Thursday, November 14, 2019

മക്കളെ പരിപാലിക്കല്‍

നമ്മുടെ പുന്നാര മക്കളെപ്പറ്റി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

1 ) സുരക്ഷിതത്വ ചിന്ത: കുട്ടികളിൽ മാതാപിതാക്കളുടെ കൈകളിൽ സുരക്ഷിതരാണ് എന്ന ചിന്ത ഉണ്ടാക്കുക. ഒരിക്കലും നിഷേധാത്മക ചിന്തകൾക്ക് അവസരം കൊടുക്കരുത്. ദിവസത്തിൽ ഏറ്റവും ചുരുങ്ങിയത് ഒരിക്കലെങ്കിലും തൻ്റെ കുട്ടിയെ ആശ്ലേഷിക്കുന്ന ഒരു രീതി ഉറപ്പാക്കുക. അത് അവരുടെ മനസ്സിൽ സുരക്ഷിതത്വ ചിന്ത ഊട്ടിയുറപ്പിക്കും

2 ) സ്വഭാവത്തെ പ്രശംസിക്കുക: കുട്ടികൾ നല്ല കാര്യം ചെയ്യുമ്പോൾ പ്രശംസിക്കാൻ മടി കാണിക്കാതിരിക്കുക. അതേപോലെ നല്ല കാര്യം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

3 ) കുട്ടികളെ കേൾക്കുക: അവർ പറയുന്നത് കേൾക്കാൻ ചെവി കൊടുക്കുന്നത് വളരെ അത്യാവശ്യമാണ്. കുട്ടികൾ എന്തെങ്കിലും പറയുമ്പോൾ "മിണ്ടാതിരിയെടാ" എന്ന് പറഞ്ഞാൽ ജീവിതകാലം മുഴുവൻ, ഒരുപക്ഷെ, അത് ആ കുട്ടിയിൽ പല പ്രശ്നങ്ങൾക്കും കാരണമാവാം.

4 ) ഭയവും ശൂന്യതയും: കുട്ടികളെ പേടിപ്പിക്കുന്നതിന് പകരം അവരുടെ കൂട്ടുകാരനും, ഉപദേഷ്ടാവും ആവുകയും അവരോടൊപ്പം കളിക്കുന്ന കളിക്കൂട്ടുകാരാവാൻ ശ്രമിക്കുകയും ചെയ്യുക.  മാതാപിതാക്കളെ പേടിക്കുന്ന കുട്ടികൾ, കളവ് പറയാനും കള്ളം ഒളിപ്പിക്കാനും കൂടുതൽ ത്വരയുള്ളവരാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

5 ) തീരുമാനങ്ങള്‍: സ്വന്തം തീരുമാനങ്ങൾ മാത്രം നടത്താതെ, അവർക്ക് കൂടി തീരുമാനങ്ങൾ എടുക്കാൻ അവസരവും സ്വാതന്ത്ര്യവും നൽകുക.

6 ) അവനെ കണ്ടില്ലേ? അയൽവാസിയെ കണ്ടില്ലേ എന്നെല്ലാം പറഞ്ഞു അവരെപ്പോലെയാവൂ എന്ന് പറഞ്ഞു താരതമ്യം ചെയ്യാതെ നീ സമാനമില്ലാത്തവനാണ് / സമാനമില്ലാത്തവളാണ് (You Are Unique) എന്ന് പറഞ്ഞു അവരുടെ സ്വന്തം കഴിവിൽ വിശ്വാസം വരുത്തിക്കുക.

7 ) ശിക്ഷ: മുഖത്തടിക്കുക, മറ്റുള്ളവരുടെ മുന്നിൽ വെച്ച് ശിക്ഷിക്കുക തുടങ്ങിയവ ഒരിക്കലും ചെയ്യാതിരിക്കുക. ശിക്ഷയെക്കാളും ശിക്ഷണമാണ് ഗുണം ചെയ്യുക.

8 ) ശകാരം: കൂടുതൽ ശകാരം കുട്ടികളുടെ വ്യക്തിത്വത്തെ അഗാധമായി ബാധിക്കും.

9 ) നമ്മുടെ കുട്ടികൾ നമ്മെക്കാളും ലോകപരിചയവും അനുഭവ സമ്പത്തും കുറഞ്ഞവരാണ് എന്ന് നാമറിയുക. അതിനാൽ എന്തെങ്കിലും സംസാരിക്കുമ്പോഴോ ആവശ്യപ്പെടുമ്പോഴോ നമ്മുടെ ലെവലിൽ നിന്നല്ല അവർ ചിന്തിക്കുക എന്ന സത്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ.

10 ) കുട്ടികളുടെ സ്വപ്നങ്ങളെ മോശമായി കാണാതെ, അവ നല്ലതാണ് എന്ന് തോന്നിയാൽ അതെത്തിപ്പിടിക്കാനുള്ള എല്ലാ  സഹായവയും നമ്മുടെ ഭാഗത്ത് നിന്നും ചെയ്തു കൊടുക്കുകയും, അത് നല്ലതല്ല എന്ന് തോന്നിയാൽ നല്ല രൂപത്തിൽ കുട്ടികളെ അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക.

11 ) സ്നേഹം പ്രകടിപ്പിക്കാൻ മടി കാണിക്കാതിരിക്കുക: പ്രത്യേകിച്ചും കുട്ടികൾ രാവിലെ എഴുന്നേൽക്കുമ്പോഴും ഉറങ്ങാൻ പോകുമ്പോഴും ഒരു ഉമ്മ കൊടുക്കുന്നതിന് മടി കാണിക്കാതിരിക്കുക.

12 ) പ്രാർത്ഥന: കുട്ടികളെ മാതാപിതാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നവരാക്കുക എന്നപോലെ തന്നെ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരാവുക

13 ) പഠന കാര്യങ്ങളിൽ ശ്രദ്ധ: കുട്ടികളുടെ സ്‌കൂൾ തെരഞ്ഞെടുക്കുന്നത് മുതൽ ഹോം വർക്ക് ചെയ്യുന്നതിൽ വരെ ശ്രദ്ധ കൊടുക്കുക.

14 ) വിജയത്തിൽ ആനന്ദം: കുട്ടി ഒരു നല്ല നേട്ടം കൈവരിച്ചാൽ അത് ആഘോഷിക്കാൻ മടി കാണിക്കാതിരിക്കുക.

15 ) സമ്പാദ്യ ശീലം വളർത്തുക: 21  വയസ്സ് കഴിഞ്ഞ ശേഷം മാത്രം പൊട്ടിക്കാം എന്ന തീരുമാനത്തിൽ, കുട്ടികൾക്ക് വേണ്ടി ചെറുതെങ്കിലും ഒരു നാണയ പെട്ടി ഉണ്ടാക്കുക. വളരെ ചെറിയ സംഖ്യ ഓരോ മാസവും അതിൽ നിക്ഷേപിക്കാൻ കുട്ടികളോട് പറയുക.

16 ) റോൾ മോഡൽ: കുട്ടികളെ പറഞ്ഞു നന്നാക്കുന്നതിന് പകരം മാതാപിതാക്കളെ കണ്ട് അവർ വളരട്ടെ.

17 ) കുട്ടികൾ നിങ്ങളോട് എങ്ങിനെ പെരുമാറണം എന്ന പോലെ നിങ്ങൾ കുട്ടികളോട് പെരുമാറുക.

18 ) ഒരു നല്ല കാര്യം, നിങ്ങൾ ചെയ്ത ശേഷം കുട്ടികളോട് ചെയ്യാൻ പറയുക. ചീത്ത  കാര്യവും അത് പോലെ തന്നെ

19 ) സാമൂഹ്യ ജീവിതം: പാർട്ടികളിലും, പരിപാടികളിലും  കുട്ടികളെ കൂടെ കൊണ്ട് പോവുക. ഇത്തരം സന്ദർഭങ്ങളിൽ എങ്ങിനെ പെരുമാറണം എന്ന് അവർ നേരിട്ട് കണ്ട്  സ്വയം പഠിക്കട്ടെ . അതോടൊപ്പം പറഞ്ഞു കൊടുക്കുകയും ചെയ്യണം.

20 ) രഹസ്യങ്ങൾ സൂക്ഷിക്കുന്നവരാക്കുക: കുടുംബങ്ങളിലെ രഹസ്യങ്ങൾ കുടുംബങ്ങളിൽ മാത്രം ഒതുങ്ങാനുള്ളതാണ് എന്നവർക്ക് പ്രത്യേകം പറഞ്ഞു മനസ്സിലാക്കി കൊടുക്കുക.

21 ) സ്വയം ഭാവി പ്ലാൻ ചെയ്യിപ്പിക്കുക. കിട്ടിയ അറിവുകൾ വെച്ച് സ്വയം അവൻ്റെ / അവളുടെ ഭാവിക്കുള്ള ഒരു പ്ലാൻ അവരെക്കൊണ്ടു തന്നെ പ്ലാൻ ചെയ്യിപ്പിക്കുക.

22 ) വ്യക്തിപരമായ കഴിവുകൾ : പ്രായത്തിനനുസരിച്ചു,  നീന്തൽ, സൈക്കിൾ, ഡ്രൈവിംഗ്, കുതിര സവാരി, ആയോധന കല തുടങ്ങിയവ പഠിപ്പിക്കുക.

23  ) താല്പര്യമുള്ള കുട്ടികളിൽ ലളിത കല (സംഗീതം, സാഹിത്യം, ചിത്രമെഴുത്ത്, നാട്യം) കൾ അഭ്യസിപ്പിക്കുന്നതിൽ മടി കാണിക്കാതിരിക്കുക

24  ) എക്സ്ട്രാ കരിക്കുലം : പ്രസംഗം, നാടകം, പാട്ട്

25 ) മാതാപിതാക്കൾ ആണ് മക്കളുടെ ഉത്തരവാദികൾ എന്നറിയുക. അവർ തെറ്റിപ്പോയാൽ ഉത്തരവാദികൾ നിങ്ങളാണ്.

26 ) സ്വയം തിരഞ്ഞെടുക്കുന്ന കാര്യങ്ങളുടെ വരും വരായ്കകൾ ഏറ്റെടുക്കേണ്ടത് സ്വന്തം തന്നെയായിരിക്കും എന്നത് മക്കളെ പഠിപ്പിക്കുക. അതിനാൽ, കാര്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നാല് പ്രാവശ്യം ചിന്തിച്ച ശേഷം മാത്രം ഉറപ്പിക്കാൻ പഠിപ്പിക്കുക.

27 ) മറ്റുള്ളവരുടെ വാക്കുകളും അഭിപ്രായങ്ങളും (ഇഷ്ടമില്ലാത്തവ ആണെങ്കിൽ  കൂടി )  കേൾക്കാനുള്ള മനസ്സ് ഉണ്ടാവാൻ പഠിപ്പിക്കുക.

28 ) ഒരിക്കലും മക്കളോട് പൊട്ടൻ, ബുദ്ധിയില്ലാത്തവൻ, പഠിക്കാത്തവൻ, ജയിക്കാത്തവൻ, തുടങ്ങി  നിഷേധാർത്ഥത്തിലുള്ള ഒരു നെഗറ്റിവ് വാക്കുകളും  പറയാതിരിക്കുക. അതിന് പകരമായുള്ള പോസിറ്റീവ് വാക്കുകൾ ഉപയോഗിക്കുക.

29 ) മക്കളോട് സംസാരിക്കുന്നതിൽ മാതാവും പിതാവും ഒരുമയുണ്ടാക്കുക. ഒരാൾ ശരിയെന്ന് പറയുന്നത് മറ്റെയാൾ തെറ്റ് എന്ന് പറയുന്ന അവസ്ഥ ഇല്ലാതാക്കുക.

30 ) മക്കളോട് സംസാരിക്കുമ്പോൾ മര്യാദ കൈവിടാതിരിക്കുക

31 ) മക്കളെ പറ്റി മോശമായി മറ്റുള്ളവരോട്  സംസാരിക്കാതിരിക്കുക. പ്രത്യേകിച്ചും കുട്ടികളുടെ സാന്നിദ്ധ്യത്തിൽ .

 32 ) ചെറുപ്പം മുതൽ തന്നെ കുട്ടികളെ അവരുടെ റൂമും പുസ്തകങ്ങളും വൃത്തിയായി കൊണ്ട് നടക്കാൻ ശീലിപ്പിക്കുക.

33 ) സോഷ്യൽ വർക്കുകൾ പോലെയുള്ളവ ചെയ്യാൻ കുട്ടികളെ അയക്കുക.

34 ) കുട്ടികളുടെ കൂടെ ചിലവഴിക്കാൻ ദിവസവും ഒരു പ്രത്യേക സമയം മാതാപിതാക്കൾ കണ്ടെത്തുക. ആ സമയത്ത്, മൊബൈൽ, ടി വി തുടങ്ങി ഒരു സാധനങ്ങളും ഉപയോഗിക്കരുത്

35 ) നിങ്ങൾ നല്ലത് ചെയ്യുമ്പോൾ കുട്ടികളെ കാണിച്ച് ചെയ്യാൻ ശ്രമിക്കുക. അവർക്കത് ഒരു പ്രചോദനമാവും.

36 ) കുട്ടികളെ കൂടെ കിടത്തി ഉറക്കുക . വലുതാവുമ്പോൾ ഇടയ്ക്ക് മാസത്തിൽ ഒരിക്കലെങ്കിലും ചെയ്യുക. അതവർ ഇഷ്ടപ്പെടുന്നില്ല എങ്കിൽ മാത്രം ഉപേക്ഷിക്കുക.

37 ) നിങ്ങളുടെ കുടുംബങ്ങളെ കുട്ടികളെ കൊണ്ട് പോയി കാണിക്കുക. കുടുംബ ബന്ധം നിലനിർത്തുക

38 ) കുട്ടികളുടെ കൂട്ടുകാരാരെല്ലാം എന്നറിയുക. അവരുമായി മാതാപിതാക്കൾ ബന്ധം സ്ഥാപിക്കുക. അവരിൽ നല്ലതല്ല എന്ന് തോന്നുന്നവരിൽ നിന്നും അകന്ന് നിൽക്കാനും നല്ല കൂട്ടുകാരുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനും കുട്ടികളെ പഠിപ്പിക്കുക.

39 ) കുട്ടികൾ തോൽക്കുന്ന സമയം ശകാരിക്കാതെ അവർക്ക് ശക്തി പകരുക. അവർ ജയിക്കുക തന്നെ ചെയ്യും.

40 ) ഗുണമേന്മ: കുട്ടികളെ ഗുണമേന്മ പഠിപ്പിക്കുക. അത് എല്ലാ കാര്യങ്ങളിലും സാധനങ്ങളിലും സ്വഭാവങ്ങളിലും 

41 ) കുട്ടികൾ  സമയം കൊല്ലികൾ ആവാതിരിക്കാൻ സ്വയം സമയം കൊല്ലികൾ  ആവാതിരിക്കുക.

42 ) സമയനിഷ്ഠ : ഓരോ സമയത്തും എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന ഒരു ചിട്ട കുട്ടികൾക്ക് നൽകണം. ഉദാ: സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് വീട്ടിൽ എത്തിയിട്ടുണ്ടാവണം. 

43 ) കുട്ടികളെ അവർ സ്വന്തന്ത്രരാണ് എന്ന ഒരു ചിന്ത അവരിൽ ഉണ്ടാക്കണം. എന്നാൽ അവരെ കയറൂരി വിടുന്ന അവസ്ഥയിൽ ആക്കുകയും ചെയ്യരുത്. 

44 ) സഹായ മനസ്ഥിതി ഉണ്ടാക്കുക: മറ്റുള്ളവരെ സഹായിക്കുന്നത് ഒരു അഭിനിവേശം ആയി ഗണിക്കാൻ പഠിപ്പിക്കുക. അത് ശാരീരികമായും, സാമ്പത്തികമായും, മാനസികമായും. 

45 ) മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പഠിപ്പിക്കുക. 

46 ) മുൻഗണനാ നിർണ്ണയത്തോടെ കാര്യങ്ങൾ ചെയ്യാൻ ശീലിപ്പിക്കുക. ആദ്യം ചെയ്യേണ്ടവ ആദ്യം.... പ്രാധാന്യം ഉള്ളവ ആദ്യം എന്ന രൂപത്തിൽ

47 ) കുട്ടികൾ കണ്ട് പഠിക്കുന്നവരാകട്ടെ. കടൽ/കര യാത്രകളിൽ അവരും നിങ്ങളോടൊപ്പം കൂടട്ടെ

48 ) ഏറ്റവും നല്ല പേരിൽ മാത്രം കുട്ടികളെ വിളിക്കുക. നായിൻറെ മോനെ എന്നൊക്കെ വിളിക്കുന്നവർ അത് തന്നിലേക്ക് തന്നെയാണ് തിരിഞ്ഞു കുത്തുന്നത് എന്നറിയുന്നില്ല.

49 ) എന്തെങ്കിലും അവരോട് പറയുമ്പോഴും പോസ്റ്റിറ്റീവ് വാക്കുകൾ മാത്രം ഉപയോഗിക്കുക. എൻ്റെ നല്ല കുട്ടിയല്ലേ, സൂപ്പർ ബോയി/ ഗേൾ, ചാമ്പ്യൻ,  ബുദ്ധിമാൻ, ശക്തിമാൻ, പേടിയില്ലാത്തവൻ, സുന്ദരൻ/ സുന്ദരി, ബെസ്റ്റ് ബോയ്, അങ്ങിനെയങ്ങിനെ

50 ) നമ്മുടെ മാതാപിതാക്കൾ നമ്മെ വളർത്തിയ രൂപത്തിലല്ല നമ്മുടെ കുട്ടികളുടെ തലമുറയെ വളർത്തേണ്ടത് എന്ന തിരിച്ചറിവ് സ്വയം ഉണ്ടാക്കുക.

51 ) നാല് വാക്ക് പറയുന്നതിലും പതിനായിരം മടങ്ങ് ഫലം ഒരു തലോടലിൽ നിന്നും കിട്ടും എന്നറിയുക 

52 ) കുട്ടികളുടെ  എല്ലാ ബുദ്ധിമുട്ടുകളും ശരിയാക്കി കൊടുക്കരുത്. അപ്പോൾ സ്വയം പര്യാപ്തതയ്ക്ക് കാര്യശേഷി കുറയാം. അതിനാൽ കുറെയൊക്കെ അവരവരുടെ പ്രശ്നങ്ങൾ അവർ തന്നെ തീർക്കട്ടെ. മക്കൾക്ക് സ്വയം കഴിയില്ല എന്നുറപ്പായാൽ മാത്രം മാതാപിതാക്കൾ സഹായിക്കുക. 

53 ) പിതാവിനെ കോപ്പി ചെയ്യുന്ന കുട്ടികളാവണം എന്ന് വാശി പിടിക്കാതിരിക്കുക. പല കാര്യങ്ങളും  കാലങ്ങൾക്കനുസരിച്ചു മാറിക്കൊണ്ടേയിരിക്കും.

54 ) മാതാപിതാക്കൾ ഇടയ്ക്കെപ്പോഴെങ്കിലും പാരന്റിങ് കോച്ചിങ് ക്ളാസുകളിൽ അറ്റൻഡ് ചെയ്യണം.

55 ) ചെറിയ കുട്ടികളോട് കൊഞ്ചി ത്തന്നെ സംസാരിക്കുക 

56 ) ഓരോ കുട്ടികൾക്കും ദിവസ / ആഴ്ച / മാസ ലക്ഷ്യങ്ങൾ ഒരു പേപ്പറിൽ എഴുതി നൽകുക. അത് അവരുടെ റൂമിൽ ഒട്ടിക്കുക. അത് നടപ്പാക്കാൻ അവരെ പ്രാപ്തരാക്കുക. 

57 ) കുട്ടികൾ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നവരായിരിക്കും. എന്നാൽ നിങ്ങൾ ഉത്തരങ്ങൾ നൽകുമ്പോൾ അവരുടെ ചെറിയ ബുദ്ധിക്ക് നിരക്കുന്ന ഉത്തരങ്ങൾ നൽകാൻ ശ്രദ്ധിക്കുക. 

58 ) രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും മക്കളെ കൂട്ടി  ഒരു പിക്നിക് പോവുക. 

59 ) കുട്ടികൾ  കളവ് പറയാനുള്ള കാര്യങ്ങൾ / സാഹചര്യങ്ങൾ  ഇല്ലാതാക്കാൻ ശ്രമിക്കുക. 

60 ) കുട്ടികളുടെ കളിയിൽ കൂടിക്കൊണ്ടോ അവരുടെ കൂടെ കളിച്ചു കൊണ്ടോ അവരുമായുള്ള അകലം കുറയ്ക്കുക. 

61 ) കഠിന സ്വഭാവം എപ്പോഴും നല്ലതല്ലെങ്കിലും ഇടയ്ക്ക് ആവശ്യമുള്ളപ്പോൾ മാത്രം പുറത്തെടുക്കാം. 

62 ) സ്വന്തം കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് സ്തുതിച്ചു പറയുക. അതവർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും. 

63 ) കുട്ടികൾ തെറ്റി മാറി പ്പോകുന്നതിന്റെ പ്രധാന  കാരണങ്ങൾ:  അവരെ കേൾക്കാതിരിക്കുകയും അവരോട് സംസാരിക്കാതിരിക്കുകയും ചെയ്യുക. അവരോട് കൂട്ട് കോടാതിരിക്കുക. അവരുടെ ആവശ്യങ്ങൾ കേൾക്കാതിരിക്കുക. അവരുടെ പഠനത്തിൽ ശ്രദ്ധ കൊടുക്കാതിരിക്കുകയും അവരെ അവരുടെ പാട്ടിന് വിടുകയും ചെയ്യുക. 

64 ) വൃത്തി, വെടിപ്പ്, ആരോഗ്യപരമായ കാര്യങ്ങൾ, തുടങ്ങിയവ ചെയ്യാൻ വേണ്ടത് ചെയ്യുക. സ്വയം പാലിക്കുകയും ചെയ്യുക. 

65 ) നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനും ശീലിപ്പിക്കുക. 

66 ) ഞാൻ എന്താണ് എൻ്റെ മക്കളിൽ നിന്ന് ആഗ്രഹിക്കുന്നത്? എൻ്റെ മക്കൾ എന്താണ് എന്നിൽ നിന്നും ആഗ്രഹിക്കുന്നത് എന്ന് സ്വയം  ചോദിക്കുക.

67 ) ക്വാളിറ്റി ശ്രദ്ധിക്കുക. ക്വാണ്ടിറ്റി അല്ല. 

68 ) പാവങ്ങളെ / അശരണരരെ  സഹായിക്കുവാനുള്ള മനസ്സ് ഉണ്ടാക്കിക്കുക. 

69 ) ആത്മ ധൈര്യവും ആവേശവും ഉണ്ടാക്കുന്ന  നല്ല സിനിമകൾ മക്കളുടെ കൂടെ ഇരുന്ന് കാണുക. നല്ല കഥകൾ അവരെ കേൾപ്പിക്കുക. 

70 ) പേടിപ്പെടുത്തുന്ന സിനിമകളോ കഥകളോ അനുവദിക്കാതിരിക്കുക. 

71 ) ബുദ്ധി വികാസം ഉണ്ടാകാൻ കാരണമാകുന്ന ഗെയിമുകൾ മാത്രം വാങ്ങിക്കൊടുക്കുക. 

72 ) നരകവും ശിക്ഷയും പറഞ്ഞു പേടിപ്പിക്കുന്നതിന് പകരം സ്വർഗ്ഗവും സുന്ദര ജീവിതവും പറഞ്ഞു ആവേശം കൊള്ളിക്കുക. 

73 ) കുട്ടികളെ ചെറുപ്പത്തിലേ നന്നായി വളർത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ വലുതായ ശേഷം  നന്നായി വളർത്താം എന്ന് വ്യാമോഹിക്കരുത്. പന്ത്രണ്ട് വയസ്സിന് മുമ്പ് സ്വഭാവ രൂപീകരണം നടന്നിരിക്കണം. 

74 ) കുട്ടിയുടെ നൈസർഗിക വാസന കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 

75 ) മക്കളുടെ കൂട്ടുകാരെ ഇടയ്ക്ക് വീട്ടിലേക്ക് ക്ഷണിക്കുക. അവർ തമ്മിൽ നല്ല ബന്ധം ഉണ്ടാക്കുക.

Thursday, October 24, 2019

Daily Early Morning Affirmations

30 പോസിറ്റീവ് അഫർമേഷനുകൾ... എല്ലാ ദിവസവും പറയണം

1. എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്.  ഞാൻ  ശക്തനും കഴിവുള്ളവനുമാണ്

2. എന്റെ ജീവിതത്തിൽ നിന്ന് എനിക്ക് വേണ്ടത് നേടാൻ ഞാൻ ധൈര്യത്തോടെ പരിശ്രമിക്കുന്നു.

3. എൻ്റെ സാമൂഹിക സാഹചര്യങ്ങളിൽ എനിക്ക് ആത്മവിശ്വാസമുണ്ട്.

4. ഞാൻ എന്നെത്തന്നെ വിശ്വസിക്കുന്നു.

5. ഞാൻ എപ്പോഴും എന്റെ വിശ്വാസങ്ങൾക്കായി പോരാടുന്നു.

6. എല്ലാ വെല്ലുവിളികളെയും ഞാൻ ധൈര്യത്തോടെ സമീപിക്കുന്നു.

7. ഞാൻ ആരാണെന്നതിൽ എനിക്ക് നല്ല പങ്കുണ്ട്, ഞാൻ ആരായിത്തീരുന്നുവെന്നതിൽ ഞാൻ അഭിമാനിക്കുന്നു.

8. എല്ലാ കാര്യങ്ങളും എൻ്റെ പ്രയോജനത്തിന് വേണ്ടി ഉപകാരപ്പെടുത്താൻ ഞാൻ  ശ്രമിക്കുന്നു.

9. ഞാൻ ഒരു നല്ല തീരുമാനമെടുത്താൽ പിന്നെ ഒരിക്കലും അത്  ഉപേക്ഷിക്കില്ല.

10. ഇന്നിനെ എനിക്ക് വേണ്ടി  ഉപയോഗപ്പെടുത്താനായി  എനിക്ക്  അനന്തമായ കഴിവുകൾ നൽകപെട്ടിട്ടുണ്ട് ..

11. ആളുകളുടെ വാക്കുകളിൽ  ഞാൻ വീഴില്ല. . ഞാൻ ആരാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.

12. എനിക്കായി ഞാൻ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.

13. എനിക്ക് ആവശ്യമുള്ള കാര്യങ്ങളിൽ ഞാൻ ഇപ്പോഴും എപ്പോഴും സത്യസന്ധത പുലർത്തുന്നു

14. ഞാൻ ആരായിത്തീരുന്നുവെന്നതിൽ ഞാൻ അഭിമാനിക്കുന്നു.

14a. നിലവിൽ, ഞാൻ ആകാൻ ആഗ്രഹിക്കുന്ന തലത്തിലല്ല ഇപ്പോൾ  ഞാൻ എങ്കിലും അതിന് വേണ്ടി ഞാൻ കൂടുതൽ പ്രയത്നിക്കുമെന്നും അതെനിക്ക് ലഭിക്കുമെന്നും എനിക്കുറപ്പുണ്ട്. .

15. ഇതൊക്കെ വളരെ സിംപിളാണ്... . എനിക്ക് ഇത് കൈകാര്യം ചെയ്യാൻ കഴിയും.

16. എന്റെ ആത്മവിശ്വാസം അഭിനന്ദനങ്ങൾ കൊണ്ട് ഉണ്ടായതല്ല; മറിച്ച് എൻ്റെ  കഴിവിലും പാണ്ഡിത്യത്തിലും അധിഷ്ഠിതമാണ്.

17. ഞാൻ എന്റെ ചിന്തകൾ മാറ്റുമ്പോൾ, എനിക്ക് ചുറ്റുമുള്ള ലോകവും അതോടൊന്നിച്ചു  മാറുന്നു.

18. എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നല്ല മാറ്റങ്ങൾ വരുത്തുന്ന പ്രക്രിയയിലാണ് ഞാൻ.

19. എന്റെ എല്ലാ അഗാധമായ ആഗ്രഹങ്ങളും  ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുകയാണ്.

20. എന്റെ മൂല്യത്തെ ഞാൻ വിലമതിക്കുന്നു. ഞാൻ കഴിവുള്ളവനാണ്. ഞാൻ എന്നെത്തന്നെ വില കുറച്ചു കാണുന്നില്ല .

21. ഞാൻ അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളിലേക്ക് എന്നെ നയിക്കുന്ന ദൈവത്താൽ  ഓരോ ഘട്ടത്തിലും ഞാൻ നയിക്കപ്പെടുന്നു.

22. എന്റെ ആത്മാഭിമാനവും ആത്മവിശ്വാസവും നശിപ്പിക്കാൻ ഒരു വ്യക്തിക്ക് അവരുടെ വാക്കുകളോ പ്രവൃത്തികളോ ഉപയോഗിക്കാൻ ഞാൻ ഒരിക്കലും അധികാരം നൽകില്ല.

23. ആരെങ്കിലും  എന്നെ ഇകഴ്ത്തുകയോ, എൻ്റെ ആത്മവിശ്വാസം കെടുത്തുവാൻ ശ്രമിക്കുകയോ ചെയ്യുകയാണെങ്കിൽ അവർക്ക് പിന്നെ  എന്റെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ല.

24. ഞാൻ ആരാണെന്ന് ഞാനാണ്  നിർവചിക്കുന്നത്.  ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഞാനാണ്  തീരുമാനിക്കുന്നത്.  എന്റെ ജീവിതം എങ്ങനെ നിയന്ത്രിക്കാമെന്ന് എനിക്ക് നിയന്ത്രിക്കാൻ കഴിയും.

25. ഞാൻ ചെയ്യുന്നതിനെ മാത്രമേ എനിക്ക് നിയന്ത്രിക്കാൻ കഴിയൂ, അവർ ചിന്തിക്കുന്നതോ പറയുന്നതോ തോന്നുന്നതോ ആയ കാര്യങ്ങൾ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല.

26. എനിക്ക് എപ്പോഴും മാന്യമായിരിക്കാൻ കഴിയും. ടെൻഷൻ, ദേഷ്യം, ദുഃഖം തുടങ്ങിയ അവസ്ഥകളെ നിയന്ത്രിക്കാൻ എനിക്ക് നന്നായി കഴിയും.

27. വെല്ലുവിളികൾ  പരിഗണിക്കാതെ, ഞാൻ ഫേസ് ചെയ്യുന്നതെന്തും അഭിമുഖീകരിക്കാൻ എനിക്ക് കഴിവുണ്ട് .

28. എന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എൻ്റെ മാത്രം തീരുമാനങ്ങളാണ്. അതിൽ വേറെ ആരുടേയും കൈ കടത്തൽ ആവശ്യമില്ല .

29. എന്റെ ജീവിത യാത്ര എന്നത്, എന്നെക്കുറിച്ചുള്ള ഏറ്റവും മികച്ച പതിപ്പായി ഞാൻ സ്വയം  മാറുന്നതിനെക്കുറിച്ചാണ്.

30. ഞാൻ വിലമതിക്കാനാവാത്ത ഉന്നതനായ വ്യക്തിയാണ്, എന്നെ തകർക്കാൻ ആർക്കും കഴിയില്ല 

Monday, October 14, 2019

ചില സൌദി മര്യാദകള്‍

പുതുതായി സൌദിയില്‍ വന്നവര്‍ക്കും വരുന്നവര്‍ക്കും:


നമ്മുടെ നാട്ടില്‍ കണ്ടു ശീലിച്ച സംസ്കാരമല്ല സൌദിയില്‍. പ്രധാനമായും ഇസ്ലാമിക ചര്യകള്‍ പിന്‍പറ്റുന്ന സമൂഹമായതിനാല്‍ അത്തരത്തിലുള്ള പല കാര്യങ്ങളും വളരെ ശ്രദ്ധിക്കേണ്ടതായുണ്ട്.

അതില്‍ എന്‍റെ മനസ്സില്‍ വന്ന ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്ക് വെക്കുന്നു.


സൗദിജീവിതത്തിന് ഏറ്റവും കൂടുതല്‍ വേണ്ടത്‌ ക്ഷമ എന്ന സാധനമാണ്. അത് എവിടെയൊക്കെ വാങ്ങാന്‍ കിട്ടിയാലും വാങ്ങുക. എത്ര കിട്ടിയാലും മതിയാകില്ല.

സൗദി എന്നത് ഇസ്ലാം മതം അതിന്‍റെ ഭരണഘടനയായി കൊണ്ട് നടക്കുന്നു എന്ന് പറയുന്ന രാജ്യങ്ങളില്‍ പെട്ട ഒരു രാജ്യമാണ്. അതിനാല്‍ ഇസ്ലാമിക നിയമങ്ങളെ പറ്റി ഏകദേശ അവബോധം ഇവിടെ താമസിക്കാന്‍ ഉണ്ടായിരിക്കേണ്ടതാണ്. പല തെറ്റുകള്‍ക്കും ജയില്‍ ലഭിക്കുക മാത്രമല്ല, നാട് കടത്തപ്പെടാനും, ജി.സി.സിയില്‍ നിന്ന് ബാന്‍ ചെയ്യപ്പെടാനും മാത്രമല്ല കണ്ണാടിയില്‍ നോക്കുമ്പോള്‍ കഴുത്തിന് മുകളില്‍ തല കാണാതിരിക്കാന്‍ വരെ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

*) പ്രധാനമായും നാട്ടില്‍ നിന്നും കൊണ്ട് വരുന്ന / കൊടുത്ത് വിടുന്ന സാധനങ്ങള്‍... മയക്ക് മരുന്നോ അതുമായി ബന്ധമുള്ള ഒരു സാധനങ്ങളും (ഡോക്ടര്‍ പറഞ്ഞ മരുന്ന് ആയാല്‍ പോലും) കൊണ്ട് വരാന്‍ ശ്രമിക്കരുത്. അഥവാ കൊണ്ട് വരേണ്ടി വരികയാണെങ്കില്‍, ഡോക്ടറുടെ പേപ്പറും ഫാര്‍മസിയിലെ പേപ്പറും കയ്യില്‍ വെക്കുക.

*) കള്‍ച്ചര്‍ വ്യത്യാസം എയര്‍പോര്‍ട്ടില്‍ നിന്നും തുടങ്ങുന്നു. ഒരിയ്ക്കലും നമ്മെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഉണ്ടാകും എന്ന് ധരിക്കരുത്. ഒരു അടിമയേക്കാളും മോശമായായിരിക്കും ചിലപ്പോള്‍ നമ്മോട് പെരുമാറുന്നത് എന്നത് ആദ്യമേ മനസ്സിലാക്കി വെക്കുക. വരാനിരിക്കുന്നവര്‍ക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്യുക.

*) പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം ക്യൂ ആയിരിയ്ക്കും എല്ലായിടത്തും. അത് എയര്‍പോര്‍ട്ട് മുതല്‍ തുടങ്ങുന്നു. (ചില മാറ്റങള്‍ ഈയിടെയായി കാണുന്നുണ്ടെങ്കിലും)

*) എയര്‍പോര്‍ട്ടില്‍ നിന്നും താമസ സ്ഥലത്തേക്ക് പോകാന്‍ സൌദി ഡ്രൈവര്‍മാര്‍ ഉള്ള എയര്‍പോര്‍ട്ട് ടാക്സി സര്‍വീസുകള്‍ ഉണ്ട്. അതുപയോഗിക്കുകയാവും ഉത്തമം. കൂട്ടുകാരോ മറ്റോ വാഹനവുമായി പിക്ക് ചെയ്യാന്‍ വന്നാല്‍ പോലീസ് പിടിച്ചാല്‍ ജയിലും പിഴയും ലഭിക്കും എന്നറിയുക..

*) അറബി മാതൃഭാഷയായ നാടായതിനാല്‍ അത്യാവശ്യം അറബി ഉപയോഗിക്കാന്‍ പഠിച്ചേ മതിയാവൂ.

*) രാജ ഭരണം നിലനില്‍ക്കുന്ന നാടായതിനാല്‍ നമ്മുടെ നാട്ടിലെപ്പോലെ സ്വാതന്ത്ര്യം ഉണ്ടാവും എന്ന് പ്രതീക്ഷിക്കരുത്. എന്നാല്‍ നേരെ ചൊവ്വെ പോവുകയാണെങ്കില്‍ ഇവിടെ ഒരു പ്രശ്നവും ഉണ്ടാവുകയുമില്ല. അതിനാല്‍ ഒരിക്കലും ഇവിടെത്തെ ഭരണത്തിനെതിരിലോ, തീവ്രവാദവുമായി ബന്ധപ്പെട്ടതോ, രാജ്യദ്രോഹപരമായതോ, പ്രമുഖര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളോ ആയ ഒരു കാര്യവും പറയരുത് / ചെയ്യരുത്‌ / ഷെയര്‍ ചെയ്യരുത്‌.

*) നാം എഴുതുന്നയും അയക്കുന്നയും ഷെയര്‍ ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും ഇവിടെ ഗവണ്‍മെന്റ് ഓരോ കോപ്പി എടുത്തു വെക്കുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്കറിയുമോ?. എത്ര കാലം കഴിഞ്ഞാലും അത് retrieve ചെയ്യാനുള്ള സൌകര്യവും ഉണ്ട്. ഗവണ്മെന്റിനു എതിരായോ മതത്തിന് എതിരായോ ഒരു നിലക്കുമുള്ള വാക്കോ ഷെയറോ നമ്മില്‍ നിന്ന് വന്നു പോകരുത്. ഒറിജിനല്‍ ആയി ഉണ്ടാക്കിയ ആള്‍ക്കും അത് ഷെയര്‍ ചെയ്ത ആള്‍ക്കും ഒരേ ശിക്ഷ തന്നെയായിരിക്കും ലഭിക്കുക. Anti-Cyber Crime Law 16th Article അനുസരിച്ച് ഇത്തരത്തില്‍ പിടിക്കപ്പെടുന്നയാള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവോ മുപ്പത് ലക്ഷം റിയാല്‍ വരെ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഓരോ ഷെയര്‍ ചെയ്യുമ്പോഴും മൂന്നു വട്ടം ആലോചിച്ചു മാത്രം ചെയ്യുക.

*) സ്ത്രീകള്‍ കറുത്ത അബായയും തലയില്‍ തട്ടവും ധരിക്കണം എന്നാണ് പൊതുവെ നിയമം. (തെറ്റിക്കുന്നവര്‍ ഇല്ലാതില്ല എങ്കിലും). ഈയിടെയായി ഇളവ് ഉള്ളത് പോലെ കാണുന്നുണ്ട്. എന്നാല്‍ ഉള്‍ നാടുകളില്‍ (ഉദാ: ഖസീം) സ്ത്രീകളുടെ കണ്ണു പോലും പുറത്ത് കാണിക്കാതെ വസ്ത്രം ധരിക്കണം.

*) മുതവ്വ എന്ന മതകാര്യ പോലീസ് മാര്‍കറ്റുകളിലും മാളുകളിലും ഉണ്ടാവും. നമസ്കാര സമയത്താണ് അധികവും അവര്‍ രംഗപ്രവേശനം ചെയ്യുന്നത്. നമസ്കരിക്കാതെ പുറത്ത് നില്‍ക്കുന്നത് കണ്ടാല്‍ പിടിച്ച് കൊണ്ട് പോകലും ചൂരല്‍ കഷായവും ഉണ്ടാവും. അതിനാല്‍ അമുസ്ലീംകള്‍ ആയാലും അവരുടെ കണ്ണില്‍പ്പെടാതെ മാറിയിരിക്കുകയാവും നല്ലത്. (ഈയിടെയായി അവര്‍ വളരെ കുറവാണ്) 

*) പബ്ലിക്‌ ആയി സ്ത്രീ പുരുഷന്‍മാര്‍ ഒരുമിച്ച് ഒത്തുകൂടുന്നത് വിലക്കുള്ള നാടാണ് സൌദി. (ചിലയിടങളില്‍ മാറ്റം വന്നു തുടങിയെങ്കിലും, ശ്രദ്ധിക്കുന്നത്  നല്ലതാണു)

*) നോമ്പ് കാലത്ത്‌ പകല്‍ സമയങളില്‍  പരസ്യമായി തീറ്റ / കുടി / പുകവലി തുടങ്ങിയവ ചെയ്‌താല്‍ ജയിലില്‍ പോകാന്‍ വരെ കാരണമാകും.

*) പള്ളികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ചെരിപ്പ്‌ അഴിച്ചു വെക്കണം എന്നതാണ് ചിട്ട. ചില വീടുകളില്‍ ചെരിപ്പ്‌ ധരിച്ച് കയറാം, പക്ഷെ, അവര്‍ അങ്ങിനെ പറഞ്ഞാല്‍ മാത്രം ചെരിപ്പ്‌ / ഷൂ അഴിക്കാതിരിക്കുക.

*) പുരുഷന്‍മാര്‍ ഒരിക്കലും സൌദികള്‍ കാണെ സ്വര്‍ണ്ണം അണിയരുത്. ഇസ്ലാമിക നിയമം അനുസരിച്ച് സ്വര്‍ണ്ണം സ്ത്രീകള്‍ക്ക് മാത്രമേ അണിയാന്‍ പാടൂ.

*) സ്പോര്‍ട്ട്‌സ്, നീന്തല്‍ തുടങ്ങിയവ അല്ലാത്ത സമയത്ത് ഷോര്‍ട്ട് / ബര്‍മുഡ ഇട്ട് പുറത്ത് പോകാതിരിക്കുക. പ്രത്യേകിച്ചും ഗവണ്‍മെന്റ് / പോലീസ്‌ ഓഫീസുകളിലേക്ക്.

*) മുറൂര്‍ (ട്രാഫിക്), പോലീസ്‌, പാസ്പോര്‍ട്ട് ഓഫീസ് പോലുള്ള ഗവണ്‍മെന്‍റ് ഓഫീസുകളില്‍ പോകുകയാണെങ്കില്‍ (അറബി സംസാരിക്കാന്‍ അറിയില്ലെങ്കില്‍) കഴിവുള്ള ഒരാളെ കൂടെ കൂടെ കൂട്ടുന്നത്‌ നന്നായിരിക്കും. അവിടെ നിന്ന് ആരെങ്കിലും ഇംഗ്ലീഷ് സംസാരിക്കും എന്ന് വ്യാമോഹിക്കരുത്.

*) റൂമില്‍ നിന്ന് വേസ്റ്റ് ഇടാന്‍ പുറത്തിറങ്ങുകയാണെങ്കില്‍ പോലും ഇഖാമ (ഹവിയ്യ മുഖീം / റെസിഡന്‍സ് ഐഡന്‍റിറ്റി)  കയ്യില്‍ പിടിക്കണം. ഇല്ലാതെ പിടിക്കപ്പെട്ടാല്‍ താഴെ പറയുന്ന പ്രശ്നങ്ങള്‍ ഉണ്ടാവാം.

ഒന്നാം പ്രാവശ്യം ഇക്കാമയില്ലാതെ പിടിക്കപ്പെട്ടാല്‍:
അറസ്റ്റ്‌ ചെയ്തു ജയിലില്‍ ആക്കും. അവിടെ വെച്ചു ഫോണ്‍ വിളിക്കാന്‍ അനുവാദം തരുന്നതാണ്. ആ സമയത്ത്‌ അടുത്ത സഹോദരനോ കൂട്ടുകാരനോ വിളിച്ച് റൂമില്‍ നിന്ന് ഇഖാമ എടുത്തു കൊണ്ട് വരാന്‍ പറയുക. ഒറിജിനല്‍ ഇക്കാമ കാണിച്ചു കൊടുക്കുന്നതോടെ ജയില്‍ മോചിതനാവാം. എന്നാല്‍ ആയിരം റിയാല്‍ പിഴ കെട്ടേണ്ടി വരും എന്ന് മാത്രം.

രണ്ടാം പ്രാവശ്യം ഇക്കാമയില്ലാതെ പിടിക്കപ്പെട്ടാല്‍:
ആദ്യം പറഞ്ഞ പോലെയുള്ള നടപടിക്രമങ്ങള്‍ നടക്കും. എന്നാല്‍ പെനാല്‍റ്റി രണ്ടായിരം ആയിരിക്കും. കൂടാതെ, ഇനി സംഭവിച്ചാല്‍ നാട് കടത്തപ്പെടാന്‍ സാധ്യതയുണ്ടെന്ന ഒരു പേപ്പറില്‍ ഒപ്പ്‌ വെക്കേണ്ടിയും വരും.

മൂന്നാം പ്രാവശ്യം ഇക്കാമയില്ലാതെ പിടിക്കപ്പെട്ടാല്‍:
(ഇത് വളരെ ഗുരുതരമാണ്). ആദ്യം സ്പോണ്‍സറെ വിളിപ്പിക്കും. ഒറിജിനല്‍ ഇഖാമയുമായി വരാന്‍ പറയും. മുവ്വായിരം റിയാല്‍ ഫൈന്‍ കെട്ടിപ്പിക്കും. അതോടൊപ്പം എക്സിറ്റ്‌ അടിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തും. (കഫീലിന് ഇയാളെ നിര്‍ബന്ധമായും വേണം എന്നൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ ഇളവ്‌ ലഭിച്ചേക്കാം... ഉറപ്പില്ല). പുതിയ നിയമം അനുസരിച്ച്, ഇങ്ങിനെ എക്സിറ്റ്‌ അടിക്കപ്പെട്ടയാള്‍ക്ക് മറ്റു ഒരു ജിസിസി നാടുകളിലേക്കും ജോലി വിസ കിട്ടില്ല.

*) ഇക്കാമ (ഹവിയ്യ മുഖീം / റെസിഡന്‍സ് ഐഡന്‍റിറ്റി) പുതുക്കുന്നത് online വഴിയാക്കി മാറ്റിയിട്ടുണ്ട്... എന്നാല്‍ കാര്‍ഡ് മാറ്റേണ്ട വല്ല അവസ്ഥയും വരികയാണെങ്കില്‍, കയ്യില്‍ ഒറിജിനല്‍ കാര്‍ഡ് ഇല്ല എങ്കില്‍, കമ്പനി ലെറ്റര്‍ ഹെഡരില്‍ ചേമ്പര്‍ അറ്റസ്റ്റ് ചെയ്ത ഒരു ലെറ്റര്‍ കയ്യില്‍ വെക്കണം. അതില്‍ ഇഖാമയുടെ ഫോട്ടോകോപ്പിയും വെക്കണം. (Aramco, Saudi Airlines, Sabic തുടങ്ങിയ കമ്പനികളുടെ ആളുകള്‍ക്ക് ചേംബര്‍ ചെയ്യണം എന്നില്ല). രണ്ടു മാസം കാലാവധി കഴിഞ്ഞാല്‍ ആ പേപ്പര്‍ പോലീസ്‌ സ്വീകരിക്കില്ല എന്നറിയുക. പുതിയ ഇക്കാമകളും വാഹനങളുടെ ഇസ്തിമാറയും  എക്സ്പയറി ഇല്ലാതെയാണു അടിക്കുന്നതു എന്നതിനാല്‍ വീണു പോകുന്നത് വളരെ ശ്രദ്ധിക്കണം)

*) വെയിലും ചൂടും നന്നായുള്ള നാടായതിനാല്‍ വിയര്‍ക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ കഴിയുന്നതും സ്വന്തം വാഹനത്തിലും ഓഫീസിലും ഓരോ സ്പ്രേ വെച്ചാല്‍ പലപ്പോഴും വലിയ ഉപകാരമാവും.

*) കാര്‍ക്കിച്ച് തുപ്പല്‍, വലിയ ശബ്ദത്തില്‍ തുമ്മല്‍, ശബ്ദമുണ്ടാക്കി കുടിക്കല്‍, ഏമ്പക്കം വിടല്‍ തുടങ്ങിയവയൊക്കെ അറബികള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്.

*) എന്തെങ്കിലും മീറ്റിങ്ങില്‍ പങ്കെടുക്കുകയാണെങ്കില്‍ അതിന് തൊട്ടു മുമ്പ് ഇന്‍ഡ്യന്‍ സ്പൈസികളും, മല്‍സ്യം (പ്രത്യേകിച്ചും മത്തി) വറുത്തതുമൊക്കെ ചേര്‍ത്തുള്ള ഗംഭീര ശാപ്പാട് നടത്താതിരിക്കുക.

*) സൌദികള്‍ കൂടുതല്‍ ഉള്ള ഇടങളില്‍ നാം മലയാളികള്‍ രണ്ട് പേരു നിന്ന് ഉറക്കെ മലയാളത്തില്‍ സംസാരിക്കുന്നത് നല്ലതല്ല.

*) എപ്പോഴും വലത് ഭാഗത്ത് ഉള്ള ആള്‍ക്ക് മുന്‍ഗണന നല്‍കുന്നത് സൌദി ശീലമാണു. യമീന്‍ അവ്വല്‍ എന്ന് ആ സമയം പറയാം.

*) മുഖാമുഖം ഇരിക്കുമ്പോള്‍ അവരുടെ നേരെ കാല്‍ നീട്ടി ഇരിക്കാതിരിക്കുക.

*) സൌദികള്‍ അവരുടെ കുട്ടികളുടെ പേര്‍ കൂട്ടി വിളിക്കപ്പെടാന്‍ ഇഷ്ട്ടപ്പെടുന്നവരാണ്. അതിനാല്‍ അടുത്ത ബന്ധമുള്ള സൗദി ആണെങ്കില്‍ അവന്‍റെ വലിയ ആണ്‍ കുട്ടിയുടെ പേര്‍ ആരോടെങ്കിലും ചോദിച്ചറിഞ്ഞ് വിളിക്കുക. (ഉദാ: മാസിന്റെ ബാപ്പ = അബൂ മാസിന്‍.  അലിയുടെ ബാപ്പ = അബൂ അലി, ഖാലിദിന്റെ ഉമ്മ = ഉമ്മു ഖാലിദ്‌, സൈനബിന്റെ ഉമ്മ = ഉമ്മു സൈനബ് etc.)

*) പിതാക്കള്‍ തന്നെ മക്കളെ ‘യാ ഇബ്നല്‍ കല്‍ബ്’ = നായിന്‍റെ മോനേ” എന്ന് വിളിക്കുന്നത് കേള്‍ക്കാം. കേട്ടതായി ഗൌനിക്കേണ്ടാ ;)

*) ഫോട്ടോ എടുക്കുന്നത് വിലക്കിയ ബോര്‍ഡ് ഉള്ള സ്ഥലത്ത് വെച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നത് ജയില്‍ വാസത്തിന് വരെ കാരണമാകാം എന്നതിനാല്‍ ശ്രദ്ധിയ്ക്കുക. എന്നെ ഫോട്ടോ എടുക്കൂ എന്ന് പറഞ്ഞു വരുന്ന സ്ത്രീകളെ മാത്രം ഫോട്ടോ എടുക്കാം.

*) കാലാവസ്ഥ പെട്ടെന്ന് പെട്ടെന്ന് മാറുന്ന സ്ഥലമാണ് സൌദി അറേബ്യ. അതിനാല്‍ എപ്പോഴും (പ്രത്യേകിച്ച് യാത്ര പോകുമ്പോള്‍) കാലാവസ്ഥ നിരീക്ഷണം അറിഞ്ഞ ശേഷം മുന്‍കരുതലുകള്‍ എടുത്ത് മാത്രം യാത്ര ചെയ്യുക.

*) മെഡിക്കല്‍ & വെഹിക്കിള്‍ ഇന്‍ഷൂറന്‍സ് ഒരിയ്ക്കലും എക്സ്പയര്‍ ആവാതെ ശ്രദ്ധിയ്ക്കുക. (എപ്പോഴാണ് എന്താണ് സംഭവിക്കുക എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലല്ലോ)

*) പാസ്പോര്‍ട്ട്, ഇക്കാമ, ബാങ്ക് കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ്, വാഹന ഇന്‍ഷൂറന്‍സ് കാര്‍ഡ് തുടങ്ങി എല്ലാ കാര്‍ഡിലും, നിങ്ങളുടെ പേഴ്സിലും നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പ്രിന്‍റ് ചെയ്ത ചെറിയ ഒരു സ്റ്റിക്കര്‍ പതിക്കുക. മൊബൈലിന് മുകളില്‍ അടുത്ത കൂട്ടുകാരന്‍റെ മൊബൈല്‍ നംബറും ഒട്ടിക്കുക. അഥവാ വീണുപോയാല്‍, കിട്ടുന്നത് നല്ല മനസ്സിന്നുടമയാണെങ്കില്‍ പെട്ടെന്ന് തിരിച്ചു കിട്ടുമല്ലോ.

*) സാധാരണ അസ്സലാമു അലൈക്കും എന്ന അഭിവാദ്യത്തോടെ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഷേക് ഹാന്‍ഡ് കൊടുക്കാറാണു പതിവ്. എന്നാല്‍ കൈ നനഞ്ഞ  അവസ്ഥയില്‍ കയ്യിന്‍റെ  മണികൺഠത്തിന് മീതെ പിടിക്കാൻ തക്കവണ്ണം കൈ നീട്ടുക. അല്ലെങ്കില്‍ കയ്യില്‍ വെള്ളമാണെന്നു പറയാം.

*) مع السلامة മ’അസ്സലാമ: (അര്‍ത്ഥം: വിട)
സലാം പറയല്‍ കഴിഞ്ഞാല്‍ അറബികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കുന്ന വാക്കായിരിക്കും ഇത്. ഒരാള്‍ പിരിഞ്ഞു പോകുമ്പോഴാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ജോലി കഴിഞ്ഞു പോകുമ്പോള്‍, കടയില്‍ നിന്ന് പോകുമ്പോള്‍, സദസ്സില്‍ നിന്ന് പോകുമ്പോള്‍, ലീവില്‍ പോകുമ്പോള്‍, എല്ലാം ഇത് ഉപയോഗിക്കാം.

*) ചിലപ്പോള്‍ പോകുന്ന വഴിയില്‍ തക്കാളി/മുട്ട ഏറു കിട്ടാം... ക്ഷമിക്കുക.
*) സൗദികള്‍ ആരെങ്കിലും നിങ്ങളെ കളിയാക്കി... ക്ഷമിക്കുക...
*) സൌദികള്‍ക്ക് നമ്മള്‍ എപ്പോഴും അവരുടെ പണിക്കാര്‍ ആണ്. അതിനാല്‍ അതനുസരിച്ച് കണ്ടും കേട്ടും ഒക്കെ നിന്നാല്‍ നന്ന്. എനിക്ക് നാട്ടില്‍ പത്ത് ആനണ്ടാര്‍ന്ന് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
*) ആരെങ്കിലും ഭീഷണിപ്പെടുത്തി... തല്ലാന്‍ വന്നു... ക്ഷമിക്കുക... അതോടൊപ്പം 999 എന്ന നമ്പറിലേക്ക്‌ വിളിക്കുകയും ചെയ്യുക. ബാക്കി അവര്‍ തീര്‍ത്ത്‌ കൊടുത്തോളും.
*) സ്വന്തം വാഹനത്തില്‍ പോകുന്ന സമയം ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ എത്രയും പെട്ടെന്ന് എല്ലാ ഡോറും ലോക്ക് ചെയ്ത് ഗ്ലാസ്‌ പൊക്കി ഉള്ളില്‍ ഇരിക്കുക്ക. 999 ലേക്ക് വിളിക്കുക
*) ആരെയും ഉപദ്രവിച്ച് രക്തം പൊടിയാന്‍ ഇട വരാതിരിക്കുക. തെറ്റ് അവന്‍റെ ഭാഗത്താണെങ്കിലുംരക്തം പൊടിഞ്ഞു എന്ന കാരണത്താല്‍ രക്ഷപ്പെട്ട പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇനി നിങ്ങള്‍ക്ക്‌ അറിയുന്ന കാര്യങ്ങള്‍ കൂടി ഇവിടെ ഷെയര്‍ ചെയ്യുക. എല്ലാവര്‍ക്കും അറിയുകയും പഠിക്കുകയും ചെയ്യാമല്ലോ...

സസ്നേഹം / സൈഫു

Wednesday, October 9, 2019

വാദിവെജ് – താഇഫ് യാത്ര (2017 Feb 3)

വാദിവെജ് – താഇഫ് യാത്ര (2017 Feb 3):
പശുവിനെ പറ്റി എഴുതാന്‍ പറഞ്ഞപ്പോള്‍, കെട്ടിയ കയറിനെ പറ്റി എഴുതിയപോലെയായല്ലോ എന്ന്‍ ചീത്ത പറയരുത്. ഒരു കുഞ്ഞു യാത്രയുടെ പിന്നിലുള്ള ഒരുക്കങ്ങളെ സൂചിപ്പിക്കാന്‍ മാത്രമാണു ഈ എഴുത്ത്. കൂടാതെ, താഇഫില്‍ വെറും വാദി വെജ് മാത്രമല്ല; വേറെയും പലതും കാണാനുണ്ട് എന്ന്‍ കൂടി അറിയിക്കാനും.
സൌദിയില്‍ വന്ന ശേഷം പല പ്രാവശ്യം താഇഫില്‍ പോയിട്ടുണ്ട്... എന്നാല്‍ ഓരോ പ്രാവശ്യവും ഓരോ വ്യത്യസ്ഥ സ്ഥലങ്ങളും അനുഭവങ്ങളുമായിരുന്നു എന്നതാണു രസകരം.
നബിയെ കല്ലെറിഞ്ഞ സ്ഥലം എന്ന നിലയില്‍ താഇഫ് പണ്ടേ കുപ്രസിദ്ധമാണല്ലോ.. മക്കയില്‍ നിന്നും ഏകദേശം നൂറ് കിലോമീറ്റര്‍ ദൂരത്ത് മക്കാ പ്രവിശ്യയില്‍ പെടുന്ന ഈ സ്ഥലം 1700 മീറ്റര്‍ ഉയരത്തിലായതിനാല്‍ തന്നെ ഓക്സിജന്‍ തുലോം കുറവും തണുപ്പ് കൂടുതലുമാണ്. മേയ് – സെപ്റ്റമ്പര്‍ സമയത്താണ് അധികം തണുപ്പില്ലാതെ താഇഫ് കാണാന്‍ പറ്റിയ സമയം.
ജിദ്ദയില്‍ നിന്നും ആദ്യമായി ഞാന്‍ താഇഫില്‍ പോയത്, ഒരു ഫാമിലിയുടെ കൂടെയായിരുന്നു. ഇന്നത്തെപ്പോലെ നാവിഗേഷനോ മറ്റോ ഇല്ലാത്ത കാലം. കുറേ ഭാഗം അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങള്‍ പോകുന്ന കട്ട റോഡിലൂടെ കുത്തിക്കുലുങ്ങി വേണം പോവാന്‍! അവിടെ എത്തിയ ശേഷം ആരോടെങ്കിലുമൊക്കെ ചോദിച്ചറിഞ്ഞു ഏതെങ്കിലുമൊക്കെ സ്ഥലങ്ങള്‍ കാണാം എന്നായിരുന്നു കരുതിയത്. രാത്രി ഒരു ഹോട്ടല്‍ റൂം എടുത്ത് ക്ഷീണമൊക്കെ മാറ്റി രാവിലെ മുതല്‍ താഇഫ് കാണാനിറങ്ങാം എന്ന തീരുമാനത്തില്‍ ജിദ്ദയില്‍ നിന്നും വൈകുന്നേരമാണ് പുറപ്പെട്ടത്. റൂം പോയിട്ട് ഒരു ബാത്ത് റൂം പോലും കിട്ടാതെ കരയുന്ന കുട്ടികളുമായി ആ രാത്രി തന്നെ തിരിച്ചു ജിദ്ദയിലേക്ക് മടങ്ങിയ അന്ന് മനസ്സിലായതാണ്, യാത്ര പോകുന്നതിന് മുമ്പ് വേണ്ട മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ പണി കിട്ടുമെന്ന്‍. (ജൂലൈ മാസമായതിനാല്‍ ജിദ്ദയിലും റിയാദിലുമൊക്കെയുള്ള ആളുകള്‍ താഇഫിലേക്ക് തണുപ്പ് ആസ്വദിക്കാന്‍ വരുന്ന സമയമാണെന്ന് പിന്നെയാണ് അറിയുന്നത്)
വേറൊരിക്കല്‍ നല്ല തണുപ്പുള്ള സ്ഥലമാണ് ഷഫ എന്ന്‍ കേട്ട് നാവിഗേഷനൊക്കെ ഓണാക്കി പുറപ്പെട്ടു. ഷഫയ്ക്കു അടുത്തെവിടെയോ എത്തി. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ ഒരു ബുഖാരി ചോറും നരകത്തിലെ കോഴിയും വാങ്ങി റോഡിന്‍റെ അരുകില്‍ ഇരുന്ന് തിന്ന് തീരാന്‍ സമയം കിട്ടിയില്ല; കല്‍ക്കരിത്തീവണ്ടിയുടെ പുകക്കുഴല്‍ പോലുള്ള വായകളും വിറക്കുന്ന കുട്ടികളുമായി പോയതിലും ഇരട്ടി വേഗത്തില്‍ തിരിച്ചു പോന്നു.
അടുത്ത് തന്നെ നടത്തിയ മറ്റൊരു യാത്രയില്‍ തായിഫിലേക്കുള്ള ഹദാ ചുരം കയറുന്നതിന്‍റെ തുടക്കത്തില്‍ തന്നെയുള്ള പാര്‍ക്കില്‍ പോയി. തടി ഇളക്കുന്ന കുറേ ഗെയിമുകള്‍, ഫോര്‍മുല വണ്‍ പോലെയുള്ള കാര്‍ റേസ് ഒക്കെ ശരിക്കും ആസ്വദിച്ചു തിരിച്ചു പോന്നു. പിന്നീടൊരിക്കല്‍ പോയത് വലിയൊരു ടീമുമായായിരുന്നു. ചുരം കയറി മുകളില്‍ ചെന്ന്‍ കേബിള്‍ കാറിലൂടെ താഴെ വന്ന് വാട്ടര്‍ പാര്‍ക്കില്‍ ചാടിത്തിമര്‍ത്തു. സ്തീകള്‍ക്ക് കുളിക്കാന്‍ പ്രത്യേകം സൌകര്യവും അവിടെ ചെയ്തിട്ടുണ്ട്. മലയുടെ മുകളിലേക്ക് കയറി അവിടെ നിന്ന്‍ പിടിവിട്ട പോലെ താഴേക്ക് വളഞ്ഞു തിരിഞ്ഞു ഇറങ്ങുന്ന ഒരു സൂപ്പര്‍ റൈഡ് ഉണ്ട് ആ പാര്‍ക്കില്‍. അനുഭവിക്കേണ്ടത് തന്നെയാണത്. തായിഫിലേക്കുള്ള ചുരം ഒരു കാഴ്ച തന്നെ. സുന്ദരമായി പണിത വലിയ വളവൊന്നും ഇല്ലാത്ത വണ്‍വേ ആയുള്ള ചുരത്തില്‍ ഇടയ്ക്കുള്ള വ്യൂ പോയിന്‍റില്‍ നിന്നും താഴെയുള്ള കാഴ്ചകള്‍ കാണുന്നത് എഴുതി ഫലിപ്പിക്കാന്‍ സാധിക്കുന്നതിലപ്പുറമാണ്.
റോസ് വാട്ടര്‍ ഫാക്ടറി (ഏപ്രിലില്‍) കാണാന്‍ ഒരു ടീമായി വേറൊരിക്കല്‍ പോയി. ശബ്ര പാലസില്‍ പോയെങ്കിലും ഞങ്ങള്‍ക്ക് മുന്നില്‍ അത് അടഞ്ഞ് കിടന്നു. മൃഗശാലയും മ്യൂസിക് ഫൌണ്ടനും കണ്ടു. ഒരു കുതിര സവാരിയും ചെയ്ത്, ആ പാര്‍ക്കില്‍ നല്ല പുല്ലില്‍ ഇരുന്ന്‍ ബ്രോസ്റ്റഡ് ചിക്കനൊക്കെ കഴിച്ച് തിരിച്ചു പോന്നു. മൃഗശാലയില്‍ ആളുകളെ പറ്റിക്കുന്ന ഈജിപ്ഷ്യന്‍മാരുടെ ഒരു സര്‍ക്കസ് കൂടാരവും ഉണ്ടായിരുന്നത് ഇന്നും പ്രത്യേകം ഓര്‍മ്മിക്കുന്നു.
കഴിഞ്ഞ ആഗസ്റ്റിലും അതിന് മുന്നത്തെ വര്‍ഷവും സൂഖ് ഉക്കാദ് കാണാന്‍ പോയിരുന്നു. പഴയ കാല അറബി ജീവിതത്തിലെ യുദ്ധവും, ചന്തയും മറ്റും, അതേപോലെ ജീവന്‍ വെപ്പിച്ച നല്ലൊരു മേളയായിരുന്നു അത്. സൌദിയെ പറ്റി ഒരുപാട് അറിയാന്‍ കഴിയുന്ന രൂപത്തില്‍ ഒരുപാട് സ്റ്റാളുകള്‍ അവിടെ സജ്ജീകരിച്ചിട്ടുണ്ട്. തായിഫില്‍ നിന്നും കുറച്ച് മാറി വഹബ ക്രേറ്റര്‍ കാണാന്‍ പോയത് ഒരു വല്യ സംഭവമായിരുന്നു. തേന്‍, മുന്തിരി, റോസ് തുടങ്ങി പല കൃഷി സ്ഥലങ്ങളും തായിഫില്‍ കാണാം. തായിഫിലെ ഭ്രാന്താശുപത്രി, അണക്കെട്ടുകള്‍, തുര്‍ക്കി കോട്ട തുടങ്ങി ഇനിയും സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ലാത്ത എത്രയോ സ്ഥലങ്ങള്‍!!!
*********************************
വാദി വെജില്‍ പോയ ചില ഫോടോകള്‍ മുഖപുസ്തകത്തില്‍ കണ്ടതാണ് പ്രശ്നത്തിന് തുടക്കം. കമാല്‍ Kamal MP (Dervish) എഡിറ്റ് ചെയ്ത ഒന്ന് രണ്ട് വീഡിയോകള്‍ കൂടി കണ്ടതോടെ കൂടുതല്‍ പ്രശ്നമായി. തോട്ടിലൂടെ കിലോമീറ്റര്‍ ദൂരം പോകുന്ന ജീപ്പില്‍ യാത്ര ചെയ്യുന്ന പ്രത്യേക ത്രില്‍ ആസ്വദിച്ചിട്ടേ അടങ്ങൂ എന്ന് സഞ്ചാരി ടീമിനും വാശി. എന്നാ പിന്നെ ഞാനും കൂടാം എന്നങ്ങ് തീരുമാനിച്ചു.
വാദി വെജ് എവിടെയെന്ന് അറിയാന്‍ ശ്രീമേഷ് ഗൂഗ്ളില്‍ കുറെ തിരഞ്ഞു. Wadi Vej എന്നടിക്കുമ്പോള്‍ പഞ്ചാബി ഫുഡ് ഒക്കെയാ കിട്ടിയത് എന്നും പറഞ്ഞു വാട്സാപ് ഗ്രൂപ്പില്‍ വന്ന് പരിതപിച്ചു. ഞാന്‍ Wadi Wajj എന്നു ടൈപ്പിയപ്പോള്‍ ജിദ്ദയിലെ സിത്തീന്‍ റോഡിലെ കോടതിക്ക് സമീപത്ത് കൂടെയുള്ള റോഡിലേക്കാണ് ഗൂഗിള്‍ കൊണ്ട് പോയത്. Wej valley എന്ന് ടൈപ്പ് ചെയ്യാന്‍ ഫിയാസിന്‍റെ കല്‍പ്പന വന്നു. Google.com.sa എന്നതില്‍ അറബിയില്‍ وادي وج എന്ന് സേര്‍ച്ച് ചെയ്തപ്പോള്‍ കൃത്യ സ്ഥലത്ത് തന്നെ എത്തി. പറഞ്ഞ് വരുന്നത്, ഗൂഗിള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ കൃത്യ സ്പെല്ലിങ്ങ് അറിയുന്നവരോട് ചോദിച്ച ശേഷം മാത്രം സേര്‍ച്ച് ചെയ്യുക.
സ്ഥലം ഉറപ്പിച്ച ശേഷം ഞാന്‍, ഗൂഗിളില്‍ പോയി അന്നേക്കുള്ള അവിടത്തെ കാലാവസ്ഥ നോക്കുകയാണ് ആദ്യമായി ചെയ്തത്. കാരണം, കുട്ടികളും ഫാമിലിയും ഒക്കെ ഉള്ളതിനാല്‍, ഒരു മഴയോ, കാറ്റോ, അതി ശൈത്യമോ, കോടയോ, മഞ്ഞോ ഒക്കെ ഉണ്ടെങ്കില്‍, കൊണ്ടുപോയി കുടുക്കി എന്ന്‍ അഭിപ്രായം വരാന്‍ പാടില്ലല്ലോ. നോക്കുമ്പോള്‍ മഴയ്ക്ക് സാധ്യത കാണുന്നുണ്ടെങ്കിലും വലിയ മഴയല്ലാത്തതിനാല്‍ പ്രശ്നമുണ്ടാവില്ല എന്ന് തോന്നി. എന്നാല്‍ തണുപ്പ് വളരെ കൂടുതല്‍ കാണിക്കുന്നതിനാല്‍, കുട്ടികള്‍ക്ക് പ്രത്യേകിച്ചും, തണുപ്പില്‍ നിന്നും രക്ഷ നേടാനുള്ള പ്രത്യേക വസ്ത്രങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടി വരും എന്ന്‍ ഉറപ്പായി. അതേപോലെ, ജിദ്ദയില്‍ നിന്ന് അങ്ങോട്ട് കൃത്യം എത്ര ദൂരമുണ്ടെന്നും, പോകുന്ന വഴിയില്‍ എത്ര ദൂരത്തൊക്കെ പെട്രോള്‍ പമ്പുകളും പഞ്ചര്‍ കടകളും ഉണ്ടെന്നും,
അടുത്ത് എവിടെയൊക്കെ സൂപ്പര്‍ മാര്‍ക്കറ്റുകളും, ഹോട്ടലുകളും, ആശുപത്രിയും ഉണ്ടെന്നും, അടുത്തൊക്കെ ജനവാസമുള്ള സ്ഥലമാണോ എന്നും, ജനവാസം കുറഞ്ഞ സ്ഥലങ്ങളില്‍ വന്യ ജീവികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടോ എന്നും, പോകുന്ന വഴിയില്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനം വേണ്ടി വരുന്ന സ്ഥലങ്ങള്‍ ഉണ്ടോ എന്നുമൊക്കെ ചെക്ക് ചെയ്തു. കൂടുതലറിയാന്‍ യൂട്യൂബിലും ബ്ലോഗിലുമൊക്കെ തിരഞ്ഞു, വീഡിയോകളും ട്രാവലോഗുകളും നോക്കി, മുന്നേ അങ്ങോട്ട് പോയ ആളുകളുടെ വിവരങ്ങളും ഫോണ്‍ നമ്പറുകളും സംഘടിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുകയും ചെയ്തു.
കൂടാതെ, താഇഫ് ഏരിയയില്‍ എവിടെയോ ഒരു തീവ്രവാദി അന്വേഷണം നടക്കുന്നു എന്നതും ഒരു സൌദി സുഹൃത്തില്‍ നിന്ന് അറിഞ്ഞു. പിന്നെ ആ സംഭവം നടക്കുന്നത് നമ്മുടെ ട്രിപ്പിന്‍റെ റൂട്ടില്‍ എവിടെയെങ്കിലും ആണോയെന്ന് പരിചയമുള്ള ചില പോലീസുകാരോട് വിളിച്ചന്വേഷിച്ചു. കാരണം, ഒരുപക്ഷേ, വിഷയത്തിന്‍റെ ഗൌരവം അനുസരിച്ച്, ആഴ്ചകളോളം ആ ഏരിയ തന്നെ വിലക്കപ്പെട്ട റൂട്ടായി മാറപ്പെടാനും സാധ്യതയുണ്ടല്ലോ. തീവ്രവാദികള്‍ ഇതുപോലെ ആളൊഴിഞ്ഞ ഏരിയകളാണ് അവരുടെ തമ്പുകള്‍ക്ക് തിരഞ്ഞെടുക്കാറുള്ളത് എന്നതിനാല്‍ അതൊന്ന് ഉറപ്പാക്കുക എന്നത് അത്യാവശ്യമായിരുന്നു. കാരണം, നൂറോളം പേരുള്ള വലിയ ഗ്രൂപ്പാണ് നമ്മുടേത്. വല്ലതും സംഭവിച്ചാല്‍!!!... ഓര്‍ക്കാന്‍ തന്നെ വയ്യ... ഒന്നും സംഭവിച്ചില്ലെങ്കിലും, ഇത്രയധികം ദൂരം പോയിട്ട്, വാദി വെജില്‍ എത്താതെ തിരിച്ചു വരേണ്ടി വരിക എന്നത് എത്രമാത്രം ബുദ്ധിമുട്ടാവും?! എന്നാല്‍ ഖമരിയ്യ എന്ന ഡിസ്ട്രിക്‍ടിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത് എന്ന് അവര്‍ അറിയിച്ചതിനാല്‍ അക്കാര്യത്തില്‍ മനസ്സമാധാനമായി. (Feb 10ന് അവിടെ വെടിവെപ്പ് നടക്കുകയും 3 പേര്‍ മരിക്കുകയും ചെയ്തു എന്ന് പിന്നീട് വാര്‍ത്തകളില്‍ വന്നു)
ചായ കാച്ചാന്‍ ചാരായം കാച്ചുന്ന ചര്‍ച്ച എന്നപോലെ, പിന്നെയങ്ങോട്ട് അഡ്മിന്‍ ഗ്രൂപ്പില്‍ ചര്‍ച്ച തന്നെ ചര്‍ച്ച. ആദ്യം പോസ്റ്റര്‍ ചര്‍ച്ചയായിരുന്നു. പോസ്റ്റര്‍ എന്തിന്, പോസ്റ്റ് പോരേ എന്നൊരാള്‍. പോസ്റ്റിനു മുമ്പ് പോസ്റ്റര്‍ വേണം എന്ന് മറ്റൊരാള്‍. ഫുള്‍ ഡീറ്റൈല്‍ വേണം എന്ന് വേറൊരാള്‍, അല്ല, ഫോട്ടോയും ലിങ്കും മാത്രം മതിയെന്ന്‍ മറ്റൊരാള്‍, അവസാനം പോസ്റ്റര്‍ ഉണ്ടാക്കാം എന്നായി. അതിലെന്തൊക്കെ ഉള്‍ക്കൊള്ളിക്കണം? ആളുകളെ ആകര്‍ഷിക്കുന്ന ഒരു ക്യാപ്ഷന്‍, അടിപൊളി ഫോട്ടോസ്, തിയ്യതി, സമയം, സ്റ്റാര്‍ട്ടിങ് പോയിന്‍റ് എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന, പോസ്റ്ററില്‍ നിന്ന്‍ പോസ്റ്റ് വായിക്കാന്‍ പ്രചോദനം കിട്ടുന്ന രൂപത്തില്‍ ഒരു പോസ്റ്റര്‍, നല്ല എഡിറ്റിങ്, etc.. അനു കുറച്ച് ഫോട്ടോസ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു, ഫിയാസ് ലൊക്കേഷനും. A Ride thru water എന്ന ക്യാപ്ഷന്‍ കൊണ്ട് വന്നത് അനുവാണ്. ഇത് പുഴയാണോ, തോടാണോ, അരുവിയാണോ എന്ന തര്‍ക്കമായി പിന്നെ. ശ്രീമേഷ്, ഓഫീസ് ജോലിത്തിരക്കിനിടയിലും, പല പല മോഡലിലും പല പോസ്റ്ററുകളും ഡിസൈന്‍ ചെയ്ത് കൊണ്ട് വന്ന് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു, അവസാനം പലരും പറഞ്ഞ മാറ്റങ്ങള്‍ വരുത്തി, അക്ഷരത്തെറ്റുകള്‍ എല്ലാം തിരുത്തി ദിവസങ്ങള്‍ക്ക് ശേഷം, ഒന്നില്‍ ഉറപ്പിച്ച്.
ആദ്യ മീറ്റിങ് പോയിന്‍റ്, ഷറഫിയ്യ വേണോ റിഹൈലി വേണോ എന്നായി അടുത്ത ചര്‍ച്ച. ചര്‍ച്ചക്ക് നടുവില്‍ മീറ്റിങ് ഷറഫിയ്യയും അവിടെ എത്താന്‍ കഴിയാത്തവര്‍ സ്റ്റാര്‍ട്ടിങ് പോയിന്‍റ് ആയ റിഹൈലിയില്‍ വരാനും തീരുമാനമായി. അത് കേട്ട ഫിയാസ് പറയാ, “ഇതെന്താ ഗണപതിമാഷ് ടൂര്‍ കൊണ്ട് പോണ പോലായല്ലോ. ലൊക്കേഷന്‍ ഗ്രൂപ്പില്‍ ഇടുക. അവിടെ എല്ലാവരും എത്തിക്കോളും. അല്ലാതെ, ആരും ചെറിയ കുട്ടികളൊന്നും അല്ലല്ലോ” എന്ന്. എന്നാല്‍ എന്‍റെ മനസ്സില്‍ ചിന്ത അതല്ലായിരുന്നു. എല്ലാവരും ഒരേപോലെയല്ലല്ലോ. പലര്‍ക്കും നാവിഗേഷന്‍ നോക്കാന്‍ തന്നെ അറിയില്ലായിരിക്കും. മാത്രമല്ല, നെറ്റ് എല്ലാവരുടെയും മൊബൈലില്‍ ഉണ്ടാവണമെന്നില്ല. എന്തെങ്കിലും സംഭവിച്ചാല്‍ ചോദ്യം വരുന്നത്, ആരാ ഇത് ഒരുക്കിയതിന്‍റെ പിന്നില്‍ എന്നാവും.
എന്തായാലും അവസാനം മീറ്റിങ് പോയിന്‍റും സ്റ്റാര്‍ട്ടിങ് പോയിന്‍റും ഷറഫിയ്യ മാറ്റി റെഹൈലി പെട്രോള്‍ പമ്പിലാക്കാം എന്നായി തീരുമാനം. കാരണം മക്കാ ഭാഗത്തേക്കാണല്ലോ പോകാനുള്ളത്. പലരും ഷറഫിയ്യയില്‍ നിന്ന് ദൂരെയായിരിക്കും. അവരൊക്കെ ഷറഫിയ്യ വന്ന് തിരിച്ച് പോകുന്നത് ഒഴിവാക്കാം എന്ന്‍ ഫിയാസ് പറഞ്ഞു. അപ്പോ ജീജേഷിന് ഒരു ചിന്ന സംശയം. മക്കാ റോഡിലൂടെ തായിഫില്‍ പോകാന്‍ എന്തിനാ മദീന റോട്ടില്‍ റിഹൈലി പെട്രോള്‍ പമ്പില്‍ പോവുന്നത് എന്ന്. (ആ പാവത്തിന് അറിയില്ലായിരുന്നു, മക്കാ റോഡിലും ഒരു റിഹൈലി പെട്രോള്‍ പമ്പുള്ളത്) (21.422999, 39.314146). ലുലു മാള്‍ എല്ലാ മലയാളികള്‍ക്കും അറിയുന്നതിനാല്‍ അതിനടുത്തുള്ള പെട്രോള്‍ പമ്പ് പെട്ടെന്ന് പറഞ്ഞു കൊടുക്കാന്‍ സാധിക്കുമെങ്കിലും, സുലൈമാനിയ വഴി ഹൈവേയിലൂടെ വരുന്നവര്‍ക്ക് ആ പെട്രോള്‍ പമ്പ് കാണാന്‍ തന്നെ കഴിയില്ല എന്ന്‍ ആരോ പറഞ്ഞതിനാലാണ് റിഹൈലി പമ്പ് തന്നെ ആക്കിയത്. കൂടാതെ 24 മണിക്കൂറും തുറക്കുന്ന കടകളുള്ളതിനാല്‍ അത്യാവശ്യം പ്രാതല്‍ കഴിക്കാനും സ്നാക്സ് വാങ്ങാനും പള്ളിയില്‍ കയറി പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും നല്ലത് റിഹൈലി തന്നെയെന്ന് പരിചയത്തിന്‍റെ അടിസ്ഥാനത്തില്‍ ഫിയാസ് പറഞ്ഞതോടെ അതിനൊരു തീരുമാനമായി. മക്കാ റോഡിലെ റിഹൈലി പമ്പ് എന്ന് പ്രത്യേകം പറയുകയും ഇനി ആരെങ്കിലും മദീന റോഡിലുള്ള റിഹൈലിയില്‍ പോയെങ്കില്‍ മദീന പോയി തിരിച്ചു വന്നോട്ടെ എന്ന ഫിയാസിന്‍റെ അഭിപ്രായം ഗ്രൂപ്പില്‍ കൂട്ടച്ചിരി പരത്തി.
അങ്ങിനെയാവുമ്പോള്‍, വാഹനമില്ലാത്തവര്‍ എന്തു ചെയ്യും എന്ന്‍ ജിജേഷ് ചോദിച്ചു. ഉടനെ, വാഹനമില്ലാത്തവരുടെയും വാഹനമുള്ളവരുടെ കൂടെ എത്ര പേര്‍ക്ക് കൂടി ചാന്‍സ് ഉണ്ടാകും എന്നത് മെമ്പര്‍ ഗ്രൂപ്പില്‍ ചോദിക്കാന്‍ ശ്രീയെ ശട്ടം കെട്ടി.
ശ്രീ അതിന് വേണ്ടി 1, 2, 3, എന്ന രൂപത്തില്‍ താല്‍പര്യമുള്ള ആളുകളുടെ പേര്‍ എഴുതാന്‍ ഒരു ഫോര്‍മാറ്റ് ഉണ്ടാക്കി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. കൂടെത്തന്നെ വാഹനമുള്ളവര്‍ പ്രത്യേകം സൂചിപ്പിക്കുകയും ഓരോ വാഹനത്തിലും എത്ര സീറ്റ് ഒഴിവുണ്ട് എന്ന് രേഖപ്പെടുത്തണം എന്നും കല്‍പ്പന വന്നു. താല്‍പര്യമുള്ളവര്‍ താഴെ താഴെ അവരവരുടെ പേരുകള്‍ എഴുതി ലിസ്റ്റ് വലുതായി വലുതായി വരുന്നത് കണ്ടപ്പോള്‍ നമ്മുടെ കൊക്കിലൊതുങ്ങില്ലേ എന്നൊരു പേടി ഇല്ലാതില്ലായിരുന്നു.
ജിദ്ദയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെ തൂവലില്‍ ജോലി ചെയ്യുന്ന, സ്വന്തം കാറില്ലാത്ത, ശ്രീമേഷിന്‍റെ കാര്യമായിരുന്നു കഷ്ടം. ടാക്സിക്ക് വന്നാല്‍ നൂറിലധികം റിയാല്‍ ജിദ്ദയില്‍ എത്താന്‍ തന്നെ വേണ്ടി വരും. അതിനും അവന്‍ റെഡിയായിരുന്നു. എന്നാല്‍ ഇത്ര പുലര്‍ച്ചെ ടാക്സി ഉണ്ടാകും എന്നത് തന്നെ ഉറപ്പില്ലല്ലോ. എങ്കില്‍, തലേ ദിവസം രാത്രി വന്ന് ഏതെങ്കിലും പരിചയക്കാരുടെ കൂടെ താമസിക്കാം എന്നായി. എന്നാല്‍ അവനെവിടെ ജിദ്ദയില്‍ പരിചയക്കാര്‍?!. അതും ചീറ്റിപ്പോയി. അവസാനം, ജൈജീ പറഞ്ഞ് അവരുടെ വീട്ടില്‍ താമസിക്കാം എന്ന് തീരുമാനിച്ചു. എന്നാല്‍, അവസാനം അവന്‍റെ കമ്പനിയില്‍ നിന്നു തന്നെ വാഹനമുള്ള ഒരാളെ ടൂറിന് കിട്ടുകയും അവര്‍ രണ്ടു പേരും ജിദ്ദയിലേക്ക് വരികയും ചെയ്തു.
അപ്പോഴാണ് സഞ്ചാരി ബാനറിനെ പറ്റി ജിജേഷ് ചോദിക്കുന്നത്. ദാവൂദിന്‍റെ അടുത്തുള്ള ആ ബാനര്‍ ഫിയാസ് എടുത്ത് വെക്കാം എന്ന് ഉറപ്പ് നല്‍കി. എന്നാല്‍ അവസാന നിമിഷം വരെ അത് കിട്ടിയില്ല എന്നത് വേറെ കാര്യം!
പോകുന്ന സമയം രാവിലെയോ ഉച്ചക്കോ വൈകീട്ടോ എന്നത് മാത്രം തന്നെ വലിയ ഒരു ചര്‍ച്ചാ വിഷയമായിരുന്നു. ജിദ്ദയില്‍ നിന്നും രണ്ടര മണിക്കൂര്‍ യാത്രയുള്ള വാദി വെജിലേക്ക് മാത്രമായി പോവുകയാണെങ്കില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പോയാല്‍ തന്നെ ധാരാളം. അങ്ങിനെയെങ്കില്‍ നാലരക്ക് അവിടെയെത്തി, രണ്ട് മണിക്കൂര്‍ അവിടെ ചിലവഴിച്ച് ഇരുട്ടാവുന്നതിന് മുമ്പേ ആറരയ്ക്ക് തിരിച്ചു പോരാം.
എന്നാല്‍ നൂറോളം സഞ്ചാരികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വെറും വാദി വെജ് മാത്രം കാണിച്ചാല്‍ ശരിയാവില്ല എന്ന് ചര്‍ച്ച വന്നു, കൂടാതെ, വെജ് വാലിയില്‍ കുറച്ച് നടക്കാന്‍ ഉള്ളതിനാല്‍ ഉച്ച വെയിലില്‍ കുട്ടികള്‍ ക്ഷീണിക്കും എന്നതിനാലും വേറെ ഒന്നുരണ്ട് സ്ഥലങ്ങള്‍ കറങ്ങിയ ശേഷം വെജ് വാലിയില്‍ എത്തിയാല്‍ മതിയെന്നും ജൈജി പറഞ്ഞു. എങ്കില്‍ ഫുഡ് കഴിക്കാന്‍ തക്ക സമയത്ത് വെജ് വാലിയില്‍ എത്തി അവിടെയുള്ള നല്ല ഒരു പുല്ലുള്ള സ്ഥലത്ത് ഇരുന്ന്‍ ഗയിമൊക്കെ കളിച്ച ശേഷം തിരിച്ചു പോരാം എന്ന്‍ ഫിയാസ് അഭിപ്രായപ്പെട്ടു. നല്ല തണുപ്പും മലമുകളില്‍ നിന്നുള്ള വ്യൂവും കിട്ടും എന്ന്‍ ഫിയാസ് പറഞ്ഞപ്പോള്‍ ജബല്‍ദക്ക കൂടി യാത്രയില്‍ ചേര്‍ക്കാന്‍ ഉറപ്പിച്ചു. ജൈജി പാവലും മത്തനും വിളയുന്ന കഴിഞ്ഞ ഒക്ടോബറില്‍ പോയ ചില ഫോടോകളും അന്‍സാര്‍ കൊടുവള്ളിയുടെ വിളഞ്ഞു നില്‍ക്കുന്ന ഓറഞ്ച് തോട്ടത്തിന്‍റെ ഫോട്ടോകളും കൂടി ഇട്ടപ്പോള്‍ വയലേലകളില്‍ നിന്ന്‍ പുതുപുത്തന്‍ പച്ചക്കറികളും പഴങ്ങളും കിട്ടിയാലോ എന്ന് മനസ്സില്‍ കരുതി അതും ഉറപ്പിച്ചു. എന്നാല്‍ അനുവിന്‍റെ അഭിപ്രായത്തില്‍ ഇപ്പോള്‍, തല്‍ക്കാലം പച്ചക്കറി മെയിന്‍ ഗ്രൂപ്പിലെ പോസ്റ്റില്‍ പറയേണ്ടാ എന്നായിരുന്നു. അത് പറയുകയും, പോകാന്‍ കഴിയാതെ വരികയും ചെയ്താല്‍ ആളുകള്‍ പ്രശ്നമുണ്ടാക്കും. അതിനാല്‍, അതൊക്കെ, അവിടെ ചെന്നിട്ട് ഭക്ഷണം കഴിച്ച ശേഷം സമയമുണ്ടെങ്കില്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതി എന്നാക്കി.
പിന്നീടുള്ള ചര്‍ച്ച ഈ മൂന്നു ഇടങ്ങളും ചേര്‍ത്ത് എത്ര സമയം എടുക്കും എന്നായി. ഫിയാസ് ഉടന്‍ ഗൂഗിള്‍ മാപ്പില്‍ പോയി കൃത്യ ലൊക്കേഷന്‍ അയച്ചു തന്നു. ഏകദേശം നാല് മണിക്കൂറോളം യാത്രയുണ്ടാവും എന്ന് അറിയിച്ചതിനാല്‍ അതിരാവിലെത്തന്നെ പോവുകയാണ് നല്ലതെന്ന്‍ ഉറപ്പിച്ചു.
പിന്നെയുള്ള ചര്‍ച്ച, അഞ്ചു മണിക്കോ, അതോ, ആറ് മണിയോ, ഏഴ് മണിയോ യാത്ര തുടങ്ങാനുള്ള ശുഭ മുഹൂര്‍ത്തം എന്നായി. രാവിലെ ആറ് മണിക്ക് എന്‍റെ ______ വരും എന്ന് ഒരാള്‍!  വ്യാഴം രാത്രി പല പ്രോഗ്രാമുകളും കഴിഞ്ഞു കിടക്കുന്നത് തന്നെ ചുരുങ്ങിയത്, ഒരു മണിയാവും. പിന്നെ നാലരക്ക് എഴുന്നേറ്റ് ഒരുങ്ങി ആറ് ആവുമ്പോഴേക്കും മീറ്റിങ് പോയിന്‍റില്‍ എത്തുന്നത് നടക്കില്ല മക്കളേ. ആറ് മണിക്ക് പറഞ്ഞാലേ ഏഴരക്കെങ്കിലും എത്തൂ എന്ന അനുവിന്‍റെ അഭിപ്രായം മല്ലൂസിന്‍റെ സമയ ക്ലിപ്തതയെ കൃത്യമായി വിലയിരുത്തി.
ഗൂഗിളില്‍ നോക്കിയപ്പോള്‍ രണ്ടേകാല്‍ മണിക്കൂര്‍ കൊണ്ട് ജബല്‍ ദക്കയിലെത്താം എന്ന്‍ കണ്ടു. മക്കയിലൂടെയുള്ള റൂട്ട് ആരും ഷെയര്‍ ചെയ്യരുത്, കാരണം സഊദി നിയമമനുസരിച്ച്, മക്കയിലേക്ക് മുസ്ലിംകള്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ പാടൂ. അതിനാല്‍ പ്രിന്‍റ് എടുക്കുമ്പോള്‍ നോണ്‍-മുസ്ലിം റൂട്ട് തന്നെ തിരഞ്ഞെടുക്കണം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
സഞ്ചാരി മെയിന്‍ ഗ്രൂപ്പില്‍ ഒരു ഈവെന്‍റ് ക്രിയേറ്റ് ചെയ്യലും പോസ്റ്റ് ഇടലും ആയി അടുത്ത ചര്‍ച്ച. അതിനായി ശ്രീയും ജീജേഷും വേണ്ട കാര്യങ്ങള്‍ എല്ലാം തക്ക സമയത്ത് തന്നെ ചെയ്തു. എഴുതിയ മാറ്റര്‍ അഡ്മിന്‍ ഗ്രൂപ്പില്‍ ഇട്ട് വേണ്ട മാറ്റങ്ങള്‍ വരുത്തിയ ശേഷം ഫൈനല്‍ വേര്‍ഷന്‍ മെയിന്‍ ഗ്രൂപ്പില്‍ ഇടാന്‍ തീരുമാനമായി.
ആളുകളുടെ ലിസ്റ്റ് തരാനുള്ള അവസാന ദിവസം, വാഹനമില്ലാത്തവരുടെ ലിസ്റ്റ്, അവര്‍ താമസിക്കുന്ന സ്ഥലം, അല്ലെങ്കില്‍ പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റുന്ന ഏറ്റവും അടുത്ത സ്ഥലം, വാഹനമുള്ളവരില്‍തന്നെ എത്ര സീറ്റ് ഒഴിവുണ്ടാവും, വരുന്നവരുടെ ഫോണ്‍ നമ്പര്‍, കോര്‍ഡിനേറ്റേഴ്സിന്‍റെ ആരുടെയൊക്കെ ഫോണ്‍ നമ്പറുകള്‍ വെക്കണം, ആദ്യ മീറ്റിങ് പോയിന്‍റിന്റെയും പോവാനുള്ള ഓരോ സ്ഥലത്തിന്റെയും ജിപി കോര്‍ഡിനേറ്റ്, റൂട്ട് മേപ്പ്, യാത്രയുടെ മൊത്തം സമ്മറി, എവിടെന്ന് ജുമുഅ പള്ളിയില്‍ കൂടും, എവിടെ/എങ്ങിനെ ഭക്ഷണം, ഓരോരുത്തരും കയ്യില്‍ വെക്കേണ്ട സാധനങ്ങളുടെ ചെക്ബോക്സ് ലിസ്റ്റ്, (അതില്‍ തന്നെ മൊബൈല്‍ ചാര്‍ജര്‍, പവര്‍ ബാങ്ക്, ടിഷ്യൂ, വേസ്റ്റ് കീസ് തുടങ്ങി എപ്പോഴും മറക്കുന്ന കാര്യങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിക്കാന്‍ തന്നെ ഒരു ചര്‍ച്ച വേറെ), തണുപ്പില്‍ നിന്നും രക്ഷ നേടാനുള്ള കാര്യങ്ങള്‍, വെള്ളത്തില്‍ ഇറങ്ങാനുള്ളതിനാല്‍ ലെതര്‍ ഷൂ ധരിക്കരുതെന്ന പ്രത്യേക നിര്‍ദേശം, ചെറിയ കുട്ടികള്‍ക്ക് വേണ്ട പാല്‍, ബിസ്കറ്റ് പോലെയുള്ള കാര്യങ്ങള്‍, എന്ന് തുടങ്ങി, എന്തൊക്കെ കാര്യങ്ങള്‍ പോസ്റ്റില്‍ വേണം എന്ന ചര്‍ച്ച തകൃതിയായി നടക്കുന്നു. എല്ലാം എഴുതി ചിട്ടപ്പെടുത്തി രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ സഞ്ചാരിയില്‍ പോസ്റ്റ് വെളിച്ചം കണ്ടു. അതിന്‍റെ ലിങ്ക് ജിദ്ദ സഞ്ചാരിയിലും, മെയിന്‍ സഞ്ചാരിയില്‍ ഒരു ഈവെന്‍റും ക്രിയേറ്റ് ചെയ്ത ശേഷമാണ് ശ്രീമേഷിന് ശ്വാസം നേരെ വീണത്. ഈവെന്‍റിലും, സഞ്ചാരി മെയിന്‍ ഗ്രൂപ്പിലും, സഞ്ചാരി ജിദ്ദാ ഗ്രൂപ്പിലും വരുന്ന കമന്‍റുകള്‍ മോണിറ്റര്‍ ചെയ്യുകയും വരാന്‍ താല്‍പര്യം പ്രകടിപ്പിച്ച ആളുകളുടെ പേരും ഫോണ്‍ നമ്പരും കുറിച്ചു വെയ്ക്കാനും തീരുമാനമായി.
ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ഒരു വിശദമായ റൂട്ട് മേപ്പ് ഉണ്ടാക്കി പിഡിഎഫ് ആക്കി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. കാരണം, അഥവാ, ആരുടെയെങ്കിലും നെറ്റ് കഴിയുകയോ, മൊബൈല്‍ ബാറ്ററി തീരുകയോ ചെയ്താലും വഴിയറിയാതെ വഴിയില്‍ കുടുങ്ങരുതല്ലോ.
പോകുന്ന സമയത്ത്, വഴിയറിയുന്ന ജൈജിയോട് മുന്നില്‍ പോകാനും അനുവിന്‍റെ പിക്കപ്പ് ഏറ്റവും പിറകില്‍ പോകാനും നിര്‍ദ്ദേശം നല്‍കി. കാരണം അഥവാ മറ്റ് ഏതെങ്കിലും വാഹനം പിറകില്‍ പോവുകയും അവര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയും ചെയ്താല്‍ അഡ്മിന്‍സ് അറിയാതെ പോകാന്‍ പാടില്ലല്ലോ. അതേപോലെ, എല്ലാ അഡ്മിന്‍സും ഒരേ സമയം നെറ്റും ഫോണും ഓണാക്കി എല്ലാവരുടെയും ബാറ്ററി തീരുന്ന അവസ്ഥ ഇല്ലാതാക്കുകയും ഓരോരോത്തര്‍ മാറി മാറി നാവിഗേഷന്‍ ഉപയോഗിച്ച് അവസാനം തിരിച്ചു വരുന്നത് വരെ നാവിഗേഷന്‍ ഓണായി നില്‍ക്കാവുന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കി. പവര്‍ ബാങ്കും കാര്‍ ചാര്‍ജറും എടുക്കാന്‍ ആദ്യമേ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പോകുന്ന വഴിയില്‍, പല സ്ഥലങ്ങളിലും നിര്‍ത്തി കാഴ്ചകള്‍ കണ്ട് വീണ്ടും യാത്ര ചെയ്യുമ്പോള്‍, ഓരോ നിര്‍ത്തുന്ന സ്ഥലം പിന്നിടുമ്പോഴും എല്ലാം ഉറപ്പ് വരുത്തേണ്ടത് അഡ്മിന്‍സ് ആയ നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഓര്‍മ്മിപ്പിച്ചു. വിലപിടിപ്പുള്ള സാധനങ്ങള്‍ വീണിട്ടുണ്ടോ എന്ന്‍ മാത്രമല്ല; ഗ്ലാസ് ടിശ്ശ്യൂ പോലെയുള്ളവ നിലത്ത് കിടക്കുന്നുണ്ടോ എന്നത് കൂടി ശ്രദ്ധിച്ച ശേഷമേ ഓരോ സ്ഥലവും വിടാന്‍ പാടുള്ളൂ എന്ന്‍ നിര്‍ദ്ദേശം നല്‍കി.
ഉച്ച ഭക്ഷണം ഓരോ ഫാമിലി കുറേശ്ശെ ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരണോ അതോ ഹോട്ടലില്‍ നിന്നും വാങ്ങണോ എന്നതായി അടുത്ത ചര്‍ച്ച. അതിരാവിലെ എത്തേണ്ട ഫാമിലികള്‍ക്ക് അതൊരിക്കലും കഴിയില്ല എന്നതിനാല്‍ തായിഫില്‍ നിന്നും വാങ്ങാം എന്നും ജുമുഅ കഴിഞ്ഞ് വാദിയില്‍ എത്തിയ ശേഷം അത് കഴിക്കാം എന്നും ഫിയാസ് അഭിപ്രായപ്പെട്ടു. എന്നാല്‍, ഇത്രയധികം പേര്‍ക്ക് പെട്ടെന്ന് ഏത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കിട്ടും എന്നത് വിഷയമായി. അങ്ങിനെ, തലേന്ന്‍ തന്നെ ഒരു ഹോട്ടലില്‍ വിളിച്ച് ബുക്ക് ചെയ്യാന്‍ തീരുമാനമായി.
അപ്പോഴും സംശയം ബാക്കി. ഓരോരുത്തര്‍ക്കും വേറെ വേറെ വാങ്ങണോ, ചെമ്പില്‍ വാങ്ങണോ എന്ന്. ഫിയാസിന്‍റെയും അനുവിന്‍റെയും മറുപടി ഉടനെ എത്തി. ഓരോരുത്തര്‍ക്കും വേറെ വേറെ വാങ്ങിയാല്‍ കുട്ടികള്‍ക്കുള്ളതെല്ലാം കുറെ ബാക്കിയാവുകയും, ‘ചില’ വലിയവര്‍ക്ക് തികയാതെ വരികയും ചെയ്യും. ചെമ്പിലായാല്‍ നല്ല ധമ്മ് ബിരിയാണി ചൂടോടെ കഴിക്കാം എന്ന് മാത്രമല്ല; അമ്പത് പേര്‍ക്ക് പറഞ്ഞാല്‍ എഴുപത് പേര്‍ക്ക് കഴിക്കാനുള്ളത് ഉണ്ടാവുകയും ചെയ്യും. ഫുഡ് ബാക്കിയായാല്‍ ജൈജി ഒറ്റയ്ക്ക് എല്ലാം ശാപ്പിടാം എന്ന് ഉറപ്പ് തന്നെങ്കിലും, തികയാതെ വന്നാല്‍ എന്ത് ചെയ്യും എന്നായി ചര്‍ച്ച. ഫിയാസിന്‍റെ മറുപടി ഉടന്‍ എത്തി. വെറും 25 കിലോമീറ്റര്‍ ദൂരമുള്ള താഇഫ് അങ്ങാടിയില്‍ പോയി ബുഖാരി ചോറ് വാങ്ങുകയും ബിരിയാണിയില്‍ മിക്സ് ചെയ്ത് പുതിയ തരം ബിരിയാണിയായി എല്ലാവര്‍ക്കും വിതരണം ചെയ്യാം. ഇനി അഥവാ തികഞ്ഞില്ലെങ്കില്‍ തന്നെ, ഇത് കാഴ്ചക്കുള്ള യാത്രയല്ലേ, ഭക്ഷണത്തിനുള്ള യാത്രയല്ലല്ലോ, എന്നതിനാല്‍ ഭക്ഷണ കാര്യത്തില്‍ ആളുകള്‍ അത്ര പിടിവാശിയൊന്നും കാണിക്കില്ല എന്നത് വഹബയില്‍ പോയ പരിചയം വെച്ച് ഫിയാസ് അഭിപ്രായപ്പെട്ടു. അനുവിന്‍റെ പിക്അപ്പ് ഉള്ളതിനാല്‍, ബിരിയാണി ചെമ്പ് അതില്‍ കയറ്റി ഇരിക്കുന്ന സ്ഥലത്ത് ചെന്ന ശേഷം അതില്‍ നിന്ന് തന്നെ സപ്ലൈ ചെയ്താല്‍ മതിയാവുമെന്ന് ശ്രീയും അഭിപ്രായപ്പെട്ടു. (ഭക്ഷണം കയറ്റിയ പിക്കപ്പില്‍ വേറെയും കുറെ തടിമാടന്‍മാര്‍ കയറിയതിനാല്‍ അരുവിയിലെ മണ്ണില്‍ പൂഴ്ന്ന് പോയി എന്ന് വഴിയേ അറിഞ്ഞു)
ഉച്ച ഭക്ഷണം ഏല്‍പ്പിക്കാനുള്ള ആളെ കിട്ടാന്‍ ജൈജിയും മറ്റും കുറെ പാട് പെട്ടു. ആദ്യം തായിഫിലുള്ള ഒരാളുടെ നമ്പറില്‍ വിളിച്ചു. അയാളുടെ പരിചയത്തില്‍ ഹോട്ടല്‍ നടത്തുന്ന ഒരാളുടെ നമ്പര്‍ വൈകീട്ട് തരാം എന്ന് പറഞ്ഞു. അയാളെ പലപ്രാവശ്യം വിളിച്ച ശേഷം അവസാനം കാസിം എന്നൊരാളുടെ നമ്പര്‍ കിട്ടി. അയാളെ വിളിച്ച് നോക്കുമ്പോള്‍ നാട്ടിലാണെന്ന വിവരം കിട്ടി. പിന്നെ വേറെ ഒരു നിസാറിന്‍റെ നമ്പര്‍ കിട്ടി വിളിച്ച് ഭക്ഷണം ബുക്ക് ചെയ്യുന്നത് വരെ മനസ്സില്‍ ആധി തന്നെയായിരുന്നു.
ഭക്ഷണം ചെമ്പില്‍ ഓര്‍ഡര്‍ ചെയ്തതിനാല്‍, കഴിക്കാനും കുടിക്കാനും മറ്റുമായി, പ്ലേറ്റ്, ഗ്ലാസ്, സുപ്ര, വേസ്റ്റ് കീസ്, ടിഷ്യൂ, വെള്ളം തുടങ്ങിയവ തായിഫില്‍ നിന്നും വാങ്ങാം എന്നായി. എന്നാല്‍ വെള്ളിയായതിനാല്‍ സൌദിയില്‍ പത്തരക്ക് തന്നെ ചിലപ്പോള്‍ കടകള്‍ അടയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ തലേ ദിവസം രാത്രി തന്നെ ഇവയെല്ലാം വാങ്ങിവെക്കല്‍ അത്യാവശ്യമായതിനാല്‍ ഒരാളെ അക്കാര്യം ഏല്‍പ്പിച്ചു. പക്ഷേ, അത് നടന്നില്ല എന്ന്‍ രാവിലെയാണറിയുന്നത്.
ഫുഡ്ഡ് ഫണ്ട് എങ്ങിനെ കൈകാര്യം ചെയ്യണം എന്നതും ചര്‍ച്ചയായി. ഫിയാസ് പെട്ടെന്ന് തന്നെ ഉത്തരവുമായി രംഗത്ത് വന്നു. ഒരാള്‍ എല്ലാ ചിലവും എടുത്ത്, ഭക്ഷണം കഴിച്ച ശേഷം മൊത്തം എത്ര ചിലവ് വന്നു എന്നത് നോക്കി, മൊത്തം തല എണ്ണി, കുട്ടികളെ കുറച്ച്, സംഖ്യയെ ആളുകളെക്കൊണ്ട് ഹരിച്ച് ഓരോരുത്തര്‍ക്കും വരുന്ന തുക അവിടെ വെച്ച് തന്നെ പിരിച്ചെടുക്കുക. വൈകുന്നേരം വരെ നില്‍ക്കുന്ന യാത്രയായതിനാല്‍, ബിരിയാണി കൂടാതെ, വൈകീട്ട് ഓരോ ചായയും കടിയും കൂടി ഹോട്ടലില്‍ ബുക്ക് ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കാനും ഫിയാസ് ഓര്‍മ്മിപ്പിച്ചു.
വാദിയില്‍ എത്തിയ ശേഷം ഒന്നൊന്നര കിലോമീറ്റര്‍ വെള്ളത്തിലൂടെ പോയാല്‍ ഒരു വിശാലമായ പുല്‍ മൈതാനിയില്‍ എത്തുമെന്നും അവിടെ വിരിച്ച് ഇരിക്കാമെന്നും ഫിയാസ് പറഞ്ഞപ്പോഴാണ്, വിരിയുടെ കാര്യവും ഗെയിമിന്‍റെ കാര്യവും ഓര്‍മ്മ വന്നത്. ഇരിക്കണമെങ്കില്‍ വിരിക്കണമെങ്കില്‍ എടുക്കണമെന്നുള്ളത് മെംബേഴ്സ് ഗ്രൂപ്പില്‍ ഓര്‍മ്മിപ്പിക്കാന്‍ പറഞ്ഞു. കുറച്ചൊക്കെ കാഴ്ചകള്‍ കണ്ട് നടക്കുമെങ്കിലും, മനുഷ്യരുടെ സ്വഭാവമനുസരിച്ച്, കുറച്ചു കഴിഞ്ഞാല്‍ ബോറഡി തുടങ്ങുമെന്നും ആ സമയത്തേക്ക് ഉപയോഗിക്കാനായി ചില ഫണ്ണി ഗെയിമുകള്‍ തയ്യാറാക്കാനും ഞാന്‍ തുടക്കമിട്ടു.
ജൈജിയുടെ കൂട്ടുകാരന്‍റെ മകള്‍ക്ക് സര്‍പ്രൈസ് ആയി ഒരു ബര്‍ത്ത്ഡേ കേക്ക് മുറിക്കുന്നതിനെ പറ്റി ജൈജി ഗ്രൂപ്പില്‍ ചോദിച്ചു. ഒരു വലിയ ജനക്കൂട്ടത്തില്‍ വെച്ച് മുറിക്കുന്ന കേക്കിന് കൂടുതല്‍ മധുരം കിട്ടും എന്നതിനാല്‍ ചെറിയ മക്കള്‍ക്ക് സന്തോഷം പകരുന്ന ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാന്‍ നാം വലിയവര്‍ ശ്രദ്ധിയ്ക്കണം എന്നതിനാലും ചര്‍ച്ച ആ ഭാഗത്തേക്കു തിരിഞ്ഞു. കേക്ക് എവിടെ കിട്ടും? കുട്ടിയുടെ പേര് എങ്ങിനെ എഴുതും? എപ്പോള്‍ ബുക്ക് ചെയ്യണം? എങ്ങിനെ കൊണ്ട് പോവും? തുടങ്ങി ഒരു കൂട്ടം അന്വേഷണങ്ങളാണ് പിന്നെ നടന്നത്.
അങ്ങിനെയങ്ങിനെ അഡ്മിന്‍ ഗ്രൂപ്പിലും മെംബേഴ്സ് ഗ്രൂപ്പിലും തകൃതിയായ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു. ഓഫീസിലും ബെഡ്റൂമില്‍ പോലും വാട്സാപ്പ് തുറക്കാതിരിക്കാന്‍ പറ്റാത്ത അവസ്ഥ.
അതിനിടയില്‍ മെംബേഴ്സ് ഗ്രൂപ്പില്‍ മറ്റു യാത്രകളുടെ ലിങ്കുകള്‍ കൊണ്ട് വന്നിട്ടത് അഡ്മിന്‍ ഗ്രൂപ്പില്‍ ചര്‍ച്ചയായി. അങ്ങിനെ സഞ്ചാരി വാട്സാപ് ഗ്രൂപ് നിയമാവലി ഉണ്ടാക്കാനും അഡ്മിന്‍മാര്‍ നിര്‍ബന്ധിതരായി. ആരെയും വിഷമിപ്പിക്കാതെ, എന്നാല്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു നിയമാവലി ഉണ്ടാക്കാനും മാറ്റിത്തിരുത്താനും അവസാന കോപ്പി പബ്ലിഷ് ചെയ്യാനും ഒരു ദിവസത്തിലധികം എടുത്തു.
ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നതിനിടയില്‍, Ajmal Thaha എഫ്ബിയില്‍ “മലയാളികള്‍ക്ക് നശിപ്പിക്കാന്‍ ഒരു സ്ഥലം കൂടിയായി #Humbi എന്ന്‍ ഹാഷ് ടാഗ് വെച്ച് പോസ്റ്റ് ഇട്ടതില്‍ ഹാശിഫ് “Jeddah kaarkku wadi wejum” എന്ന്‍ കമന്‍റ് എഴുതിയതും ചര്‍ച്ചയില്‍ വന്നു. ഒരിയ്ക്കലും പ്രകൃതിയ്ക്ക് ദോഷകരമാവുന്ന ഒരു കാര്യവും “സഞ്ചാരി” യാത്രകളില്‍ ഉണ്ടാവാന്‍ പാടില്ല എന്നത് നമ്മുടെ മിഷന്‍ ആണെന്നും, അതിനാല്‍ അക്കാര്യം എല്ലാ സഞ്ചാരികളോടും പ്രത്യേകം ഉണര്‍ത്തണമെന്നും ഒരു ഗ്ലാസോ, പ്ലേറ്റോ, ടിഷ്യൂ പോലുമോ അവിടെ എവിടേയും നാം കളയരുത് എന്നും, എല്ലാം വേസ്റ്റ് കീസില്‍ നിക്ഷേപിച്ച ശേഷം മടങ്ങുന്ന വഴി തായിഫില്‍ വേസ്റ്റ് തൊട്ടിയില്‍ നിക്ഷേപിക്കണമെന്നും മെംബേഴ്സ് ഗ്രൂപ്പില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കാന്‍ ശ്രീയെ ഏല്‍പ്പിച്ചു.
യാത്ര ആരുടേയും കുത്തകയല്ല എന്നും, യന്ത്രം പോലുള്ള ഈ പ്രവാസ ജീവിതത്തില്‍ അല്‍പ്പം മന:സമാധാനവും സന്തോഷവും കിട്ടാന്‍ ഒരേ അഭിരുചിയുള്ള, സ്നേഹിക്കാനും സാഹോദര്യം സൂക്ഷിക്കാനും കഴിയുന്ന കുറച്ച് പേര്‍ ഒന്നായി സഞ്ചരിക്കുന്നു എന്ന്‍ മാത്രമാണ് നമ്മുടെ ലക്ഷ്യം എന്നും, ഇതൊരു ബിസിനസ് ആക്കാനുദ്ദേശ്യമുള്ളവരേയും, സീക്രട്ട് യാത്രകള്‍ നടത്തി ലൊക്കേഷന്‍ രഹസ്യമാക്കി വെക്കുന്നവരെയും ഉള്‍ക്കൊള്ളിക്കാനുള്ളതല്ല ഈ ഗ്രൂപ് എന്നുമുള്ള ജൈജിയുടെ അഭിപ്രായം എല്ലാവരും സസന്തോഷം സ്വീകരിച്ചു.
അങ്ങിനെ ആ ദിവസം സമാഗതമായി.
എന്നാല്‍ രോഗി ഇച്ഛിക്കുന്നതും ദൈവം വിധിക്കുന്നതും ഒന്നാവണമെന്നില്ലല്ലോ. അന്ന് രാത്രി എന്‍റെ ഭാര്യയുടെ ബന്ധത്തില്‍ പെട്ട ഒരാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട് വെന്‍റിലേറ്ററില്‍ പ്രവേശിക്കപ്പെട്ടു. ജീവകാരുണ്യമാണ് ടൂര്‍ യാത്രകളെക്കാളും പ്രാധാന്യം എന്നതിനാല്‍ രാവിലെത്തന്നെ റിഹൈലി പെട്രോള്‍ സ്റ്റേഷനില്‍ എത്തി എല്ലാവരെയും യാത്രയാക്കിയ ശേഷം തിരിച്ചു ഹോസ്പിറ്റലിലേക്ക് തന്നെ വരാം എന്ന്‍ തീരുമാനിച്ച് പെട്രോള്‍ പമ്പില്‍ എത്തി. അപ്പോഴേക്കും, ഒരു അഡ്മിന്‍റെ തികഞ്ഞ ശുഷ്കാന്തിയോടെ, ശ്രീമേഷ് അവിടെ എത്തിയിരുന്നു.
നേരത്തെ മീറ്റിങ് പോയിന്‍റില്‍ എത്തിയ ശ്രീ അവിടമാകെ പരിശോധിച്ച് എല്ലാവര്‍ക്കും ഒത്തു കൂടാന്‍ പറ്റിയ ഒരു സ്ഥലം കണ്ടു പിടിച്ചു. പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് പള്ളിക്കടുത്ത് അല്‍നഹ്ദി ഫാര്‍മസിയ്ക്കു മുമ്പില്‍ കുറെ പാര്‍ക്കിങ് സൌകര്യവും, ബൂഫിയയും സൂപ്പര്‍മാര്‍ക്കറ്റും ഉള്ളതിനാല്‍ അവിടെയെത്താന്‍ ഗ്രൂപ്പില്‍ എല്ലാവര്‍ക്കും മെസ്സേജ് ചെയ്തു.
ആളുകള്‍ ഓരോരുത്തരായി എത്തിക്കൊണ്ടിരുന്നു. കാണുമ്പോള്‍ തന്നെ അവരുടെ ആരോഗ്യനിലയുടെ ഏകദേശ ധാരണ ലഭിക്കുന്ന രൂപത്തിലായിരുന്നു ഓരോരുത്തരുടെയും വരവ്. കൈ രണ്ടും പാന്‍റ്സിന്‍റെ കീശയില്‍ തിരുകി.... അല്ലെങ്കില്‍ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച്... തോലിന്‍റെ കട്ടിയുള്ള കുപ്പായം ധരിച്ച്.... തലയില്‍ മങ്കിത്തൊപ്പി വെച്ച്... കൂനിക്കൂടിയായിരുന്നു അധികപേരുടെയും നടത്തം. ടിഷര്‍ട്ട് ഇട്ട് രണ്ടു കൈകളും വീശി ആവേശത്തോടെ നടക്കുന്ന ഒന്ന് രണ്ട് പേരെ മാത്രമാണ് ഞാന്‍ കണ്ടത്.
ആളുകള്‍ വരുന്ന മുറയ്ക്ക് ശ്രീമേഷ് ആളുകളുടെ എണ്ണവും കാറുകളുടെ എണ്ണവും നമ്പറുകളും എഴുതിയെടുത്തുകൊണ്ടിരുന്നു. വന്നവരോട് അടുത്തുള്ള ബൂഫിയയില്‍ നിന്ന്‍ വയര്‍ നിറച്ച് കഴിച്ച ശേഷം യാത്ര തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. വാഹനമില്ലാതെ ടാക്സി പിടിച്ച് വന്നവരെ മറ്റ് ഒഴിവുള്ള സീറ്റുകളില്‍ ഏല്‍പ്പിച്ചതോടെ യാത്ര തുടങ്ങാനുള്ള കാര്യങ്ങള്‍ റെഡിയായി.
എല്ലാവരും എത്തി യാത്ര തുടങ്ങാന്‍ എട്ടരയായി. എല്ലാ കാറുകളും ഒരു നിരയായി നിര്‍ത്തി ഒരു വീഡിയോ എടുക്കാന്‍ കുറെ പണിപ്പെട്ടു. എങ്ങിനെ പറഞ്ഞിട്ടും ചിലരുണ്ട് രണ്ടു വരിയായി നില്ക്കുന്നു. എന്തായാലും എല്ലാ വാഹനങ്ങളും കൂട്ടി ഒരു വീഡിയോ എടുത്ത ശേഷം ഞാന്‍ ഹോസ്പിറ്റലിലേക്ക് മടങ്ങുകയും സഞ്ചാരി ടീം യാത്ര തുടങ്ങുകയും ചെയ്തു. മൊത്തം 21 കാറുകള്‍ ജിദ്ദയില്‍ നിന്നും 2 കാറുകള്‍ മക്കയില്‍ നിന്നും 98 ആളുകളും ഈ യാത്രയില്‍ പങ്കെടുത്തു.
ഞാന്‍ തിരിച്ച് പോന്നെങ്കിലും മനസ്സ് മുഴുവന്‍ സഞ്ചാരികളുടെ കൂടെയായിരുന്നു. വഴിയില്‍ എന്തൊക്കെ നടക്കുന്നു എന്ന്‍ ഇടക്കിടെ വാട്സാപ്പിലൂടെയും ഫോണിലൂടെയും അറിഞ്ഞുകൊണ്ടിരുന്നു.
ജബല്‍ ദക്കയില്‍ പോയ സഞ്ചാരി ടീം അവിടെത്തെ കാഴ്ചകള്‍ കണ്ട ശേഷം പള്ളിയില്‍ പോയി ജുമുഅ നമസ്കരിച്ചു വാദിവെജിലേക്ക് തിരിച്ചു എന്നറിഞ്ഞു. അതിനിടയ്ക്ക് ജൈജിയും ജിജേഷും അനുവും ഭക്ഷണം വാങ്ങാന്‍ പോയി. ഇടക്കിടയ്ക്ക് ലൈവായി ഫോട്ടോകള്‍ വന്നുകൊണ്ടേയിരുന്നു.
യാത്ര തുടങ്ങാന്‍ സമയം വൈകിയതിനാല്‍ ജബല്‍ ദക്കയില്‍ നിന്നും, സൈസാദ് പാര്‍ക്കില്‍ പോകാതെ, നേരെ വാദി വെജ് ലക്ഷ്യമാക്കി നീങ്ങേണ്ടി വന്നു എന്ന്‍ കേട്ടു.
*******************************
ഇപ്രാവശ്യം പോകാന്‍ കഴിഞ്ഞില്ലെങ്കിലും അടുത്തയാഴ്ച പൊവേണം എന്ന്‍ മനസ്സ് പറയുന്നു. നെറ്റില്‍ നോക്കുമ്പോള്‍ അടുത്താഴ്ച തണുപ്പ് കുറവും കാണുന്നുണ്ട്. വിധിയുണ്ടെങ്കില്‍ അവിടെ പോയിട്ട്, ഉറവ ഒലിച്ച് വരുന്ന ആ ചെറിയ അരുവിയിലൂടെ എന്‍റെ ജീപ്പുമായി വെള്ളം രണ്ടു ഭാഗത്തേക്കും തെറിപ്പിച്ച് ഒരു യാത്ര ചെയ്യണം... ആദ്യ കാല്‍ സ്പര്‍ശന സമയത്ത് രോമകൂപങ്ങളിലൂടെ അരിച്ച് കയറുന്ന ഉറവ് വെള്ളത്തിന്‍റെ കിടിലന്‍ തണുപ്പ് ഒന്ന് ആസ്വദിക്കണം... കാല് കൊണ്ട് വെള്ളം തട്ടിത്തെറിപ്പിച്ച് കൂട്ടുകാരെ നനച്ച് ചെറുപ്പത്തിലെ ആ ദിനങ്ങള്‍ ഒന്ന് തിരിച്ചു പിടിക്കാന്‍ ശ്രമിക്കണം... തണുപ്പ് അധികം ഇല്ലെങ്കില്‍ ചെറുതായി ഒരു കുളി പാസാക്കണം... കളകളാരവം ആസ്വദിച്ച് ഒരു ബാര്‍ബക്കി ചുടണം… ചെരിപ്പിടാതെ പുല്‍മേടില്‍ ചവിട്ടുമ്പോള്‍ കൂര്‍ത്ത അഗ്രങ്ങള്‍ കുത്തി കാല്‍പ്പാദം ഇക്കിളിപ്പെടുന്ന ആ നിമിഷാര്‍ദ്ധങ്ങള്‍ ആസ്വദിക്കണം... എന്നിട്ട് ആ പുല്‍മേടില്‍ വെജ് വാലിയുടെ രണ്ട് ഭാഗത്തുമുള്ള പൊതിന, മല്ലിച്ചപ്പ് തുടങ്ങിയ കൃഷികളില്‍ നിന്ന്‍ വരുന്ന സുഗന്ധം നുകര്‍ന്നും, ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയും, ഇഷ്ട ഗസലുകള്‍ പൂക്കുന്ന രാത്രിയാക്കി മാറ്റി ആ പുല്‍മേട്ടില്‍ മലര്‍ന്നങ്ങിനെ കിടക്കണം.
*******************************
സഞ്ചാരിയുടെ ഈ വെജ് വാലി യാത്രയില്‍ എനിക്ക് മനസ്സില്‍ തോന്നിയ ചില കുറവുകള്‍ പറയാം:
*) ഒരു വീഡിയോ ഗ്രാഫറുടെ അഭാവം. തുടക്കം മുതല്‍ ഒടുക്കം വരെ പ്രധാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ കിട്ടിയിരുന്നെങ്കില്‍ കാണുന്ന ആളുകള്‍ക്ക് യാത്ര ചെയ്ത അനുഭൂതി നല്‍കാന്‍ കഴിയുമായിരുന്നു എന്ന്‍ തോന്നുന്നു. കൂടാതെ, പോകാത്തവര്‍ക്ക് അവിടെ പോകാന്‍ അത് പ്രചോദനം നല്‍കുകയും ചെയ്യുമായിരുന്നു .
*) സമയക്രമം: എല്ലാം വളരെ കൃത്യമായി തന്നെ പ്ലാന്‍ ചെയ്തിരുന്നെങ്കിലും, ചിലര്‍ ഒന്നര മണിക്കൂര്‍ വൈകിയത് ആകെ യാത്രയുടെ പ്ലാന്‍ തെറ്റിച്ചു.
*) ഇത്രയധികം വാഹനങ്ങള്‍ ഒന്നായി പോകുമ്പോള്‍ നമ്മുടെ ടീമിന്‍റെ വാഹനം തിരിച്ചറിയാണ്‍ എന്തെങ്കിലും ഒരു അടയാളം വെക്കുന്നത് നന്നായിരുന്നു എന്നൊരു തോന്നല്‍.

===================================

മൊത്തത്തില്‍ താഇഫില്‍ കാണാന്‍ പറ്റിയ ചില ഇടങ്ങളുടെ ലൊക്കേഷന്‍ താഴെ ഇടാം..
ബ്രൌസറില്‍ / ഗൂഗില്‍ മാപ്പില്‍ ഈ കോര്‍ഡിനേറ്റ് കോപ്പി പേസ്റ്റ് ചെയ്താല്‍ ആ സ്ഥലത്ത് എത്താം... എന്നാല്‍ എല്ലാ സ്ഥലങ്ങളും പോകണം എന്നുള്ളവര്‍ പിസിയില്‍ മാപ്പ് ഓണാക്കി ഒരു ട്രിപ്പ് ആയി A,B,C,D എന്ന രൂപത്തില്‍ പ്ലാന്‍ ചെയ്ത് റൂട്ട് ഉണ്ടാക്കുന്നതാവും നല്ലത്. ഒരു ഉദാഹരണം ആയി താഴെ കാണിക്കാം. 

Jabal Dakka
21.093769, 40.290728

Amusement Shafa
21.081550, 40.315367

Overlooking Shafa
21.083622, 40.318450

Muawiya Dam (Saiyasad Dam)
21.229793, 40.429395

Abdullah Ibn Alabbas Ancient Mosque
21.256414, 40.392504

Masjid Addas
21.257938, 40.390872

Masjid Kooee
21.257302, 40.386877

مسجد مدهون
21.256035, 40.391975

Stone of Rasool
21.257282, 40.387091

منتجع الكافورة السياحي
21.258139, 40.392307

Wadi Wej
21.325711, 40.463792

Zoo Taif
21.229793, 40.429395

Al Anood Park
21.264276, 40.406883

Rose Factory
21.362003, 40.275583

Souk Okaz
21.473593, 40.646168

(Souk Okaz & Rose Factory open only in Season time)







Wednesday, June 26, 2019

How to Deal with Saudi Banks

അറിഞ്ഞിരിക്കേണ്ട ചില ബാങ്ക് വിവരങ്ങൾ (Saudi Arabia)


നാം ദിവസവും എന്നപോലെ ബാങ്കുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണല്ലോ. ഞാൻ നേരിട്ടതും, എന്‍റെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തതുമായ ചില സംഭവങ്ങളാണ് താഴെ:

1) രണ്ടു ദിവസം മുമ്പ് ഒരു സലിം വിളിച്ചു. കഫീലിന്‍റെ  പേരില്‍ അയാള്‍ തന്നെയാണ് ക്യാഷ്‌ ടെല്ലറില്‍ ഇടാറും എടുക്കാറും. എന്നാല്‍ കുറച്ചു മുമ്പ് അയാള്‍ ഏഴായിരം റിയാല്‍ ഡെപോസിറ്റ് ചെയ്യുന്ന സമയം ടെല്ലര്‍ ഓഫായി. ക്യാഷ്‌ പുറത്ത് വന്നതുമില്ല അക്കൌണ്ടില്‍ പൈസ കയറിയതുമില്ല.

2) സ്കാബ്‌ കമ്പനിയിലെ ഒരാള്‍ ഓഫീസില്‍ വന്നു. 41530 ഡോളര്‍ ഒരു അന്താരാഷ്ട്ര കമ്പനിയിലേക്ക്‌ അയച്ചു.. എന്നാല്‍ പിന്നീടാണ് അറിയുന്നത്, അക്കൌണ്ട് നമ്പര്‍ വ്യാജമായിരുന്നു എന്ന്.

3) വേറെ ഒരാളുടെ കാള്‍. "ഇന്നലെ ക്യാഷ്‌ എടുക്കാന്‍ വേണ്ടി പോയതാണ്. എല്ലാം ശരിക്ക് തന്നെ ചെയ്തു. പക്ഷെ, ക്യാഷ്‌ മാത്രം വന്നില്ല"

4) ഇന്നലെ എന്‍റെ അയല്‍വാസിയുടെ കൂട്ടുകാരനെ ബാങ്കിലേക്ക് ചെല്ലാന്‍ പറഞ്ഞു വിളിച്ചതായി എന്നോട് പറഞ്ഞു. ( കാരണം, അവനാണ് നാട്ടുകാരുടെ മുഴുവന്‍ ക്യാഷും അയക്കാറ്).

5) ജിദ്ദയിൽ നിന്ന് രാത്രിയിലെ സൗദി എയര്‍ലൈന്സില്‍ നാട്ടിൽ പോവാൻ എയർ പോർട്ടിൽ എത്തിയ എന്നെ പോലീസ് പിടിച്ചു എന്നും പറഞ്ഞു രാത്രി മൂന്ന് മണിക്ക് ഒരു ഫോൺ കാൾ.

ചുരുക്കത്തില്‍ പറഞ്ഞാല്‍... ബാങ്ക് ഇടപാടുകളില്‍ നമ്മള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ പറയാം... ബാക്കി നിങ്ങള്‍ക്ക്‌ അറിയാവുന്നവ നിങ്ങളും ഷെയര്‍ ചെയ്യുക.

*) ഒരു ബാങ്കുകാരും ഫോണിലൂടെ നിങ്ങളുടെ ഐഡിയും പാസ്‌വേഡും ചോദിക്കില്ല എന്നറിയുക. അതിനാല്‍ ആരെങ്കിലും അങ്ങിനെ ചോദിക്കുകയാണെങ്കില്‍ അവര്‍ കള്ളന്‍മാര്‍ ആണ്. അവരുടെ നമ്പര്‍ നോട്ട് ചെയ്ത് ഉത്തരവാദപ്പെട്ടവരെ അറിയിക്കുക.

എങ്ങിനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് താഴെ ലിങ്കില്‍ പോയി നോക്കിയാല്‍ വ്യക്തമാവും.

http://saifu2016.blogspot.com/2021/12/how-to-report-fraud-scam-calls-in-saudi.html

*) ഫോണിലൂടെ മെസ്സേജ് ആയോ ഇമെയിൽ ആയോ ഒന്നും പാസ്സ്‌വേർഡ് ആർക്കും അയച്ചു കൊടുക്കാതിരിക്കുക.

*) കാര്‍ഡ്‌ എടുക്കുന്ന സമയത്ത് ബാങ്കുകാരോട് ശരിക്ക് ചോദിക്കണം. കാര്‍ഡ്‌ മോഷണം പോകുകയോ, അറിയാതെ ക്യാഷ്‌ വലിക്കപ്പെടുകയോ ചെയ്‌താല്‍ എന്ത് സെക്യൂരിറ്റിയാണ് എന്ത് ഗ്യാരന്‍റിയാണ് തനിക്ക് ഉള്ളത് എന്ന്. (ഓരോ ബാങ്കും ഓരോ കാര്‍ഡും ഓരോ രൂപത്തിലാണ് ഇത് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ അത് നല്ലവണ്ണം ചോദിച്ച് മനസ്സിലാക്കുക)

*) നിങ്ങള്‍ ഒരേ ബാങ്കിന്‍റെ തന്നെ പഴയ നല്ല കസ്റ്റമര്‍ ആണെങ്കില്‍ ബാങ്ക് ഈടാക്കുന്ന ഒരുവിധം എല്ലാ ഫീസുകളും നിങ്ങള്‍ക്ക്‌ ഇളവ്‌ കിട്ടാന്‍ വകുപ്പുണ്ട്. അവ ചോദിച്ച് മനസ്സിലാക്കി തരപ്പെടുത്തുക എന്നതാണ് നിങ്ങളുടെ കഴിവ്.

*) കാര്‍ഡ്‌ ക്ലോണിംഗ് ഡിവൈസ് എന്നൊരു സാധനം പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. അതായത്‌, ടെല്ലറില്‍ നമ്മള്‍ കാര്‍ഡ്‌ ഇടുന്ന സ്ലോട്ടില്‍ വേറെ ഒരു ചെറിയ സാധനം ഘടിപ്പിക്കുന്നു. ശ്രദ്ധിച്ചു നോക്കിയാലേ മനസ്സിലാവൂ. അതിനിടയിലൂടെ പോകുന്ന നമ്മുടെ കാര്‍ഡിലെ ചിപ്പിലെ എല്ലാ വിവരങ്ങളും ഡിവൈസ് ചോര്‍ത്തുന്നു. പിന്നെ അവര്‍ക്ക്‌ നമ്മുടെ അതേ കാര്‍ഡ്‌ വേറെ ഉണ്ടാക്കാമല്ലോ. അതിനാല്‍ ടെല്ലറില്‍ കാര്‍ഡ്‌ ഇടുന്നതിന് മുമ്പ് സ്ലോട്ടില്‍ സാധാരണ കാണുന്നതല്ലാത്ത വല്ലതും ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ (കഴിയുമെങ്കില്‍) ബാങ്കിനെ വിവരം അറിയിക്കുക. കഴിയില്ലെങ്കില്‍, ടെല്ലര്‍ ഉപയോഗിക്കാതിരിക്കുക. എന്‍.സി.ബിയുടെ ടെല്ലറില്‍ ആണ് ഇങ്ങിനെ വല്ലതും ശ്രദ്ധയില്‍ പെട്ടത് എങ്കില്‍ എന്നെ അപ്പോള്‍ തന്നെ അറിയിച്ചാല്‍ മതി.

*) ഇപ്പോള്‍ വൈഫൈ കാര്‍ഡ് ഇറങ്ങിയിട്ടുണ്ട്. contactless feature ഉള്ള കാര്‍ഡാണിത്. Near field communication (NFC കാര്‍ഡ്)  എന്നും പറയും .  നിങ്ങളുടെ പേയ്മെന്‍റ് നടക്കാന്‍. POS മെഷീനിന്‍റെ മുകളില്‍ വെച്ചാല്‍ മാത്രം മതി...  ഇതില്‍ ക്ലോണിങ് നടക്കില്ല എന്ന് കേൾക്കുന്നു.  അതിനാൽ, നിങ്ങളുടെ ബാങ്കില്‍ പോയി പുതിയ കാര്‍ഡ് തരാന്‍ ആവശ്യപ്പെടുക. അല്ലെങ്കില്‍ അതാത് ബാങ്കുകളുടെ ബ്രഞ്ചിലുള്ള കിയോസ്ക് മെഷീനില്‍ പോയി നിങ്ങള്‍ക്ക് തന്നെ നേരിട്ട് പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്യുകയും  ചെയ്യാം.

 

*) Reputed അല്ലാത്ത കടകളിൽ നിന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനം വാങ്ങാതിരിക്കുകയാവും നല്ലത്. എന്റെ ഒരു കൂട്ടുകാരന്റെ കാർഡിൽ നിന്ന് അമേരിക്കയിൽ നിന്നും സാധനം വാങ്ങിയതായി sms വന്നതെ ഈയടുത്താണ്...

*) ടെല്ലറില്‍ നിന്നും ഇറങ്ങുന്ന സമയത്ത്‌ ബലമായി പിടിച്ചു പാസ്‌വേഡ്, കാര്ഡ്‌ എന്നിവ വാങ്ങുന്ന ചില കേസുകളും ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഒരിക്കലും സമയം വൈകിയോ, ആളുകള്‍ കുറവുള്ള സ്ഥലത്തുള്ള ടെല്ലര്‍കളോ ഉപയോഗിക്കാതിരിക്കുക. ( സമയത്ത് password ഓപോസിറ്റ് ആയി പറഞ്ഞ് കൊടുത്ത് പോലീസും വരുന്നത് കാത്തിരിക്കാന്‍ പറഞ്ഞ് വരുന്ന വാട്സാപ്പ് മെസ്സേജുകളെ വിശ്വസിക്കാതിരിക്കുക.)

*) ക്യാമറ ഇല്ലാത്ത ടെല്ലറുകളില്‍ നിന്ന് ഒരിക്കലും ഒരു കാര്യവും ചെയ്യാന്‍ മുതിരരുത്.

*) നിങ്ങള്‍ ബാങ്ക് ടെല്ലറില്‍ കാഷ്‌ എടുക്കുന്ന സമയത്ത് ആരെങ്കിലും വരികയും ടെല്ലര്‍ ഉപയോഗിക്കാന്‍ അറിയില്ല അല്ലെങ്കില്‍ കാര്‍ഡ്‌ പുതുക്കാന്‍ പറ്റിയിട്ടില്ല, എനിക്ക് അക്കൗണ്ട് ഇല്ലാ, അതിനാൽ നിങ്ങളുടെ പേരിൽ എനിക്ക് കാശ് അയച്ചോട്ടെ എന്നോ മറ്റോ പറഞ്ഞ് അയാളുടെ മകനോ, കൂട്ടുകാരനോ, കഫീലിനോ മറ്റോ കുറച്ച് ക്യാഷ്‌ അയക്കാനുണ്ടെന്നോ കിട്ടാനുണ്ടെന്നോ  ഒക്കെ  പറയുകയും ചെയ്‌താല്‍... ശ്രദ്ധിക്കുക. ഒരുപക്ഷേ അദ്ദേഹം കള്ളപ്പണത്തിന്റെയോ, ഭീകരവാദത്തിന്റെയോ ആളായിരിക്കാം. പോലീസിന് നിങ്ങളുടെ ഫോട്ടോയും അക്കൌണ്ട് നമ്പറും ആയിരിക്കും കിട്ടുന്നതും നിങ്ങളായിരിക്കും പിടിക്കപ്പെടുന്നതും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതും. 

*) കമ്പനി / ഓഫീസ്‌ ആവശ്യങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ പേഴ്സണല്‍ അക്കൌണ്ട് ഉപയോഗിക്കരുത്. അത് നിയമപരമായി വളരെ നൂലാമാലകള്‍ സൃഷ്ടിക്കും. അങ്ങിനെ ഒരു സൗദി പൌരന്‍ ഉപയോഗിച്ചിട്ട് (വിദേശി അല്ലാതിരുന്നിട്ട് കൂടി) വരെ വളരെ ബുദ്ധിമുട്ടിയാണ് പ്രശ്നം തീർക്കാൻ കഴിഞ്ഞത്. 

*) കഴിയുന്നതും നിങ്ങളുടെ പേഴ്സണല്‍ അക്കൌണ്ടില്‍ നിന്ന് നിങ്ങളുടെ ശമ്പളത്തില്‍ കവിഞ്ഞ സംഖ്യ തുടര്‍ച്ചയായി അയക്കാതിരിക്കുക. അത് ലോക്കല്‍ ട്രാന്‍സഫര്‍ ആയാലും ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ ആയാലും. അഥവാ അയക്കേണ്ടി വന്നാല്‍, (വല്ല അന്വേഷണവും വന്നാല്‍ നിങ്ങള്‍ക്ക്പെട്ടെന്ന് ഉത്തരം പറയാന്‍ പറ്റുന്ന രൂപത്തില്‍) എന്തിന് / ആര്‍ക്ക് / എപ്പോള്‍ / എത്ര തുടങ്ങിയ എല്ലാ വിവരങ്ങളും ഒരു സ്ഥലത്ത്‌ എഴുതി വെക്കുക.

*) ടെല്ലര്‍ ഉപയോഗിക്കുമ്പോള്‍ അത്യാവശ്യം ഇല്ലെങ്കില്‍ ബാലന്‍സ്‌ സ്ലിപ് വേണോ എന്ന് ചോദിക്കുമ്പോള്‍ No എന്ന് ചെയ്യുക. അത്രയും പേപ്പർ ഉപയോഗിക്കുന്നത് കുറയ്ക്കാൻ നാം കാരണക്കാരൻ ആയില്ലേ !

*) സ്വന്തം ബാങ്കിന്‍റെ ടെല്ലര്‍ ഉപയോഗിക്കുക. കാരണം, അഥവാ വല്ല പ്രശ്നത്തിലും ക്യാഷ്‌ വന്നില്ല എങ്കില്‍ ഉടനെ തന്‍റെ ബാങ്കിലേക്ക് വിളിച്ച് പറയുക. കൂടെ ടെല്ലര്‍ നമ്പരും ലൊക്കേഷനും പറഞ്ഞു കൊടുക്കുക. കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ ക്യാഷ്‌ നിങ്ങള്‍ക്ക്‌ തിരിച്ചു കിട്ടും. എന്നാല്‍ നിങ്ങളുടെ അക്കൌണ്ട് ഒരു ബാങ്കിലും നിങ്ങള്‍ ക്യാഷ്‌ എടുക്കാന്‍ പോയ ടെല്ലര്‍ വേറെ ബാങ്കിന്‍റെയും ആണെങ്കില്‍ ക്യാഷ്‌ കിട്ടാന്‍ ചിലപ്പോള്‍ മാസങ്ങള്‍ തന്നെ വേണ്ടി വരും.

*) വലിയ ബാലന്‍സ്‌ എപ്പോഴും കരുതുന്നവര്‍ ആണെങ്കില്‍, രണ്ട് അക്കൌണ്ടുകള്‍ തുടങ്ങുകയും, ഒരു അക്കൌണ്ടില്‍ അത്യാവശ്യം വേണ്ട ( അയ്യായിരത്തില്‍ കുറഞ്ഞ സംഖ്യ)  വെക്കുകയും കാര്‍ഡ്‌ എപ്പോഴും കയ്യില്‍ വെക്കുകയും, ബാക്കിയുള്ള വലിയ തുക നിക്ഷേപിക്കാന്‍ മറ്റേ അക്കൌണ്ട് ഉപയോഗിക്കുകയും കാര്‍ഡ്‌ റൂമില്‍ തന്നെ വെക്കുകയും ചെയ്യുക.

*) അന്താരാഷ്ട്ര കമ്പനികളിലേക്ക് ക്യാഷ്‌ അയക്കുന്നതിന് മുമ്പ് എല്ലാ വിശദ വിവരങ്ങളും അറിഞ്ഞ് ഉറപ്പായ ശേഷം മാത്രം ക്യാഷ്‌ അയക്കുക. കഴിയുന്നതും C&F രൂപത്തില്‍ ബാങ്ക് ഗ്യാരന്‍റിയോടെ ചെയ്യുന്നതാണ് ഉത്തമം.

*) ക്രെഡിറ്റ് കാർഡ് വളരെ നല്ല കാര്യമാണ്. ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ പണി കിട്ടുകയും ചെയ്യും. ഒന്നര മാസം പലിശയില്ലാതെ കടം കിട്ടുന്ന സംവിധാനമാണ് ഇത്. പിന്നെ മുഴുവൻ സംഖ്യ  അടയ്ക്കാതിരിക്കുന്നതിന് അനുപാതമായി കൂട്ടുപലിശ മേൽക്ക് മേൽ വരുന്നതായിരിക്കും.

*) ആദ്യം ക്രെഡിറ്റ്‌ കാര്‍ഡിന് പാസ്‌വേഡ് ഇല്ലായിരുന്നു. കാര്‍ഡ്‌ നമ്പരും പേരും എക്സ്പയറി തിയ്യതിയും ഉണ്ടെങ്കില്‍ ആര്‍ക്കും ആരുടേയും കാര്‍ഡ്‌ ഉപയോഗിക്കാമായിരുന്നു. ഇപ്പോള്‍ പാസ്‌വേഡ് ഓപ്ഷന്‍ ഉണ്ട്. അതിനാല്‍ നമ്മുടെ മൊബൈലിലേക്ക്‌ മെസ്സേജ് വന്ന് പാസ്‌വേഡ് അടിച്ച ശേഷം മാത്രമേ ക്യാഷ്‌ ട്രാന്‍സ്ഫര്‍ ആകാവൂ എന്ന രൂപത്തില്‍ നിങ്ങളുടെ ക്രെഡിറ്റ്‌ കാര്‍ഡിനെ നിങ്ങളുടെ ബാങ്കില്‍ പോയി പ്രോഗ്രാം ചെയ്യിക്കുക.

*) പലർക്കും  പാസ്സ്‌വേർഡ്  എഴുതി വെക്കുന്ന ശീലം ഉണ്ട്. എന്നാല്‍ നേര്‍ക്ക് നേരെ എഴുതാതെ, തലതിരിച്ചോ, അറബി അക്ഷരത്തിലോ വേറെ പെട്ടെന്ന് മനസ്സിലാകാത്ത ഏതെങ്കിലും തരത്തില്‍ എഴുതി വെക്കുക. നിങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന ഒരു പാറ്റേണ്‍ ഉണ്ടാക്കുക, എന്നിട്ട് ആ രൂപത്തില്‍ പാസ്സ്‌വേർഡ്  എഴുതി വെക്കാം.

*) ഡെപോസിറ്റ്, ട്രാന്‍സ്ഫര്‍, withdrawal തുടങ്ങിയവയ്ക്ക് SMS സര്‍വീസ് ഓണ്‍ അല്ലെങ്കില്‍ ഓണാക്കുക.

*) സൗദിയില്‍, അടുത്ത ഭാവിയില്‍ തന്നെ, കയ്യില്‍ ക്യാഷ്‌ വെച്ച് കൊണ്ട് നടക്കുന്ന സിസ്റ്റം നിര്‍ത്താന്‍ പോകുകയാണ്. (മദാ കാര്‍ഡ്‌). ചെറുതും വലുതുമായ എല്ലാ കടകളും കാര്‍ഡ്‌ മാത്രം സ്വീകരിക്കുന്ന ഒരു രൂപത്തിലേക്ക് കാര്യങ്ങള്‍ നീക്കാനുള്ള പ്ലാനാണ് ഇപ്പോള്‍ എല്ലാ ബാങ്കുകളും കൂടി ചേര്‍ന്ന് തീരുമാനം എടുത്തിരിക്കുന്നത്.

*) ചെക്ക് ഡിപ്പോസിറ്റ് ചെയ്‌താല്‍ മൂന്നു ദിവസം കഴിഞ്ഞേ അത് നിങ്ങളുടെ അക്കൌണ്ടില്‍ എത്തുകയുള്ളൂ എന്നറിയുക. വളരെ അത്യാവശ്യമുള്ള ക്യാഷ്‌ ആണെങ്കില്‍ same day value ചെയ്യാന്‍ പ്രത്യേകം അവരോട്‌ പറയുക.

*) ബാങ്ക് കാര്‍ഡ്‌ നഷ്ടപ്പെട്ടാല്‍ നിമിഷം തന്നെ ബാങ്കില്‍ വിളിച്ച് പറയണം. NCB TollFree No. 920001000

*) എന്ത് പ്രശ്നം ഉണ്ടായാലും ഉടനെ തന്നെ ബാങ്കിന്‍റെ ടോള്‍ഫ്രീ നമ്പരില്‍ വിളിച്ച് പരാതിപ്പെടുകയും, അവര്‍ തരുന്ന റെഫറന്‍സ് നമ്പര്‍ സൂക്ഷിക്കുകയും ചെയ്യുക.

 

ഓണ്‍ലൈന്‍:

*) ഓണ്‍ലൈന്‍ രൂപത്തില്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ ആയിത്തന്നെ ചെയ്യാന്‍ ശ്രമിക്കുക. ടെല്ലര്‍ ഉപയോഗം കുറക്കുക.

*) ഓണ്‍ലൈന്‍ ആയി ക്യാഷ് അടക്കുന്ന സമയത്ത് https:// എന്ന് എഴുതിയ സൈറ്റ് ആണോ എന്നുറപ്പ് വരുത്തണം. കൂടാതെ verysign എന്ന സ്റ്റാമ്പും ശ്രദ്ധിയ്ക്കുക.

*) ആരെങ്കിലും അയച്ചു തരുന്ന ലിങ്കില്‍ ക്ലിക്കി ബാങ്ക് വെബ്സൈറ്റില്‍ കയറാതിരിക്കുക. നേരിട്ടു ടൈപ്പ് ചെയ്യുക.

*) പബ്ലിക് കംബ്യൂട്ടറുകള്‍ / പബ്ലിക്ക് വൈഫൈകള്‍ /  നെറ്റ് കഫേകള്‍ തുടങ്ങിയവ ബാങ്കിങ് ട്രാന്സാക്ഷന് വേണ്ടി  ഉപയോഗിക്കാതിരിക്കുക.

*) നല്ല നീണ്ട പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക.

*) കംബ്യൂട്ടര്‍ എപ്പോഴും അപ്പ്ഡേറ്റ് ആയി വെക്കുക. വൈറസ് ചെക് ചെയ്യുക.

*) ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ കഴിഞ്ഞാല്‍ ഉടന്‍ ലോഗ് ഔട്ട് ചെയ്യുക.

*) ഒരിയ്ക്കലും, ക്രെഡിറ്റ് കാർഡ് നമ്പര്‍പാസ്സ്‌വേർഡ്  തുടങ്ങിയവ ഇമെയിലോ എസ്എംഎസോ ആയി അയക്കരുത്.

 

സസ്നേഹം / സൈഫു