Thursday, December 15, 2011

അര്‍ജന്‍റ് കത്ത്‌

ഞാന്‍ സൌദിയിലേക്ക് ആദ്യമായി വരുന്ന സമയം... അന്നൊക്കെ ദുബായിലേക്ക് പോവുക എന്നായിരുന്നു ഞങ്ങളുടെ നാട്ടില്‍ പറഞ്ഞിരുന്നത്.
ഒരാഴ്ച മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഉപ്പ പുതിയ തുണികള്‍ വാങ്ങി... കുപ്പായങ്ങള്‍ തുന്നിച്ചു... (ഇവിടെ തുണിയല്ല; പാന്‍സ് ആണ് ഉടുക്കാറുള്ളത് എന്ന് അവരുണ്ടോ അറിയുന്നു!). തലയില്‍ തേക്കാന്‍ വലിയൊരു കുപ്പി വെളിച്ചെണ്ണ,; ഒലിച്ചു പോകാതിരിക്കാന്‍ ഭദ്രമായി കോര്‍ക്കിട്ടു അടച്ചത്... സൌദിയില്‍ ചെന്നാല്‍ കിട്ടിയില്ലെങ്കിലോ എന്ന് ഭയന്നിട്ടാവും... കുറിയരി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, തുടങ്ങിയ അടുക്കള വിഭവങ്ങളെല്ലാം ഓരോരോ പ്ലാസ്റ്റിക്‌ പാക്കറ്റുകളില്‍ വളരെ ഭദ്രമായി അടക്കം ചെയ്തിരിക്കുന്നു. സോപ്പും പേസ്റ്റും ബ്രഷും ഇവിടെ കിട്ടും എന്ന് കരുതിയതിനാലായിരിക്കണം അത് വെച്ചു കണ്ടില്ല...
കുടുംബങ്ങളും അയല്‍വാസികളും എല്ലാം വളരെ ഉത്സാഹത്തോടെ ഇക്കാര്യങ്ങളിലൊക്കെ സഹായിക്കുന്നുണ്ട്. പെട്ടി കെട്ടല്‍ കര്‍മ്മം ഒരു വിധം കഴിഞ്ഞു... ശേഷം ഞങ്ങളെല്ലാവരും ഓരോ കാര്യങ്ങള്‍ സംസാരിച്ചിരിക്കുമ്പോഴാണ് ഒരു കുട്ടി ഓടിക്കിതച്ചു വരുന്നു.. (ഞങ്ങളുടെ വീടിന്‍റെ പിന്നിലുള്ള വയലിനപ്പുറത്തുള്ള വാടക വീട്ടില്‍ താമസിക്കുന്ന മമ്മീസാക്കാന്റെ മകന്‍ അലവി (മമ്മീസ എന്നത് മുഹമ്മദ്‌ ഈസ എന്നത് ലോപിച്ച് വന്നതാണ്). പുതിയ താമസക്കാരാ... എനിക്കവരെപ്പറ്റി അധികമൊന്നും അറിയില്ല). കിതപ്പ് പോലും മാറാതെ വിക്കി വിക്കി അവന്‍ വന്ന കാര്യം പറഞ്ഞു, “നോക്കീം... ഉമ്മാക്ക് ഒരു കത്ത് കൊടുത്തയക്കാനുണ്ട്ന്ന് പറഞ്ഞു. എയ്തിക്കയിഞ്ഞിട്ടില്ല... നാളെ പെലച്ചക്ക് ങ്ങള് പോണതിനു മുമ്പ് കൊണ്ട് ബരാം... ബളരെ അര്‍ജന്റ്ള്ള കത്താ ന്നാ മ്മ പറഞ്ഞത്...”
*******************************
ബസ്സ് വരാനായി. ഇന്നലെ പറഞ്ഞ കത്തിന്‍റെ ആളോ, കത്തോ ഇത് വരെ എത്തിയില്ല. അത്ര അര്‍ജെന്റുള്ള കത്താണ് എന്ന് ഇന്നലെ മകനെ വിട്ടു പ്രത്യേകം പറയിപ്പിച്ചതായതിനാല്‍ വളരെ വിഷമം തോന്നി. ആ കത്തിനു വേണ്ടി കുറച്ചു കൂടെ കാത്തു നിന്നാലോ? അടുത്ത ബസ്സില്‍ പോയാലോ? പക്ഷെ, അടുത്ത ബസ്സുള്ളത് ഇനിയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ്. അത് നേരിട്ട് കോഴിക്കോട്ടേക്ക് പോവുകയുമില്ല... മഞ്ചേരിയില്‍ ഇറങ്ങിക്കയറണം. ബോംബെയിലേക്കുള്ള ബസ്സ് കോഴിക്കോട്ട് നിന്ന് പറഞ്ഞ സമയത്ത് തന്നെ പുറപ്പെടുകയും ചെയ്യും. എനിക്കൊരാള്‍ക്കു വേണ്ടി മാത്രം അവര്‍ കാത്തു നില്‍ക്കാന്‍ സാധ്യതയില്ല...
അകലെ നിന്ന് ബസ്സിന്റെ ഹോണ്‍ കേട്ട് തുടങ്ങി. കത്തുമായി ആരും വരുന്നത് കാണുന്നുമില്ല. “ഉമ്മ, അവര് കത്തും കൊണ്ട് വന്നാല്‍ നിങ്ങളവരോട് പറയണം........” എന്‍റെ വാക്കുകള്‍ മുഴുവനാക്കാന്‍ കഴിയുന്നതിനു മുമ്പേ ബസ്സ് എന്റെയടുത്ത് വന്നു ബ്രേക്കിട്ടു.
മനസ്സില്ലാമനസ്സോടെ ഞാന്‍ ബസ്സില്‍ കയറി. കൂടാതെ എന്നെ യാത്രയയക്കാന്‍ വേണ്ടി ഒരു പത്തു പതിനഞ്ചു പേരും. ഇവരെല്ലാം കയറാന്‍ കുറച്ചു സമയം എടുക്കും... ആ സമയത്തെങ്കിലും അവര്‍ കത്തുമായി ഒന്ന് വന്നെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു.. എന്നാല്‍ എല്ലാം നിഷ്ഫലം...
പിന്‍ സീറ്റില്‍ ഇരിക്കുന്ന ചെക്കര്‍ രണ്ടു ബെല്ലടിച്ചു... ബസ്സ് നീങ്ങാന്‍ തുടങ്ങി...
അപ്പോഴാണ്‌ ഇരുണ്ട വെളിച്ചത്തില്‍ ഞാനത് കണ്ടത്. കുഞ്ഞാമിത്താത്ത കയ്യിലൊരു കവറുമായി ഓടി വരുന്നു. അത് കണ്ടയുടന്‍ ഡ്രൈവറും ചെക്കറും കേള്‍ക്കാന്‍ ഞാന്‍ വേണ്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, “ബസ്സ് ഒന്ന് നിറുത്തീം. ഒരാള്‍ കൂടി കയറാനുണ്ട്” ഒരു കത്ത് വരുന്നുണ്ടെന്നു പറഞ്ഞാല്‍ ബസ്സുകാരുണ്ടോ നിര്‍ത്തുന്നു?! കാശ് കിട്ടുന്ന കാര്യമാണെന്ന് കേട്ടപ്പോള്‍ ബസ്സ് സഡന്‍ ബ്രേക്കിട്ടു.
കുഞ്ഞാമിത്താത്ത ഓടി അടുത്തെത്തി. ഞാന്‍ ബസ്സില്‍ നിന്നിറങ്ങി. “മോനെ, ജ്ജ് ഈ കത്ത് ചെന്ന ഒടനെ ഇക്കാക്കാക്ക് കൊടുക്കണം. കജ്ജില്‍ തന്നെ ഏല്‍പ്പിക്കണം. ബേറെ ആരടുത്തും കൊടുക്കല്ലേ. അത്ര അര്‍ജന്‍റാ. ബെയ്ക്കോന്ഗി അന്‍റെ റൂമില്‍ പോണതിന്റെ മുമ്പ് ഇക്കാക്കാനെ കണ്ടു കൊടുത്താല്‍ ബല്യ ഉപകാരമായി”
“ത്താത്താ, ഞാനാദ്യായിട്ടു പോവുകയാ. അവിടത്തെ കാര്യങ്ങളൊന്നും എനിക്കറിയില്ല. ചെന്നാല്‍ മാത്രമേ എന്തൊക്കെ എങ്ങിനെയൊക്കെ എന്ന് അറിയുള്ളൂ”
“അതൊക്കെ ഇച്ചറിയാ... ജ്ജ് ബിമാനം ഇറങ്ങിയ ഒടനെ ഇക്കാക്കാക്ക് ബിളിച്ചു പറഞ്ഞാ മതി. ജ്ജ് എബട്യാന്ന്ച്ചാ ഇക്കാക്ക ബന്നു മാങ്ങിക്കോളും. അതോണ്ടല്ലേ ഞാന്‍ പോണ്‍ നമ്പര്‍ ബരെ എയുതിപ്പിച്ചത്” ഒരു വലിയ മുന്‍ധാരണയില്‍ കാര്യങ്ങള്‍ ചെയ്ത വിജയിയെപ്പോലെ കുഞ്ഞാമിത്താത്ത പറഞ്ഞു നിര്‍ത്തി.
അപ്പോഴാണ്‌ കവറിന്റെ പുറത്തു വളരെ വടിവൊത്ത ഇംഗ്ലീഷ് അക്ഷരങ്ങളില്‍ അഡ്രസ്സ് എഴുതിയത് ഞാന്‍ നോക്കുന്നത്. എന്‍റെ മനോഗതം വായിച്ചിട്ടെന്ന പോലെ കുഞ്ഞാമിത്താത്ത പറഞ്ഞു, “അയലോക്കത്തെ സിന്ധൂനെക്കൊണ്ട് എയുതിച്ചതാ. ജ്ജെന്താ ബിജാരിച്ചത്? ദുബായിലും മലയാളം പറയുംന്ന് ഞാന്‍ ബിജാരിച്ചൂന്ന് ജ്ജ് ബിജാരിച്ചോ?”
വെള്ള നിറത്തിലുള്ള കവറിന്റെ പുറത്തു നീല മഷിയില്‍ എഴുതിയ ആ വടിവൊത്ത അക്ഷരങ്ങള്‍ ഞാന്‍ വായിച്ചു.
To,
Mr. Mammeesa Kappakkunnan
C/O. Al Burj Hotel
Near the Corniche by National Museum
PO Box 955
Doha
Qatar
Phone: 432888

(തുടരും)

No comments:

Post a Comment