Tuesday, January 16, 2018

Moon Valley Story

കവികള്‍ക്ക് കസര്‍ത്ത് നടത്താന്‍ തക്ക രൂപത്തില്‍ കടഞ്ഞെടുത്ത പാറക്കഷ്ണങ്ങളും അരിച്ചെടുത്ത മണല്‍ പരവതാനിയും നിയോണ്‍ വെളിച്ചങ്ങള്‍ മാറിനില്‍ക്കും പൂനിലാവ് പെയ്തിറങ്ങുന്ന രാത്രിയില്‍ പൂക്കള്‍ വിരിച്ച മേലാപ്പും, ദിനേനയുള്ള യന്ത്രവല്‍കൃത താളത്തിന് വിടുതല്‍ നല്‍കി പാറക്കെട്ടില്‍ മലര്‍ന്ന് കിടന്ന് ആകാശഗംഗയെ തിരഞ്ഞപ്പോള്‍, ചൈനയില്‍ അന്ന് കണ്ട ബ്ലൂ മൂണ്‍ വാലി കൂടി ഓര്‍ത്ത് പോയി.

ലിജിയാങിന് സമീപത്തുള്ള ഷാന്‍ഗ്രിലയിലെ മനോഹരമായ താഴ്‌വരയാണ് ബ്ലൂ മൂണ്‍ വാലി എന്നറിയപ്പെടുന്നത്ജേഡ് ഡ്രാഗണ്‍ സ്‌നോ മൗണ്ടന് ചുവട്ടില്‍ ചന്ദ്രക്കലയുടെ ആകൃതിയുള്ള താഴ്‌വരയാണിത്. സൂര്യപ്രകാശത്തില്‍ താഴ്‌വരയിലെ ജലത്തിന് നീലനിറമാണ്. ദൂരെ നിന്ന് നോക്കുമ്പോള്‍ താഴ്‌വര നീല ചന്ദ്രനെ അനുസ്മരിപ്പിക്കും. അതാണ് ബ്ലൂ മൂണ്‍ വാലിയെന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു.

രണ്ടിനും രണ്ടിന്‍റെതായ സ്വന്തവും വ്യതിരിക്തവുമായ സൗന്ദര്യമുണ്ട്; കണ്‍ കുളിര്‍ക്കെ കാണാനും മനം കുളിര്‍ക്കെ ആസ്വദിക്കാനും. അവിടെ ജലവും സൂര്യപ്രകാശവുമായിരുന്നെങ്കില്‍ ഇവിടെ ചന്ദ്രനും ചന്ദ്രികയും നക്ഷത്രങ്ങളുമാണ് എന്ന്മാത്രം. അപ്സരസിന്‍റെ സൗന്ദര്യവും യക്ഷിയുടെ രൗദ്ര ഭാവവും ഒരുമിപ്പിക്കുന്ന വശ്യ ഭാവമാണ് രാത്രിയുടെ മരുഭൂമിയ്ക്ക് എന്ന് കേട്ടിട്ടുണ്ട്. അതാസ്വദിക്കുകയാണ് ഇന്നത്തെ ലക്ഷ്യം.

മരുഭൂവിന്‍റെ കൊതിപ്പിക്കുന്ന മൗന ശബ്ദം മാത്രം അലയടിച്ചിരുന്ന ആ വിജനതയില്‍ ഏറ്റവും ഉയരത്തില്‍ കണ്ട ഒരു പാറക്കെട്ടിന് മുകളില്‍ വലിഞ്ഞ് കേറിയതോടെ, മുകളില്‍ അര്‍ദ്ധ വൃത്താകൃതിയില്‍ ശോണിമ പരത്തി പാതി വിഴുങ്ങപ്പെട്ട അര്‍ക്കനും, താഴെ പത്ത് മുപ്പത്തഞ്ചോളം കാറുകളാല്‍ തീര്‍ത്ത വര്‍ത്തുളവും നടുവില്‍ ഒരു നീല വിരിയില്‍ നൂറ്റമ്പതോളം ചമ്രം പടിഞ്ഞിരിക്കുന്ന സഹയാത്രികരും ഉള്ള ആ കാഴ്ച എത്രമാത്രം നയനാനന്ദകരമായതായിരുന്നുവെന്നത് വാക്കുകള്‍ക്കതീതമായിരുന്നു.

ടോര്‍ച്ച് ബില്‍ഡിങ്ങും തുറമുഖ ക്രെയിനുകളും മാത്രം സാക്ഷികളാക്കി കടലിന് ഉമ്മ കൊടുത്തിരുന്ന അവനിന്ന് ഒരു പുത്തന്‍ കൂട്ടുകാരിയെ ഞാന്‍ നല്‍കിയിരിക്കുന്നു. ഇലപ്പടര്‍പ്പുകളും പാറക്കെട്ടുകളും എത്രമാത്രം ഇഷ്ടമായി എന്ന്, തെളിഞ്ഞ നീലാകാശത്തിനൊരു ഓരം പറ്റി ഇരുന്ന അവന്‍റെ നാണിച്ച കടുംചുവപ്പ് നിറം തന്നെ വ്യക്തമാക്കുന്നുണ്ട്. അവനെ പിടിക്കാന്‍ ഞാന്‍ ഉയരത്തില്‍ ചാടിയത് സര്‍ഹാന്‍ അങ്കിള്‍ ക്യാമറയിലാക്കിയത് ആങ്കിള്‍ മാറിപ്പോയി എന്ന ഒരു പരിവേദനം എനിക്കുണ്ട്. (photo attached)

ആദിത്യന്‍ വിടവാങ്ങവേ (photo attached) ഞങ്ങള്‍ക്ക് കൂട്ടായി അവള്‍ വന്നു.  ഞങ്ങളുടെ വരവില്‍ സന്തോഷിച്ച് അമ്പിളി ഇന്നലത്തെതിലും പ്രകാശവതിയാണ്. നിങ്ങള്‍ക്ക് ഞാനില്ലേ, പിന്നെന്തിന് ഒരു വേറൊരു വിളക്ക് എന്ന് ഞങ്ങളോട് പറയുന്ന പോലെ.

ജിദ്ദയുടെ യന്ത്ര വല്‍കൃത ശബ്ദമുഖരിതാന്തരീക്ഷത്തില്‍ നിന്നും തികച്ചും ഒറ്റപ്പെടാന്‍ കിട്ടിയ ഈ അവസരം ശരിക്കും മുതലാക്കുന്ന പലരേയും കാണാനായി. പാറക്കെട്ടില്‍ മലര്‍ന്ന് കിടന്ന് ചില്ലകള്‍ക്കിടയിലൂടെ എത്തി നോക്കുന്ന ഇന്ദുവിനെ കാണാന്‍ ഈ പതിമൂന്നാം രാവില്‍ തന്നെ സാധിച്ചു എന്നത് മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. ജിദ്ദയിലെ തിരക്കില്‍ ഒരിക്കലും കാണാന്‍ സാധിക്കാത്തതും, പഴയ തലമുറയില്‍ നിന്ന് കേട്ടതും പുസ്തകങ്ങളില്‍ പഠിച്ചതുമായ ഗ്രഹങ്ങളേയും മറ്റു നക്ഷത്രങ്ങളേയും തിരഞ്ഞു പിടിക്കുന്ന തിരക്കിലായിന്നു ഞാന്‍. കൈലാറ്റ*യെയും ഖിബ്‌ല മറി**യെയും, കണ്ണട നക്ഷത്ര***ത്തേയും കണ്ട് പിടിയ്ക്കാന്‍ കുറെ സമയമെടുത്തു.

*) കൈലാറ്റ = ശനി ഗ്രഹം
**) ഖിബ്‌ല മറി എന്ന് പണ്ടുള്ളവര്‍ പറയുന്ന, പള്ളി ഉണ്ടാക്കുമ്പോള്‍ ഖിബ്‌ലയുടെ ദിശ അറിയാന്‍ ഉപയോഗിച്ചിരുന്ന, ഒരേ അകലത്തില്‍ ഒരേ വരിയില്‍ നില്‍ക്കുന്ന മൂന്ന് നക്ഷത്രങ്ങള്‍.
***) ഒന്ന് കാണുമ്പോള്‍ മറ്റേത് അപ്രത്യക്ഷമാകുന്ന അടുത്തടുത്ത് നില്‍ക്കുന്ന രണ്ട് നക്ഷത്രങ്ങളാണിവ, ഓരോരുത്തര്‍ക്കും അവരുടെ മരണത്തിന് ഒരു വര്‍ഷം മുമ്പ് മുതല്‍ ഈ നക്ഷത്രങ്ങളില്‍ ഒന്നിനെ കാണാന്‍ കഴിയാതിരിക്കും എന്ന് പഴമക്കാര്‍ വിശ്വസിക്കുകയം അതനുസരിച്ച് തന്‍റെ മരണാസന്നത മുന്‍കൂട്ടി മനസ്സിലാക്കുകയും ചെയ്തിരുന്നു എന്ന് പറയപ്പെടുന്നു.

അനന്തമജ്ഞാതമവര്‍ണ്ണനീയമായ ആകാശത്തെ നോക്കി കിടയ്ക്കുമ്പോള്‍ ആരോ നാലുവരികള്‍ മൂളുന്നത് കേള്‍ക്കായി.
ആയുസ്സിന്‍ നൈമിഷിക തമസ്സില്‍
നിത്യത തേടി അലഞ്ഞൂ ഞാന്‍
ആയുകയില്ലീ സായാഹ്നത്തില്‍
നിത്യദാ നിന്നില്‍ പുല്‍കാം ഞാന്‍


അനീസ്‌ ബാബു ഒരു റാന്തല്‍ കൊണ്ട് വന്നിരുന്നു. കുറച്ച് കഴിഞ്ഞ് റാന്തല്‍ കാണാനില്ല എന്ന് പറഞ്ഞ് തിരയുന്നത് കണ്ടു. ഇവിടെ ഈ രാത്രി ആരാണ് റാന്തല്‍ കള്ളന്‍ എന്ന് അന്വേഷിച്ചപ്പോഴതാ, ഒരു പാറയുടെ മുകളില്‍ ക്യാമറ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നെന്മിനിയും കൂട്ടരും. ഷട്ടര്‍ സ്പീഡ് കൂട്ടിയും കുറച്ചും എക്സ്പോഷര്‍ വ്യത്യാസപ്പെടുത്തിയും ലെന്‍സുകള്‍ പലതും മാറ്റി വെച്ചും പ്രൊഫഷണല്‍ ക്യാമറയുടെ എല്ലാ സാധ്യതകളും റാന്തല്‍ വെളിച്ചത്തിനോട്‌ ആരായുകയാണ് അവര്‍.

കെറ്റില് പ്ലഗില്‍ കുത്തി തിളപ്പിച്ച വെള്ളത്തില്‍ ലിപ്റ്റന്‍ ടീ ബാഗ്‌ ഇട്ടുള്ള ചായക്ക് പകരം ജവനയ്ക്ക് താഴെ വിറക് കത്തിച്ച് ചായ ഉണ്ടാക്കുന്നത് കണ്ടതോടെ Stars Gazing ന് അല്‍പം വിരാമമിടാം എന്ന് തീരുമാനിച്ച് താഴേക്കിറങ്ങാന്‍ തീരുമാനിച്ചു. ചായപ്പൊടിയ്ക്ക് പകരം ചായയില ഇട്ട് കുങ്കുമച്ചായ ഉണ്ടാക്കിയാല്‍ എങ്ങിനെയിരിക്കും എന്ന് ഇന്നലെ വായിച്ചതേയുള്ളൂ. നിങ്ങളുടെ അറിവിലേക്ക് അതിവിടെ പറഞ്ഞ് തരാം.

വേണ്ട സാധനങ്ങൾ:
*) വെള്ളം (രണ്ടു കപ്പ്) *) ചായ ഇല (ഒരു കപ്പ്) *) ഏലക്ക (ഒരു ടീസ് പൂൺ) *) കുങ്കുമം  (ഒരു ടീസ് പൂൺ) *)  പാൽ (3 കപ്പ്) *) പഞ്ചസാര (ആവശ്യത്തിന്)

തയ്യാറാക്കുന്ന വിധം: വെള്ളം തിളച്ച ശേഷം പഞ്ചസാര, ചായയില, ഏലക്ക, കുങ്കുമം എന്നിവ ഇട്ട ശേഷം ഒന്നൂടെ തിളപ്പിക്കുക. ശേഷം പാൽ ചേർത്ത് പാത്രം അടച്ചു വെക്കുക. ശേഷം ചെറിയ ചൂടിൽ അഞ്ചു മിനിറ്റ് വെക്കുക.  അരിപ്പ കൊണ്ട് അരിച്ച ശേഷം ഉപയോഗിക്കുക.

എന്നാല്‍ പാറയില്‍ വലിഞ്ഞു കയറിയ പോലെ അത്ര എളുപ്പമല്ല ഇറക്കം എന്ന് അപ്പോഴാണ്‌ മനസ്സിലായത്. വഹബ ക്രേറ്ററില്‍ ഇറങ്ങിയപ്പോള്‍ നേരെ മറിച്ചായിരുന്നു. ഇറങ്ങാന്‍ വലിയ സാഹസം വേണ്ടി വന്നില്ല; എന്നാല്‍ കയറാന്‍ സമയത്ത്, ഇറങ്ങിയപ്പോള്‍ അവിടെയവിടെയായി വെച്ചിരുന്ന വെള്ളക്കുപ്പികളും ബാഗില്‍ സൂക്ഷിച്ച ചോക്ലേറ്റ് മിട്ടായികളും, തൊണ്ടയില്‍ വെള്ളം വറ്റാതിരിക്കാന്‍ വലിയ സഹായം ചെയ്തിരുന്നു.

ചെറിയ പോറല്‍ ഒന്നുരണ്ട് സ്ഥലത്ത് ഉണ്ടായെങ്കിലും ഒരുവിധം വലിയ പരിക്കുകളില്ലാതെ പാറക്കെട്ടിറങ്ങി താഴെയെത്തിയപ്പോള്‍ പഴമയെ ഓര്‍മ്മിപ്പിക്കും വിധം അലുമിനിയത്തിന്‍റെ ജവന വിറക് കത്തിച്ച കനലിന് മുകളില്‍ വെച്ച് ചായയ്ക്ക് വെള്ളം തിളപ്പിക്കുന്ന ജാഫര്‍ക്ക. സ്മോക്ക്ഡ് സാല്‍മണ്‍, സ്മോക്ക്ഡ് സ്റ്റീക്ക് എന്നിവയൊക്കെ അറിയാം; എന്നാല്‍ ഈ സ്മോക്ക്ഡ് ടീ ഒരു പുത്തന്‍ അനുഭവമായിരുന്നു. (photo attached).   കുങ്കുമച്ചായ മനസ്സില്‍ വിചാരിച്ച് വന്ന എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത് ജാസി ബാക്കപ്പിന്‍റെ രഹസ്യ കൂട്ട് ഉപയോഗിച്ചാണ് ചായ ഉണ്ടാക്കുന്നത് എന്നാണ്. കൂടാതെ ഖാദര്‍ ഭായിയുടെ അടിപൊളി പാല്‍ചായ എല്ലാവര്‍ക്കും വിതരണം ചെയ്യുന്നുമുണ്ടായിരുന്നു.

ഹാരിസും സമീറും മുജീബും അടങ്ങുന്ന ഒരു വലിയ ടീം ബാര്‍ബിക്യൂ റെഡിയാക്കുന്ന തിരക്കിലാണ്. (photo attached) സാധാരണ ഇങ്ങിനെ ബാര്‍ബിക്യൂ നൈറ്റ് ഉണ്ടാക്കുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ ആദ്യം മുതല്‍ അവസാനം വരെ കോഴി ചുടലില്‍ മാത്രം മുഴുകുകയും ബാക്കിയുള്ളവര്‍ സൊറയും ചിരിയും ഗെയിമുമായി ഇരിക്കുന്നതില്‍ നിന്നും വിപരീതമായി ഇവിടെ വലിയൊരു ടീമിനെ തന്നെ കണ്ടത് വലിയ സന്തോഷമായി. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാം ടിക്ക് ബോക്സ് ഉണ്ടാക്കി മറക്കാതെ കൊണ്ട് വന്നിട്ടുണ്ട്. വല്ല നായയോ കുറുക്കനോ വന്നാല്‍ അടിക്കാനുള്ള വടി വരെയുണ്ട് കൂട്ടത്തില്‍.

ബാര്‍ബിക്യൂ ഉണ്ടാക്കാനുള്ള കരി നേരത്തെ വാങ്ങിയിരുന്നു. അത് വെച്ച് കോഴി കരിയാതെ ചുട്ടെടുക്കാന്‍ ഒരു പ്രത്യേക പരിചയവും മിടുക്കും വേണം. നൂറ്റമ്പതോളം പേര്‍ക്ക് കോഴി ചുട്ടെടുക്കാന്‍ വെറും രണ്ട് വലിയ ഗ്രില്ലും രണ്ട് ചെറിയ ഗ്രില്ലും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു കോഴി വെന്ത് പാകമാകാന്‍ ചുരുങ്ങിയത് ഇരുപത് മിനിറ്റ് എടുക്കും. പെട്ടെന്ന് വെണ്ണീര്‍ ആവാത്ത അധിക സമയം കനല്‍ ആയി നില്‍ക്കുന്ന നല്ല കരി കിട്ടുകയാണ് ഇതിന് ആദ്യം വേണ്ടത്. തുടക്കത്തില്‍ കത്തിപ്പിടിക്കാന്‍ ഒരു തരം വാക്സും മണ്ണെണ്ണയും ഉപയോഗിക്കും. തീ അധികം ആളിക്കത്താതെ, കരിയാതെ, ചൂടില്‍ കോഴി വേവുന്നത് വരെ അവിടെ നില്‍ക്കണം എന്നതാണ് ഈ ബാര്‍ബിക്യൂവില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം. കരിയുന്നോ കരിയുന്നോ എന്ന് നോക്കി ഇടയ്ക്കിടെ മറിച്ചിടണം. സ്വാദ് കൂട്ടാന്‍ ഇടയ്ക്ക് സവാള തേച്ച് കൊടുക്കണം, ഫോര്‍ക്ക് കൊണ്ട് നെഞ്ച് ഭാഗം കുത്തി ഉള്ളിലേക്ക് വേവ് എത്തിക്കണം തുടങ്ങി ഒട്ടേറെ കടമ്പകള്‍ കഴിഞ്ഞ ശേഷമാണ് ഇത് നമുക്ക് മുന്നില്‍ എത്തുന്നത്. മസാലകള്‍ ഉള്ളിലേക്ക് പിടിക്കാന്‍ തലേ ദിവസം തന്നെ ഫ്രിഡ്ജില്‍ വെക്കണം എന്നാണ് നിയമമെങ്കിലും ഇത്രയധികം ആള്‍ക്കുള്ള കോഴി വേണം എന്നതിനാല്‍ മാരിനേറ്റഡ് ആയത് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുകയാണ് ചെയ്തത്.

കരി തീ പിടിപ്പിക്കുന്ന അവസരത്തില്‍ ഉയര്‍ന്ന ധൂമപടലങ്ങള്‍ ഏതോ ഒരു ഇംഗ്ലീഷ് സിനിമയെ ഓര്‍മ്മിപ്പിച്ചു. പിന്നെ ഒന്നും നോക്കിയില്ല; ഒന്ന് പോസ് ചെയ്തതും നെന്മിനിയുടെ ക്യാമറ ഷട്ടര്‍ തുറന്നടഞ്ഞു. (photo attached)

പത്ത് പതിനഞ്ച് പേര്‍ ഇവിടെ ബിസിയായിരുന്നെങ്കിലും ബാക്കിയുള്ളവര്‍ വട്ടത്തില്‍ ഇരുന്ന് ഫണ്‍ ഗെയിമില്‍ മുഴുകിയിരിക്കുകയായിരുന്നു. ഏറ്റവും രസമായിത്തോന്നിയത് മമ്മി മേക്കിങ്ങും വയോജന നാട്യവുമാണ്. കുട്ടികള്‍ക്കുള്ള സാള്‍ട്ട് & പെപ്പറും ഓപ്പോസിറ്റ് ആക്ഷനും കണ്ടപ്പോഴാണ് അറിയുന്നത്; പലര്‍ക്കും ഇടതും വലതും ഇപ്പോഴും അറിയില്ല എന്ന്. ഗെയിം മാസ്റ്റര്‍ എല്ലാവര്‍ക്കും  പങ്കെടുക്കാന്‍ പറ്റിയ ഗെയിമുകളാണ് തിരഞ്ഞെടുത്ത് കൊണ്ട് വന്നതെങ്കിലുംപങ്കെടുക്കാനുള്ള മടിയും ലജ്ജയും പലരേയും പിന്തിരിപ്പിച്ചതിനാല്‍ ഗെയിം ആസ്വാദകരായിരുന്നു പങ്കെടുക്കുന്നവരെക്കാള്‍ കൂടുതല്‍. (photo attached)

വാഹനമുള്ള എല്ലാവരും ഓരോ വിരി കൊണ്ട് വരണം എന്ന് ആദ്യമേ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും, ഷാജി കൊണ്ടുവന്ന ഒറ്റ വലിയ വിരിയില്‍ എല്ലാവര്‍ക്കും ഇരിയ്ക്കാന്‍ സാധിച്ചു.  കൂടുതല്‍ ആളുകളുള്ള ഇത്തരം യാത്രകളില്‍ ഇതുപോലെയുള്ള ഒരു വിരി വലിയ ഉപകാരം തന്നെയാണ്. അത് കൊണ്ട് വന്ന ഷാജിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അത് വിരിക്കുന്നത് കാണുന്നത് തന്നെ ഒരു പ്രത്യേക അനുഭൂതിയായിരുന്നു. വിരിക്കുന്ന സമയത്ത് അതിനടിയിലൂടെ ഓടിയ എന്നെ പാപ്പരാസികള്‍ വിട്ടില്ല. (photo attached)

ആളുകള്‍ ഇരിയ്ക്കുന്നതിന് പിന്നില്‍ ജാസി ബാക്കപ്പിന്‍റെ സ്നാക് ക്വീന്‍ മത്സരം നടക്കുന്നു. ആദ്യമേ പേര് തന്നവര്‍ ആറോ ഏഴോ പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മത്സരത്തില്‍ പങ്കെടുത്തവര്‍ പതിനാറ് പേരുണ്ടായിരുന്നു. ഇത്തരത്തിലുള്ള മത്സരങ്ങള്‍ ഇങ്ങിനെയുള്ള കൂട്ടായ്മകളില്‍ കുടുംബിനികളുടെ പ്രാതിനിധ്യം കൂട്ടാന്‍ ഉപകാരപ്പെടും.

അന്നത്തെ മറ്റൊരു പ്രധാന ഐറ്റം ലേലം വിളിയായിരുന്നു. നാനൂറോളം റിയാലിനാണ് ഒരു കേക്ക് വിളിച്ചത്. അതിന് ചുക്കാന്‍ പിടിച്ച ബാക്കപ്പിനും ഹച്ചൂസിനും ഒരുപാടൊരുപാട് നന്ദി. ലേലം വിളിച്ച് ശബ്ദം പോയതിനാല്‍ അടുത്ത ദിവസങ്ങളില്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ബാക്കപ്പില്ലായിരുന്നു എന്നാണറിഞ്ഞത്. അത്രയ്ക്കും ആവേശമായിരുന്നു ആ ലേലം. അത് സംഘടിപ്പിച്ച ജൈജിച്ചായനും ഒരുപാട് നന്ദി.

ഇത്തരം യാത്രകളില്‍ പ്രധാനമായ ഒന്ന് രണ്ട് കാര്യങ്ങളാണ്, ശബ്ദവും വെളിച്ചവും. ഷാജു കൊണ്ട് വന്ന സ്പീക്കര്‍, മൈക്ക് ഇടയ്ക്കിടക്ക് പണി മുടക്കിയെങ്കിലും, വലിയ ഉപകാരമായി. ചുറ്റും നിര്‍ത്തിയ വാഹനങ്ങളില്‍ നിന്നും ലൈറ്റ് ഇട്ടിരുന്നെങ്കിലും എല്ലാവരും ഇരിയ്ക്കുന്ന സ്ഥലത്തേക്ക് നല്ല വെട്ടം കിട്ടാന്‍ വേറെ വല്ല മാര്‍ഗങ്ങളും അടുത്ത പ്രാവശ്യം ആരായണം എന്ന് ചര്‍ച്ച വന്നു.

സമയ ക്ലിപ്തതയായിരുന്നു ഈ യാത്രയില്‍ എടുത്ത് പറയേണ്ട മറ്റൊരു കാര്യം.  2:37 pm ഞങ്ങളുടെ പൈലറ്റ്‌ വാഹനം പുറപ്പെട്ടു. രണ്ടര ആയപ്പോഴേക്കും എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. വരുന്ന മുറയ്ക്ക് തന്നെ എല്ലാ വാഹനങ്ങളെയും ജൈജിയുടെ നേതൃത്വത്തില്‍ വരിവരിയായി നിര്‍ത്തിയ ശേഷം ഓരോരുത്തരോടും തൊട്ട് മുമ്പിലുള്ള വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് മാത്രം നോക്കി യാത്ര ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്തു. നാട്ടില്‍ മന്ത്രി വരുമ്പോഴുള്ള കാഴ്ചയും, വിവാഹ പാര്‍ട്ടിയുടെ ഘോഷയാത്രയുമൊക്കെ ഓര്‍മ്മപ്പെടുത്തുന്ന യാത്രയായിരുന്നു ഞങ്ങളുടെ വാഹനവ്യൂഹത്തിന്‍റെത്. ജിദ്ദയുടെ ആറുവരിപ്പാതയില്‍ ഒരു ട്രാക്ക് മാറ്റി മറ്റൊരു ട്രാക്ക് പിടിക്കുമ്പോഴും ഒരു വളവ് തിരിയുമ്പോഴും പിന്നിലേക്ക് നോക്കിയാല്‍ കാണുന്ന കാഴ്ച വര്‍ണ്ണനാതീതമായിരുന്നു. ഇടയ്ക്കിടയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍, ഈ യാത്രയ്ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ, വട്സാപ്പ് ഗ്രൂപ്പിലൂടെ നല്‍കിക്കൊണ്ടിരുന്നിരുന്നു.

യാത്ര തുടങ്ങി പതിനഞ്ച് മിനിറ്റ് ആയപ്പോള്‍ നിങ്ങള്‍ എവിടെ? Starting Point പറഞ്ഞ സ്ഥലത്ത് ആരെയും കാണുന്നില്ലല്ലോഎന്നും പറഞ്ഞ് രണ്ട് മൂന്ന്‍ പേരുടെ ഫോണ്‍. നിങ്ങ വൈകി ബ്രോ എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യേണ്ടി വന്നു.

എന്നാലും ഇത്ര വലിയ ഒരു സംഘത്തേയും കൊണ്ട് സൗദി പോലുള്ള രാജ്യങ്ങളില്‍ ഇത്രയധികം ദൂരം യാത്ര ചെയ്യുക എന്നത് പല നിലയ്ക്കുമുള്ള വയ്യാവേലികള്‍ക്കും ഇടവരുത്താന്‍ ഇടയുണ്ടെന്ന് മനസ്സ് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ഇത്രയധികം വാഹനം ഒരുമിച്ച് കാണുമ്പോള്‍, ഒന്ന് 999 ലേക്ക് വിളിച്ച്കളയാം എന്ന് ഏതെങ്കിലും ഒരു തല തിരിഞ്ഞവന് തോന്നിയാല്‍... ചെക്ക് പൊയന്റില്‍ ഉള്ള പോലീസുകാരന്‍ നിങ്ങളെങ്ങോട്ടാ ഇത്രയധികം ഹിന്ദികള്‍ ഒരുമിച്ച് എന്ന് ചോദിച്ചാല്‍... പോലീസ് ചെക്കിങ്ങില്‍ ഒരു വാഹനത്തില്‍ പല സ്പോണ്‍സര്‍മാരുടെ ആളുകളെയും കണ്ടാല്‍...  ആരുടെയെങ്കിലും ഒരു വാഹനം വഴിയില്‍ ബ്രേക്ക് ഡൗണ്‍ ആയാല്‍... ഷൂവും ഫുള്‍ ജീന്‍സും ഇട്ട് വരണം എന്ന് പറഞ്ഞിരുന്നെങ്കിലും അത് അവഗണിച്ച ആരുടെയെങ്കിലും കാലില്‍ മരുഭൂമിയില്‍ നിന്നും വല്ല ഇഴയജന്തുക്കളോ തേളോ കടിച്ചാല്‍...
ഒന്നും ഇപ്പോള്‍ ഓര്‍ക്കാന്‍ കൂടി വയ്യ.... എന്നാല്‍ ഇവയൊന്നും സംഭവിക്കാതെയും, എല്ലാ യാത്രികരുടെയും ഒത്തൊരുമയും കൂട്ടായ്മയും ഒന്ന്കൊണ്ടും മാത്രമാണ് ഈ യാത്ര ഇത്ര വിജയകരമായി പര്യവസാനിപ്പിക്കാന്‍ കഴിഞ്ഞത്.

യാത്രകളുടെ കാമുകനായ ഷാജുവാണ് ഞങ്ങളുടെ വഴികാട്ടി. ഈ യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ ഇഞ്ചും ഷാജുവിന്‍റെ അനുഭവസമ്പത്തിന്‍റെ വിരല്‍ത്തുമ്പിലായിരുന്നു. ആരോടും വഴി ചോദിക്കാതെ, ജിപിഎസില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് യാത്ര തുടങ്ങിയ ഞങ്ങള്‍, പ്ലാന്‍ ചെയ്തപോലെത്തന്നെ, ഉസ്ഫാന്‍ റോഡിലൂടെ ഖുലൈസ് കഴിഞ്ഞ് ഓട്ടോമന്‍ കോട്ടയുടെ അടുത്തൂടെ റൂട്ട് 4720 ലേക്ക് തിരിഞ്ഞു, നാലര ആയപ്പോഴേക്കും ഗൂഗിള്‍ പറഞ്ഞുതന്ന സ്ഥലത്തെത്തി.

സൂര്യാസ്തമയം ആസ്വദിക്കുകയും ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്ത ശേഷം വലിയൊരു പാറക്കെട്ടിന് താഴെ വിശാലമായ മണല്‍പ്പരപ്പില്‍ വിരിച്ച വിരിയില്‍ എല്ലാവരും ഇരുന്നു. കൊണ്ട് വന്ന ജ്യൂസ്, മറ്റു സ്നാക്കുകള്‍, കോഫി തുടങ്ങിയവ വിതരണം തുടങ്ങി. സമ്മാനപ്പൊതികള്‍ എല്ലാവര്‍ക്കും നടുവില്‍ ഗെയിമിലെ വിജയികളേയും കാത്ത് ഇരിപ്പുറപ്പിച്ചു.

കൃത്യം ഒമ്പത് മണിക്ക് തന്നെ ഭക്ഷണ വിതരണം തുടങ്ങി. ആദ്യം കുട്ടികള്‍, പിന്നെ അമ്മമാര്‍ പിന്നെ പുരുഷന്‍മാര്‍ എന്ന ക്രമത്തിലായിരുന്നു വിതരണം. കോഴി ചുട്ടെടുത്ത സ്ഥലം മുതല്‍ എല്ലാവരും ഇരിയ്ക്കുന്ന സ്ഥലത്തേക്ക് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്ലേറ്റുകള്‍ കയ്യില്‍ നിന്ന് കയ്യിലേക്ക് കൈമാറുന്ന കാഴ്ച കാണേണ്ടത് തന്നെയായിരുന്നു.

മാരിനേറ്റഡ് കോഴി, കരി, ചായയുണ്ടാക്കാനുള്ള സാധനങ്ങള്‍, വെള്ളം, സ്നാക്കുകള്‍, ജ്യൂസുകള്‍, സമ്മാനങ്ങള്‍, ബാനര്‍, തുടങ്ങിവയ്ക്കെല്ലാം മൊത്തം വന്ന ചിലവ്, പങ്കെടുത്ത സഹയാത്രികരില്‍ വീതിച്ചപ്പോള്‍ ഓരോരുത്തര്‍ക്കും വെറും പതിനഞ്ച് റിയാല്‍ മാത്രമേ വന്നുള്ളൂ എന്ന് കണ്ടപ്പോള്‍ പലരും കണക്ക് തെറ്റിയിട്ടുണ്ടാവും എന്ന് പറയുന്നുണ്ടായിരുന്നു.


കൃത്യം പതിനൊന്നേ ഒന്നിന് ജനഗണമന പാടി, ഒരുപിടി മരുഭൂ ഓര്‍മ്മകളും മനസ്സില്‍ താലോലിച്ചു കൊണ്ട്, മരുഭൂവിനോട് യാത്ര പറഞ്ഞ് ഞങ്ങള്‍ ജിദ്ദയിലേക്ക് മടക്കമാരംഭിച്ചു.

No comments:

Post a Comment