രോഡീകരിക്കുക, എന്നാല്‍ പ്രവൃത്തിയും ക്രോഡീകരിക്കപ്പെടും.

ചിന്ത ഉണ്ടാക്കിയത് ഏതു ഫോര്‍മാറ്റിലാണ് എന്ന് എങ്ങാനും കണ്ട് പിടിച്ചാല്‍ ഈ ലോകത്ത്‌ സുനാമിയെക്കാളും വലിയ ഭൂകമ്പ തിരമാല ഉണ്ടാകും. രാമന്‍റെ പെട്രോള്‍ പോലെ ഒരു ചെറിയ തീപ്പൊരി മതി. ഡാറ്റയുടെ കോപ്പിറൈറ്റ് പേറ്റന്റ്‌ എടുക്കാന്‍ മുതലാളി കുത്തകകള്‍ രംഗത്ത് വരും. കോപ്പി ചെയ്യാന്‍ പുതിയ മെഷിനുകള്‍ കണ്ടുപിടിക്കപ്പെടും. തലച്ചോറുകള്‍ക്ക് വിലപറയുന്ന കാലം വരും. അസാധാരണ ബുദ്ധിയുള്ളവരുടെ മസ്തിഷ്കം കൊണ്ട് വിലപേശല്‍ നടത്തപ്പെടും. വളരെ പ്രധാനമായി ഉണ്ടാവുന്ന ഒരു കാര്യം സ്കൂളുകളും കോളേജുകളും എന്നെന്നേക്കുമായി അടച്ചിടപ്പെടും.

പലതരം ചിന്തകളെപ്പറ്റി വിക്കിയില്‍ നിങ്ങള്‍ക്ക് വായിക്കാം:
ചിന്തയുടെ ഔട്ട്‌ ലൈന്‍
Critical Thinking
Libaral Thinking

=====================================
വാലറ്റം: ചിന്തകള്‍ കാട് കയറാതിരിക്കുക... നല്ലതിന് വേണ്ടി ചിന്തിക്കുക..