Wednesday, October 9, 2019

വാദിവെജ് – താഇഫ് യാത്ര (2017 Feb 3)

വാദിവെജ് – താഇഫ് യാത്ര (2017 Feb 3):
പശുവിനെ പറ്റി എഴുതാന്‍ പറഞ്ഞപ്പോള്‍, കെട്ടിയ കയറിനെ പറ്റി എഴുതിയപോലെയായല്ലോ എന്ന്‍ ചീത്ത പറയരുത്. ഒരു കുഞ്ഞു യാത്രയുടെ പിന്നിലുള്ള ഒരുക്കങ്ങളെ സൂചിപ്പിക്കാന്‍ മാത്രമാണു ഈ എഴുത്ത്. കൂടാതെ, താഇഫില്‍ വെറും വാദി വെജ് മാത്രമല്ല; വേറെയും പലതും കാണാനുണ്ട് എന്ന്‍ കൂടി അറിയിക്കാനും.
സൌദിയില്‍ വന്ന ശേഷം പല പ്രാവശ്യം താഇഫില്‍ പോയിട്ടുണ്ട്... എന്നാല്‍ ഓരോ പ്രാവശ്യവും ഓരോ വ്യത്യസ്ഥ സ്ഥലങ്ങളും അനുഭവങ്ങളുമായിരുന്നു എന്നതാണു രസകരം.
നബിയെ കല്ലെറിഞ്ഞ സ്ഥലം എന്ന നിലയില്‍ താഇഫ് പണ്ടേ കുപ്രസിദ്ധമാണല്ലോ.. മക്കയില്‍ നിന്നും ഏകദേശം നൂറ് കിലോമീറ്റര്‍ ദൂരത്ത് മക്കാ പ്രവിശ്യയില്‍ പെടുന്ന ഈ സ്ഥലം 1700 മീറ്റര്‍ ഉയരത്തിലായതിനാല്‍ തന്നെ ഓക്സിജന്‍ തുലോം കുറവും തണുപ്പ് കൂടുതലുമാണ്. മേയ് – സെപ്റ്റമ്പര്‍ സമയത്താണ് അധികം തണുപ്പില്ലാതെ താഇഫ് കാണാന്‍ പറ്റിയ സമയം.
ജിദ്ദയില്‍ നിന്നും ആദ്യമായി ഞാന്‍ താഇഫില്‍ പോയത്, ഒരു ഫാമിലിയുടെ കൂടെയായിരുന്നു. ഇന്നത്തെപ്പോലെ നാവിഗേഷനോ മറ്റോ ഇല്ലാത്ത കാലം. കുറേ ഭാഗം അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങള്‍ പോകുന്ന കട്ട റോഡിലൂടെ കുത്തിക്കുലുങ്ങി വേണം പോവാന്‍! അവിടെ എത്തിയ ശേഷം ആരോടെങ്കിലുമൊക്കെ ചോദിച്ചറിഞ്ഞു ഏതെങ്കിലുമൊക്കെ സ്ഥലങ്ങള്‍ കാണാം എന്നായിരുന്നു കരുതിയത്. രാത്രി ഒരു ഹോട്ടല്‍ റൂം എടുത്ത് ക്ഷീണമൊക്കെ മാറ്റി രാവിലെ മുതല്‍ താഇഫ് കാണാനിറങ്ങാം എന്ന തീരുമാനത്തില്‍ ജിദ്ദയില്‍ നിന്നും വൈകുന്നേരമാണ് പുറപ്പെട്ടത്. റൂം പോയിട്ട് ഒരു ബാത്ത് റൂം പോലും കിട്ടാതെ കരയുന്ന കുട്ടികളുമായി ആ രാത്രി തന്നെ തിരിച്ചു ജിദ്ദയിലേക്ക് മടങ്ങിയ അന്ന് മനസ്സിലായതാണ്, യാത്ര പോകുന്നതിന് മുമ്പ് വേണ്ട മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ പണി കിട്ടുമെന്ന്‍. (ജൂലൈ മാസമായതിനാല്‍ ജിദ്ദയിലും റിയാദിലുമൊക്കെയുള്ള ആളുകള്‍ താഇഫിലേക്ക് തണുപ്പ് ആസ്വദിക്കാന്‍ വരുന്ന സമയമാണെന്ന് പിന്നെയാണ് അറിയുന്നത്)
വേറൊരിക്കല്‍ നല്ല തണുപ്പുള്ള സ്ഥലമാണ് ഷഫ എന്ന്‍ കേട്ട് നാവിഗേഷനൊക്കെ ഓണാക്കി പുറപ്പെട്ടു. ഷഫയ്ക്കു അടുത്തെവിടെയോ എത്തി. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ ഒരു ബുഖാരി ചോറും നരകത്തിലെ കോഴിയും വാങ്ങി റോഡിന്‍റെ അരുകില്‍ ഇരുന്ന് തിന്ന് തീരാന്‍ സമയം കിട്ടിയില്ല; കല്‍ക്കരിത്തീവണ്ടിയുടെ പുകക്കുഴല്‍ പോലുള്ള വായകളും വിറക്കുന്ന കുട്ടികളുമായി പോയതിലും ഇരട്ടി വേഗത്തില്‍ തിരിച്ചു പോന്നു.
അടുത്ത് തന്നെ നടത്തിയ മറ്റൊരു യാത്രയില്‍ തായിഫിലേക്കുള്ള ഹദാ ചുരം കയറുന്നതിന്‍റെ തുടക്കത്തില്‍ തന്നെയുള്ള പാര്‍ക്കില്‍ പോയി. തടി ഇളക്കുന്ന കുറേ ഗെയിമുകള്‍, ഫോര്‍മുല വണ്‍ പോലെയുള്ള കാര്‍ റേസ് ഒക്കെ ശരിക്കും ആസ്വദിച്ചു തിരിച്ചു പോന്നു. പിന്നീടൊരിക്കല്‍ പോയത് വലിയൊരു ടീമുമായായിരുന്നു. ചുരം കയറി മുകളില്‍ ചെന്ന്‍ കേബിള്‍ കാറിലൂടെ താഴെ വന്ന് വാട്ടര്‍ പാര്‍ക്കില്‍ ചാടിത്തിമര്‍ത്തു. സ്തീകള്‍ക്ക് കുളിക്കാന്‍ പ്രത്യേകം സൌകര്യവും അവിടെ ചെയ്തിട്ടുണ്ട്. മലയുടെ മുകളിലേക്ക് കയറി അവിടെ നിന്ന്‍ പിടിവിട്ട പോലെ താഴേക്ക് വളഞ്ഞു തിരിഞ്ഞു ഇറങ്ങുന്ന ഒരു സൂപ്പര്‍ റൈഡ് ഉണ്ട് ആ പാര്‍ക്കില്‍. അനുഭവിക്കേണ്ടത് തന്നെയാണത്. തായിഫിലേക്കുള്ള ചുരം ഒരു കാഴ്ച തന്നെ. സുന്ദരമായി പണിത വലിയ വളവൊന്നും ഇല്ലാത്ത വണ്‍വേ ആയുള്ള ചുരത്തില്‍ ഇടയ്ക്കുള്ള വ്യൂ പോയിന്‍റില്‍ നിന്നും താഴെയുള്ള കാഴ്ചകള്‍ കാണുന്നത് എഴുതി ഫലിപ്പിക്കാന്‍ സാധിക്കുന്നതിലപ്പുറമാണ്.
റോസ് വാട്ടര്‍ ഫാക്ടറി (ഏപ്രിലില്‍) കാണാന്‍ ഒരു ടീമായി വേറൊരിക്കല്‍ പോയി. ശബ്ര പാലസില്‍ പോയെങ്കിലും ഞങ്ങള്‍ക്ക് മുന്നില്‍ അത് അടഞ്ഞ് കിടന്നു. മൃഗശാലയും മ്യൂസിക് ഫൌണ്ടനും കണ്ടു. ഒരു കുതിര സവാരിയും ചെയ്ത്, ആ പാര്‍ക്കില്‍ നല്ല പുല്ലില്‍ ഇരുന്ന്‍ ബ്രോസ്റ്റഡ് ചിക്കനൊക്കെ കഴിച്ച് തിരിച്ചു പോന്നു. മൃഗശാലയില്‍ ആളുകളെ പറ്റിക്കുന്ന ഈജിപ്ഷ്യന്‍മാരുടെ ഒരു സര്‍ക്കസ് കൂടാരവും ഉണ്ടായിരുന്നത് ഇന്നും പ്രത്യേകം ഓര്‍മ്മിക്കുന്നു.
കഴിഞ്ഞ ആഗസ്റ്റിലും അതിന് മുന്നത്തെ വര്‍ഷവും സൂഖ് ഉക്കാദ് കാണാന്‍ പോയിരുന്നു. പഴയ കാല അറബി ജീവിതത്തിലെ യുദ്ധവും, ചന്തയും മറ്റും, അതേപോലെ ജീവന്‍ വെപ്പിച്ച നല്ലൊരു മേളയായിരുന്നു അത്. സൌദിയെ പറ്റി ഒരുപാട് അറിയാന്‍ കഴിയുന്ന രൂപത്തില്‍ ഒരുപാട് സ്റ്റാളുകള്‍ അവിടെ സജ്ജീകരിച്ചിട്ടുണ്ട്. തായിഫില്‍ നിന്നും കുറച്ച് മാറി വഹബ ക്രേറ്റര്‍ കാണാന്‍ പോയത് ഒരു വല്യ സംഭവമായിരുന്നു. തേന്‍, മുന്തിരി, റോസ് തുടങ്ങി പല കൃഷി സ്ഥലങ്ങളും തായിഫില്‍ കാണാം. തായിഫിലെ ഭ്രാന്താശുപത്രി, അണക്കെട്ടുകള്‍, തുര്‍ക്കി കോട്ട തുടങ്ങി ഇനിയും സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ലാത്ത എത്രയോ സ്ഥലങ്ങള്‍!!!
*********************************
വാദി വെജില്‍ പോയ ചില ഫോടോകള്‍ മുഖപുസ്തകത്തില്‍ കണ്ടതാണ് പ്രശ്നത്തിന് തുടക്കം. കമാല്‍ Kamal MP (Dervish) എഡിറ്റ് ചെയ്ത ഒന്ന് രണ്ട് വീഡിയോകള്‍ കൂടി കണ്ടതോടെ കൂടുതല്‍ പ്രശ്നമായി. തോട്ടിലൂടെ കിലോമീറ്റര്‍ ദൂരം പോകുന്ന ജീപ്പില്‍ യാത്ര ചെയ്യുന്ന പ്രത്യേക ത്രില്‍ ആസ്വദിച്ചിട്ടേ അടങ്ങൂ എന്ന് സഞ്ചാരി ടീമിനും വാശി. എന്നാ പിന്നെ ഞാനും കൂടാം എന്നങ്ങ് തീരുമാനിച്ചു.
വാദി വെജ് എവിടെയെന്ന് അറിയാന്‍ ശ്രീമേഷ് ഗൂഗ്ളില്‍ കുറെ തിരഞ്ഞു. Wadi Vej എന്നടിക്കുമ്പോള്‍ പഞ്ചാബി ഫുഡ് ഒക്കെയാ കിട്ടിയത് എന്നും പറഞ്ഞു വാട്സാപ് ഗ്രൂപ്പില്‍ വന്ന് പരിതപിച്ചു. ഞാന്‍ Wadi Wajj എന്നു ടൈപ്പിയപ്പോള്‍ ജിദ്ദയിലെ സിത്തീന്‍ റോഡിലെ കോടതിക്ക് സമീപത്ത് കൂടെയുള്ള റോഡിലേക്കാണ് ഗൂഗിള്‍ കൊണ്ട് പോയത്. Wej valley എന്ന് ടൈപ്പ് ചെയ്യാന്‍ ഫിയാസിന്‍റെ കല്‍പ്പന വന്നു. Google.com.sa എന്നതില്‍ അറബിയില്‍ وادي وج എന്ന് സേര്‍ച്ച് ചെയ്തപ്പോള്‍ കൃത്യ സ്ഥലത്ത് തന്നെ എത്തി. പറഞ്ഞ് വരുന്നത്, ഗൂഗിള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ കൃത്യ സ്പെല്ലിങ്ങ് അറിയുന്നവരോട് ചോദിച്ച ശേഷം മാത്രം സേര്‍ച്ച് ചെയ്യുക.
സ്ഥലം ഉറപ്പിച്ച ശേഷം ഞാന്‍, ഗൂഗിളില്‍ പോയി അന്നേക്കുള്ള അവിടത്തെ കാലാവസ്ഥ നോക്കുകയാണ് ആദ്യമായി ചെയ്തത്. കാരണം, കുട്ടികളും ഫാമിലിയും ഒക്കെ ഉള്ളതിനാല്‍, ഒരു മഴയോ, കാറ്റോ, അതി ശൈത്യമോ, കോടയോ, മഞ്ഞോ ഒക്കെ ഉണ്ടെങ്കില്‍, കൊണ്ടുപോയി കുടുക്കി എന്ന്‍ അഭിപ്രായം വരാന്‍ പാടില്ലല്ലോ. നോക്കുമ്പോള്‍ മഴയ്ക്ക് സാധ്യത കാണുന്നുണ്ടെങ്കിലും വലിയ മഴയല്ലാത്തതിനാല്‍ പ്രശ്നമുണ്ടാവില്ല എന്ന് തോന്നി. എന്നാല്‍ തണുപ്പ് വളരെ കൂടുതല്‍ കാണിക്കുന്നതിനാല്‍, കുട്ടികള്‍ക്ക് പ്രത്യേകിച്ചും, തണുപ്പില്‍ നിന്നും രക്ഷ നേടാനുള്ള പ്രത്യേക വസ്ത്രങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടി വരും എന്ന്‍ ഉറപ്പായി. അതേപോലെ, ജിദ്ദയില്‍ നിന്ന് അങ്ങോട്ട് കൃത്യം എത്ര ദൂരമുണ്ടെന്നും, പോകുന്ന വഴിയില്‍ എത്ര ദൂരത്തൊക്കെ പെട്രോള്‍ പമ്പുകളും പഞ്ചര്‍ കടകളും ഉണ്ടെന്നും,
അടുത്ത് എവിടെയൊക്കെ സൂപ്പര്‍ മാര്‍ക്കറ്റുകളും, ഹോട്ടലുകളും, ആശുപത്രിയും ഉണ്ടെന്നും, അടുത്തൊക്കെ ജനവാസമുള്ള സ്ഥലമാണോ എന്നും, ജനവാസം കുറഞ്ഞ സ്ഥലങ്ങളില്‍ വന്യ ജീവികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടോ എന്നും, പോകുന്ന വഴിയില്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനം വേണ്ടി വരുന്ന സ്ഥലങ്ങള്‍ ഉണ്ടോ എന്നുമൊക്കെ ചെക്ക് ചെയ്തു. കൂടുതലറിയാന്‍ യൂട്യൂബിലും ബ്ലോഗിലുമൊക്കെ തിരഞ്ഞു, വീഡിയോകളും ട്രാവലോഗുകളും നോക്കി, മുന്നേ അങ്ങോട്ട് പോയ ആളുകളുടെ വിവരങ്ങളും ഫോണ്‍ നമ്പറുകളും സംഘടിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുകയും ചെയ്തു.
കൂടാതെ, താഇഫ് ഏരിയയില്‍ എവിടെയോ ഒരു തീവ്രവാദി അന്വേഷണം നടക്കുന്നു എന്നതും ഒരു സൌദി സുഹൃത്തില്‍ നിന്ന് അറിഞ്ഞു. പിന്നെ ആ സംഭവം നടക്കുന്നത് നമ്മുടെ ട്രിപ്പിന്‍റെ റൂട്ടില്‍ എവിടെയെങ്കിലും ആണോയെന്ന് പരിചയമുള്ള ചില പോലീസുകാരോട് വിളിച്ചന്വേഷിച്ചു. കാരണം, ഒരുപക്ഷേ, വിഷയത്തിന്‍റെ ഗൌരവം അനുസരിച്ച്, ആഴ്ചകളോളം ആ ഏരിയ തന്നെ വിലക്കപ്പെട്ട റൂട്ടായി മാറപ്പെടാനും സാധ്യതയുണ്ടല്ലോ. തീവ്രവാദികള്‍ ഇതുപോലെ ആളൊഴിഞ്ഞ ഏരിയകളാണ് അവരുടെ തമ്പുകള്‍ക്ക് തിരഞ്ഞെടുക്കാറുള്ളത് എന്നതിനാല്‍ അതൊന്ന് ഉറപ്പാക്കുക എന്നത് അത്യാവശ്യമായിരുന്നു. കാരണം, നൂറോളം പേരുള്ള വലിയ ഗ്രൂപ്പാണ് നമ്മുടേത്. വല്ലതും സംഭവിച്ചാല്‍!!!... ഓര്‍ക്കാന്‍ തന്നെ വയ്യ... ഒന്നും സംഭവിച്ചില്ലെങ്കിലും, ഇത്രയധികം ദൂരം പോയിട്ട്, വാദി വെജില്‍ എത്താതെ തിരിച്ചു വരേണ്ടി വരിക എന്നത് എത്രമാത്രം ബുദ്ധിമുട്ടാവും?! എന്നാല്‍ ഖമരിയ്യ എന്ന ഡിസ്ട്രിക്‍ടിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത് എന്ന് അവര്‍ അറിയിച്ചതിനാല്‍ അക്കാര്യത്തില്‍ മനസ്സമാധാനമായി. (Feb 10ന് അവിടെ വെടിവെപ്പ് നടക്കുകയും 3 പേര്‍ മരിക്കുകയും ചെയ്തു എന്ന് പിന്നീട് വാര്‍ത്തകളില്‍ വന്നു)
ചായ കാച്ചാന്‍ ചാരായം കാച്ചുന്ന ചര്‍ച്ച എന്നപോലെ, പിന്നെയങ്ങോട്ട് അഡ്മിന്‍ ഗ്രൂപ്പില്‍ ചര്‍ച്ച തന്നെ ചര്‍ച്ച. ആദ്യം പോസ്റ്റര്‍ ചര്‍ച്ചയായിരുന്നു. പോസ്റ്റര്‍ എന്തിന്, പോസ്റ്റ് പോരേ എന്നൊരാള്‍. പോസ്റ്റിനു മുമ്പ് പോസ്റ്റര്‍ വേണം എന്ന് മറ്റൊരാള്‍. ഫുള്‍ ഡീറ്റൈല്‍ വേണം എന്ന് വേറൊരാള്‍, അല്ല, ഫോട്ടോയും ലിങ്കും മാത്രം മതിയെന്ന്‍ മറ്റൊരാള്‍, അവസാനം പോസ്റ്റര്‍ ഉണ്ടാക്കാം എന്നായി. അതിലെന്തൊക്കെ ഉള്‍ക്കൊള്ളിക്കണം? ആളുകളെ ആകര്‍ഷിക്കുന്ന ഒരു ക്യാപ്ഷന്‍, അടിപൊളി ഫോട്ടോസ്, തിയ്യതി, സമയം, സ്റ്റാര്‍ട്ടിങ് പോയിന്‍റ് എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന, പോസ്റ്ററില്‍ നിന്ന്‍ പോസ്റ്റ് വായിക്കാന്‍ പ്രചോദനം കിട്ടുന്ന രൂപത്തില്‍ ഒരു പോസ്റ്റര്‍, നല്ല എഡിറ്റിങ്, etc.. അനു കുറച്ച് ഫോട്ടോസ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു, ഫിയാസ് ലൊക്കേഷനും. A Ride thru water എന്ന ക്യാപ്ഷന്‍ കൊണ്ട് വന്നത് അനുവാണ്. ഇത് പുഴയാണോ, തോടാണോ, അരുവിയാണോ എന്ന തര്‍ക്കമായി പിന്നെ. ശ്രീമേഷ്, ഓഫീസ് ജോലിത്തിരക്കിനിടയിലും, പല പല മോഡലിലും പല പോസ്റ്ററുകളും ഡിസൈന്‍ ചെയ്ത് കൊണ്ട് വന്ന് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു, അവസാനം പലരും പറഞ്ഞ മാറ്റങ്ങള്‍ വരുത്തി, അക്ഷരത്തെറ്റുകള്‍ എല്ലാം തിരുത്തി ദിവസങ്ങള്‍ക്ക് ശേഷം, ഒന്നില്‍ ഉറപ്പിച്ച്.
ആദ്യ മീറ്റിങ് പോയിന്‍റ്, ഷറഫിയ്യ വേണോ റിഹൈലി വേണോ എന്നായി അടുത്ത ചര്‍ച്ച. ചര്‍ച്ചക്ക് നടുവില്‍ മീറ്റിങ് ഷറഫിയ്യയും അവിടെ എത്താന്‍ കഴിയാത്തവര്‍ സ്റ്റാര്‍ട്ടിങ് പോയിന്‍റ് ആയ റിഹൈലിയില്‍ വരാനും തീരുമാനമായി. അത് കേട്ട ഫിയാസ് പറയാ, “ഇതെന്താ ഗണപതിമാഷ് ടൂര്‍ കൊണ്ട് പോണ പോലായല്ലോ. ലൊക്കേഷന്‍ ഗ്രൂപ്പില്‍ ഇടുക. അവിടെ എല്ലാവരും എത്തിക്കോളും. അല്ലാതെ, ആരും ചെറിയ കുട്ടികളൊന്നും അല്ലല്ലോ” എന്ന്. എന്നാല്‍ എന്‍റെ മനസ്സില്‍ ചിന്ത അതല്ലായിരുന്നു. എല്ലാവരും ഒരേപോലെയല്ലല്ലോ. പലര്‍ക്കും നാവിഗേഷന്‍ നോക്കാന്‍ തന്നെ അറിയില്ലായിരിക്കും. മാത്രമല്ല, നെറ്റ് എല്ലാവരുടെയും മൊബൈലില്‍ ഉണ്ടാവണമെന്നില്ല. എന്തെങ്കിലും സംഭവിച്ചാല്‍ ചോദ്യം വരുന്നത്, ആരാ ഇത് ഒരുക്കിയതിന്‍റെ പിന്നില്‍ എന്നാവും.
എന്തായാലും അവസാനം മീറ്റിങ് പോയിന്‍റും സ്റ്റാര്‍ട്ടിങ് പോയിന്‍റും ഷറഫിയ്യ മാറ്റി റെഹൈലി പെട്രോള്‍ പമ്പിലാക്കാം എന്നായി തീരുമാനം. കാരണം മക്കാ ഭാഗത്തേക്കാണല്ലോ പോകാനുള്ളത്. പലരും ഷറഫിയ്യയില്‍ നിന്ന് ദൂരെയായിരിക്കും. അവരൊക്കെ ഷറഫിയ്യ വന്ന് തിരിച്ച് പോകുന്നത് ഒഴിവാക്കാം എന്ന്‍ ഫിയാസ് പറഞ്ഞു. അപ്പോ ജീജേഷിന് ഒരു ചിന്ന സംശയം. മക്കാ റോഡിലൂടെ തായിഫില്‍ പോകാന്‍ എന്തിനാ മദീന റോട്ടില്‍ റിഹൈലി പെട്രോള്‍ പമ്പില്‍ പോവുന്നത് എന്ന്. (ആ പാവത്തിന് അറിയില്ലായിരുന്നു, മക്കാ റോഡിലും ഒരു റിഹൈലി പെട്രോള്‍ പമ്പുള്ളത്) (21.422999, 39.314146). ലുലു മാള്‍ എല്ലാ മലയാളികള്‍ക്കും അറിയുന്നതിനാല്‍ അതിനടുത്തുള്ള പെട്രോള്‍ പമ്പ് പെട്ടെന്ന് പറഞ്ഞു കൊടുക്കാന്‍ സാധിക്കുമെങ്കിലും, സുലൈമാനിയ വഴി ഹൈവേയിലൂടെ വരുന്നവര്‍ക്ക് ആ പെട്രോള്‍ പമ്പ് കാണാന്‍ തന്നെ കഴിയില്ല എന്ന്‍ ആരോ പറഞ്ഞതിനാലാണ് റിഹൈലി പമ്പ് തന്നെ ആക്കിയത്. കൂടാതെ 24 മണിക്കൂറും തുറക്കുന്ന കടകളുള്ളതിനാല്‍ അത്യാവശ്യം പ്രാതല്‍ കഴിക്കാനും സ്നാക്സ് വാങ്ങാനും പള്ളിയില്‍ കയറി പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും നല്ലത് റിഹൈലി തന്നെയെന്ന് പരിചയത്തിന്‍റെ അടിസ്ഥാനത്തില്‍ ഫിയാസ് പറഞ്ഞതോടെ അതിനൊരു തീരുമാനമായി. മക്കാ റോഡിലെ റിഹൈലി പമ്പ് എന്ന് പ്രത്യേകം പറയുകയും ഇനി ആരെങ്കിലും മദീന റോഡിലുള്ള റിഹൈലിയില്‍ പോയെങ്കില്‍ മദീന പോയി തിരിച്ചു വന്നോട്ടെ എന്ന ഫിയാസിന്‍റെ അഭിപ്രായം ഗ്രൂപ്പില്‍ കൂട്ടച്ചിരി പരത്തി.
അങ്ങിനെയാവുമ്പോള്‍, വാഹനമില്ലാത്തവര്‍ എന്തു ചെയ്യും എന്ന്‍ ജിജേഷ് ചോദിച്ചു. ഉടനെ, വാഹനമില്ലാത്തവരുടെയും വാഹനമുള്ളവരുടെ കൂടെ എത്ര പേര്‍ക്ക് കൂടി ചാന്‍സ് ഉണ്ടാകും എന്നത് മെമ്പര്‍ ഗ്രൂപ്പില്‍ ചോദിക്കാന്‍ ശ്രീയെ ശട്ടം കെട്ടി.
ശ്രീ അതിന് വേണ്ടി 1, 2, 3, എന്ന രൂപത്തില്‍ താല്‍പര്യമുള്ള ആളുകളുടെ പേര്‍ എഴുതാന്‍ ഒരു ഫോര്‍മാറ്റ് ഉണ്ടാക്കി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. കൂടെത്തന്നെ വാഹനമുള്ളവര്‍ പ്രത്യേകം സൂചിപ്പിക്കുകയും ഓരോ വാഹനത്തിലും എത്ര സീറ്റ് ഒഴിവുണ്ട് എന്ന് രേഖപ്പെടുത്തണം എന്നും കല്‍പ്പന വന്നു. താല്‍പര്യമുള്ളവര്‍ താഴെ താഴെ അവരവരുടെ പേരുകള്‍ എഴുതി ലിസ്റ്റ് വലുതായി വലുതായി വരുന്നത് കണ്ടപ്പോള്‍ നമ്മുടെ കൊക്കിലൊതുങ്ങില്ലേ എന്നൊരു പേടി ഇല്ലാതില്ലായിരുന്നു.
ജിദ്ദയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെ തൂവലില്‍ ജോലി ചെയ്യുന്ന, സ്വന്തം കാറില്ലാത്ത, ശ്രീമേഷിന്‍റെ കാര്യമായിരുന്നു കഷ്ടം. ടാക്സിക്ക് വന്നാല്‍ നൂറിലധികം റിയാല്‍ ജിദ്ദയില്‍ എത്താന്‍ തന്നെ വേണ്ടി വരും. അതിനും അവന്‍ റെഡിയായിരുന്നു. എന്നാല്‍ ഇത്ര പുലര്‍ച്ചെ ടാക്സി ഉണ്ടാകും എന്നത് തന്നെ ഉറപ്പില്ലല്ലോ. എങ്കില്‍, തലേ ദിവസം രാത്രി വന്ന് ഏതെങ്കിലും പരിചയക്കാരുടെ കൂടെ താമസിക്കാം എന്നായി. എന്നാല്‍ അവനെവിടെ ജിദ്ദയില്‍ പരിചയക്കാര്‍?!. അതും ചീറ്റിപ്പോയി. അവസാനം, ജൈജീ പറഞ്ഞ് അവരുടെ വീട്ടില്‍ താമസിക്കാം എന്ന് തീരുമാനിച്ചു. എന്നാല്‍, അവസാനം അവന്‍റെ കമ്പനിയില്‍ നിന്നു തന്നെ വാഹനമുള്ള ഒരാളെ ടൂറിന് കിട്ടുകയും അവര്‍ രണ്ടു പേരും ജിദ്ദയിലേക്ക് വരികയും ചെയ്തു.
അപ്പോഴാണ് സഞ്ചാരി ബാനറിനെ പറ്റി ജിജേഷ് ചോദിക്കുന്നത്. ദാവൂദിന്‍റെ അടുത്തുള്ള ആ ബാനര്‍ ഫിയാസ് എടുത്ത് വെക്കാം എന്ന് ഉറപ്പ് നല്‍കി. എന്നാല്‍ അവസാന നിമിഷം വരെ അത് കിട്ടിയില്ല എന്നത് വേറെ കാര്യം!
പോകുന്ന സമയം രാവിലെയോ ഉച്ചക്കോ വൈകീട്ടോ എന്നത് മാത്രം തന്നെ വലിയ ഒരു ചര്‍ച്ചാ വിഷയമായിരുന്നു. ജിദ്ദയില്‍ നിന്നും രണ്ടര മണിക്കൂര്‍ യാത്രയുള്ള വാദി വെജിലേക്ക് മാത്രമായി പോവുകയാണെങ്കില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പോയാല്‍ തന്നെ ധാരാളം. അങ്ങിനെയെങ്കില്‍ നാലരക്ക് അവിടെയെത്തി, രണ്ട് മണിക്കൂര്‍ അവിടെ ചിലവഴിച്ച് ഇരുട്ടാവുന്നതിന് മുമ്പേ ആറരയ്ക്ക് തിരിച്ചു പോരാം.
എന്നാല്‍ നൂറോളം സഞ്ചാരികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വെറും വാദി വെജ് മാത്രം കാണിച്ചാല്‍ ശരിയാവില്ല എന്ന് ചര്‍ച്ച വന്നു, കൂടാതെ, വെജ് വാലിയില്‍ കുറച്ച് നടക്കാന്‍ ഉള്ളതിനാല്‍ ഉച്ച വെയിലില്‍ കുട്ടികള്‍ ക്ഷീണിക്കും എന്നതിനാലും വേറെ ഒന്നുരണ്ട് സ്ഥലങ്ങള്‍ കറങ്ങിയ ശേഷം വെജ് വാലിയില്‍ എത്തിയാല്‍ മതിയെന്നും ജൈജി പറഞ്ഞു. എങ്കില്‍ ഫുഡ് കഴിക്കാന്‍ തക്ക സമയത്ത് വെജ് വാലിയില്‍ എത്തി അവിടെയുള്ള നല്ല ഒരു പുല്ലുള്ള സ്ഥലത്ത് ഇരുന്ന്‍ ഗയിമൊക്കെ കളിച്ച ശേഷം തിരിച്ചു പോരാം എന്ന്‍ ഫിയാസ് അഭിപ്രായപ്പെട്ടു. നല്ല തണുപ്പും മലമുകളില്‍ നിന്നുള്ള വ്യൂവും കിട്ടും എന്ന്‍ ഫിയാസ് പറഞ്ഞപ്പോള്‍ ജബല്‍ദക്ക കൂടി യാത്രയില്‍ ചേര്‍ക്കാന്‍ ഉറപ്പിച്ചു. ജൈജി പാവലും മത്തനും വിളയുന്ന കഴിഞ്ഞ ഒക്ടോബറില്‍ പോയ ചില ഫോടോകളും അന്‍സാര്‍ കൊടുവള്ളിയുടെ വിളഞ്ഞു നില്‍ക്കുന്ന ഓറഞ്ച് തോട്ടത്തിന്‍റെ ഫോട്ടോകളും കൂടി ഇട്ടപ്പോള്‍ വയലേലകളില്‍ നിന്ന്‍ പുതുപുത്തന്‍ പച്ചക്കറികളും പഴങ്ങളും കിട്ടിയാലോ എന്ന് മനസ്സില്‍ കരുതി അതും ഉറപ്പിച്ചു. എന്നാല്‍ അനുവിന്‍റെ അഭിപ്രായത്തില്‍ ഇപ്പോള്‍, തല്‍ക്കാലം പച്ചക്കറി മെയിന്‍ ഗ്രൂപ്പിലെ പോസ്റ്റില്‍ പറയേണ്ടാ എന്നായിരുന്നു. അത് പറയുകയും, പോകാന്‍ കഴിയാതെ വരികയും ചെയ്താല്‍ ആളുകള്‍ പ്രശ്നമുണ്ടാക്കും. അതിനാല്‍, അതൊക്കെ, അവിടെ ചെന്നിട്ട് ഭക്ഷണം കഴിച്ച ശേഷം സമയമുണ്ടെങ്കില്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതി എന്നാക്കി.
പിന്നീടുള്ള ചര്‍ച്ച ഈ മൂന്നു ഇടങ്ങളും ചേര്‍ത്ത് എത്ര സമയം എടുക്കും എന്നായി. ഫിയാസ് ഉടന്‍ ഗൂഗിള്‍ മാപ്പില്‍ പോയി കൃത്യ ലൊക്കേഷന്‍ അയച്ചു തന്നു. ഏകദേശം നാല് മണിക്കൂറോളം യാത്രയുണ്ടാവും എന്ന് അറിയിച്ചതിനാല്‍ അതിരാവിലെത്തന്നെ പോവുകയാണ് നല്ലതെന്ന്‍ ഉറപ്പിച്ചു.
പിന്നെയുള്ള ചര്‍ച്ച, അഞ്ചു മണിക്കോ, അതോ, ആറ് മണിയോ, ഏഴ് മണിയോ യാത്ര തുടങ്ങാനുള്ള ശുഭ മുഹൂര്‍ത്തം എന്നായി. രാവിലെ ആറ് മണിക്ക് എന്‍റെ ______ വരും എന്ന് ഒരാള്‍!  വ്യാഴം രാത്രി പല പ്രോഗ്രാമുകളും കഴിഞ്ഞു കിടക്കുന്നത് തന്നെ ചുരുങ്ങിയത്, ഒരു മണിയാവും. പിന്നെ നാലരക്ക് എഴുന്നേറ്റ് ഒരുങ്ങി ആറ് ആവുമ്പോഴേക്കും മീറ്റിങ് പോയിന്‍റില്‍ എത്തുന്നത് നടക്കില്ല മക്കളേ. ആറ് മണിക്ക് പറഞ്ഞാലേ ഏഴരക്കെങ്കിലും എത്തൂ എന്ന അനുവിന്‍റെ അഭിപ്രായം മല്ലൂസിന്‍റെ സമയ ക്ലിപ്തതയെ കൃത്യമായി വിലയിരുത്തി.
ഗൂഗിളില്‍ നോക്കിയപ്പോള്‍ രണ്ടേകാല്‍ മണിക്കൂര്‍ കൊണ്ട് ജബല്‍ ദക്കയിലെത്താം എന്ന്‍ കണ്ടു. മക്കയിലൂടെയുള്ള റൂട്ട് ആരും ഷെയര്‍ ചെയ്യരുത്, കാരണം സഊദി നിയമമനുസരിച്ച്, മക്കയിലേക്ക് മുസ്ലിംകള്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ പാടൂ. അതിനാല്‍ പ്രിന്‍റ് എടുക്കുമ്പോള്‍ നോണ്‍-മുസ്ലിം റൂട്ട് തന്നെ തിരഞ്ഞെടുക്കണം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
സഞ്ചാരി മെയിന്‍ ഗ്രൂപ്പില്‍ ഒരു ഈവെന്‍റ് ക്രിയേറ്റ് ചെയ്യലും പോസ്റ്റ് ഇടലും ആയി അടുത്ത ചര്‍ച്ച. അതിനായി ശ്രീയും ജീജേഷും വേണ്ട കാര്യങ്ങള്‍ എല്ലാം തക്ക സമയത്ത് തന്നെ ചെയ്തു. എഴുതിയ മാറ്റര്‍ അഡ്മിന്‍ ഗ്രൂപ്പില്‍ ഇട്ട് വേണ്ട മാറ്റങ്ങള്‍ വരുത്തിയ ശേഷം ഫൈനല്‍ വേര്‍ഷന്‍ മെയിന്‍ ഗ്രൂപ്പില്‍ ഇടാന്‍ തീരുമാനമായി.
ആളുകളുടെ ലിസ്റ്റ് തരാനുള്ള അവസാന ദിവസം, വാഹനമില്ലാത്തവരുടെ ലിസ്റ്റ്, അവര്‍ താമസിക്കുന്ന സ്ഥലം, അല്ലെങ്കില്‍ പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റുന്ന ഏറ്റവും അടുത്ത സ്ഥലം, വാഹനമുള്ളവരില്‍തന്നെ എത്ര സീറ്റ് ഒഴിവുണ്ടാവും, വരുന്നവരുടെ ഫോണ്‍ നമ്പര്‍, കോര്‍ഡിനേറ്റേഴ്സിന്‍റെ ആരുടെയൊക്കെ ഫോണ്‍ നമ്പറുകള്‍ വെക്കണം, ആദ്യ മീറ്റിങ് പോയിന്‍റിന്റെയും പോവാനുള്ള ഓരോ സ്ഥലത്തിന്റെയും ജിപി കോര്‍ഡിനേറ്റ്, റൂട്ട് മേപ്പ്, യാത്രയുടെ മൊത്തം സമ്മറി, എവിടെന്ന് ജുമുഅ പള്ളിയില്‍ കൂടും, എവിടെ/എങ്ങിനെ ഭക്ഷണം, ഓരോരുത്തരും കയ്യില്‍ വെക്കേണ്ട സാധനങ്ങളുടെ ചെക്ബോക്സ് ലിസ്റ്റ്, (അതില്‍ തന്നെ മൊബൈല്‍ ചാര്‍ജര്‍, പവര്‍ ബാങ്ക്, ടിഷ്യൂ, വേസ്റ്റ് കീസ് തുടങ്ങി എപ്പോഴും മറക്കുന്ന കാര്യങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിക്കാന്‍ തന്നെ ഒരു ചര്‍ച്ച വേറെ), തണുപ്പില്‍ നിന്നും രക്ഷ നേടാനുള്ള കാര്യങ്ങള്‍, വെള്ളത്തില്‍ ഇറങ്ങാനുള്ളതിനാല്‍ ലെതര്‍ ഷൂ ധരിക്കരുതെന്ന പ്രത്യേക നിര്‍ദേശം, ചെറിയ കുട്ടികള്‍ക്ക് വേണ്ട പാല്‍, ബിസ്കറ്റ് പോലെയുള്ള കാര്യങ്ങള്‍, എന്ന് തുടങ്ങി, എന്തൊക്കെ കാര്യങ്ങള്‍ പോസ്റ്റില്‍ വേണം എന്ന ചര്‍ച്ച തകൃതിയായി നടക്കുന്നു. എല്ലാം എഴുതി ചിട്ടപ്പെടുത്തി രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ സഞ്ചാരിയില്‍ പോസ്റ്റ് വെളിച്ചം കണ്ടു. അതിന്‍റെ ലിങ്ക് ജിദ്ദ സഞ്ചാരിയിലും, മെയിന്‍ സഞ്ചാരിയില്‍ ഒരു ഈവെന്‍റും ക്രിയേറ്റ് ചെയ്ത ശേഷമാണ് ശ്രീമേഷിന് ശ്വാസം നേരെ വീണത്. ഈവെന്‍റിലും, സഞ്ചാരി മെയിന്‍ ഗ്രൂപ്പിലും, സഞ്ചാരി ജിദ്ദാ ഗ്രൂപ്പിലും വരുന്ന കമന്‍റുകള്‍ മോണിറ്റര്‍ ചെയ്യുകയും വരാന്‍ താല്‍പര്യം പ്രകടിപ്പിച്ച ആളുകളുടെ പേരും ഫോണ്‍ നമ്പരും കുറിച്ചു വെയ്ക്കാനും തീരുമാനമായി.
ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ഒരു വിശദമായ റൂട്ട് മേപ്പ് ഉണ്ടാക്കി പിഡിഎഫ് ആക്കി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. കാരണം, അഥവാ, ആരുടെയെങ്കിലും നെറ്റ് കഴിയുകയോ, മൊബൈല്‍ ബാറ്ററി തീരുകയോ ചെയ്താലും വഴിയറിയാതെ വഴിയില്‍ കുടുങ്ങരുതല്ലോ.
പോകുന്ന സമയത്ത്, വഴിയറിയുന്ന ജൈജിയോട് മുന്നില്‍ പോകാനും അനുവിന്‍റെ പിക്കപ്പ് ഏറ്റവും പിറകില്‍ പോകാനും നിര്‍ദ്ദേശം നല്‍കി. കാരണം അഥവാ മറ്റ് ഏതെങ്കിലും വാഹനം പിറകില്‍ പോവുകയും അവര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയും ചെയ്താല്‍ അഡ്മിന്‍സ് അറിയാതെ പോകാന്‍ പാടില്ലല്ലോ. അതേപോലെ, എല്ലാ അഡ്മിന്‍സും ഒരേ സമയം നെറ്റും ഫോണും ഓണാക്കി എല്ലാവരുടെയും ബാറ്ററി തീരുന്ന അവസ്ഥ ഇല്ലാതാക്കുകയും ഓരോരോത്തര്‍ മാറി മാറി നാവിഗേഷന്‍ ഉപയോഗിച്ച് അവസാനം തിരിച്ചു വരുന്നത് വരെ നാവിഗേഷന്‍ ഓണായി നില്‍ക്കാവുന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കി. പവര്‍ ബാങ്കും കാര്‍ ചാര്‍ജറും എടുക്കാന്‍ ആദ്യമേ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പോകുന്ന വഴിയില്‍, പല സ്ഥലങ്ങളിലും നിര്‍ത്തി കാഴ്ചകള്‍ കണ്ട് വീണ്ടും യാത്ര ചെയ്യുമ്പോള്‍, ഓരോ നിര്‍ത്തുന്ന സ്ഥലം പിന്നിടുമ്പോഴും എല്ലാം ഉറപ്പ് വരുത്തേണ്ടത് അഡ്മിന്‍സ് ആയ നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഓര്‍മ്മിപ്പിച്ചു. വിലപിടിപ്പുള്ള സാധനങ്ങള്‍ വീണിട്ടുണ്ടോ എന്ന്‍ മാത്രമല്ല; ഗ്ലാസ് ടിശ്ശ്യൂ പോലെയുള്ളവ നിലത്ത് കിടക്കുന്നുണ്ടോ എന്നത് കൂടി ശ്രദ്ധിച്ച ശേഷമേ ഓരോ സ്ഥലവും വിടാന്‍ പാടുള്ളൂ എന്ന്‍ നിര്‍ദ്ദേശം നല്‍കി.
ഉച്ച ഭക്ഷണം ഓരോ ഫാമിലി കുറേശ്ശെ ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരണോ അതോ ഹോട്ടലില്‍ നിന്നും വാങ്ങണോ എന്നതായി അടുത്ത ചര്‍ച്ച. അതിരാവിലെ എത്തേണ്ട ഫാമിലികള്‍ക്ക് അതൊരിക്കലും കഴിയില്ല എന്നതിനാല്‍ തായിഫില്‍ നിന്നും വാങ്ങാം എന്നും ജുമുഅ കഴിഞ്ഞ് വാദിയില്‍ എത്തിയ ശേഷം അത് കഴിക്കാം എന്നും ഫിയാസ് അഭിപ്രായപ്പെട്ടു. എന്നാല്‍, ഇത്രയധികം പേര്‍ക്ക് പെട്ടെന്ന് ഏത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കിട്ടും എന്നത് വിഷയമായി. അങ്ങിനെ, തലേന്ന്‍ തന്നെ ഒരു ഹോട്ടലില്‍ വിളിച്ച് ബുക്ക് ചെയ്യാന്‍ തീരുമാനമായി.
അപ്പോഴും സംശയം ബാക്കി. ഓരോരുത്തര്‍ക്കും വേറെ വേറെ വാങ്ങണോ, ചെമ്പില്‍ വാങ്ങണോ എന്ന്. ഫിയാസിന്‍റെയും അനുവിന്‍റെയും മറുപടി ഉടനെ എത്തി. ഓരോരുത്തര്‍ക്കും വേറെ വേറെ വാങ്ങിയാല്‍ കുട്ടികള്‍ക്കുള്ളതെല്ലാം കുറെ ബാക്കിയാവുകയും, ‘ചില’ വലിയവര്‍ക്ക് തികയാതെ വരികയും ചെയ്യും. ചെമ്പിലായാല്‍ നല്ല ധമ്മ് ബിരിയാണി ചൂടോടെ കഴിക്കാം എന്ന് മാത്രമല്ല; അമ്പത് പേര്‍ക്ക് പറഞ്ഞാല്‍ എഴുപത് പേര്‍ക്ക് കഴിക്കാനുള്ളത് ഉണ്ടാവുകയും ചെയ്യും. ഫുഡ് ബാക്കിയായാല്‍ ജൈജി ഒറ്റയ്ക്ക് എല്ലാം ശാപ്പിടാം എന്ന് ഉറപ്പ് തന്നെങ്കിലും, തികയാതെ വന്നാല്‍ എന്ത് ചെയ്യും എന്നായി ചര്‍ച്ച. ഫിയാസിന്‍റെ മറുപടി ഉടന്‍ എത്തി. വെറും 25 കിലോമീറ്റര്‍ ദൂരമുള്ള താഇഫ് അങ്ങാടിയില്‍ പോയി ബുഖാരി ചോറ് വാങ്ങുകയും ബിരിയാണിയില്‍ മിക്സ് ചെയ്ത് പുതിയ തരം ബിരിയാണിയായി എല്ലാവര്‍ക്കും വിതരണം ചെയ്യാം. ഇനി അഥവാ തികഞ്ഞില്ലെങ്കില്‍ തന്നെ, ഇത് കാഴ്ചക്കുള്ള യാത്രയല്ലേ, ഭക്ഷണത്തിനുള്ള യാത്രയല്ലല്ലോ, എന്നതിനാല്‍ ഭക്ഷണ കാര്യത്തില്‍ ആളുകള്‍ അത്ര പിടിവാശിയൊന്നും കാണിക്കില്ല എന്നത് വഹബയില്‍ പോയ പരിചയം വെച്ച് ഫിയാസ് അഭിപ്രായപ്പെട്ടു. അനുവിന്‍റെ പിക്അപ്പ് ഉള്ളതിനാല്‍, ബിരിയാണി ചെമ്പ് അതില്‍ കയറ്റി ഇരിക്കുന്ന സ്ഥലത്ത് ചെന്ന ശേഷം അതില്‍ നിന്ന് തന്നെ സപ്ലൈ ചെയ്താല്‍ മതിയാവുമെന്ന് ശ്രീയും അഭിപ്രായപ്പെട്ടു. (ഭക്ഷണം കയറ്റിയ പിക്കപ്പില്‍ വേറെയും കുറെ തടിമാടന്‍മാര്‍ കയറിയതിനാല്‍ അരുവിയിലെ മണ്ണില്‍ പൂഴ്ന്ന് പോയി എന്ന് വഴിയേ അറിഞ്ഞു)
ഉച്ച ഭക്ഷണം ഏല്‍പ്പിക്കാനുള്ള ആളെ കിട്ടാന്‍ ജൈജിയും മറ്റും കുറെ പാട് പെട്ടു. ആദ്യം തായിഫിലുള്ള ഒരാളുടെ നമ്പറില്‍ വിളിച്ചു. അയാളുടെ പരിചയത്തില്‍ ഹോട്ടല്‍ നടത്തുന്ന ഒരാളുടെ നമ്പര്‍ വൈകീട്ട് തരാം എന്ന് പറഞ്ഞു. അയാളെ പലപ്രാവശ്യം വിളിച്ച ശേഷം അവസാനം കാസിം എന്നൊരാളുടെ നമ്പര്‍ കിട്ടി. അയാളെ വിളിച്ച് നോക്കുമ്പോള്‍ നാട്ടിലാണെന്ന വിവരം കിട്ടി. പിന്നെ വേറെ ഒരു നിസാറിന്‍റെ നമ്പര്‍ കിട്ടി വിളിച്ച് ഭക്ഷണം ബുക്ക് ചെയ്യുന്നത് വരെ മനസ്സില്‍ ആധി തന്നെയായിരുന്നു.
ഭക്ഷണം ചെമ്പില്‍ ഓര്‍ഡര്‍ ചെയ്തതിനാല്‍, കഴിക്കാനും കുടിക്കാനും മറ്റുമായി, പ്ലേറ്റ്, ഗ്ലാസ്, സുപ്ര, വേസ്റ്റ് കീസ്, ടിഷ്യൂ, വെള്ളം തുടങ്ങിയവ തായിഫില്‍ നിന്നും വാങ്ങാം എന്നായി. എന്നാല്‍ വെള്ളിയായതിനാല്‍ സൌദിയില്‍ പത്തരക്ക് തന്നെ ചിലപ്പോള്‍ കടകള്‍ അടയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ തലേ ദിവസം രാത്രി തന്നെ ഇവയെല്ലാം വാങ്ങിവെക്കല്‍ അത്യാവശ്യമായതിനാല്‍ ഒരാളെ അക്കാര്യം ഏല്‍പ്പിച്ചു. പക്ഷേ, അത് നടന്നില്ല എന്ന്‍ രാവിലെയാണറിയുന്നത്.
ഫുഡ്ഡ് ഫണ്ട് എങ്ങിനെ കൈകാര്യം ചെയ്യണം എന്നതും ചര്‍ച്ചയായി. ഫിയാസ് പെട്ടെന്ന് തന്നെ ഉത്തരവുമായി രംഗത്ത് വന്നു. ഒരാള്‍ എല്ലാ ചിലവും എടുത്ത്, ഭക്ഷണം കഴിച്ച ശേഷം മൊത്തം എത്ര ചിലവ് വന്നു എന്നത് നോക്കി, മൊത്തം തല എണ്ണി, കുട്ടികളെ കുറച്ച്, സംഖ്യയെ ആളുകളെക്കൊണ്ട് ഹരിച്ച് ഓരോരുത്തര്‍ക്കും വരുന്ന തുക അവിടെ വെച്ച് തന്നെ പിരിച്ചെടുക്കുക. വൈകുന്നേരം വരെ നില്‍ക്കുന്ന യാത്രയായതിനാല്‍, ബിരിയാണി കൂടാതെ, വൈകീട്ട് ഓരോ ചായയും കടിയും കൂടി ഹോട്ടലില്‍ ബുക്ക് ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കാനും ഫിയാസ് ഓര്‍മ്മിപ്പിച്ചു.
വാദിയില്‍ എത്തിയ ശേഷം ഒന്നൊന്നര കിലോമീറ്റര്‍ വെള്ളത്തിലൂടെ പോയാല്‍ ഒരു വിശാലമായ പുല്‍ മൈതാനിയില്‍ എത്തുമെന്നും അവിടെ വിരിച്ച് ഇരിക്കാമെന്നും ഫിയാസ് പറഞ്ഞപ്പോഴാണ്, വിരിയുടെ കാര്യവും ഗെയിമിന്‍റെ കാര്യവും ഓര്‍മ്മ വന്നത്. ഇരിക്കണമെങ്കില്‍ വിരിക്കണമെങ്കില്‍ എടുക്കണമെന്നുള്ളത് മെംബേഴ്സ് ഗ്രൂപ്പില്‍ ഓര്‍മ്മിപ്പിക്കാന്‍ പറഞ്ഞു. കുറച്ചൊക്കെ കാഴ്ചകള്‍ കണ്ട് നടക്കുമെങ്കിലും, മനുഷ്യരുടെ സ്വഭാവമനുസരിച്ച്, കുറച്ചു കഴിഞ്ഞാല്‍ ബോറഡി തുടങ്ങുമെന്നും ആ സമയത്തേക്ക് ഉപയോഗിക്കാനായി ചില ഫണ്ണി ഗെയിമുകള്‍ തയ്യാറാക്കാനും ഞാന്‍ തുടക്കമിട്ടു.
ജൈജിയുടെ കൂട്ടുകാരന്‍റെ മകള്‍ക്ക് സര്‍പ്രൈസ് ആയി ഒരു ബര്‍ത്ത്ഡേ കേക്ക് മുറിക്കുന്നതിനെ പറ്റി ജൈജി ഗ്രൂപ്പില്‍ ചോദിച്ചു. ഒരു വലിയ ജനക്കൂട്ടത്തില്‍ വെച്ച് മുറിക്കുന്ന കേക്കിന് കൂടുതല്‍ മധുരം കിട്ടും എന്നതിനാല്‍ ചെറിയ മക്കള്‍ക്ക് സന്തോഷം പകരുന്ന ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാന്‍ നാം വലിയവര്‍ ശ്രദ്ധിയ്ക്കണം എന്നതിനാലും ചര്‍ച്ച ആ ഭാഗത്തേക്കു തിരിഞ്ഞു. കേക്ക് എവിടെ കിട്ടും? കുട്ടിയുടെ പേര് എങ്ങിനെ എഴുതും? എപ്പോള്‍ ബുക്ക് ചെയ്യണം? എങ്ങിനെ കൊണ്ട് പോവും? തുടങ്ങി ഒരു കൂട്ടം അന്വേഷണങ്ങളാണ് പിന്നെ നടന്നത്.
അങ്ങിനെയങ്ങിനെ അഡ്മിന്‍ ഗ്രൂപ്പിലും മെംബേഴ്സ് ഗ്രൂപ്പിലും തകൃതിയായ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു. ഓഫീസിലും ബെഡ്റൂമില്‍ പോലും വാട്സാപ്പ് തുറക്കാതിരിക്കാന്‍ പറ്റാത്ത അവസ്ഥ.
അതിനിടയില്‍ മെംബേഴ്സ് ഗ്രൂപ്പില്‍ മറ്റു യാത്രകളുടെ ലിങ്കുകള്‍ കൊണ്ട് വന്നിട്ടത് അഡ്മിന്‍ ഗ്രൂപ്പില്‍ ചര്‍ച്ചയായി. അങ്ങിനെ സഞ്ചാരി വാട്സാപ് ഗ്രൂപ് നിയമാവലി ഉണ്ടാക്കാനും അഡ്മിന്‍മാര്‍ നിര്‍ബന്ധിതരായി. ആരെയും വിഷമിപ്പിക്കാതെ, എന്നാല്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു നിയമാവലി ഉണ്ടാക്കാനും മാറ്റിത്തിരുത്താനും അവസാന കോപ്പി പബ്ലിഷ് ചെയ്യാനും ഒരു ദിവസത്തിലധികം എടുത്തു.
ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നതിനിടയില്‍, Ajmal Thaha എഫ്ബിയില്‍ “മലയാളികള്‍ക്ക് നശിപ്പിക്കാന്‍ ഒരു സ്ഥലം കൂടിയായി #Humbi എന്ന്‍ ഹാഷ് ടാഗ് വെച്ച് പോസ്റ്റ് ഇട്ടതില്‍ ഹാശിഫ് “Jeddah kaarkku wadi wejum” എന്ന്‍ കമന്‍റ് എഴുതിയതും ചര്‍ച്ചയില്‍ വന്നു. ഒരിയ്ക്കലും പ്രകൃതിയ്ക്ക് ദോഷകരമാവുന്ന ഒരു കാര്യവും “സഞ്ചാരി” യാത്രകളില്‍ ഉണ്ടാവാന്‍ പാടില്ല എന്നത് നമ്മുടെ മിഷന്‍ ആണെന്നും, അതിനാല്‍ അക്കാര്യം എല്ലാ സഞ്ചാരികളോടും പ്രത്യേകം ഉണര്‍ത്തണമെന്നും ഒരു ഗ്ലാസോ, പ്ലേറ്റോ, ടിഷ്യൂ പോലുമോ അവിടെ എവിടേയും നാം കളയരുത് എന്നും, എല്ലാം വേസ്റ്റ് കീസില്‍ നിക്ഷേപിച്ച ശേഷം മടങ്ങുന്ന വഴി തായിഫില്‍ വേസ്റ്റ് തൊട്ടിയില്‍ നിക്ഷേപിക്കണമെന്നും മെംബേഴ്സ് ഗ്രൂപ്പില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കാന്‍ ശ്രീയെ ഏല്‍പ്പിച്ചു.
യാത്ര ആരുടേയും കുത്തകയല്ല എന്നും, യന്ത്രം പോലുള്ള ഈ പ്രവാസ ജീവിതത്തില്‍ അല്‍പ്പം മന:സമാധാനവും സന്തോഷവും കിട്ടാന്‍ ഒരേ അഭിരുചിയുള്ള, സ്നേഹിക്കാനും സാഹോദര്യം സൂക്ഷിക്കാനും കഴിയുന്ന കുറച്ച് പേര്‍ ഒന്നായി സഞ്ചരിക്കുന്നു എന്ന്‍ മാത്രമാണ് നമ്മുടെ ലക്ഷ്യം എന്നും, ഇതൊരു ബിസിനസ് ആക്കാനുദ്ദേശ്യമുള്ളവരേയും, സീക്രട്ട് യാത്രകള്‍ നടത്തി ലൊക്കേഷന്‍ രഹസ്യമാക്കി വെക്കുന്നവരെയും ഉള്‍ക്കൊള്ളിക്കാനുള്ളതല്ല ഈ ഗ്രൂപ് എന്നുമുള്ള ജൈജിയുടെ അഭിപ്രായം എല്ലാവരും സസന്തോഷം സ്വീകരിച്ചു.
അങ്ങിനെ ആ ദിവസം സമാഗതമായി.
എന്നാല്‍ രോഗി ഇച്ഛിക്കുന്നതും ദൈവം വിധിക്കുന്നതും ഒന്നാവണമെന്നില്ലല്ലോ. അന്ന് രാത്രി എന്‍റെ ഭാര്യയുടെ ബന്ധത്തില്‍ പെട്ട ഒരാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട് വെന്‍റിലേറ്ററില്‍ പ്രവേശിക്കപ്പെട്ടു. ജീവകാരുണ്യമാണ് ടൂര്‍ യാത്രകളെക്കാളും പ്രാധാന്യം എന്നതിനാല്‍ രാവിലെത്തന്നെ റിഹൈലി പെട്രോള്‍ സ്റ്റേഷനില്‍ എത്തി എല്ലാവരെയും യാത്രയാക്കിയ ശേഷം തിരിച്ചു ഹോസ്പിറ്റലിലേക്ക് തന്നെ വരാം എന്ന്‍ തീരുമാനിച്ച് പെട്രോള്‍ പമ്പില്‍ എത്തി. അപ്പോഴേക്കും, ഒരു അഡ്മിന്‍റെ തികഞ്ഞ ശുഷ്കാന്തിയോടെ, ശ്രീമേഷ് അവിടെ എത്തിയിരുന്നു.
നേരത്തെ മീറ്റിങ് പോയിന്‍റില്‍ എത്തിയ ശ്രീ അവിടമാകെ പരിശോധിച്ച് എല്ലാവര്‍ക്കും ഒത്തു കൂടാന്‍ പറ്റിയ ഒരു സ്ഥലം കണ്ടു പിടിച്ചു. പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് പള്ളിക്കടുത്ത് അല്‍നഹ്ദി ഫാര്‍മസിയ്ക്കു മുമ്പില്‍ കുറെ പാര്‍ക്കിങ് സൌകര്യവും, ബൂഫിയയും സൂപ്പര്‍മാര്‍ക്കറ്റും ഉള്ളതിനാല്‍ അവിടെയെത്താന്‍ ഗ്രൂപ്പില്‍ എല്ലാവര്‍ക്കും മെസ്സേജ് ചെയ്തു.
ആളുകള്‍ ഓരോരുത്തരായി എത്തിക്കൊണ്ടിരുന്നു. കാണുമ്പോള്‍ തന്നെ അവരുടെ ആരോഗ്യനിലയുടെ ഏകദേശ ധാരണ ലഭിക്കുന്ന രൂപത്തിലായിരുന്നു ഓരോരുത്തരുടെയും വരവ്. കൈ രണ്ടും പാന്‍റ്സിന്‍റെ കീശയില്‍ തിരുകി.... അല്ലെങ്കില്‍ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച്... തോലിന്‍റെ കട്ടിയുള്ള കുപ്പായം ധരിച്ച്.... തലയില്‍ മങ്കിത്തൊപ്പി വെച്ച്... കൂനിക്കൂടിയായിരുന്നു അധികപേരുടെയും നടത്തം. ടിഷര്‍ട്ട് ഇട്ട് രണ്ടു കൈകളും വീശി ആവേശത്തോടെ നടക്കുന്ന ഒന്ന് രണ്ട് പേരെ മാത്രമാണ് ഞാന്‍ കണ്ടത്.
ആളുകള്‍ വരുന്ന മുറയ്ക്ക് ശ്രീമേഷ് ആളുകളുടെ എണ്ണവും കാറുകളുടെ എണ്ണവും നമ്പറുകളും എഴുതിയെടുത്തുകൊണ്ടിരുന്നു. വന്നവരോട് അടുത്തുള്ള ബൂഫിയയില്‍ നിന്ന്‍ വയര്‍ നിറച്ച് കഴിച്ച ശേഷം യാത്ര തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. വാഹനമില്ലാതെ ടാക്സി പിടിച്ച് വന്നവരെ മറ്റ് ഒഴിവുള്ള സീറ്റുകളില്‍ ഏല്‍പ്പിച്ചതോടെ യാത്ര തുടങ്ങാനുള്ള കാര്യങ്ങള്‍ റെഡിയായി.
എല്ലാവരും എത്തി യാത്ര തുടങ്ങാന്‍ എട്ടരയായി. എല്ലാ കാറുകളും ഒരു നിരയായി നിര്‍ത്തി ഒരു വീഡിയോ എടുക്കാന്‍ കുറെ പണിപ്പെട്ടു. എങ്ങിനെ പറഞ്ഞിട്ടും ചിലരുണ്ട് രണ്ടു വരിയായി നില്ക്കുന്നു. എന്തായാലും എല്ലാ വാഹനങ്ങളും കൂട്ടി ഒരു വീഡിയോ എടുത്ത ശേഷം ഞാന്‍ ഹോസ്പിറ്റലിലേക്ക് മടങ്ങുകയും സഞ്ചാരി ടീം യാത്ര തുടങ്ങുകയും ചെയ്തു. മൊത്തം 21 കാറുകള്‍ ജിദ്ദയില്‍ നിന്നും 2 കാറുകള്‍ മക്കയില്‍ നിന്നും 98 ആളുകളും ഈ യാത്രയില്‍ പങ്കെടുത്തു.
ഞാന്‍ തിരിച്ച് പോന്നെങ്കിലും മനസ്സ് മുഴുവന്‍ സഞ്ചാരികളുടെ കൂടെയായിരുന്നു. വഴിയില്‍ എന്തൊക്കെ നടക്കുന്നു എന്ന്‍ ഇടക്കിടെ വാട്സാപ്പിലൂടെയും ഫോണിലൂടെയും അറിഞ്ഞുകൊണ്ടിരുന്നു.
ജബല്‍ ദക്കയില്‍ പോയ സഞ്ചാരി ടീം അവിടെത്തെ കാഴ്ചകള്‍ കണ്ട ശേഷം പള്ളിയില്‍ പോയി ജുമുഅ നമസ്കരിച്ചു വാദിവെജിലേക്ക് തിരിച്ചു എന്നറിഞ്ഞു. അതിനിടയ്ക്ക് ജൈജിയും ജിജേഷും അനുവും ഭക്ഷണം വാങ്ങാന്‍ പോയി. ഇടക്കിടയ്ക്ക് ലൈവായി ഫോട്ടോകള്‍ വന്നുകൊണ്ടേയിരുന്നു.
യാത്ര തുടങ്ങാന്‍ സമയം വൈകിയതിനാല്‍ ജബല്‍ ദക്കയില്‍ നിന്നും, സൈസാദ് പാര്‍ക്കില്‍ പോകാതെ, നേരെ വാദി വെജ് ലക്ഷ്യമാക്കി നീങ്ങേണ്ടി വന്നു എന്ന്‍ കേട്ടു.
*******************************
ഇപ്രാവശ്യം പോകാന്‍ കഴിഞ്ഞില്ലെങ്കിലും അടുത്തയാഴ്ച പൊവേണം എന്ന്‍ മനസ്സ് പറയുന്നു. നെറ്റില്‍ നോക്കുമ്പോള്‍ അടുത്താഴ്ച തണുപ്പ് കുറവും കാണുന്നുണ്ട്. വിധിയുണ്ടെങ്കില്‍ അവിടെ പോയിട്ട്, ഉറവ ഒലിച്ച് വരുന്ന ആ ചെറിയ അരുവിയിലൂടെ എന്‍റെ ജീപ്പുമായി വെള്ളം രണ്ടു ഭാഗത്തേക്കും തെറിപ്പിച്ച് ഒരു യാത്ര ചെയ്യണം... ആദ്യ കാല്‍ സ്പര്‍ശന സമയത്ത് രോമകൂപങ്ങളിലൂടെ അരിച്ച് കയറുന്ന ഉറവ് വെള്ളത്തിന്‍റെ കിടിലന്‍ തണുപ്പ് ഒന്ന് ആസ്വദിക്കണം... കാല് കൊണ്ട് വെള്ളം തട്ടിത്തെറിപ്പിച്ച് കൂട്ടുകാരെ നനച്ച് ചെറുപ്പത്തിലെ ആ ദിനങ്ങള്‍ ഒന്ന് തിരിച്ചു പിടിക്കാന്‍ ശ്രമിക്കണം... തണുപ്പ് അധികം ഇല്ലെങ്കില്‍ ചെറുതായി ഒരു കുളി പാസാക്കണം... കളകളാരവം ആസ്വദിച്ച് ഒരു ബാര്‍ബക്കി ചുടണം… ചെരിപ്പിടാതെ പുല്‍മേടില്‍ ചവിട്ടുമ്പോള്‍ കൂര്‍ത്ത അഗ്രങ്ങള്‍ കുത്തി കാല്‍പ്പാദം ഇക്കിളിപ്പെടുന്ന ആ നിമിഷാര്‍ദ്ധങ്ങള്‍ ആസ്വദിക്കണം... എന്നിട്ട് ആ പുല്‍മേടില്‍ വെജ് വാലിയുടെ രണ്ട് ഭാഗത്തുമുള്ള പൊതിന, മല്ലിച്ചപ്പ് തുടങ്ങിയ കൃഷികളില്‍ നിന്ന്‍ വരുന്ന സുഗന്ധം നുകര്‍ന്നും, ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയും, ഇഷ്ട ഗസലുകള്‍ പൂക്കുന്ന രാത്രിയാക്കി മാറ്റി ആ പുല്‍മേട്ടില്‍ മലര്‍ന്നങ്ങിനെ കിടക്കണം.
*******************************
സഞ്ചാരിയുടെ ഈ വെജ് വാലി യാത്രയില്‍ എനിക്ക് മനസ്സില്‍ തോന്നിയ ചില കുറവുകള്‍ പറയാം:
*) ഒരു വീഡിയോ ഗ്രാഫറുടെ അഭാവം. തുടക്കം മുതല്‍ ഒടുക്കം വരെ പ്രധാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ കിട്ടിയിരുന്നെങ്കില്‍ കാണുന്ന ആളുകള്‍ക്ക് യാത്ര ചെയ്ത അനുഭൂതി നല്‍കാന്‍ കഴിയുമായിരുന്നു എന്ന്‍ തോന്നുന്നു. കൂടാതെ, പോകാത്തവര്‍ക്ക് അവിടെ പോകാന്‍ അത് പ്രചോദനം നല്‍കുകയും ചെയ്യുമായിരുന്നു .
*) സമയക്രമം: എല്ലാം വളരെ കൃത്യമായി തന്നെ പ്ലാന്‍ ചെയ്തിരുന്നെങ്കിലും, ചിലര്‍ ഒന്നര മണിക്കൂര്‍ വൈകിയത് ആകെ യാത്രയുടെ പ്ലാന്‍ തെറ്റിച്ചു.
*) ഇത്രയധികം വാഹനങ്ങള്‍ ഒന്നായി പോകുമ്പോള്‍ നമ്മുടെ ടീമിന്‍റെ വാഹനം തിരിച്ചറിയാണ്‍ എന്തെങ്കിലും ഒരു അടയാളം വെക്കുന്നത് നന്നായിരുന്നു എന്നൊരു തോന്നല്‍.

===================================

മൊത്തത്തില്‍ താഇഫില്‍ കാണാന്‍ പറ്റിയ ചില ഇടങ്ങളുടെ ലൊക്കേഷന്‍ താഴെ ഇടാം..
ബ്രൌസറില്‍ / ഗൂഗില്‍ മാപ്പില്‍ ഈ കോര്‍ഡിനേറ്റ് കോപ്പി പേസ്റ്റ് ചെയ്താല്‍ ആ സ്ഥലത്ത് എത്താം... എന്നാല്‍ എല്ലാ സ്ഥലങ്ങളും പോകണം എന്നുള്ളവര്‍ പിസിയില്‍ മാപ്പ് ഓണാക്കി ഒരു ട്രിപ്പ് ആയി A,B,C,D എന്ന രൂപത്തില്‍ പ്ലാന്‍ ചെയ്ത് റൂട്ട് ഉണ്ടാക്കുന്നതാവും നല്ലത്. ഒരു ഉദാഹരണം ആയി താഴെ കാണിക്കാം. 

Jabal Dakka
21.093769, 40.290728

Amusement Shafa
21.081550, 40.315367

Overlooking Shafa
21.083622, 40.318450

Muawiya Dam (Saiyasad Dam)
21.229793, 40.429395

Abdullah Ibn Alabbas Ancient Mosque
21.256414, 40.392504

Masjid Addas
21.257938, 40.390872

Masjid Kooee
21.257302, 40.386877

مسجد مدهون
21.256035, 40.391975

Stone of Rasool
21.257282, 40.387091

منتجع الكافورة السياحي
21.258139, 40.392307

Wadi Wej
21.325711, 40.463792

Zoo Taif
21.229793, 40.429395

Al Anood Park
21.264276, 40.406883

Rose Factory
21.362003, 40.275583

Souk Okaz
21.473593, 40.646168

(Souk Okaz & Rose Factory open only in Season time)







No comments:

Post a Comment