Wednesday, January 10, 2018

വാട്സാപ്പ് ചാറ്റ്

കാലചക്രം ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെയും,   ആണ്‍ പെണ്‍ സൌഹൃദങ്ങളെ ഒരേ അളവ് കോല്‍ വെച്ച് മാത്രം കാണുന്ന സമൂഹ  അവസ്ഥക്കെതിരെ എഴുതി ഫലിപ്പിക്കാന്‍ ഒരു എളിയ ശ്രമം നടത്തുകയാണ് ഞാന്‍ ഈ കഥയില്‍.

ഈ കഥ ഒരു ചെറിയ തിരുത്താകും എന്ന പ്രതീക്ഷയോടെ സമര്‍പ്പിക്കട്ടെ.

"ഡാ.. അസത്തെ... ഇന്ന് ഞായറാഴ്ച ആയത് അറിഞീലേ?"
നിലത്ത് വിരിച്ച ഓല മെടഞ്ഞ പായയില്‍ കിടക്കുന്ന അവന്‍റെ പുതപ്പ് വലിച്ച് അവള്‍ അക്രോശിക്കുന്നപോലെ പറഞ്ഞു
"അയ്യേ, ഇതെന്താ.. ഒര്‍ങ്ങുമ്പോ ഒന്നും ഇടാറില്ലേ?"
"ഡീ.. നീ വലിച്ച പുതപ്പിനടിയിലാ എന്‍റെ തുണി. അവിടെ ഇട്ട് പോടീ ശവമേ"
പുതപ്പിനടിയില്‍ പെട്ട തുണി വലിച്ചൂരി ഉടുത്ത് അവന്‍ അവളുടെ പിറകെ ഓടി...
"നിനക്കിന്ന് ഞാന്‍ കാണിച്ചു താരാട്ടോ"

ആ രണ്ടു കുടുംബത്തിന്‍റെയും അതിര് തിരിക്കുന്ന ഉയരം കുറഞ്ഞ മുള്ളുവേലി വേണ്ടി ചാടിക്കടന്നു ഓടി അവള്‍ അവളുടെ വീട്ടിന്‍റെ ഉമ്മറപ്പടിയില്‍ കയറി തിരിഞ്ഞു നിന്ന് അവന് നേരെ കൊഞ്ഞനം കാട്ടി.

അവരങ്ങിനെയാണ്. "എപ്പോഴും കീരീം പാമ്പും പോലെ"യെന്നാ അവളുടെ ഉമ്മ അവരെപ്പറ്റി പറയാറ്. എന്നാ "ഇത്ര വല്യ സ്നേഹോള്ളോര്‍ ലോകത്ത്‌ വേറെണ്ടാവില്യ" എന്നാണ് അവന്‍റെ അമ്മ പറയാറ്.

രണ്ടു വീടാണെങ്കിലും ഒരു വീട്ടുകാരെപ്പോലെയാ താമസം. ഒന്നുകില്‍ അവിടെ ചായയും കടിയും... അല്ലെങ്കില്‍ ഇവിടെ ഉച്ചച്ചോര്‍... എന്നാല്‍ സന്ധ്യ ആവുമ്പോള്‍ അവരവര്‍ അവരുടെ വീടണയണം. അങ്ങിനെയായിരുന്നു ഓരോ വാരാന്ത്യ അവധി ദിനങ്ങളും.

"ഉമ്മാ.. ഞാന്‍ ഇന്ന് ഇവിട്യാ ചായക്ക്. ഡീ ആയ്ശൂ, എവിട്യാ ആ ഉമിക്കരി?"

"ഡാ ശൈത്താനെ. നല്ലോണം പല്ല് തേച്ചോ ട്ടോ.. ബല്ല പുളിങ്കുരൂം പോലെണ്ട് അന്‍റെ പല്ല്"
എന്നും പറഞ്ഞ് മത്തന്‍ തോടില്‍ ഇറയത്ത്‌ തൂക്കിയിട്ട ഉമിക്കരി ഒരു നുള്ളെടുത്തു അവന്‍റെ ഉള്ളന്‍ കയ്യില്‍ വെച്ച് കൊടുത്തു.

വായയുടെ രണ്ടു ഭാഗത്ത് കൂടെയും ഉമിക്കരിയും ഉമിനീരും കൂടിയ ദ്രാവകം ഒലിച്ചു വരുന്നത് കണ്ട് ആയ്ശു കുണുകുണെ ചിരിച്ചു.

"ഡീ... നീ ഇളിക്കാതെ ആ വെള്ളം ഒഴിച്ച് തരുണുണ്ടോ?

കവുങ്ങിന്‍ പാള കൊണ്ട് വളച്ച് ഉണ്ടാക്കിയ പാത്രം ചകിരി കൊണ്ട് ഉണ്ടാക്കിയ കയറില്‍ ബന്ധിച്ചിരിക്കുന്നു. മരം കൊണ്ട് ആശാരി പണിത് തന്ന കപ്പി പൊട്ടിയതിനാല്‍ ഇപ്പോള്‍ വെള്ളം വലിച്ച് കയറ്റണം.

"നീയ്യത്‌ മുഴുവോന്‍ നിറക്ക്യല്ലേ. നിന്‍റെ കയ്യ് നോവും"
"ഒന്ന് പോടാ.. ഇതല്ല ഇതിലും ബല്യേത് ഞാം ബലിച്ച് കേറ്റീട്ട് ണ്ട്.

കയ്യിലേക്ക്‌ ഒഴിച്ച് കൊടുത്ത വെള്ളം കൊണ്ട് അവന്‍ പല്ലും മുഖവും കൈകളും കഴുകുകയായിരുന്നു... അപ്പോള്‍ ആയ്ശു, "ഇന്ന് പുതിയ ബാലരമ വാങ്ങണം ട്ടോ"
"ഡീ എന്‍റെ കയ്യില്‍ പൈസ തികയില്ല..."
"അത് സാരല്ല. ഞാം ഉപ്പാന്‍റെ അടുത്തൂന്ന് ഇസ്ക്കിയ പൈസീം കൂട്ടി ഞമ്മക്ക്‌ അത് ബാങ്ങാ"

അവര്‍ രണ്ട് പേരും അടുക്കളയില്‍ എത്തിയപ്പോഴേക്കും ഉമ്മ ദോശയും ചട്ടിനിയും ഒരോ ഗ്ലാസ്‌ കട്ടനും രണ്ടു പേര്‍ക്കും റെഡിയാക്കി വെച്ചിരുന്നു.

"അയ്യേ, ആയ്ശു പല്ല് തേക്കാതെ ചായ കുടിക്കുന്നോ?"
"ഡാ പൊട്ടാ... അന്നെപ്പോലെയല്ല ഞാം. അവ്വല്‍ സുബൈക്ക്‌ എണീറ്റ്‌ പയ്ക്കളെ കറന്ന് പാല് കൊണ്ടോയി ബിറ്റിട്ടാ ഞാം അന്നെ ബുളിച്ചാന്‍ ബന്നത്. കുളീം നനീം ഒക്കെ നേരത്തെ കാലത്തെ കയ്ഞ്ഞു"

പ്രാതല്‍ കഴിഞ്ഞ് കൈ കഴുകി വായില്‍ വെള്ളം കൊപ്ലിച് അടുക്കളയുടെ പിന്‍ഭാഗത്തേക്ക് നീട്ടിത്തുപ്പുമ്പോള്‍ ഉമ്മ ഉറക്കെ പറയുന്നത് കേള്‍ക്കാമായിരുന്നു.

"കുട്ട്യാളെ, ഇന്ന് ഞാറായ്ച്യാ. ബെര്‍തെ അതിലീം ഇതിലീം കളിച്ച് നടക്കാതെ ബല്ലതും ഇരുന്ന് പഠിച്ചോളീം"

"ഇല്ലുമ്മാ... അടുത്ത മാസം പരീക്ഷയല്ലേ. ഞങ്ങള്‍ എന്‍റെ വീട്ടില്‍ പോയി പഠിക്യാ ട്ടോ"

എന്ന് പറഞ്ഞതും രണ്ടാളും കൂടി ഉമ്മ കാണാതെ ഓടി വയല്‍ വരമ്പത്തെത്തി.  രണ്ടാളുടെ കയ്യിലും ഉള്ള നാണയത്തുട്ടുകള്‍ എണ്ണിനോക്കി. അപ്പോഴും പത്ത്‌ പൈസയുടെ കുറവുണ്ടായിരുന്നു. ആകെ വിഷമിച്ച ശ്രീയെ ആയ്ശു സമാധാനിപ്പിച്ചു. "അതൊക്കെ ഞാം സരിയാക്കിത്തരാ" എന്നും പറഞ്ഞ് അവന്‍റെ കയ്യിലുള്ള നാണയത്തുട്ടുകള്‍ ഒന്നാകെ വാങ്ങി അവള്‍ കടയിലേക്കോടി. അല്‍പ സമയത്തിനുള്ളില്‍ ബാലരമയുമായി തിരിച്ചു വന്നു.

"നീയാള് കൊള്ളാമല്ലോഡീ... ഇതെങ്ങിനെ ഒപ്പിച്ച്?"
ഒരു വലിയ സംഭവം ചെയ്തു വിജയിച്ചു എന്ന ഭാവത്തില്‍ അവള്‍ ബാലരമ അവന് നേരെ നീട്ടി.
"അന്തം ബുട്ട് നിക്കാതെ, ഇപ്പൊ പോയി ബേഗം ബായിച്ച് തന്നാ പുതിയ പൂമ്പാറ്റക്ക് മാറ്റക്കച്ചോടം നടത്താന്നാ അമ്പിളി പറീണെ"

ഇതായിരുന്നു സ്ഥിരം പരിപാടി. ആരെങ്കിലും ഒരാളോ ഒന്നിലധികം പേര്‍ ചേര്‍ന്നോ ഒരു പുസ്തകം വാങ്ങും. അത് വായിച്ച ഉടനെ വേറെ ഇതേപോലെയുള്ള ടീമുമായി കൈമാറ്റം നടത്തും. ഇപ്പ്രാവശ്യം ശ്രീക്കും ആയ്ശുവിനും ബാലരമയായിരുന്നു നറുക്ക്‌ വീണത്‌. അന്ന് നിലവിലുള്ള പൂമ്പാറ്റ, ബാലരമ, തുടങ്ങി എല്ലാ ബാല മാസികകളും അമര്‍ ചിത്രകഥകളും ഇതുപോലെ വാങ്ങി വായിക്കും. ആദ്യം വായിച്ചു തീര്‍ക്കുന്ന ടീമിന് അടുത്ത ബുക്ക്‌ വേഗം മാറ്റം മാറാം എന്നതിനാല്‍ എല്ലാവരും മത്സരിച്ച് വായിച്ചു തീര്‍ക്കാന്‍ ശ്രമിക്കുമായിരുന്നു.

"ഉമ്മാ... ആ പെന്‍സില്‍ ഒന്ന് കൂര്‍പ്പിച്ച് തരീം.. ഞാന്‍ ശ്രീന്‍റെ അങ്ങ് പോക്വാ"

വെണ്ണീര് കൊണ്ട് പാത്രം കഴുകുകയായിരുന്നെങ്കിലും കൈ തുണിയില്‍ തുടച്ച് പെന്‍സില്‍ എടുത്ത് ഉപ്പയുടെ പിച്ചാത്തി കൊണ്ട് കൂര്‍പ്പിച്ച് കൊടുത്തു.

തൊട്ടടുത്ത്‌ തന്നെ എന്തോ പൊട്ടിയ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ശ്രീക്കും കിട്ടി രണ്ട് പെട. വേദന കൊണ്ട് പുളയുന്ന ആയ്ശുവും ശ്രീയും. തിരിഞ്ഞ് നോക്കിയപ്പോള്‍ പിന്നില്‍ രണ്ട് കുടുംബ കാരണവന്‍മാരും കലിതുള്ളി നില്‍ക്കുന്നു. ഉപ്പാന്‍റെ കയ്യില്‍ ചൂരല്‍ ഉള്ളത് ഇറയില്‍ തിരുകി വെക്കാന്‍ മാത്രമാണെന്നാ ഇതുവരെ കരുതിയിരുന്നത്. അതിന് ഇങ്ങിനെ ഒരു ഉപയോഗം കൂടി ഉണ്ടെന്ന് അറിഞ്ഞു.

"എടാ, രണ്ടാളും കൂടി പടിച്ചാന്‍ ന്നും പറഞ്ഞ് പോന്നതല്ലേ. ഇപ്പോ ഈ കണ്ടതോ? എന്നാ സ്കൂളില്‍ ബാലരമ പരീസ തുടങ്ങ്യെ?"

ബുക്കിനിടയില്‍ നിന്ന് ബാലരമ വലിച്ചെടുത്ത് പുറത്തേക്ക് നീട്ടിയെറിഞ്ഞത് അമ്മയാണ്. അവര്‍ക്കറിയില്ലല്ലോ, ഇന്ന് വായിച്ച് കഴിഞ്ഞില്ലെങ്കില്‍ എല്ലാ പ്ലാനുകളും തകരാറിലാവുമെന്ന്.

**********************************
കാലചക്രം അതിന്‍റെ അച്ചുതണ്ടില്‍ കറങ്ങിത്തിരിഞ്ഞ് മാസങ്ങള്‍ വര്‍ഷങ്ങള്‍ക്ക്‌ വഴിമാറി.
**********************************

"ഇച്ച് ഇനി മരിച്ചാ മതി... ഞാം എങ്ങനെ ആള്‍ക്കാരെ മൊകത്ത് നോക്കും?"
"അയിന് ഇബടെ എന്താപ്പോ ണ്ടായേ?"
"ഓളെയ്... അന്‍റെ മകള് ആയ്ശൂനെ ജ്ജ് കണ്ടോ? ഓള്പ്പൊ എബട്യാ ന്ന് അനക്ക് അറ്യോ?"
"ഓള് ന്‍റെ മാത്രല്ലാ.. ങ്ങളീം കൂടി കുട്ട്യല്ലേ?" "ന്താപ്പോ ണ്ടായ്യേ?"
പണ്ട് ഇറയില്‍ തിരുകി വെച്ചിരുന്ന ആ ചൂരല്‍ ഇന്ന് സ്ഥാനം മാറ്റി വാതിലിന് പിന്നില്‍ ഘടിപ്പിച്ച ഹുക്കില്‍ തൂക്കിയിട്ടിരിക്കുന്നു. അബ്ദുക്കാക്ക് ദേഷ്യം കൊണ്ട് വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ ചൂരല്‍ എടുത്ത്‌ ഒരു കോമരത്തെപ്പോലെ ഉറഞ്ഞുതുള്ളി.
"ങ്ങള് ഒന്നടങ്ങ്‌ മനുസാ" "മിഞ്ഞാന്നല്ലേ ങ്ങള് ദുബായീന്ന് എത്തീത്‌!" "ഇപ്പത്തന്നെ കുട്ട്യാളോട് ഇങ്ങനെ ഈറ പുടിച്ചാ.... ഓല്‍ക്ക് ങ്ങളെ ഇഷ്ട്ടണ്ടാവൂല്ല"
"എടീ.. ഞാന്‍ ലോകം കണ്ടോനാ... കുട്ടികള്‍ വഷളാവുന്നത് ഇങ്ങനെത്തന്ന്യാ... ഓള് ല്ലേ... അന്‍റെ മോള്... ഓള് ഇപ്പോ എത്രാം ക്ലാസിലാന്നാ ബിജാരം?! എത്ര ബയസ്സായീന്ന് അനക്കറിയോ?!"
"ങ്ങള് കോമരളകാതെ കാര്യം പറീം"  "ന്താപ്പോ ബടെ ണ്ടായ്യേ?"
"ഓള് ആ അയലോക്കത്തെ ആ നായര് കുട്ടീന്‍റെ കൂടി കൊലായീല്‍..."
"കോലായീല്‍....?"
"ഒന്ന് പോയി നോക്ക്... അപ്പൊ കാണാം"
"അയ്നെന്താ?! ഓല്ക്ക് അടുത്ത ആയ്ച്ച പരീഷല്ലേ... അയിന് രണ്ടാളും കൂടി ഒപ്പം കുത്തിര്ന്ന് പടിക്കാ... അയ്നെന്താ പ്രസ്നം?! ഇബടെ എന്നും അങ്ങനെത്തന്ന്യല്ലേ!"
"മേലാല്‍ അത്തരം ഒരു പടിച്ചല്‍ ഇബടെ കാണണ്ടാ... ഇന്നത്തോടെ നിര്‍ത്തണം... ജ്ജ് ബാര്‍ത്ത ഒന്നും കാണൂം കേള്‍ക്കൂം ഇല്ല... എന്തൊക്ക്യാ ഇക്കാലത്ത്‌ നടക്ക്ണത് ന്ന് അനക്ക് അറ്യോ?... ഇങ്ങന്യാ കുട്ട്യോള് ബടക്കാകലും ചാടിപ്പോകലും ഒക്കെ"

*************************************
കാലചക്രം വീണ്ടും കറങ്ങി ഹൈടെക് യുഗത്തില്‍ എത്തി നില്‍ക്കുന്നു.
ഒരു ചെറിയ ചാറ്റ് ബോക്സിലേക്ക് നിങ്ങളെ ആനയിക്കട്ടെ.
*************************************

"ഹൈ"
"എസ്... വാട്ട് യൂ വാണ്ട്?"
"ഡീ.. എന്‍റെ വാട്സ്ആപ്പില്‍ നിന്നോടുള്ള ചാറ്റ് മാത്രം ഹൈഡ്‌ ചെയ്ത് വെക്കുന്ന ഓപ്ഷന്‍ ഒന്ന് പറഞ്ഞു താ"
"വൈ?"
"എന്‍റെ കെട്യോള്‍ ഇത് കണ്ടാല്‍ ഹാലളകും... അനക്ക് അറ്യാലോ... അവള് ഒരു നാടന്‍ പെണ്ണാ"
"നിന്‍റെ ലാംഗ്വേജ് കേട്ടാല്‍... ഇതിപ്പോ ഞാനാ മാപ്പള നീയാ മാപ്പള എന്ന് മനസ്സിലാവൂലല്ലോ"
"ചാണകം ചാരിയാല്‍...... "
"പോടാ... കൊരങ്ങാ"
"പോടീ... കൊരങ്ങീ"
"യു നോ.... ഐ ആം സം വാട്ട് ബിസി. യൂ മെ ഇന്‍സ്റ്റാള്‍ ജിബി വാട്സ്"
"ഡീ.. ഞാനും ബിസി തന്ന്യാ... ഇതിപ്പോ ഹൈഡ്‌ ചെയ്തില്ലേ വീട്ടീന്ന് ഇറക്കി വിടും"
"മൈ ഓള്‍ ചാറ്റ് ഹാവ്‌ ബീന്‍ സീന്‍ ബൈ മൈ ഹസ്സ്"
"അത് അന്‍റെ കെട്ട്യോന്‍റെ കാര്യം... ന്‍റെ കേട്യോള്‍ അങ്ങിന്യല്ലാന്ന് കൂട്ടിക്കോ"
"നിന്‍റെ ചാറ്റ് കണ്ടപ്പോ അദ്ധേഹം പറയാ... നെക്സ്റ്റ്‌ വീകെന്‍റ്  നിങ്ങളെ കൂടി വിളിച്ച് ഒരു ഫാമിലി ഗാദെറിങ്ങ് ഉണ്ടാക്കണംന്ന്"
"ഞാന്‍ ഓക്കേ... ഹോം മിനിസ്റ്റര്‍ക്ക് നീ തന്നെ ഒന്ന് വിളിച്ച് അപ്രൂവല്‍ വാങ്ങണം... എന്നാ ഞാനും കുട്ട്യോളും നേരത്തെ കാലത്തെ അങ്ങേത്താം"
"ഓക്കേ.. ആസ് യൂ ലൈക്‌"
"എന്നാ വീകെണ്ട് കാണാംട്ടോ ആയ്ശൂ"
"ഓക്കേ ഡാ ശ്രീ"

No comments:

Post a Comment