Wednesday, January 10, 2018

എന്‍റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍

എന്‍റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ dated 1Jan2000

ഇതിന് പ്രചോദനമായ പോളിന്‍റെ സൌന്ദര്യ നിരീക്ഷണങ്ങള്‍ എന്ന പുസ്തകത്തെ നന്നിയോടെ സ്മരിച്ചു കൊണ്ട് ഞാന്‍ തുടങ്ങട്ടെ...

പോള്‍ ഈ കൃതിയില്‍ സൌന്ദര്യം എന്താണെന്ന് വിവക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ സൌന്ദര്യാസ്വാദനം എന്താണെന്ന് വിവക്ഷിക്കാന്‍ ശ്രമിക്കുകയാണ് എന്നൊരു വ്യത്യാസം ഉണ്ട്.

സൌന്ദര്യവും സൌന്ദര്യ സങ്കല്‍പ്പവും സൌന്ദര്യാസ്വാദനവും എപ്പോഴും ആപേക്ഷികമാണ്. മൂര്‍ത്തങ്ങളും അമൂര്‍ത്തങ്ങളുമായ വസ്തുക്കളില്‍ സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വ്യത്യാസം കാണാം. മൂര്‍ത്ത വസ്തുക്കളില്‍ ഉള്ളതിനെക്കാളും പലപ്പോഴും തീവ്രമായിരിക്കും അമൂര്‍ത്ത വസ്തുക്കളിലെ സൌന്ദര്യ സങ്കല്‍പ്പങ്ങള്‍. സൌന്ദര്യവും യവ്വനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് എന്നാണ് തോന്നുന്നത്. കാരണം, ഓര്‍മ്മയിലെ പ്രണയിനിക്ക് എന്നും യവ്വനമായിരിക്കുമല്ലോ. കാലത്തിന്‍റെ ഇരകളാവുംതോറും ആസ്വാദനതലവും താളവും മാറുന്നുവെങ്കിലും, യവ്വനം തന്നെ അതിന്‍റെ ഉച്ചസ്ഥായി. ചെറിയ കുട്ടിയുടെ ആസ്വാദനമല്ല യവ്വനത്തില്‍.. മധ്യവയസ്കന്‍റെ ആസ്വാദന തലമായിരിക്കില്ല വൃദ്ധന്‍റേതു. എന്നാല്‍ ഓരോ തലത്തില്‍ നിന്നുമുള്ള ആസ്വാദനവും ആ തലത്തിലെ ഉച്ചസ്ഥായി വരിക്കുന്നു എന്ന് അനുമാനിക്കണം.

സൗന്ദര്യം എന്ത് എന്നത് പലരും നിര്‍വ്വചിക്കാന്‍ ശ്രമിച്ച് മുഴുവനാക്കാന്‍ കഴിയാതെ പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നിട്ടുണ്ടെങ്കിലും സൗന്ദര്യം ഉണ്ടെന്ന് തോന്നുന്നതിനെ ആസ്വദിക്കുന്നതില്‍ ആര്‍ക്കും എതിരഭിപ്രായം കണ്ടിട്ടില്ല. എന്നാല്‍ ഈ ആസ്വാദനവും ഈ സൗന്ദര്യ മാനദണ്ഡവും ആപേക്ഷികമാണ് എന്നതിനാല്‍ തന്നെ സൗന്ദര്യത്തിന്റേയും വൈരൂപ്യത്തിന്റെയും തോത് ഒരേ വസ്തുവില്‍ തന്നെ ആസ്വാദകര്‍ മാറുന്നതോടെ വിഭിന്നമായി മാറുന്നു.

എന്നാലും ചില ഏകീകൃത സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ പലയിടങ്ങളിലും കാണാവുന്നതാണ്. അതായത്, പ്രഭാതത്തിനും പ്രദോഷത്തിനും അധികപേരും സൗന്ദര്യം ദര്‍ശിക്കുമ്പോള്‍ മദ്ധ്യാഹ്നസമയത്തിന് സൗന്ദര്യം ദര്‍ശിക്കുന്നവരുന്ടെങ്കില്‍ തന്നെ തുലോം കുറവായി കാണുന്നു. അതേപോലെതന്നെ, നിലാവുള്ള രാത്രിക്ക് കൂരിരുട്ടുള്ള രാത്രിയെക്കാളും, നക്ഷത്രങ്ങള്‍ ഉള്ള ആകാശത്തിന് നക്ഷത്രങ്ങള്‍ ഇല്ലാത്ത ആകാശത്തേക്കാളും സൗന്ദര്യം സങ്കല്‍പ്പിക്കുന്നു എന്നത് ഒരു പൊതു സ്വഭാവമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

എന്നാല്‍ മറ്റു ചില കാര്യങ്ങളില്‍ തികച്ചും എതിരായ സൗന്ദര്യ വീക്ഷണ കോണുകളും നമുക്ക് ദര്‍ശിക്കാവുന്നതാണ്. ഉദാഹരണമായി, വസ്ത്രം തിരഞ്ഞെടുക്കുന്ന കാര്യമെടുക്കാം. ഭാര്യയ്ക്ക് തീരെ ഇഷ്ടപ്പെടാത്ത വസ്ത്രമായിരിക്കും ചിലപ്പോള്‍ ഭര്‍ത്താവിന് ഇഷ്ടപ്പെടുന്നത്. അതേപോലെ തിരിച്ചും. നിറങ്ങളുടെ കാര്യത്തിലും അതുപോലെ തന്നെ.

സൗന്ദര്യ സങ്കല്‍പ്പങ്ങളെ നാടുകള്‍ സ്വാധീനിക്കുന്നു എന്ന് വ്യക്തമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉപയോഗിയ്ക്കുന്ന നിറങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് യൂറോപ്യന്‍ രാജ്യക്കാരുടെ നിറങ്ങള്‍ എന്ന് നമുക്ക് കാണാം. ആഫ്രിക്കയില്‍ അധികവും കടും നിറമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ യൂറോപ്പുകാര്‍ ഇളം നിറമുള്ള വസ്ത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്നു.

രാജ്യങ്ങള്‍ എന്നപോലെതന്നെ, കാലങ്ങളും സൗന്ദര്യസങ്കല്‍പ്പങ്ങളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണമായി, വസ്ത്രങ്ങളുടെ കാര്യം എടുക്കാം. പഴയ നൂറ്റാണ്ടുകളില്‍ ഉപയോഗിച്ചിരുന്ന തരം വസ്ത്രങ്ങള്‍ നാം ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? ആദ്യമൊക്കെ ഏറ്റവും കൂടുതല്‍ വസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ സൗന്ദര്യം കാണാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്ന് ഏറ്റവും കുറഞ്ഞ വസ്ഥത്തില്‍ ഏറ്റവും കൂടുതല്‍ സൗന്ദര്യം കാണാന്‍ ശ്രമിക്കുന്നു. ആ ശ്രമം നീണ്ടു നീണ്ട് വെറും “ടൂ പീസ് ആവുന്നിടത്തേക്ക് വരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.   പഴയ ആ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ എല്ലാം കാലത്തോടൊപ്പം കാലഹരണപ്പെട്ടുപോയി.

വാണിജ്യവ്യവഹാരങ്ങളെയാണ് സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് എന്ന് തോന്നുന്നു. ഉപഭോക്താവിന്‍റെ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ ദാഹം തീര്‍ക്കാന്‍ പരുവത്തില്‍ ക്രയവസ്തുവിനെ സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് അവയ്ക്ക് വിപണിയില്‍ പിടിച്ചു നില്ക്കാന്‍ സാധിക്കുന്നുള്ളൂ.

എന്നാല്‍ ചില അടിച്ചേല്‍പ്പിക്കപ്പെടുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളെയും കാണാതെ വയ്യ. ആധുനിക സാങ്കേതിക വിദ്യ ഇത്രമാത്രം പുരോഗമിച്ച സമയത്ത് അതിനെ പരമാവധി ഉപയോഗപ്പെടുത്തി ഉപ്ഭോക്താവിനെ മസ്തിഷ്ക പ്രക്ഷാളനം നടത്താന്‍ വാണിജ്യ കുത്തകകള്‍ ശ്രമിക്കുന്നത് കാണാതെ പോകാനും കഴിയുന്നില്ല. പുതിയ സിനിമയില്‍ നായിക ഉടുത്ത വസ്ത്രമാണല്ലോ അടുത്ത വാരത്തിലെ ഫാഷന്‍.

സൗന്ദര്യ സങ്കല്‍പ്പ മാനങ്ങള്‍ക്ക് ആകാരവുമായി അഭേദ്യ ബന്ധമുള്ളതായി പലയിടങ്ങളിലും കാണാവുന്നതാണ്. ഉദാഹരണമായി ആകാരമുള്ള പുരുഷനു കുള്ളനെക്കാളും സ്ത്രീകള്‍ മുന്‍ഗണന നല്‍കുന്നത് ഇതിന്‍റെ ഭാഗമാണ്.

എന്നിരുന്നാലും, മനുഷ്യമനസ്സിന്‍റെ കടിഞ്ഞാണിലാണ് നമ്മുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ അന്തസ്സത്ത കുടികൊള്ളുന്നത്. മനസ്സില്‍ നിന്നാണ് സൗന്ദര്യത്തിന്‍റെ മൂലവേര് തുടങ്ങുന്നത്. ഓരോരുത്തരുടെയും മനസ്സാണ് സൗന്ദര്യത്തിന്‍റെ രൂപവും ഭാവവും നിര്‍ണ്ണയിക്കുന്നത്.


സൗന്ദര്യ സങ്കല്‍പ്പം അപേക്ഷികമാണ് എന്നതിനാല്‍ തന്നെ, എന്‍റെ അഭിപ്രായത്തില്‍, സ്വന്തം സൗന്ദര്യ സങ്കല്‍പ്പത്തെ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാതിരിക്കുകയും, മറ്റുള്ളവരുടെ സൗന്ദര്യ സങ്കല്‍പ്പത്തെ അത് തന്റെ സൗന്ദര്യ സങ്കല്‍പ്പത്തോടു എത്രമാത്രം വിപരീതമായിരുന്നാല്‍ പോലും അതിനെ മാനിക്കാനും അംഗീകരിക്കാനും ശ്രമിക്കുകയും ശീലിക്കുകയും ചെയ്യുക.

No comments:

Post a Comment