നിറമില്ലാത്ത വെളിച്ചങ്ങള്‍ക്ക് പറയാനുള്ളത്
കണ്ണില്ലാതെ കാണുന്നവര്‍
നയനമനോഹരമായ നയനങ്ങളേക്കാള്‍ വശ്യസുന്ദരമായി ഈ ലോകത്ത്
വേറെന്തുണ്ട്?! ലോകത്തെ അതിന്‍റെ പൂര്‍ണ്ണ പ്രൌഡിയോടെ ആവാഹിക്കാന്‍ മറ്റാര്‍ക്ക്
കഴിയും?! ഓരോ കാഴ്ചയുടെയും അനുഭൂതി രോമകൂപങ്ങളിലേക്ക് വരെ എത്തിക്കുന്നതില്‍
കണ്ണിന്‍റെ പങ്ക് എടുത്ത് പറയേണ്ടത് തന്നെ.
താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍
അനുഭവിക്കരുത്, അന്ധന്‍മാര്‍
മറ്റുള്ളവര്‍ക്ക് ഭാരമാകരുത് എന്ന ചിന്തയുടെ ഭാഗമായിരുന്നു www.ebsar.org. സൗദിയിലെ ജിദ്ദയില്‍ മഗ്രബി ആശുപത്രിക്ക് കീഴില്‍ ഏതാനും
ഉദാരമതികളുടെ സഹായത്താല്‍ ഇന്ന് ഈ സംരംഭം അതിന്‍റെ വിജയത്തിലെത്തിയിരിക്കുന്നു.
* * *
ലിഫ്റ്റ് കേടായതിനാല്‍ കോണിപ്പടികള്‍ കേറി ഏഴാം നിലയിലെ
ഓഫീസിലെത്തിയ ഉടനെ അഭിവാദ്യം ചൊല്ലി എന്‍റെ കൂട്ടുകാരന്‍ ജോണ്‍ എന്നെ
പരിചയപ്പെടുത്തി. ഇവിടെ ഒരു പാര്‍ട്ട്‌ടൈം ജോലിക്ക് ആളെ വേണം എന്ന് നിങ്ങള്‍
പറഞ്ഞിരുന്നല്ലോ. അതിലേക്ക് എനിക്ക്
പരിചയമുള്ള ഒരാളെ കൊണ്ട് വന്നിട്ടുണ്ട്. പേര് സൈഫ്.
കണ്ണ് കാണുകയില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. രണ്ട്
കണ്ണുകളും തുറന്ന് സാധാരണ ആളുകളെപ്പോലെ തന്നെ കസേരയില്‍ ഇരിക്കുന്ന ഒരു
മധ്യവയസ്കന്‍.
കസേരയില്‍ ഇരിക്കാന്‍ കല്‍പ്പന കാത്തിരുന്ന എന്നെ, ഒരു
മകനെപ്പോലെ, അടുത്തേക്ക് വിളിച്ചു. അദ്ദേഹത്തിന്റെ കൈവിരലുകള്‍ കൊണ്ട് എന്‍റെ
മൂര്‍ധാവ് മുതല്‍ അരക്കെട്ട് വരെ ഉഴിഞ്ഞു. ശേഷം കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു.
(അന്ധന്‍മാര്‍ ഇങ്ങിനെയാണ് ആളുകളെ പരിചയപ്പെടല്‍ എന്ന് ഞാന്‍ കുറെ മുമ്പ്
കേട്ടിരുന്നതിനാല്‍ അസാധാരണമായി ഒന്നും തോന്നിയില്ല).
തന്‍റെ സ്ഥാപനത്തെ പറ്റി ചെറിയൊരു മുഖവുര തന്ന ശേഷം എന്നോട്
പറഞ്ഞു.
"ഇവിടെ നിന്നെപ്പോലെ നന്നായി ടൈപ്പ് ചെയ്യാന്‍
കഴിയുന്ന ഒരാളെത്തന്നെയാണ് ഞാനന്വേഷിക്കുന്നത്. അധിക സമയം ജോലി ഇല്ലെങ്കിലും ഉള്ള
സമയത്ത് കൂടുതല്‍ ജോലികള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ടാവും; അധികവും അറബിയിലും.
പക്ഷെ, എന്‍റെ സംശയം അതല്ല, നിന്നെപ്പോലെ നല്ല ശമ്പളമുള്ള ഒരു ജോലിയില്‍
ഇരിക്കുന്നയാള്‍ ഇവിടെ ഒരു പാര്‍ട്ട്‌ടൈമിന് വരേണ്ട ആവശ്യമെന്താ? എന്തായാലും
തീരുമാനം നിനക്ക് വിടുന്നു. ഞാന്‍ നിന്നെ സെലക്റ്റ് ചെയ്ത് കഴിഞ്ഞു"
എന്‍റെ വീട്ടിലെ പ്രാരാബ്ധങ്ങളും ഞാന്‍ പെട്ടുപോയ
പ്രശ്നങ്ങളും ഒന്നും അദ്ധേഹത്തെ അറിയിക്കുന്നത് നല്ലതല്ല എന്ന് തോന്നിയതിനാല്‍
ഒന്നും മിണ്ടിയില്ല.
ബലു കൂടുതല്‍ വാചാലനാവുകയാണ്. ജോലിക്കാര്യങ്ങള്‍ കഴിഞ്ഞ്
വ്യക്തിപരമായ കാര്യങ്ങളിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി.
"സൈഫൂ, വയസ്സായിട്ടും ഇപ്പോഴും ചെറുപ്പം കാത്തു
സൂക്ഷിക്കുന്നുണ്ടല്ലോ? ജിമ്മില്‍ പോകാറുണ്ടെന്നത് ശരി തന്നെ, എന്നാലും എന്നും
കുറച്ച് ദൂരം ഓടുന്നത് നല്ലതാ. കുടുംബം
കൂടെയുണ്ടല്ലേ, അതിനാല്‍ കിട്ടുന്ന കാശ് തികയാത്തതിനാലാണോ ഈ സാഹസം?"
മനസും ശരീരവും തമ്മിലുള്ള ബന്ധം വിട്ടുപോകുന്ന അപൂര്‍വ്വ
നിമിഷങ്ങളിലായിരുന്നു ഞാന്‍. എന്‍റെ ശരീരം കസേരയില്‍ ഇരിക്കുന്നുണ്ടെങ്കിലും
മനസ്സ് ബലുവിന്‍റെ വാക്കുകളുടെ വരികള്‍ക്കിടയിലെ ആന്തരാര്‍ത്ഥങ്ങളില്‍ പാറി
നടക്കുകയായിരുന്നു. എന്‍റെ വിഷയം ജോണ്‍
മുമ്പ് ഇവിടെ സംസാരിച്ചിട്ടില്ല എന്നാണ് പറഞ്ഞത്. എന്നെ ആദ്യമായി കാണുന്ന ഇദ്ദേഹം എന്നെപ്പറ്റി വളരെ വിശദമായി എങ്ങിനെ അറിഞ്ഞു?! ജോലിയില്‍
പ്രവേശിച്ചിട്ടും, ഉത്തരം കിട്ടാത്ത ചോദ്യമായി ആ വാക്കുകള്‍ എന്നില്‍
പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു.
ഒരിക്കല്‍ ഞാനും ബലുവും പുറത്ത് സവാരിക്ക് പോയ സമയം ...
"ബലൂ, ഞാനൊരു കാര്യം ചോദിച്ചോട്ടെ? അങ്ങ്
ദേഷ്യപ്പെടില്ലെങ്കില്‍.
"അതെന്താ സൈഫൂ... ഞാന്‍ എന്നെങ്കിലും ഇവിടെ
ആരോടെങ്കിലും ദേഷ്യപ്പെടുന്നത് നീ കണ്ടിട്ടുണ്ടോ?"
"ഇല്ല, എന്നാലും ഒരു ശങ്ക. അതിനാല്‍
പറഞ്ഞെന്നേയുള്ളൂ.."
"ഉം? എന്താ നിനക്കറിയേണ്ടത്?
"ഞാന്‍ ആദ്യ ദിവസം നിങ്ങളെ കാണാന്‍ വന്നപ്പോള്‍
എന്നെക്കുറിച്ച് എല്ലാമറിയുന്നവനെപ്പോലെ സംസാരിച്ചില്ലേ? അതെങ്ങിനെയാ?
"സൈഫൂ, കണ്ണുള്ളവന് അതിന്‍റെ വിലയറിയില്ല.
അതേപോലെതന്നെ അന്ധനായി ജനിച്ചവനും. എന്നാല്‍ കാഴ്ച ഉണ്ടായ ശേഷം അത് നഷ്ടപ്പെട്ടവന്
അതിന്‍റെ വില ശരിക്കും അറിയാം. ഇന്ന് എന്‍റെ ശരീരം മുഴുവന്‍ കണ്ണാണ്; അല്ലെങ്കില്‍,
അങ്ങിനെ ആക്കിയെടുക്കേണ്ടി വന്നതാണ്."
"അന്നത്തെ കാര്യം പറയാം. ഞാന്‍ നിന്നെ ശരീരമാസകലം
വിരലുകള്‍ കൊണ്ട് സ്പര്‍ശിച്ചില്ലേ? അത് ഒരു തരം നോട്ടമായിരുന്നു.
കണ്ണില്ലാത്തവരുടെ നോട്ടം!"
"എന്നാലും അത്ര വിശദമായി എന്നെപ്പറ്റി എങ്ങിനെ പറയാന്‍
കഴിഞ്ഞു?"
"അതും വളരെ എളുപ്പം"
"നിന്‍റെ കൈ വിരല്‍തലപ്പുകള്‍ക്ക് കൈപ്പത്തിയെക്കാളും
മാര്‍ദവം കുറവായതിനാല്‍ ടൈപ്പിംഗ് ചെയ്യുന്ന ആളാണെന്ന് മനസ്സിലാക്കാം."
"എന്നാലും നന്നായി ടൈപ്പ് ചെയ്യുന്ന ആളാണെന്ന് എങ്ങിനെ
മനസ്സിലായി?"
"ഒന്ന് രണ്ടു വിരല്‍ത്തുംബിന് മാത്രമല്ല മാര്‍ദവം
കുറവ്. എല്ലാ വിരലിനും ഉണ്ടായിരുന്നു. അതുകൊണ്ട് ഞാനൊക്കെ ടൈപ്പ് ചെയ്തിരുന്ന
പോലെ ഓരോ വിരല്‍ മാത്രം ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന ആളല്ല എന്നുറപ്പായി. മാത്രമല്ല ഒരു ടൈപ്പിംഗ് ജോലിക്കും കൂടിയല്ലേ
നീ വന്നിട്ടുള്ളത്. അപ്പോള്‍ അക്കാര്യം ഉറപ്പിക്കാമല്ലോ."
"അറബി ടൈപ്പ് ചെയ്യാന്‍ കഴിയുമോ എന്ന് പോലും
ചോദിക്കാതെ അറബി ടൈപ്പിംഗ് ജോലി ചെയ്യാന്‍ ഏല്‍പ്പിക്കാന്‍ എങ്ങിനെ ധൈര്യം വന്നു?
"ഓ.. അതാണോ? നിന്‍റെ സംസാരത്തില്‍ നിന്നും നീ ഒരു
ഇന്ത്യന്‍ അറബിയല്ല; മറിച്ച് നല്ലവണ്ണം അറബി ഭാഷ അതിന്‍റെ നിയമപരമായി പഠിച്ചശേഷം
സംസാരിക്കുന്നതാണ് എന്ന് മനസ്സിലായി. അങ്ങിനെയുള്ള ഒരാള്‍ വെറും ഇംഗ്ലീഷ് മാത്രം
ടൈപ്പ് ചെയ്യാന്‍ പഠിക്കില്ല എന്നുറപ്പല്ലേ!"
"എന്നാലും നല്ല ശമ്പളം ഉള്ള ജോലിയാണെന്ന് നിങ്ങള്‍
പറഞ്ഞല്ലോ. അതെങ്ങിനെ?"
"അതും വളരെ ലളിതം. ഒന്ന്: നീ ഉപയോഗിച്ചിരുന്ന സ്പ്രേ
സാധാരണ ആളുകള്‍ക്ക് അപ്രാപ്യമാണ്.
"അത് ആരെങ്കിലും ഗിഫ്റ്റ് തന്നതായിക്കൂടെ?"
"നില്‍ക്ക്.. ഞാന്‍ മുഴുവനാക്കിയിട്ടില്ല. ഷര്‍ട്ട്
നല്ല കോട്ടണ്‍ ഷര്‍ട്ടായിരുന്നു. കൂടാതെ ഷൂവിന്റെ വാസന കുറവായിരുന്നു എന്നത് നല്ല
ഷൂവും ഷോക്സുമാണ് ധരിച്ചത് എന്ന് വിളിച്ചറിയിക്കുന്നു. കയ്യില്‍ നല്ല
വിലപിടിപ്പുള്ള വാച്ചുള്ളതും ഒരു തെളിവ് തന്നെ. എല്ലാം കൂടി ഒത്തിണങ്ങിയപ്പോഴാണ്
അങ്ങിനെ ഒരു അഭിപ്രായം പറയാന്‍ കഴിഞ്ഞത്"
"ഓക്കേ. ഞാന്‍ സമ്മതിച്ചു. എന്നാല്‍ വയസ്സായിട്ടും
ചെറുപ്പം കാത്തു സൂക്ഷിക്കുന്നു എന്നും, ജിമ്മില്‍ പോകാറുണ്ടെന്നും ഓടല്‍
കുറവാണെന്നുമൊക്കെ എങ്ങിനെ കണ്ടു പിടിച്ചു?"
"അതൊക്കെ പെട്ടെന്ന് പറയാന്‍ കഴിയുന്നതല്ലേ!. കാരണം,
തലയില്‍ തൊട്ടപ്പോള്‍ ഉപയോഗിച്ച ഹെയര്‍ഡൈയുടെ വാസന എന്‍റെ വിരലുകള്‍ക്ക് ലഭിച്ചു.
നല്ല മസിലുകള്‍ ഉള്ളതും വയര്‍ ചാടിയിട്ടില്ല എന്നതും സ്ഥിരം എക്സര്‍സൈസ്
ചെയ്യുന്നതിനെ അറിയിക്കുന്നു. എന്നാല്‍ ഏഴ് നില കയറിയപ്പോഴേക്കും കിതച്ചിരുന്നത്
സ്റ്റാമിനയില്ല എന്നതിന്‍റെ തെളിവല്ലാതെ മറ്റെന്താണ്?"
"സമ്മതിച്ചു.. എന്നാലും എന്‍റെ കുടുംബം എന്‍റെ
കൂടെയുണ്ടെന്ന് എങ്ങിനെ മനസ്സിലാക്കി?"
"ഹ ഹ അതാണ് നിങ്ങള്‍ കാണാത്തത് ഞങ്ങള്‍ കാണും എന്ന്
പറഞ്ഞത്. നീ ധരിച്ചിരുന്ന ഷര്‍ട്ട് കോട്ടണ്‍ ഷര്‍ട്ടായിരുന്നെങ്കിലും വളരെ നന്നായി
ഇസ്ത്രി ഇട്ടതായിരുന്നു."
"അത് ഒരാളുടെ കുടുംബം കൂടെ ഉണ്ടാകും എന്നതിന്
തെളിവാക്കാന്‍ കഴിയുമോ?"
"മറ്റുള്ള കാര്യങ്ങളും കൂടി കൂട്ടി വരികള്‍ക്കിടയിലൂടെ
വായിക്കണം. അതായത്, ലോണ്ട്രികളില്‍ അടിക്കുന്ന സ്പ്രേയുടെ വാസനയോ സ്റ്റീം പ്രഷര്‍
ഇസ്തിരിയുടെ വാസനയോ ഇല്ലാത്ത ഷര്‍ട്ടായിരുന്നു.
"ഇതൊക്കെ ഒരു ബാച്ച്ലര്‍ ആണെങ്കിലും കഴിയുന്ന
കാര്യമല്ലേ?"
"ശരി തന്നെ. പക്ഷെ, ഞാന്‍ പറഞ്ഞില്ലേ നിങ്ങള്‍ കാണാത്ത
പലതും ഞങ്ങള്‍ അന്ധന്മാര്‍ കാണും. അതും കൂടി കൂട്ടി വായിക്കണം. എന്നാലേ പൂര്‍ണ്ണ
രൂപമാവൂ"
"അതെന്താ ഞങ്ങള്‍ കാണാത്ത ആ സാധനം?"
"നീ കുളിച്ചാലും സ്പ്രേ ഉപയോഗിച്ചാലും രതിമൂര്‍ച്ചയുടെ ബാക്കിപത്രങ്ങള്‍ രോമകൂപങ്ങളില്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നത്
നിങ്ങളുടെ നാസാരന്ധ്രങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. എന്നാല്‍ ഞാനത് അറിഞ്ഞു.
ഇപ്പോള്‍ മനസ്സിലായോ?"
ആ നിമിഷം, കണ്ണില്ലെങ്കിലും എല്ലാം നോക്കിക്കാണുന്ന
ബലുവിനെ, കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു ഞാന്‍. പഞ്ചേന്ദ്രിയങ്ങള്‍ മുഴുവന്‍
ഇല്ലെങ്കിലും നാല് ഇന്ദ്രിയങ്ങളും ചേര്‍ത്ത്, അഞ്ചാം ഇന്ദ്രിയം ഒരു ആറാം
ഇന്ദ്രിയമായി ഉപയോഗിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ ആ നിമിഷം കണ്‍ നിറയെ
നോക്കിക്കാണുകയായിരുന്നു.
* * *
കണ്ണില്ലാത്ത കുറവ് ആരെയും അറിയിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു
വ്യക്തിത്ത്വമായിരുന്നു ബലു. ആ ഉദ്ദേശ്യം മനസ്സില്‍ വെച്ചു തന്നെയാണ് അദ്ദേഹം ഈ
പുതിയ സംരംഭത്തിനു നാന്ദി കുറിച്ചതും. കണ്ണില്ല എന്ന ഒറ്റക്കാരണത്താല്‍ ജീവിതനൗക
കാറ്റിലും കോളിലും പെട്ട് ഉഴലുന്ന അവസ്ഥയില്‍നിന്ന് ശരീരത്തിന്‍റെ കപ്പിത്താനായ
കണ്ണിന് മരണം സംഭവിച്ചപ്പോള്‍ സഹായിക്കാന്‍ മറ്റു അവയവങ്ങളെ പ്രാപ്തമാക്കുന്ന ഒരു
പദ്ധതിക്കാണ് ബലു രൂപം നല്‍കിയത്. അതില്‍ പെട്ടതായിരുന്നു അന്ധന്‍മാരെ സ്വയം
പര്യാപ്തരാക്കാന്‍ ഉതകുന്ന തരത്തില്‍ അവര്‍ക്കുപയോഗിക്കാവുന്ന കമ്പ്യൂട്ടര്‍,
സംസാരിക്കുന്ന വടി, പ്രത്യേക കണ്ണടകള്‍ തുടങ്ങി മറ്റു പല ഉപകരണങ്ങളുടെയും
കണ്ടുപിടുത്തങ്ങളുടെ പാതയിലാണിന്ന് ബലു.
ബലു തന്‍റെ കഥ പറയാന്‍ തുടങ്ങി:
ചെറുപ്പം മുതലേ വിമാനം എന്നത് എന്‍റെ വീക്നസ്സായിരുന്നു.
വിമാനത്താവളത്തിനടുത്ത് തന്നെ വീടായിരുന്നതിനാല്‍ വിമാനങ്ങളെ കൌതുകത്തോടെ
നോക്കിയിരിക്കല്‍ എന്‍റെ ഹോബിയായി മാറി. കളിക്കോപ്പുകളില്‍ എനിക്കിഷ്ടം
വിമാനങ്ങളോട് മാത്രമായിരുന്നു. വലുതാവുമ്പോള്‍ ഒരു വിമാന ജോലിക്കാരനാവണം എന്നത്
മാത്രമായിരുന്നു എന്‍റെ ആഗ്രഹം. എന്‍റെ ആഗ്രഹം പോലെതന്നെ ഫ്ലൈറ്റ് അറ്റന്‍ഡന്‍റ്
ആയി ജോലിയും ലഭിച്ചു.
കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ എന്‍റെ ജീവിതാഭിലാഷമായ
ജോലിയില്‍ തുടരാന്‍ വിധി എന്നെ അനുവദിച്ചുള്ളൂ.
അന്ന് രാത്രി മൂന്നരക്കായിരുന്നു ജിദ്ദാ ലണ്ടന്‍ വിമാനം.
നേരത്തെ കിടന്നുറങ്ങി നേരത്തെ എഴുന്നേറ്റു. കുളിമുറിയില്‍ പോയി തണുത്ത വെള്ളം
തലയില്‍ ഒഴിക്കുന്ന സമയത്ത് ഇടത് ഭാഗം എന്തോ കളര്‍ പോയ പോലെ തോന്നി. ഓ... അതൊരു
തോന്നലാവും എന്ന് കരുതി കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കിയപ്പോള്‍ പ്രശ്നങ്ങള്‍
ഒന്നും തന്നെ കണ്ടില്ല.
രണ്ട് ദിവസം കഴിഞ്ഞ്, ഒരു വിമാന യാത്രികന്‍ ടൂത്ത് പിക്ക്
വേണം എന്ന് ആവശ്യപ്പെട്ടു. മുന്നിലുള്ള ട്രേയില്‍ സാധാരണ വെക്കുന്ന സ്ഥലത്ത്
നോക്കുമ്പോള്‍ കാണുന്നില്ല. അങ്ങോട്ട് കൊണ്ട്പോയ എന്‍റെ കൈ തട്ടിയത് വെള്ളം
നിറച്ച് ഒരു ഗ്ലാസിലാണ്.
ശേഷം, പകല്‍ വെളിച്ചത്തില്‍ നടക്കുന്നതിന് ചെറിയ
ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. ചില മാസങ്ങള്‍ക്ക് ശേഷം അത് രാത്രിയും
അനുഭവപ്പെട്ടു.
കണ്ണ് ഡോക്ടറെ കാണിക്കുന്നതിന്റെ അനിവാര്യത മനസ്സിലാക്കിയ
ഞാന്‍ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് കണ്ണട വെക്കാന്‍ തുടങ്ങി. എന്നാല്‍ അഞ്ചാറു മാസം
കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ കണ്ണടയില്‍ ഒതുങ്ങുന്നതല്ല എന്ന് മനസ്സിലായി. ക്രമേണ,
കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങി. പകല്‍
കൂളിംഗ് ഗ്ലാസ് ഇല്ലാതെ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥ. രാത്രി ലൈന്‍ ഇല്ലാത്ത
റോഡില്‍ കാര്‍ ഓടിക്കാന്‍ പറ്റാത്ത അവസ്ഥ.
ഇതിനിടയില്‍ പല പല ഡോക്ടര്‍മാരെയും മാറി മാറി കാണിച്ചു.
അവസാനം ഇവിടത്തെ ഒരു പ്രസിദ്ധ ആശുപത്രിയിലെ പ്രൊഫസറെ കാണിച്ചപ്പോള്‍ എന്‍റെ കാഴ്ച
വെറും 60% മാത്രമാണ്
ഇപ്പോഴുള്ളതെന്ന സത്യം അറിഞ്ഞു.
ഇപ്പോഴുള്ള ചികിത്സ സമ്പ്രദായത്തില്‍ ഇതിന് തക്കതായ ഒരു
ചികിത്സ ഇല്ല എന്നും, പുറത്ത് പോകുമ്പോള്‍ ആരെങ്കിലും എപ്പോഴും കൂടെ
ഉണ്ടായിരിക്കണം എന്നും പറഞ്ഞതോടെ... എന്‍റെ കണ്ണിന് മാത്രമല്ല മനസ്സിനും അന്ധകാരം
ബാധിക്കാന്‍ തുടങ്ങിയിരുന്നു.
കണ്ണും തലച്ചോറുമായി ബന്ധിപ്പിക്കുന്ന നാഡികള്‍ ക്രമേണ
ക്ഷയിച്ച് കണ്ണിന്‍റെ കാഴ്ച കുറയ്ക്കുന്ന ഒരു രോഗമാണ് ഇത്. മാതാപിതാക്കളുടെ ഏതോ
ഒരു പാരമ്പര്യത്തില്‍ നിന്നും ലഭിച്ചതാണെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.
വൈദ്യ ശാസ്ത്രത്തില്‍ ഇതിന് തക്കതായ പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല എന്നാണറിയാന്‍
കഴിഞ്ഞത്. വര്‍ണ്ണാന്ധതയില്‍ നിന്നും തുടങ്ങി ക്രമേണ പൂര്‍ണ്ണാന്ധനായി മാറുന്ന ഒരു
പ്രത്യേക രോഗം!
മുങ്ങി മരിക്കാന്‍ പോകുന്നവന്റെ അവസ്ഥയോട് താരതമ്യം ചെയ്യാവുന്ന
ഒരു മാനസികാവസ്ഥയായിരുന്നു എന്റേതും. കാരണം എന്‍റെ മുന്നിലുള്ള ഈ പലതരം കളറുകള്‍
എല്ലാം യോജിച്ച് കറുപ്പ് മാത്രമാകുന്ന ഒരു ദിനം, പകലുകളിലും രാത്രികളിലും ഞാന്‍
സ്വപ്നം കണ്ടു. പിന്നീടങ്ങോട്ട് അന്ധകാരത്തിന്‍റെ കറുപ്പില്‍ വര്‍ണ്ണങ്ങള്‍ തീര്‍ക്കാന്‍
ശ്രമം തുടങ്ങി. നിറമില്ലാത്ത വെളിച്ചങ്ങളെ എതിരേല്‍ക്കാന്‍ പഞ്ചേന്ദ്രിയങ്ങളില്‍
ബാക്കിവന്നവയെ മൂര്‍ച്ച കൂട്ടി വെക്കാനുള്ള ഒരു വൃഥാ ശ്രമം. കണ്ണിന് പകരം തൊക്കും (സ്പര്‍ശനം),
നാസാരന്ധ്രങ്ങളും (വാസന), ചെവിയും (കേള്‍വി) ചേര്‍ന്ന ഉള്‍ക്കണ്ണാണ് അന്ധന്മാരെ
കാഴ്ച്ചയുള്ളവരാക്കുന്നത് എന്ന് ഞാനറിഞ്ഞു.
ഏറ്റവും കൂടുതല്‍ എന്‍റെ മനസ്സിനെ മുറിവേല്‍പ്പിച്ചത്
സ്വപ്നസാക്ഷാല്‍ക്കരമായ എന്‍റെ ജോലി വേണ്ട വിധത്തില്‍ ചെയ്യാന്‍
കഴിയാത്തതിനാലായിരുന്നു. അത് മനസ്സിലാക്കിയ എന്‍റെ മാനേജര്‍ പുതിയ ആളുകള്‍ക്കുള്ള
ട്രെയിനിംഗ് നടത്താന്‍ ഏല്‍പ്പിച്ചു. എന്നാല്‍ അവിടെയും ഞാന്‍ പരാജിതനാവേണ്ടി
വരികയായിരുന്നു. എന്നുമെന്നും പുതിയ പുതിയ സാങ്കേതിക മികവുകള്‍ ഉണ്ടാവുന്ന
മേഖലയാണല്ലോ ഇത്. കാലത്തിനൊപ്പം ഒഴുകാന്‍ എന്‍റെ കണ്ണുകള്‍ തടസ്സമായി. വലിയ
എഴുത്തുകള്‍ മാത്രം വായിക്കാന്‍ കഴിയുന്ന അവസ്ഥയായപ്പോള്‍ ജോലിയില്‍ തുടരാന്‍
കഴിയില്ലെന്ന് മാനേജര്‍ അറിയിച്ചു. വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി ജോലിയില്‍
നിന്നും വിരമിക്കേണ്ടി വന്നു.
പക്ഷെ, അതുകൊണ്ട് തളര്‍ന്ന് ഒരു മൂലയിലിരിക്കാന്‍ ഞാന്‍
ഒരുക്കമല്ലായിരുന്നു.
കിട്ടിയ അറിവുകള്‍ വെച്ച് പുതിയ പാവുകള്‍ നെയ്യാന്‍
ശ്രമിച്ചു. അങ്ങിനെയാണ് "അന്ധന്മാര്‍ക്കുള്ള ഭക്ഷണ വിതരണം" എന്ന
വിഷയത്തില്‍ ഞാന്‍ നടത്തിയ പഠനത്തെ മുന്‍നിര്‍ത്തി International Caters Association ന്‍റെ പ്രത്യേക സമ്മാനത്തിന് പാത്രമായത്. ഒരു കണ്ണുള്ളവന്
അറിയാന്‍ പാടില്ലാത്ത കുറെ കാര്യങ്ങള്‍ അന്ധന് വിമാനത്തില്‍ അനുഭവിക്കേണ്ടി വരുമെന്ന്
ഞാനറിഞ്ഞു. പ്രത്യേകിച്ചും ഭക്ഷണ സാധനങ്ങളുടെ സ്ഥാനം. അതിനായി ഒരു ബ്രൈല്‍
ലിപിയില്‍ ഒരു കുറിപ്പ് ഉണ്ടാക്കി. ഭക്ഷണം കൊടുക്കുന്നതിന് മുമ്പ് ഈ കുറിപ്പ്
അന്ധയാത്രക്കാരന് നല്‍കും. അതില്‍ പറഞ്ഞ രൂപത്തിലായിരിക്കണം അന്ധന്മാര്‍ക്ക്
ഭക്ഷണം വിളംബേണ്ടത് എന്ന് നിഷ്കര്‍ഷിച്ചു.
====================
പത്ത് വര്‍ഷം മുമ്പുള്ള കഥയാണ് നിങ്ങള്‍ കേട്ടത്. ഇന്ന്
ശ്രീമാന്‍ ബലു ആളാകെ മാറി. ആ കഥ കേള്‍ക്കേണ്ടേ?
ബലു തന്നെ ആ കഥ നിങ്ങളോട് പറയട്ടെ
എന്‍റെ പിതാവ് എനിക്ക് വെറും പിതാവല്ലായിരുന്നു.
കൂട്ടുകാരനും, അധ്യാപകനും, വഴികാട്ടിയും കൂടിയായിരുന്നു. എന്‍റെ മാനസികാവസ്ഥ
മനസ്സിലാക്കിയ അദ്ദേഹം എന്‍റെ ഓരോ ചലനത്തിലും സഹായിച്ചു, വേണ്ട നിര്‍ദ്ദേശങ്ങള്‍
നല്‍കി.
അന്ന് അതിരാവിലെ നാല് മണിക്ക് തന്നെ ഡാഡി ഉണര്‍ന്നുവെന്ന്
ഞാന്‍ മനസ്സിലാക്കി. സമയം എങ്ങിനെ മനസ്സിലാക്കി എന്നായിരിക്കും ചിന്തിക്കുന്നത്...
അല്ലെ? അതും എന്‍റെ ഡാഡിയുടെ ബുദ്ധിയായിരുന്നു. ഒരു ക്വോട്സ് വാച്ചിന്റെ മുകളിലെ
ചില്ല് ഇളക്കി എന്‍റെ കയ്യില്‍ കെട്ടിത്തന്നു. ഇപ്പോള്‍ അതില്‍ മെല്ലെ തൊട്ടാല്‍
മണിക്കൂര്‍-മിനുറ്റ് സൂചികളുടെ സ്ഥാനം സ്പര്‍ശിച്ച് സമയം അറിയാന്‍ ഞാന്‍
പഠിച്ചിരിക്കുന്നു.
ചടുലമായ ചലനങ്ങളില്‍ നിന്നും ശബ്ദങ്ങളില്‍ നിന്നും പതിവിലും
ഉന്മേഷവാനാണ് ഡാഡി എന്ന് ഞാന്‍ മനസ്സിലാക്കി. ഡാഡിയുടെ ഒരുക്കങ്ങള്‍ എല്ലാം കഴിഞ്ഞ
ശേഷം എന്നെ ഉണര്‍ത്തി. പള്ളിയില്‍ പോകാന്‍ ഇറങ്ങുന്ന സമയത്ത് കാലില്‍ ചെരിപ്പുകള്‍
ധരിപ്പിച്ചു കയ്യില്‍ വടി തന്നു. എനിക്ക് വടി ഉണ്ടെങ്കിലും ഒരു കൈ ഡാഡി തന്നെ
പിടിക്കും. കാരണം ചോദിച്ചപ്പോള്‍, ഞാനുള്ള കാലത്തോളം എന്‍റെ മോനെ വടി
ചതിക്കരുതല്ലോ... എന്നായിരുന്നു ഉത്തരം.
എന്നെ കൈ പിടിച്ച് പള്ളിയിലേക്ക് കൊണ്ട് പോയ ശേഷം നമസ്കാരം
കഴിഞ്ഞ് കുറെ കാത്തിരുന്ന എന്നെ കൈ പിടിച്ച് എഴുന്നെല്‍പ്പിച്ചത് വേറെ
ഒരാളായിരുന്നു. എനിക്ക് കാര്യം മനസ്സിലായില്ല. ആരും പറഞ്ഞു തന്നതുമില്ല.
വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങളുടെ ഗൌരവം മനസ്സിലായത്.
നമസ്കാരത്തില്‍ സ്രാഷ്ടാംഗത്തില്‍ നിന്നും ശരീരം എഴുന്നേല്‍ക്കാതെ പ്രാണന്‍ മാത്രം
എഴുന്നേറ്റ് പോയ വിവരമറിഞ്ഞ ഞാന്‍ അബോധാവസ്ഥയിലായി.
പിതാവിന്‍റെ വിയോഗം എന്നെ കുറച്ചൊന്നുമല്ല തളര്‍ത്തിയത്!
വീട്ടുകാര്‍ എനിക്ക് ഒരു പങ്കാളിയെ തിരഞ്ഞു. പാവപ്പെട്ട
കുടുംബത്തില്‍ നിന്ന് തന്നെ വേണം എന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. എന്‍റെ യഥാര്‍ത്ഥ
അവസ്ഥ മനസ്സിലാക്കാന്‍ ഒരു പക്ഷെ അവള്‍ക്കായിരിക്കും കൂടുതല്‍ കഴിയുന്നത് എന്ന്
ഞാന്‍ കണക്ക്‌കൂട്ടി. പക്ഷെ, നാമൊന്ന് ഇച്ഛിക്കുന്നു; ദൈവം വേറൊന്നു കല്‍പ്പിക്കുന്നു.
എനിക്ക് വിധിച്ചവള്‍ ധനിക കുടുംബത്തില്‍ നിന്ന് തന്നെയായിരുന്നു.
എന്‍റെ എല്ലാ കണക്ക് കൂട്ടലുകളെയും കടത്തിവെട്ടിക്കൊണ്ട്,
പിതാവ് നിര്‍ത്തിയേടത്ത് നിന്ന് അവള്‍ തുടങ്ങി.
സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മനസ്സില്‍ നെയ്യുന്നതിന് ഞാന്‍
എന്നും ഒരു പണത്തൂക്കം മുന്‍പന്തിയിലായിരുന്നു. അത് എന്‍റെ ഭാര്യയില്‍ എറ്റവും
കൂടുതല്‍ ഉണ്ടാവണം എന്നതും എന്‍റെ സ്വപ്നമായിരുന്നു. എന്നാല്‍ സൗന്ദര്യം മുഖ
ഭംഗിയിലല്ല; ഹൃദയ ഭംഗിയിലാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍! എല്ലാ ദുഃഖങ്ങളും
മറക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍ സംഭാവന ചെയ്യാന്‍ കഴിയുന്ന അവളുടെ തലോടലുകള്‍ക്ക്
വേണ്ടി... അവളുടെ മൊഴി മുത്തുകള്‍ക്ക് വേണ്ടി... അവളുടെ കൈതാങ്ങിന് വേണ്ടി പ്രഭാതം
മുതല്‍ പ്രദോഷം വരെയും പ്രദോഷം മുതല്‍ പ്രഭാതം വരെയും ഞാന്‍ കാതോര്‍ത്ത് ഒരുങ്ങി
നിന്നു.
കൈവിരലുകളാല്‍ അവളുടെ സൌന്ദര്യം നുകരുന്ന ഒരു നിമിഷത്തില്‍
അവളെന്നോട് ചോദിച്ചു. "നമുക്ക് ഒരു കുട്ടിയുണ്ടാവുന്ന നിമിഷം
നിങ്ങളാലോചിച്ചിട്ടുണ്ടോ?"
"എന്തേ അങ്ങിനെ ചോദിക്കാന്‍?"
"നമ്മുടെ കുഞ്ഞിനെ കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടാവില്ലേ?"
"ഇതെന്ത് ചോദ്യം?! ആര്‍ക്കാണ് സ്വന്തം കുഞ്ഞിനെ കാണാന്‍
ആഗ്രഹാമില്ലാതിരിക്കുക?!"
"പക്ഷെ, നിങ്ങളെങ്ങിനെ കാണും?"
ഞാന്‍ എന്നെപ്പറ്റി ആഴ്ന്നിറങ്ങി ചിന്തിച്ച ഒരു നിമിഷം.
ആദ്യമായുണ്ടാകുന്ന സ്വന്തം കുഞ്ഞിനെ കയ്യില്‍ വെച്ച് തരുമ്പോള്‍ ഒരു നോക്ക് കാണാന്‍
കഴിയാത്ത എന്‍റെ അവസ്ഥയെപറ്റി ആലോചിച്ച ഞാന്‍ ഒരു നിമിഷം ശബ്ദമില്ലാത്തവനായി.
ഒരുപക്ഷെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വ്യസനിക്കുന്ന ഒരു സന്ദര്‍ഭമാവാം അത്
എന്ന് ഞാന്‍ മുന്നില്‍ കണ്ടു. മാനസികമായി ആ നിമിഷത്തെ നേരിടുന്നതിന് വേണ്ടി ചെറിയ
ഒരു മുന്നൊരുക്കവും ഞാന്‍ നടത്തി.
"ആ നിമിഷം ഏറ്റവും സന്തോഷിക്കുന്ന ഒരു നിമിഷമാക്കാന്‍
കഴിഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?"
അവളുടെ വാക്കുകള്‍ എന്‍റെ ചിന്തകള്‍ക്ക് ചിറക്
വെക്കുന്നതിന് തടസ്സമായി.
"മനസ്സിലായില്ല"
"ഞാന്‍ തെളിച്ചു പറയാം. ലോകത്തിന്‍റെ നിറങ്ങളെ
ആവാഹിക്കാന്‍ രണ്ട് കണ്ണ് വേണമെന്നുണ്ടോ?"
"നീ സാഹിത്യം വിളമ്പാതെ തെളിച്ച് പറയെന്റെ
പൊന്നേ"
"എന്‍റെ ഒരു കണ്ണിനാല്‍ നിങ്ങളും ഒരു കണ്ണിനാള്‍ ഞാനും
ഈ ലോകത്തെ നോക്കിക്കാണുന്ന ഒരു സന്ദര്‍ഭം ഒന്നാലോചിക്കാമോ?"
കുറച്ച് സമയം ചിന്തിച്ച ശേഷം മാത്രമാണ് അവളുടെ യാഥാര്‍ത്ഥ
ഉദ്ദേശ്യം പിടി കിട്ടിയത്. എന്തുത്തരം പറയും എന്നറിയാതെ കണ്ണില്ലാത്ത കണ്ണ് കൊണ്ട്
ഞാനവളുടെ കണ്ണുകളിലേക്ക്, സന്തോഷാശ്രു പൊഴിച്ച് കൊണ്ട് നോക്കി നിന്നു.
"അതെ ഞാന്‍ ഒരു തീരുമാനം എടുത്തു കഴിഞ്ഞു. നമ്മുടെ
ആദ്യ കുഞ്ഞ് ഈ ലോകം കാണുന്നതിന് മുമ്പ് നിങ്ങള്‍ ആ കുഞ്ഞിനെ നിറകണ്ണോടെ കാണാനുള്ള
എല്ലാ തയ്യാറെടുപ്പുകളും ചെയ്തിരിക്കണം. അത് മാത്രമല്ല.. നമ്മള്‍ മരിച്ചാലും
നമ്മുടെ ഈ നേത്രങ്ങള്‍ അടുത്ത ഒരു തലമുറയിലേക്ക് പകരാനുള്ള തീരുമാനവും ഞാന്‍
എടുത്തു കഴിഞ്ഞു."
"എന്തൊക്കെയാണ് നീ ഈ പറയുന്നത്?!"
"ഓപ്പറേഷന് വേണ്ടി ഡോക്ടര്‍മാരെയെല്ലാം ഞാന്‍ പോയി കണ്ടു
സമയവും നിശ്ചയിച്ചു കഴിഞ്ഞു. അതേപോലെ കറുപ്പില്‍ നിറങ്ങള്‍ നെയ്യുന്ന ഏതെങ്കിലും
ഹതഭാഗ്യര്‍ക്ക് നമ്മുടെ നേത്രങ്ങള്‍ ദാനം ചെയ്യാനുമുള്ള തീരുമാനം എടുത്തു കഴിഞ്ഞു.
ഇനി നിങ്ങളുടെ ഒരു ഉറപ്പ് മാത്രം കിട്ടിയാല്‍ മതി."
കറുപ്പില്‍ എല്ലാ നിറങ്ങളും നെയ്യാന്‍ ശീലിച്ച ഞാന്‍
വീണ്ടും ഒരു തിരിച്ചു പോക്കിന് മാനസികമായി തയ്യാറെടുക്കുകയായിരുന്നു...
No comments:
Post a Comment