Wednesday, June 26, 2019

How to Deal with Saudi Banks

അറിഞ്ഞിരിക്കേണ്ട ചില ബാങ്ക് വിവരങ്ങൾ (Saudi Arabia)


നാം ദിവസവും എന്നപോലെ ബാങ്കുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണല്ലോ. ഞാൻ നേരിട്ടതും, എന്‍റെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തതുമായ ചില സംഭവങ്ങളാണ് താഴെ:

1) രണ്ടു ദിവസം മുമ്പ് ഒരു സലിം വിളിച്ചു. കഫീലിന്‍റെ  പേരില്‍ അയാള്‍ തന്നെയാണ് ക്യാഷ്‌ ടെല്ലറില്‍ ഇടാറും എടുക്കാറും. എന്നാല്‍ കുറച്ചു മുമ്പ് അയാള്‍ ഏഴായിരം റിയാല്‍ ഡെപോസിറ്റ് ചെയ്യുന്ന സമയം ടെല്ലര്‍ ഓഫായി. ക്യാഷ്‌ പുറത്ത് വന്നതുമില്ല അക്കൌണ്ടില്‍ പൈസ കയറിയതുമില്ല.

2) സ്കാബ്‌ കമ്പനിയിലെ ഒരാള്‍ ഓഫീസില്‍ വന്നു. 41530 ഡോളര്‍ ഒരു അന്താരാഷ്ട്ര കമ്പനിയിലേക്ക്‌ അയച്ചു.. എന്നാല്‍ പിന്നീടാണ് അറിയുന്നത്, അക്കൌണ്ട് നമ്പര്‍ വ്യാജമായിരുന്നു എന്ന്.

3) വേറെ ഒരാളുടെ കാള്‍. "ഇന്നലെ ക്യാഷ്‌ എടുക്കാന്‍ വേണ്ടി പോയതാണ്. എല്ലാം ശരിക്ക് തന്നെ ചെയ്തു. പക്ഷെ, ക്യാഷ്‌ മാത്രം വന്നില്ല"

4) ഇന്നലെ എന്‍റെ അയല്‍വാസിയുടെ കൂട്ടുകാരനെ ബാങ്കിലേക്ക് ചെല്ലാന്‍ പറഞ്ഞു വിളിച്ചതായി എന്നോട് പറഞ്ഞു. ( കാരണം, അവനാണ് നാട്ടുകാരുടെ മുഴുവന്‍ ക്യാഷും അയക്കാറ്).

5) ജിദ്ദയിൽ നിന്ന് രാത്രിയിലെ സൗദി എയര്‍ലൈന്സില്‍ നാട്ടിൽ പോവാൻ എയർ പോർട്ടിൽ എത്തിയ എന്നെ പോലീസ് പിടിച്ചു എന്നും പറഞ്ഞു രാത്രി മൂന്ന് മണിക്ക് ഒരു ഫോൺ കാൾ.

ചുരുക്കത്തില്‍ പറഞ്ഞാല്‍... ബാങ്ക് ഇടപാടുകളില്‍ നമ്മള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ പറയാം... ബാക്കി നിങ്ങള്‍ക്ക്‌ അറിയാവുന്നവ നിങ്ങളും ഷെയര്‍ ചെയ്യുക.

*) ഒരു ബാങ്കുകാരും ഫോണിലൂടെ നിങ്ങളുടെ ഐഡിയും പാസ്‌വേഡും ചോദിക്കില്ല എന്നറിയുക. അതിനാല്‍ ആരെങ്കിലും അങ്ങിനെ ചോദിക്കുകയാണെങ്കില്‍ അവര്‍ കള്ളന്‍മാര്‍ ആണ്. അവരുടെ നമ്പര്‍ നോട്ട് ചെയ്ത് ഉത്തരവാദപ്പെട്ടവരെ അറിയിക്കുക.

എങ്ങിനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് താഴെ ലിങ്കില്‍ പോയി നോക്കിയാല്‍ വ്യക്തമാവും.

http://saifu2016.blogspot.com/2021/12/how-to-report-fraud-scam-calls-in-saudi.html

*) ഫോണിലൂടെ മെസ്സേജ് ആയോ ഇമെയിൽ ആയോ ഒന്നും പാസ്സ്‌വേർഡ് ആർക്കും അയച്ചു കൊടുക്കാതിരിക്കുക.

*) കാര്‍ഡ്‌ എടുക്കുന്ന സമയത്ത് ബാങ്കുകാരോട് ശരിക്ക് ചോദിക്കണം. കാര്‍ഡ്‌ മോഷണം പോകുകയോ, അറിയാതെ ക്യാഷ്‌ വലിക്കപ്പെടുകയോ ചെയ്‌താല്‍ എന്ത് സെക്യൂരിറ്റിയാണ് എന്ത് ഗ്യാരന്‍റിയാണ് തനിക്ക് ഉള്ളത് എന്ന്. (ഓരോ ബാങ്കും ഓരോ കാര്‍ഡും ഓരോ രൂപത്തിലാണ് ഇത് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ അത് നല്ലവണ്ണം ചോദിച്ച് മനസ്സിലാക്കുക)

*) നിങ്ങള്‍ ഒരേ ബാങ്കിന്‍റെ തന്നെ പഴയ നല്ല കസ്റ്റമര്‍ ആണെങ്കില്‍ ബാങ്ക് ഈടാക്കുന്ന ഒരുവിധം എല്ലാ ഫീസുകളും നിങ്ങള്‍ക്ക്‌ ഇളവ്‌ കിട്ടാന്‍ വകുപ്പുണ്ട്. അവ ചോദിച്ച് മനസ്സിലാക്കി തരപ്പെടുത്തുക എന്നതാണ് നിങ്ങളുടെ കഴിവ്.

*) കാര്‍ഡ്‌ ക്ലോണിംഗ് ഡിവൈസ് എന്നൊരു സാധനം പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. അതായത്‌, ടെല്ലറില്‍ നമ്മള്‍ കാര്‍ഡ്‌ ഇടുന്ന സ്ലോട്ടില്‍ വേറെ ഒരു ചെറിയ സാധനം ഘടിപ്പിക്കുന്നു. ശ്രദ്ധിച്ചു നോക്കിയാലേ മനസ്സിലാവൂ. അതിനിടയിലൂടെ പോകുന്ന നമ്മുടെ കാര്‍ഡിലെ ചിപ്പിലെ എല്ലാ വിവരങ്ങളും ഡിവൈസ് ചോര്‍ത്തുന്നു. പിന്നെ അവര്‍ക്ക്‌ നമ്മുടെ അതേ കാര്‍ഡ്‌ വേറെ ഉണ്ടാക്കാമല്ലോ. അതിനാല്‍ ടെല്ലറില്‍ കാര്‍ഡ്‌ ഇടുന്നതിന് മുമ്പ് സ്ലോട്ടില്‍ സാധാരണ കാണുന്നതല്ലാത്ത വല്ലതും ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ (കഴിയുമെങ്കില്‍) ബാങ്കിനെ വിവരം അറിയിക്കുക. കഴിയില്ലെങ്കില്‍, ടെല്ലര്‍ ഉപയോഗിക്കാതിരിക്കുക. എന്‍.സി.ബിയുടെ ടെല്ലറില്‍ ആണ് ഇങ്ങിനെ വല്ലതും ശ്രദ്ധയില്‍ പെട്ടത് എങ്കില്‍ എന്നെ അപ്പോള്‍ തന്നെ അറിയിച്ചാല്‍ മതി.

*) ഇപ്പോള്‍ വൈഫൈ കാര്‍ഡ് ഇറങ്ങിയിട്ടുണ്ട്. contactless feature ഉള്ള കാര്‍ഡാണിത്. Near field communication (NFC കാര്‍ഡ്)  എന്നും പറയും .  നിങ്ങളുടെ പേയ്മെന്‍റ് നടക്കാന്‍. POS മെഷീനിന്‍റെ മുകളില്‍ വെച്ചാല്‍ മാത്രം മതി...  ഇതില്‍ ക്ലോണിങ് നടക്കില്ല എന്ന് കേൾക്കുന്നു.  അതിനാൽ, നിങ്ങളുടെ ബാങ്കില്‍ പോയി പുതിയ കാര്‍ഡ് തരാന്‍ ആവശ്യപ്പെടുക. അല്ലെങ്കില്‍ അതാത് ബാങ്കുകളുടെ ബ്രഞ്ചിലുള്ള കിയോസ്ക് മെഷീനില്‍ പോയി നിങ്ങള്‍ക്ക് തന്നെ നേരിട്ട് പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്യുകയും  ചെയ്യാം.

 

*) Reputed അല്ലാത്ത കടകളിൽ നിന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനം വാങ്ങാതിരിക്കുകയാവും നല്ലത്. എന്റെ ഒരു കൂട്ടുകാരന്റെ കാർഡിൽ നിന്ന് അമേരിക്കയിൽ നിന്നും സാധനം വാങ്ങിയതായി sms വന്നതെ ഈയടുത്താണ്...

*) ടെല്ലറില്‍ നിന്നും ഇറങ്ങുന്ന സമയത്ത്‌ ബലമായി പിടിച്ചു പാസ്‌വേഡ്, കാര്ഡ്‌ എന്നിവ വാങ്ങുന്ന ചില കേസുകളും ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഒരിക്കലും സമയം വൈകിയോ, ആളുകള്‍ കുറവുള്ള സ്ഥലത്തുള്ള ടെല്ലര്‍കളോ ഉപയോഗിക്കാതിരിക്കുക. ( സമയത്ത് password ഓപോസിറ്റ് ആയി പറഞ്ഞ് കൊടുത്ത് പോലീസും വരുന്നത് കാത്തിരിക്കാന്‍ പറഞ്ഞ് വരുന്ന വാട്സാപ്പ് മെസ്സേജുകളെ വിശ്വസിക്കാതിരിക്കുക.)

*) ക്യാമറ ഇല്ലാത്ത ടെല്ലറുകളില്‍ നിന്ന് ഒരിക്കലും ഒരു കാര്യവും ചെയ്യാന്‍ മുതിരരുത്.

*) നിങ്ങള്‍ ബാങ്ക് ടെല്ലറില്‍ കാഷ്‌ എടുക്കുന്ന സമയത്ത് ആരെങ്കിലും വരികയും ടെല്ലര്‍ ഉപയോഗിക്കാന്‍ അറിയില്ല അല്ലെങ്കില്‍ കാര്‍ഡ്‌ പുതുക്കാന്‍ പറ്റിയിട്ടില്ല, എനിക്ക് അക്കൗണ്ട് ഇല്ലാ, അതിനാൽ നിങ്ങളുടെ പേരിൽ എനിക്ക് കാശ് അയച്ചോട്ടെ എന്നോ മറ്റോ പറഞ്ഞ് അയാളുടെ മകനോ, കൂട്ടുകാരനോ, കഫീലിനോ മറ്റോ കുറച്ച് ക്യാഷ്‌ അയക്കാനുണ്ടെന്നോ കിട്ടാനുണ്ടെന്നോ  ഒക്കെ  പറയുകയും ചെയ്‌താല്‍... ശ്രദ്ധിക്കുക. ഒരുപക്ഷേ അദ്ദേഹം കള്ളപ്പണത്തിന്റെയോ, ഭീകരവാദത്തിന്റെയോ ആളായിരിക്കാം. പോലീസിന് നിങ്ങളുടെ ഫോട്ടോയും അക്കൌണ്ട് നമ്പറും ആയിരിക്കും കിട്ടുന്നതും നിങ്ങളായിരിക്കും പിടിക്കപ്പെടുന്നതും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതും. 

*) കമ്പനി / ഓഫീസ്‌ ആവശ്യങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ പേഴ്സണല്‍ അക്കൌണ്ട് ഉപയോഗിക്കരുത്. അത് നിയമപരമായി വളരെ നൂലാമാലകള്‍ സൃഷ്ടിക്കും. അങ്ങിനെ ഒരു സൗദി പൌരന്‍ ഉപയോഗിച്ചിട്ട് (വിദേശി അല്ലാതിരുന്നിട്ട് കൂടി) വരെ വളരെ ബുദ്ധിമുട്ടിയാണ് പ്രശ്നം തീർക്കാൻ കഴിഞ്ഞത്. 

*) കഴിയുന്നതും നിങ്ങളുടെ പേഴ്സണല്‍ അക്കൌണ്ടില്‍ നിന്ന് നിങ്ങളുടെ ശമ്പളത്തില്‍ കവിഞ്ഞ സംഖ്യ തുടര്‍ച്ചയായി അയക്കാതിരിക്കുക. അത് ലോക്കല്‍ ട്രാന്‍സഫര്‍ ആയാലും ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ ആയാലും. അഥവാ അയക്കേണ്ടി വന്നാല്‍, (വല്ല അന്വേഷണവും വന്നാല്‍ നിങ്ങള്‍ക്ക്പെട്ടെന്ന് ഉത്തരം പറയാന്‍ പറ്റുന്ന രൂപത്തില്‍) എന്തിന് / ആര്‍ക്ക് / എപ്പോള്‍ / എത്ര തുടങ്ങിയ എല്ലാ വിവരങ്ങളും ഒരു സ്ഥലത്ത്‌ എഴുതി വെക്കുക.

*) ടെല്ലര്‍ ഉപയോഗിക്കുമ്പോള്‍ അത്യാവശ്യം ഇല്ലെങ്കില്‍ ബാലന്‍സ്‌ സ്ലിപ് വേണോ എന്ന് ചോദിക്കുമ്പോള്‍ No എന്ന് ചെയ്യുക. അത്രയും പേപ്പർ ഉപയോഗിക്കുന്നത് കുറയ്ക്കാൻ നാം കാരണക്കാരൻ ആയില്ലേ !

*) സ്വന്തം ബാങ്കിന്‍റെ ടെല്ലര്‍ ഉപയോഗിക്കുക. കാരണം, അഥവാ വല്ല പ്രശ്നത്തിലും ക്യാഷ്‌ വന്നില്ല എങ്കില്‍ ഉടനെ തന്‍റെ ബാങ്കിലേക്ക് വിളിച്ച് പറയുക. കൂടെ ടെല്ലര്‍ നമ്പരും ലൊക്കേഷനും പറഞ്ഞു കൊടുക്കുക. കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ ക്യാഷ്‌ നിങ്ങള്‍ക്ക്‌ തിരിച്ചു കിട്ടും. എന്നാല്‍ നിങ്ങളുടെ അക്കൌണ്ട് ഒരു ബാങ്കിലും നിങ്ങള്‍ ക്യാഷ്‌ എടുക്കാന്‍ പോയ ടെല്ലര്‍ വേറെ ബാങ്കിന്‍റെയും ആണെങ്കില്‍ ക്യാഷ്‌ കിട്ടാന്‍ ചിലപ്പോള്‍ മാസങ്ങള്‍ തന്നെ വേണ്ടി വരും.

*) വലിയ ബാലന്‍സ്‌ എപ്പോഴും കരുതുന്നവര്‍ ആണെങ്കില്‍, രണ്ട് അക്കൌണ്ടുകള്‍ തുടങ്ങുകയും, ഒരു അക്കൌണ്ടില്‍ അത്യാവശ്യം വേണ്ട ( അയ്യായിരത്തില്‍ കുറഞ്ഞ സംഖ്യ)  വെക്കുകയും കാര്‍ഡ്‌ എപ്പോഴും കയ്യില്‍ വെക്കുകയും, ബാക്കിയുള്ള വലിയ തുക നിക്ഷേപിക്കാന്‍ മറ്റേ അക്കൌണ്ട് ഉപയോഗിക്കുകയും കാര്‍ഡ്‌ റൂമില്‍ തന്നെ വെക്കുകയും ചെയ്യുക.

*) അന്താരാഷ്ട്ര കമ്പനികളിലേക്ക് ക്യാഷ്‌ അയക്കുന്നതിന് മുമ്പ് എല്ലാ വിശദ വിവരങ്ങളും അറിഞ്ഞ് ഉറപ്പായ ശേഷം മാത്രം ക്യാഷ്‌ അയക്കുക. കഴിയുന്നതും C&F രൂപത്തില്‍ ബാങ്ക് ഗ്യാരന്‍റിയോടെ ചെയ്യുന്നതാണ് ഉത്തമം.

*) ക്രെഡിറ്റ് കാർഡ് വളരെ നല്ല കാര്യമാണ്. ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ പണി കിട്ടുകയും ചെയ്യും. ഒന്നര മാസം പലിശയില്ലാതെ കടം കിട്ടുന്ന സംവിധാനമാണ് ഇത്. പിന്നെ മുഴുവൻ സംഖ്യ  അടയ്ക്കാതിരിക്കുന്നതിന് അനുപാതമായി കൂട്ടുപലിശ മേൽക്ക് മേൽ വരുന്നതായിരിക്കും.

*) ആദ്യം ക്രെഡിറ്റ്‌ കാര്‍ഡിന് പാസ്‌വേഡ് ഇല്ലായിരുന്നു. കാര്‍ഡ്‌ നമ്പരും പേരും എക്സ്പയറി തിയ്യതിയും ഉണ്ടെങ്കില്‍ ആര്‍ക്കും ആരുടേയും കാര്‍ഡ്‌ ഉപയോഗിക്കാമായിരുന്നു. ഇപ്പോള്‍ പാസ്‌വേഡ് ഓപ്ഷന്‍ ഉണ്ട്. അതിനാല്‍ നമ്മുടെ മൊബൈലിലേക്ക്‌ മെസ്സേജ് വന്ന് പാസ്‌വേഡ് അടിച്ച ശേഷം മാത്രമേ ക്യാഷ്‌ ട്രാന്‍സ്ഫര്‍ ആകാവൂ എന്ന രൂപത്തില്‍ നിങ്ങളുടെ ക്രെഡിറ്റ്‌ കാര്‍ഡിനെ നിങ്ങളുടെ ബാങ്കില്‍ പോയി പ്രോഗ്രാം ചെയ്യിക്കുക.

*) പലർക്കും  പാസ്സ്‌വേർഡ്  എഴുതി വെക്കുന്ന ശീലം ഉണ്ട്. എന്നാല്‍ നേര്‍ക്ക് നേരെ എഴുതാതെ, തലതിരിച്ചോ, അറബി അക്ഷരത്തിലോ വേറെ പെട്ടെന്ന് മനസ്സിലാകാത്ത ഏതെങ്കിലും തരത്തില്‍ എഴുതി വെക്കുക. നിങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന ഒരു പാറ്റേണ്‍ ഉണ്ടാക്കുക, എന്നിട്ട് ആ രൂപത്തില്‍ പാസ്സ്‌വേർഡ്  എഴുതി വെക്കാം.

*) ഡെപോസിറ്റ്, ട്രാന്‍സ്ഫര്‍, withdrawal തുടങ്ങിയവയ്ക്ക് SMS സര്‍വീസ് ഓണ്‍ അല്ലെങ്കില്‍ ഓണാക്കുക.

*) സൗദിയില്‍, അടുത്ത ഭാവിയില്‍ തന്നെ, കയ്യില്‍ ക്യാഷ്‌ വെച്ച് കൊണ്ട് നടക്കുന്ന സിസ്റ്റം നിര്‍ത്താന്‍ പോകുകയാണ്. (മദാ കാര്‍ഡ്‌). ചെറുതും വലുതുമായ എല്ലാ കടകളും കാര്‍ഡ്‌ മാത്രം സ്വീകരിക്കുന്ന ഒരു രൂപത്തിലേക്ക് കാര്യങ്ങള്‍ നീക്കാനുള്ള പ്ലാനാണ് ഇപ്പോള്‍ എല്ലാ ബാങ്കുകളും കൂടി ചേര്‍ന്ന് തീരുമാനം എടുത്തിരിക്കുന്നത്.

*) ചെക്ക് ഡിപ്പോസിറ്റ് ചെയ്‌താല്‍ മൂന്നു ദിവസം കഴിഞ്ഞേ അത് നിങ്ങളുടെ അക്കൌണ്ടില്‍ എത്തുകയുള്ളൂ എന്നറിയുക. വളരെ അത്യാവശ്യമുള്ള ക്യാഷ്‌ ആണെങ്കില്‍ same day value ചെയ്യാന്‍ പ്രത്യേകം അവരോട്‌ പറയുക.

*) ബാങ്ക് കാര്‍ഡ്‌ നഷ്ടപ്പെട്ടാല്‍ നിമിഷം തന്നെ ബാങ്കില്‍ വിളിച്ച് പറയണം. NCB TollFree No. 920001000

*) എന്ത് പ്രശ്നം ഉണ്ടായാലും ഉടനെ തന്നെ ബാങ്കിന്‍റെ ടോള്‍ഫ്രീ നമ്പരില്‍ വിളിച്ച് പരാതിപ്പെടുകയും, അവര്‍ തരുന്ന റെഫറന്‍സ് നമ്പര്‍ സൂക്ഷിക്കുകയും ചെയ്യുക.

 

ഓണ്‍ലൈന്‍:

*) ഓണ്‍ലൈന്‍ രൂപത്തില്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ ആയിത്തന്നെ ചെയ്യാന്‍ ശ്രമിക്കുക. ടെല്ലര്‍ ഉപയോഗം കുറക്കുക.

*) ഓണ്‍ലൈന്‍ ആയി ക്യാഷ് അടക്കുന്ന സമയത്ത് https:// എന്ന് എഴുതിയ സൈറ്റ് ആണോ എന്നുറപ്പ് വരുത്തണം. കൂടാതെ verysign എന്ന സ്റ്റാമ്പും ശ്രദ്ധിയ്ക്കുക.

*) ആരെങ്കിലും അയച്ചു തരുന്ന ലിങ്കില്‍ ക്ലിക്കി ബാങ്ക് വെബ്സൈറ്റില്‍ കയറാതിരിക്കുക. നേരിട്ടു ടൈപ്പ് ചെയ്യുക.

*) പബ്ലിക് കംബ്യൂട്ടറുകള്‍ / പബ്ലിക്ക് വൈഫൈകള്‍ /  നെറ്റ് കഫേകള്‍ തുടങ്ങിയവ ബാങ്കിങ് ട്രാന്സാക്ഷന് വേണ്ടി  ഉപയോഗിക്കാതിരിക്കുക.

*) നല്ല നീണ്ട പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക.

*) കംബ്യൂട്ടര്‍ എപ്പോഴും അപ്പ്ഡേറ്റ് ആയി വെക്കുക. വൈറസ് ചെക് ചെയ്യുക.

*) ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ കഴിഞ്ഞാല്‍ ഉടന്‍ ലോഗ് ഔട്ട് ചെയ്യുക.

*) ഒരിയ്ക്കലും, ക്രെഡിറ്റ് കാർഡ് നമ്പര്‍പാസ്സ്‌വേർഡ്  തുടങ്ങിയവ ഇമെയിലോ എസ്എംഎസോ ആയി അയക്കരുത്.

 

സസ്നേഹം / സൈഫു