Wednesday, January 10, 2018

ഒരു മകന്‍ ഉപ്പാക്ക് എഴുതിയത്

ഒരു മകന്‍ ഉപ്പാക്ക് എഴുതിയത്:

ഞാന്‍ അബീ എന്ന് വിളിക്കുന്ന എന്‍റെ ഉപ്പാ
എന്‍റെ ഈ വാക്കുകള്‍ കേള്‍ക്കാന്‍ നിങ്ങള്‍ സ്വര്‍ഗത്തില്‍ ഉണ്ടാകും എന്ന് എനിക്കുറപ്പുണ്ട്.
എന്‍റെ ഈ വിഷമങ്ങള്‍ പറയാന്‍ നിങ്ങളല്ലാതെ വേറാരും ഇന്നെനിക്കില്ല.

നിങ്ങളുടെ പുന്നാര പേരമകന്‍ എന്നെ തള്ളിപ്പറയുന്നത് നിങ്ങള്‍ കേട്ടില്ലേ?.

ഞാന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന് അവന്‍ അവന്‍റെ കൂട്ടുകാരോടെല്ലാം പറയുന്നു.
ഞാന്‍ അവനെ സ്നേഹിക്കുന്നില്ലപോല്‍.
ഞാനവന് വേണ്ടതൊന്നും ചെയ്തു കൊടുക്കുന്നില്ലപോല്‍.
അവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും ഞാന്‍ കണ്ടറിയുന്നില്ല പോല്‍.

എനിക്കറിയുന്നില്ല... എങ്ങിനെയാണവന് അവന്‍റെ കാര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടത്‌ എന്ന്. അവന്‍റെ കാലത്തിനോടൊപ്പം ഓടിയെത്താന്‍ എനിക്കാവുന്നില്ല. ഞാന്‍ ഇന്നും രണ്ടു നൂറ്റാണ്ട് പിറകിലാണ്. എന്‍റെ വരുമാനത്തിന്‍റെ രണ്ടിരട്ടിയാണ് അവന്‍റെ ദൈനംദിന ആവശ്യങ്ങള്‍. ഞാനെന്ത്‌ ചെയ്യും അബീ? ഉള്ള കാലത്ത്‌ എനിക്ക് പഠിക്കാന്‍ കഴിഞ്ഞില്ല. ആരും എന്നെ പഠിപ്പിക്കാന്‍ ഉണ്ടായില്ല.  അതിന്‍റെ ബുദ്ധിമുട്ടിന്നിതാ ഞാന്‍ അനുഭവിക്കുന്നു.

അബീ.... നിങ്ങള്‍ക്കറിയാമോ... നിങ്ങളുടെ മരണശേഷം നിങ്ങളുടെ മുതലാളിയുടെ കൃപ കൊണ്ട് നിങ്ങള്‍ ചെയ്തിരുന്ന ജോലി എനിക്ക് ലഭിച്ചു. അല്ലെങ്കില്‍, ഇന്ന് സൂര്യതാപമേറ്റ് രാവിലെ മുതല്‍ വൈകുന്നേരം വരെ പാടത്തോ പറമ്പിലോ ജോലി ചെയ്യുന്ന ആയിരങ്ങളില്‍ ഒരാളായി ഞാനും മാറിയേനെ. അവരെ നോക്കുമ്പോള്‍, അവരെക്കാളും ഞാനെത്രയോ ഉന്നതിയിലാണെന്ന് തോന്നുന്നു.

നിങ്ങള്‍ക്കറിയാമോ.... എന്‍റെ ജീവിതത്തില്‍ സുഖം എന്താണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. സുഖ ജീവിതമെന്താണെന്ന്‍ ഞാനനുഭവിച്ചിട്ടില്ല... എനിക്ക് അധികം കുട്ടികള്‍ വേണമെന്ന് പോലും ഞാനാഗ്രഹിച്ചില്ല. ഒരു മകനുള്ളത്, അവനെ നല്ലപോലെ വളര്‍ത്തണം... പഠിപ്പിച്ച് വലുതാക്കണം... ഞങ്ങള്‍ മാതാപിതാക്കള്‍ വയസ്സാകുമ്പോള്‍ ഞങ്ങള്‍ക്ക്‌ ഒരു താങ്ങാവണം എന്ന് മാത്രമായിരുന്നു എന്‍റെ സ്വപ്നങ്ങള്‍ മുഴുവന്‍.. എല്ലാം എന്‍റെ പൊന്നു മകന് വേണ്ടി ഈ മണലാരണ്യത്തില്‍ ഞാന്‍ ഹോമിക്കുകയാണ്.

ഇന്നെനിക്ക് വയ്യാതായിരിക്കുന്നു. പഴയ ഊര്‍ജ്ജം ജോലിയില്‍ ലഭിക്കുന്നില്ലാ... പെട്ടെന്ന് തളരുകയാണ്. മനസും ശരീരവും ഒരുപോലെ തളര്‍ന്നിരിക്കുന്നു. മുടികളില്‍ ജരാനരകള്‍ പടര്‍ന്നിരിക്കുന്നു... കാലുകളില്‍ വാതം ബാധിച്ചിരിക്കുന്നു. കണ്ണുകളെ തിമിരം മൂടിയിരിക്കുന്നു.

ഞാനോര്‍ക്കുന്നു അബീ... നിങ്ങള്‍ ലീവില്‍ വന്ന സമയത്ത്‌ കൈത്തണ്ട നിറയെ കറുത്ത കുത്തുകള്‍ കണ്ട ഞാന്‍ ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ഒഴിഞ്ഞു മാറിയത്‌. ഇന്ന്, എന്‍റെ കൈത്തണ്ടയും അതുപോലെ നിറയെ എണ്ണ തെറിച്ച് പൊള്ളിയ പാടുകളാണ്. മുതലാളിയുടെ ഈന്തപ്പനത്തോട്ടത്തിലെ ജോലി കഴിഞ്ഞ്, അടുത്ത കടയില്‍ തിരക്കുള്ള സമയം സഹായിക്കാന്‍ നിങ്ങള്‍ പോയിരുന്ന അതേ കടയില്‍ എനിക്കും അവര്‍ ജോലി തന്നു. ഒന്ന് രണ്ട് മണിക്കൂറേ അവിടെ ജോലിയുള്ളൂ വെങ്കിലും പത്ത്‌ മണിക്കൂറിന്‍റെ ഭാരമാ ആ ജോലിക്ക്. എന്നാലും എന്തെങ്കിലും എന്‍റെ കുടുംബത്തിന് വേണ്ടി കിട്ടുമല്ലോ എന്ന് കരുതി ഈ ജോലി വേണ്ടാ എന്ന് വെക്കാനും കഴിയുന്നില്ല.

അബീ... ഞാന്‍ നിങ്ങളെ പലപ്പോഴും തള്ളിപ്പറഞ്ഞിട്ടുണ്ട്. നിങ്ങളോട് മനസ്സില്‍ അതിയായ ദേഷ്യം ഉണ്ടായിട്ടുണ്ട്. സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍, മറ്റു കുട്ടികളെപ്പോലെ നല്ല ബാഗും കുടയും ഇല്ലാത്തതിനാല്‍ ഞാന്‍ നിങ്ങളെ വെറുത്തിരുന്നു. എന്നാല്‍ ഇന്ന് എന്‍റെ മകന്‍ ബൈക്ക്‌ വേണം എന്ന് എനിക്ക് ഫോണ്‍ വിളിച്ച് പറഞ്ഞപ്പോള്‍ അടുത്ത മാസം ശമ്പളം കിട്ടിയിട്ട് വാങ്ങാം എന്ന് പറഞ്ഞ എന്‍റെ വാക്കുകള്‍ മുഴുമിപ്പിക്കുന്നതിന് മുമ്പേ ഫോണ്‍ കട്ട് ചെയ്ത എന്‍റെ മകന്‍റെ മാനസികാവസ്ഥ അന്നത്തെ എന്‍റെ സംഭവവുമായി ഞാന്‍ കൂട്ടിവായിക്കുന്നു അബീ.

മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം ലീവില്‍ വന്നിരുന്ന നിങ്ങളെപറ്റി എന്‍റെ ഉമ്മി എപ്പോഴും പുച്ഛത്തോടെ മാത്രേ സംസാരിചിരുന്നുള്ളൂ. എന്നാല്‍ ലീവില്‍ വരാതെ ആ സമയത്ത്‌ കൂടി ജോലി ചെയ്ത് ഞങ്ങള്‍ക്ക്‌ അയച്ചു തരികയായിരുന്നു എന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്‌ അബീ.

നിങ്ങള്‍ ഒരിക്കല്‍ ലീവിന് വരുന്ന സമയത്ത്‌, എന്‍റെ കൂട്ടുകാര്‍ക്ക് കൊടുക്കാന്‍ പത്ത്‌ ഹീറോ പേനകള്‍ വേണമെന്ന് പറഞ്ഞിട്ട് വെറും രണ്ട് പേനകള്‍ മാത്രമായി വന്നതും അത് കാരണമായി ഒരാഴ്ച നിങ്ങളോട് തെറ്റി ഞാന്‍ നാട് വിട്ടതും ഇന്ന് പശ്ചാത്താപത്തോടെ ഞാന്‍ ഓര്‍ക്കുന്നു അബീ. അന്നെനിക്കറിയില്ലായിരുന്നു അബീ... ആ രണ്ട് പേനക്ക് തന്നെ നിങ്ങളുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം നീക്കിവെക്കേണ്ടി വന്നിരുന്നു എന്ന്.

നിങ്ങളുടെ കഴിവിന്‍റെ പരമാവധിയും അതിലപ്പുറവും ശ്രമിച്ചിട്ടും ഞങ്ങളുടെ ജീവിതച്ചിലവുകള്‍ക്കും പഠനത്തിനും തികയാതെ വന്നതിനാലാണ് എന്നോട് പഠനം നിര്‍ത്താന്‍ പറഞ്ഞതെന്ന് എനിക്കറിയില്ലായിരുന്നു അബീ... എന്നോട് സ്നേഹമില്ലാത്തതിനാലാണ് എന്നോട് പഠനം നിര്‍ത്താന്‍ പറഞ്ഞതെന്ന് ഞാന്‍ നിങ്ങളെപ്പറ്റി ചിന്തിച്ചത്‌ തെറ്റായിപ്പോയി അബീ...  മാപ്പ്... മാപ്പ്

ഇന്നിതാ നിങ്ങളുടെ പേരമകന്‍ എന്നോട് പിണങ്ങിയിരിക്കുകയാണ്. അവന് സൈക്കിള്‍ പോരാ... ബൈക്ക്‌ വേണമെത്രേ. ഞാനെന്ത്‌ ചെയ്യും?! എവിടെ നിന്ന് അതിനുള്ള കാശ് ഒപ്പിക്കും?! അന്ന് നിങ്ങളോട് എനിക്കുണ്ടായിരുന്നതിലും കടുത്ത ഈര്‍ഷ്യയോടെയാണ് ഇന്നെന്‍റെ മകന്‍ എന്നോട് പെരുമാറുന്നത്.

നിങ്ങള്‍ക്ക്‌ ഗള്‍ഫില്‍ വാച്ച്മാന്‍ ജോലി ആയിരുന്നെന്ന് പറഞ്ഞപ്പോള്‍ അതിന്‍റെ കാഠിന്യം ഇത്രമാത്രമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല അബീ.... ഇപ്പോഴെനിക്കെല്ലാം മനസ്സിലാവുന്നുണ്ട്... ചൂട് കാലമോ, തണുപ്പ് കാലമോ എന്ന് മാറ്റമില്ലാതെ രാത്രി കാലങ്ങളില്‍ ഏക്കര്‍ കണക്കിന് വിസ്താരമുള്ള ഈന്തപ്പനത്തോട്ടത്തിന് ചുറ്റും സ്വന്തം കാലില്‍ നടന്ന് കൊണ്ട് കാവല്‍ നോക്കണം എന്നതിന്‍റെ പ്രയാസം എത്രമാത്രമാണെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ കണ്ണുകളില്‍ തീപ്പെട്ടിക്കൊള്ളി കുത്തിവെച്ച പാടുകള്‍ ഇന്ന് എന്‍റെ കണ്ണുകളിലും വരാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണുകളുടെ ഉറക്കം തൂങ്ങല്‍ കുറക്കാന്‍ ഇതായിരുന്നല്ലേ നിങ്ങള്‍ കണ്ടുപിടിച്ച ഉപാധി!!!

പന്ത്രണ്ട് മണിക്കൂര്‍ നീളുന്ന ഈ ജോലിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം ഞങ്ങളെ പോറ്റാന്‍ മതിയാവില്ല എന്ന് മനസ്സിലാക്കിയ അങ്ങ് ഈ വാച്മാന്‍ ജോലി കഴിഞ്ഞ ശേഷം കാറുകള്‍ കഴുകുകയും ആളുകളുടെ റൂമുകളും കെട്ടിടങ്ങളും വൃത്തിയാക്കികൊടുക്കുകയും ചെയ്തിരുന്നു എന്നും ഈയിടെയായി നിങ്ങളുടെ ഒരു കൂട്ടുകാരന്‍ എന്നോട് പറഞ്ഞത്‌ കേട്ടപ്പോള്‍ എന്‍റെ മനസ്സ്‌ പിടയുകയാണ്.


ഒരു കെട്ടിടത്തിന്‍റെ മുകളില്‍ വൃത്തിയാക്കുമ്പോള്‍ ഉറക്കം തൂങ്ങി താഴേക്ക്‌ വീണതാണ് മരണ കാരണം എന്ന് ഇക്കഴിഞ്ഞ ദിവസം മാത്രമാണ് നിങ്ങളുടെ ഒരു കൂട്ടുകാരനില്‍ നിന്ന് ഞാനറിയുന്നത്. ഇതൊന്നും കാണാതെയും കേള്‍ക്കാതെയും എന്‍റെ ഉമ്മ അങ്ങ് സുബര്‍ക്കത്തില്‍ നിങ്ങളുടെ കൂടെ കഴിയുന്നുണ്ടാകും എന്നത് മാത്രമാണ് എന്‍റെ മനസ്സിന് കുറച്ചെങ്കിലും ഒരാശ്വാസം.

No comments:

Post a Comment